Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338

No comments:

Post a Comment