Saturday, October 14, 2023

ബോധിവൃക്ഷത്തിലെ മുള്ളുകൾ

ആധുനിക ഹിന്ദുമതം ജാതിബാഹുല്യത്താൽ വീർപ്പുമുട്ടുന്ന ഒന്നാണ്. മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുന്നതുമൂലം ഈ ജാതിവിഭാഗങ്ങളെല്ലാം തനതുസ്വഭാവത്തിൽ വെവ്വേറെ മതങ്ങളെപ്പോലെയാണ് നിലനിൽക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപാണെങ്കിൽ ഉന്നതവിഭാഗങ്ങൾ താഴ്ന്ന ജാതികളെ അടിച്ചമർത്തുകയായിരുന്നു. സർക്കാർ ഉദ്യോഗങ്ങളിൽ സംവരണവും അയിത്തോച്ചാടനത്തിനായി നിലവിൽ വന്ന നിയമങ്ങളും സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാതിപ്പിശാച് ഇപ്പോഴും ഒറ്റതിരിഞ്ഞ് ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുന്നതിന് താഴ്ന്ന ജാതിക്കാർക്കു മുന്നിലുള്ളത് മതപരിവർത്തനം മാത്രമാണെന്ന പ്രചാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വരെ വളരെ ശക്തമായിരുന്നു. ഇന്ത്യൻ ബുദ്ധിജീവികൾ അതിനായി ഉയർത്തിക്കാട്ടിയത് ബുദ്ധമതമായിരുന്നു. തദ്ദേശീയമായി ജനിച്ചു വളർന്നതാണെങ്കിലും ബുദ്ധമതം തീരെ നാമാവശേഷമായിപ്പോയിരുന്നു. തുടർന്ന് നിർമ്മിച്ചെടുത്ത ബുദ്ധമതം ജാതിവ്യത്യാസങ്ങളോ അന്ധവിശ്വാസങ്ങളോ ഇല്ലാത്തതാണെന്ന വാദത്തോടെ പുത്തൻ മതപ്രചാരകർ വൻതോതിൽ ജനങ്ങളെ അതിലേക്കാകർഷിച്ചു. ഇന്നു നാം അറിയുന്ന ബുദ്ധമതം ബൗദ്ധസാഹിത്യം പുറംലോകത്തിനു പരിചയപ്പെടുത്തിയ ഇംഗ്ലീഷുകാരും അംബേദ്കറും ചില ചരിത്രകാരന്മാരുമൊക്കെ ചേർന്ന് അവരവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവരുടെ വാദങ്ങളിലെ നിറംപിടിപ്പിച്ച ആഗ്രഹചിന്തകൾ യഥാർത്ഥ ബുദ്ധമതഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതും പുറംപൂച്ചു മാത്രമാണെന്ന നഗ്നയാഥാർഥ്യം വെളിപ്പെടുന്നു. ബുദ്ധനെക്കുറിച്ചുള്ള പതിവു സങ്കല്പങ്ങളെ പാടേ തിരുത്തുന്ന മലയാളത്തിലെ ആദ്യ ബുദ്ധമതവിമർശനഗ്രന്ഥമാണിത്. കേട്ടുകേൾവികളെ ആശ്രയിക്കാതെ ബുദ്ധമതസാഹിത്യത്തിൽനിന്നുതന്നെ അതിന്റെ പോരായ്മകൾ കണ്ടെത്തുന്നു എന്നതാണിതിന്റെ പ്രത്യേകത. മറ്റേതൊരു മതത്തേയും പോലെ പിന്തിരിപ്പനാണ് ബുദ്ധമതവും എന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽ ദന്തഡോക്ടറായ മനോജ് ബ്രൈറ്റ് മലയാളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനും ബ്ലോഗെഴുത്തുകാരനുമാണ്.

