ഗഹനമായ
സാഹിത്യകൃതികളിലേക്കും അന്താരാഷ്ട്ര സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങളാണ്
സാനുമാഷിന്റെ കൃതികൾ. എത്ര കടുപ്പത്തിലുള്ള രചനയേയും ഏതുതരം
വായനക്കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള
കഴിവ് സവിശേഷമായിത്തന്നെ അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല, ഒരു
സാഹിത്യകാരന്റെ സംഭാവന അതിന്റെ സമഗ്രതയിൽ വരച്ചുകാട്ടുന്ന അനേകം കൃതികളും
അദ്ദേഹം രചിച്ചിട്ടുണ്ട്. എം. കെ. സാനുവിന്റെ ഏറ്റവും നൂതന രചനകളിലൊന്നാണ് ഈ
പുസ്തകം. മഹാകവി കുമാരനാശാന്റെ 'പ്രരോദനം' എന്ന ഖണ്ഡകാവ്യമാണ് ഇതിലെ
ഇതിവൃത്തം. ആശാന്റെ കൃതികളിൽ പ്രരോദനം വേറിട്ടുനിൽക്കുന്നു. ഈ കാവ്യത്തിൽ
കഥാഖ്യാനമില്ല. ഏ. ആർ. രാജരാജവർമ്മയുടെ അകാലനിര്യാണത്തെ
അനുസ്മരിച്ചുകൊണ്ടുള്ള ഒരു വിലാപകാവ്യം എന്ന നിലയിൽ കാവ്യത്തിന്റെ
സമഗ്രതയിൽ ദുഃഖത്തിന്റേതായ കേന്ദ്രഭാവം കടലിൽ തിരകൾപോലെ
വ്യാപിച്ചിരിക്കുന്നു. കാവ്യം പരിചയപ്പെടുത്തുന്നതോടൊപ്പം വിമർശനവും
കലർത്തുക എന്ന ഇതിലെ ശൈലി ഏ. ആറിൽനിന്ന് പഠിച്ചെടുത്തതാണെന്ന് ഗ്രന്ഥകാരൻ
പ്രസ്താവിക്കുന്നു.
മലയാളഭാഷയേയും
സാഹിത്യത്തേയും നവീകരിക്കുക എന്ന പ്രക്രിയയിൽ ഏർപ്പെട്ടയാളാണ് കവിയും
വിമർശകനുമായ ഏ. ആർ. രാജരാജവർമ്മ. സംസ്കൃതത്തിലെ വ്യാകരണകാരനായ പാണിനിയെ
അനുസ്മരിച്ചുകൊണ്ട് മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയം രചിച്ച ഏ. ആറിനെ
കേരളപാണിനി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുകുലരീതി അവസാനിപ്പിച്ച്
സംസ്കൃതഭാഷ കലാലയങ്ങളിലൂടെ പഠിപ്പിക്കുവാൻ കോളേജ് പ്രൊഫസർ കൂടിയായ
രാജരാജവർമ്മയുടെ ശ്രമങ്ങൾ വിജയം കണ്ടു. ഗുരുകുലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ
തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളെ നിലവാരമില്ലാത്തവർ എന്നൊക്കെ
ആക്ഷേപിച്ചുവെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിനു പുറംതിരിഞ്ഞുനിന്ന
എല്ലാ ഏച്ചുകെട്ടുകളും വൈകാതെ അപ്രത്യക്ഷമായി. ഏ. ആറിനോട് ആരംഭത്തിൽ ആശാന്
വിപ്രതിപത്തിയാണ് തോന്നിയിരുന്നതെങ്കിലും പിന്നീടത് പരസ്പരബഹുമാനത്തിലും
ഗാഢമായ സൗഹൃദത്തിലും ചെന്നെത്തി. കുലീനതയുടെ മടിത്തട്ടിൽ
വളർന്നയാളാണെങ്കിലും രാജരാജവർമ്മ വ്യക്തിഗത മികവിനെ തിരിച്ചറിയുന്നതിലും
ആദരിക്കുന്നതിലും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ 'ആംഗലസാമ്രാജ്യം'
എന്ന സംസ്കൃതമഹാകാവ്യം വായിച്ചതോടെ ആശാനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ
നിശ്ശേഷം മാറിപ്പോയി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാളിദാസനുശേഷം
ആദ്യമായാണ് ഒരു മഹാകാവ്യം വായിച്ചതെന്നുപോലും ആശാൻ പ്രസ്താവിക്കുന്നു.
തുടർന്നാണ് രണ്ടു സാഹിത്യകാരന്മാരും നേരിട്ടിടപഴകുന്നത്.
ദ്വിതീയാക്ഷരപ്രാസവിവാദം തലപൊക്കുന്നകാലത്ത് കേരളവർമ്മ
വലിയകോയിത്തമ്പുരാനും അനുയായികളും പ്രാസത്തിനുവേണ്ടി നിലകൊണ്ടപ്പോൾ
അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയായ ഏ. ആറും സുഹൃത്തുക്കളും അർത്ഥത്തെ വഴിയിൽ
കളഞ്ഞുകൊണ്ട് പ്രാസം നിലനിർത്തുന്നത് തെറ്റാണെന്ന നിലപാടെടുത്തു.
കൗതുകകരമെന്നുതന്നെ പറയട്ടെ, ഇവർ രണ്ടുപേരും സ്വന്തം കാവ്യങ്ങളിൽ
ദ്വിതീയാക്ഷരപ്രാസം ധാരാളമായി ഉപയോഗിച്ചിരുന്നവരാണ്. പ്രാസത്തിനല്ല,
അർത്ഥത്തിനാണ് പ്രമുഖസ്ഥാനം എന്നു വ്യഞ്ജിപ്പിക്കുന്ന ആശാന്റെ
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
സാധാരണ
ജലദോഷപ്പനിയായി തുടങ്ങി ക്രമേണ ടൈഫോയ്ഡ് ആയി പരിണമിച്ച ജ്വരമായിരുന്നു ഏ.