ബുദ്ധമതത്തിൽ വർണ്ണവ്യത്യാസങ്ങളില്ലായിരുന്നു എന്ന വാദമാണ് ആദ്യമായി പരിശോധിക്കപ്പെടുന്നത്. അക്കാലത്തെ അറിവുകൾ മതം എന്ന നിർവചനത്തിൽ പെടുത്താൻ മാത്രം വളർന്നിട്ടില്ലായിരുന്നു. വേദങ്ങളും അഞ്ച് ഉപനിഷത്തുക്കളുമായിരുന്നു മതസാഹിത്യം. വേദങ്ങളേയും യാഗസംസ്കാരത്തേയും നിരവധി വിഭാഗങ്ങൾ നിരാകരിച്ചിരുന്നു. ശ്രമണരായിരുന്നു അവരിൽ മുഖ്യർ. അവർ ബ്രാഹ്മണരോളം തന്നെ ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് പ്രാചീന കൃതികളിലും യാത്രാവിവരണങ്ങളിലും കാണാം. ഏതാണ്ട് 96 വിഭാഗങ്ങൾ അവരിലുണ്ടായിരുന്നു. അവർ തമ്മിൽ തമ്മിൽ കടുത്ത മത്സരവും നിലനിന്നിരുന്നു. തന്റേതൊഴിച്ചുള്ള എല്ലാ സന്യാസിമാരും മോശക്കാരാണെന്നും അവരെല്ലാം നരകവാസികളാകും എന്നും ബുദ്ധൻ തന്നെ ശിഷ്യരോട് പറയുന്നുണ്ട് (പേജ് 45). ചതുർവർണ്ണങ്ങളിൽ താനുൾപ്പെടുന്ന ക്ഷത്രിയരാണ് ഏറ്റവും മികച്ചത് എന്ന് ബുദ്ധൻ കരുതുന്നതായി പലയിടങ്ങളിലും കാണാം. പക്ഷേ അവർക്കു താഴെയായി അദ്ദേഹം ബ്രാഹ്മണരേയും ബഹുമാനിച്ചിരുന്നു. ബുദ്ധൻ ബോധിസത്വനായി അവതരിക്കുന്നത് ബ്രാഹ്മണ-ക്ഷത്രിയ ഗോത്രങ്ങളിൽ മാത്രമാണ്. അതിലും താഴ്ന്ന വർണ്ണങ്ങളിൽ ബോധിസത്വൻ ജന്മമെടുക്കില്ല എന്ന് ലളിതവിസ്താരസുത്തയിലും മഹാവാസ്തുവിലും പറയുന്നു. ഗൗതമൻ എന്ന നാമറിയുന്ന, ചരിത്രത്തിലെ ബുദ്ധാവതാരം പോലും മാതൃ-പിതൃകുടുംബങ്ങളിൽ ഏഴു തലമുറ വരെ വർണ്ണസങ്കരം നടക്കാത്ത രാജവംശമായതുകൊണ്ടാണ് ശാക്യകുലത്തിൽ ജനിച്ചതത്രേ! അതിനായി പരിഗണിക്കുന്ന അക്കാലത്തെ രാജവംശങ്ങളെ മുഴുവൻ ബുദ്ധൻ തള്ളിക്കളയുന്നത് ജാതിമേന്മയുടെ പേരിലാണ്. ഹസ്തിനപുരത്തിലെ പാണ്ഡുവിന്റെ വംശം തള്ളിക്കളയുന്നത് മക്കൾക്കോരോരുത്തർക്കും ഓരോ പിതാക്കന്മാരായതിനാൽ രക്തശുദ്ധി സംശയാസ്പദമായതുകൊണ്ടാണ്. എന്നാൽ ബ്രാഹ്മണർ ഒരു തർക്കവുമില്ലാതെ അംഗീകരിച്ച കാര്യമാണ് പാണ്ഡുവിന്റെ മക്കളുടെ പാരമ്പര്യം. പക്ഷേ ബോധിസത്വന് അതു മതിയാകുന്നില്ല. മുൻജന്മങ്ങളിൽ ആരോടും ദ്വേഷ്യവും വെറുപ്പും കാട്ടാതെ ദാനധർമ്മങ്ങൾ ചെയ്തു ജീവിച്ചാൽ മരണശേഷം പുനർജന്മമെടുക്കുമ്പോൾ നല്ല വർണ്ണങ്ങളിൽ പിറക്കാം എന്ന് ലക്ഷണസുത്ത പറയുന്നു. എന്നാൽ എല്ലാ വർണ്ണങ്ങളിലുമുള്ളവരെ ബുദ്ധൻ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നു എന്നത് സത്യമാണ്.

ബുദ്ധമതത്തെക്കുറിച്ചു പ്രചരിക്കുന്ന മറ്റൊരു അബദ്ധധാരണയാണ് അത് ദൈവസങ്കൽപ്പമില്ലാത്ത നാസ്തികമതമാണെന്നത്. ഏറ്റവും കുറഞ്ഞത് തേരാവാദ എന്ന ശ്രീലങ്കയിൽ പ്രചാരത്തിലുള്ള ഹീനയാനശാഖയെങ്കിലും അങ്ങനെയാണെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രശസ്ത യുക്തിവാദിയായിരുന്ന ഏ. ടി. കോവൂർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ശ്രീലങ്കൻ പൗരത്വം സ്വീകരിച്ചത് ഈ വിശ്വാസത്തിലാണ്. ഇതും മനോജ് ബ്രൈറ്റ് പൊളിച്ചടുക്കുന്നു. നാസ്തികത എന്നാൽ ദൈവങ്ങളെ അംഗീകരിക്കാതിരിക്കലാണല്ലോ. എന്നാൽ സമകാലിക ചിന്തകരെപ്പോലെ ബുദ്ധനും ദൈവങ്ങളിൽ വിശ്വസിച്ചിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കൃതിയിലുണ്ട്. വാസ്തവത്തിൽ നിർവ്വാണം പ്രാപിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമില്ല, മറിച്ച് അവനവന്റെ ശ്രമം മാത്രം മതി എന്നേ ബുദ്ധമതം പറയുന്നുള്ളൂ. സുമേരു പർവ്വതത്തിനുമുകളിൽ ദേവരാജാവായ ഇന്ദ്രനും 33 സഹദൈവങ്ങളും വസിക്കുന്നു എന്നവർ വിശ്വസിക്കുന്നു. ദേവകളല്ലാത്ത അമാനുഷശക്തികളും ബുദ്ധമതം വിഭാവനം ചെയ്യുന്നു. യക്ഷന്മാരിൽനിന്ന് രക്ഷ നേടാനുള്ള മന്ത്രം ബുദ്ധൻ തന്നെ ഉപദേശിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മറ്റു മതങ്ങളിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന ആചാരവിശ്വാസങ്ങളെല്ലാം ബുദ്ധമത്തിലും ഉണ്ട്. ഓരോ ജീവിക്കും ഒരു ജീവാത്മാവ് എന്ന സങ്കൽപ്പമില്ലെങ്കിലും അവനവന്റെ കർമ്മഫലമനുസരിച്ച് നിരവധി പുനർജന്മങ്ങൾ ഉണ്ടാകുമെന്നും അത് കരുതുന്നു. ആത്മാവില്ലാതെ കർമ്മഫലം എങ്ങനെ ജന്മാന്തരങ്ങളിലൂടെ നീങ്ങുന്നു എന്ന് വിശദീകരിക്കുന്നത് പിൽക്കാല ബുദ്ധസന്യാസികൾക്ക് ഒരു കീറാമുട്ടിയായിത്തീർന്നു.

ബുദ്ധമതത്തിലെ ചില ഇരട്ടത്താപ്പുകളെക്കുറിച്ചാണ് ഗ്രന്ഥകാരൻ പിന്നീട് വിവരിക്കുന്നത്. ഭിക്ഷുക്കളോ ഗൃഹസ്ഥരായ ഉപാസകരോ മാംസം ഉപേക്ഷിക്കണം എന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. ബുദ്ധൻ മരിച്ചതുതന്നെ പന്നിമാംസത്തിൽ നിന്നുണ്ടായ വിഷബാധ മൂലമായിരുന്നു എന്നാണ് ഐതിഹ്യം. തനിക്കു വേണ്ടിയാണ് മൃഗത്തെ കൊല്ലുന്നതെങ്കിൽ മാത്രമേ പാപകർമ്മം ഒരുവനെ ബാധിക്കുകയുള്ളൂ. അതായത് കശാപ്പുകാരന്റെ കടയിൽ നിന്നുവാങ്ങുന്ന മാംസം പാപമുക്തമാണ്. ആവശ്യക്കാരില്ലെങ്കിൽ കശാപ്പുകാരൻ മൃഗത്തെ അറുക്കുമോ എന്ന യുക്തി ഇവിടെ ചോദിക്കരുത്. സ്വന്തം ശരീരത്തോട് വെറുപ്പുണ്ടാകാൻ അറപ്പും ജൂഗുപ്സയും ഉളവാക്കുന്ന വിവരണങ്ങൾ 'അശുഭഭാവന' എന്ന ധ്യാനരീതിയിലൂടെ ബുദ്ധമതം സ്വാംശീകരിച്ചിരിക്കുന്നു. ഈ നശ്വരജന്മത്തിൽ താല്പര്യം തോന്നാതിരിക്കാനാണ് ഈ തന്ത്രം! ശവപ്രേമം (necrophilia) എന്ന മനോരോഗാവസ്ഥയോടടുത്തെത്തുന്ന ഇത്തരം രീതികൾ ബുദ്ധമതത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്നാണ് ബ്രൈറ്റ് സ്ഥാപിക്കുന്നത്.