ആറിന്റെ മരണഹേതു. 1918-ലെ കാലവർഷത്തിന്റെ തുടക്കത്തിൽ സംഭവിച്ച ആ
നിര്യാണത്തിൽ ദുഃഖിതനായ ആശാൻ പ്രിയപുത്രന്റെ നിര്യാണത്തിൽ കേരളഭൂമി
വിലപിക്കുകയാണെന്ന ഉൽപ്രേക്ഷ ഉപയോഗിച്ചുകൊണ്ടാണ് തന്റെ കാവ്യം
സമാരംഭിക്കുന്നത്. നാലുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട മാതുലൻ
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചിതാഭസ്മധൂളികൾ ശ്‌മശാനത്തിൽ
അദ്ദേഹത്തിന്റെ നിശ്ചലശരീരത്തെ സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു.
ദേവതകളും സംസ്കൃതസാഹിത്യത്തിലെ കാളിദാസപ്രഭൃതികളടങ്ങുന്ന സാർവഭൗമൻമാരും
ആകാശത്തിൽ അണിനിരക്കുന്നു. ചുടലക്കാട് അദ്ധ്യാത്മവിദ്യാലയമാണെന്ന
സങ്കൽപ്പവും ഈ കാവ്യത്തിലേതാണ്. സംസ്കൃതഭാഷാപ്രയോഗങ്ങളും കാവ്യകലയിലെ
കരവിരുതുകളും ആശാന്റെ ഇതരകാവ്യങ്ങളെ അപേക്ഷിച്ച് ഇതിൽ ഏറിനിൽക്കുന്നു.
അതിനാൽ ആഴമേറിയ വായനയിലൂടെയല്ലാതെ ഇതിലെ പലഭാഗങ്ങളും ആസ്വദിക്കാനാവില്ല.
'നീരാളും ഘനവേണി' എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം. ഇതിന്റെ അർത്ഥം
സാനുമാഷ് വിശദീകരിച്ചതിനുശേഷവും ഒരുവിധപ്പെട്ടവനൊക്കെ ജീവനുംകൊണ്ടോടും.
മരണവാർത്ത അറിഞ്ഞ കർക്കിടകമാസത്തിലെ കനത്ത മഴയെ കേരളഭൂമിയുടെ കരച്ചിലായി
രൂപകങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ് ശ്ലോകാർത്ഥം. കാവ്യത്തിന് ആശാൻ
സമർപ്പണം രചിച്ചിരിക്കുന്നത് സംസ്കൃതശ്ലോകങ്ങളിലാണ്. വിദ്യാർഥിയായിരിക്കേ
ചില സ്നേഹിതർക്കുള്ള കത്തുകൾ സംസ്കൃതപദ്യത്തിലായിരുന്നവല്ലോ ആശാൻ
എഴുതിയിരുന്നത്. അവർ അതെന്തുചെയ്തിരുന്നോ എന്തോ! ചരിത്രത്തിൽ ഒരച്ഛൻ
മകൾക്കയച്ച കത്തുകൾ മകൾ വായിച്ചിരുന്നിരിക്കാൻ സാദ്ധ്യതയില്ലാത്തതുപോലെ
ഇതും.
നിരവധി ഭാവങ്ങളും വികാരങ്ങളും വരിവരിയായി അരങ്ങിലെത്തി ആദരാഞ്ജലികളർപ്പിച്ച് മടങ്ങിപ്പോകുന്ന ചേതോഹരമായ രംഗം നമുക്കിതിൽ കാണാം. അതിന്റെ തിരശീല ഗ്രന്ഥകാരൻ നമുക്കായി മാറ്റിത്തരുകയാണ്. ശോകത്തിന്റെ, അനുശോചനത്തിന്റെ, ഭയത്തിന്റെ, അമർഷത്തിന്റെ വിസ്മയത്തിന്റെ, ചിന്തയുടെയെല്ലാം ഭാവങ്ങൾ അവിടെ തിരക്കുകൂട്ടുന്നു. തോമസ് മാത്യുവിന്റെ അവതാരിക പുസ്തകത്തിനൊരലങ്കാരം തന്നെയാണ്. കൃതിയുടെ അവസാനം 'ഈ വഴി ഇവിടെ അവസാനിക്കുന്നു എന്നല്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ തീർന്നു, നിങ്ങൾക്ക് മുന്നോട്ടുപോകാം' എന്നാണ് സാനുമാഷിന്റെ ഓരോ പുസ്തകവും പറയാതെ പറയുന്നത് എന്ന ഭാവന ഹൃദ്യമായിരുന്നു. കാവ്യത്തിൽനിന്ന് ഒട്ടേറെ ഉദ്ധരണികൾ അനിവാര്യമായും ചേർത്തിട്ടുണ്ട്. അതിലൊരെണ്ണം എടുത്തെഴുതി ഈ ലേഖനം അവസാനിപ്പിക്കാം. സ്നേഹഗായകൻ എന്ന വിശേഷണം ആശാന് ചാർത്തിക്കിട്ടിയതിന്റെ കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ല.
ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
റാവൃത്തി ചത്തീടുവിൻ (ശ്ലോകം 49)
(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
റാവൃത്തി ചത്തീടുവിൻ (ശ്ലോകം 49)
(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Prarodanam - Vividha Bhavangalude Samvadavedi'
Author: M K Sanu
Publisher: Mathrubhumi Books, 2022
ISBN: 9789355495983
Pages: 102
No comments:
Post a Comment