ബുദ്ധമതം പുരോഗമനപരമാണെന്ന വാദത്തെ നിശിതമായി ഖണ്ഡിക്കുകയാണ് അടുത്തതായി ചെയ്യുന്നത്. പുരോഹിതമേധാവിത്വം ആദ്യം മുതലേ അതിന്റെ ഭാഗമാണ്. എല്ലാവിധ സൗകര്യങ്ങളും സംഘത്തിലെ ഭിക്ഷുക്കൾക്ക് ഒരുക്കിക്കൊടുക്കുക മാത്രമേ ഗൃഹസ്ഥരായ ഉപാസകർക്ക് ചെയ്യേണ്ടതുള്ളൂ. അവർ തൃപ്തരായാൽ ഉപാസകർക്ക് സ്വർഗം ലഭിക്കും. സ്വാഭാവികമായും കൂടുതൽ സമ്പന്നരായ ശിഷ്യർ എളുപ്പത്തിൽ സ്വർഗത്തിൽ പോകാൻ തുടങ്ങി. ബുദ്ധമതം എക്കാലത്തും രാജാക്കന്മാരുടേയും പണക്കാരായ കച്ചവടക്കാരുടേയും മതമായിരുന്നു. അതിൽത്തന്നെ ഒരു വിഭാഗം അധികാരകേന്ദ്രങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള ഒരു വേദി എന്നതിൽക്കവിഞ്ഞ് യാതൊരു ആദ്ധ്യാത്മിക മുൻഗണനയും ബുദ്ധമതത്തിനു നൽകിയില്ല. സാധാരണക്കാർക്ക് അതിൽ വലിയ സ്ഥാനമൊന്നും ഇല്ല. ആത്മാവില്ലാതെ മുജ്ജന്മ കർമ്മഫലമനുസരിച്ച് ജന്മങ്ങൾ സ്വീകരിക്കുന്നത് അവർക്ക് മനസ്സിലാക്കാനുമായില്ല. അതുകൊണ്ടാണ് ശങ്കരാചാര്യർ അദ്വൈതത്തിനൊപ്പം സാധാരണക്കാർക്കായി ഭക്തിമാർഗം കൂടി തുറന്നുകൊടുത്തപ്പോൾ അവർ അങ്ങോട്ട് തള്ളിക്കയറിയത്. ബുദ്ധസംഘത്തിൽ സ്ത്രീകളുടെ നില ഏറ്റവും താഴെയായിരുന്നു. ഏറ്റവും പ്രായമുള്ള ഭിക്ഷുണി പോലും ഏറ്റവും പ്രായം കുറഞ്ഞ പുരുഷഭിക്ഷുവിനെക്കാളും താഴെയായിരുന്നു. സ്ത്രീസംസർഗ്ഗം ഉണ്ടാകുന്ന ഭിക്ഷു പരാജിതനാണ്. പക്ഷേ ഭിക്ഷുക്കൾക്ക് മാർഗ്ഗഭ്രംശം ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്വവും പാപവും പേറേണ്ടത് സ്ത്രീയാണ്. ആയിരം വർഷം നിലനിൽക്കേണ്ടിയിരുന്ന തന്റെ ധർമ്മം സ്ത്രീകൾക്ക് സംഘത്തിൽ സ്ഥാനം കൊടുത്തതുവഴി അഞ്ഞൂറു വർഷം മാത്രമേ നിലനിൽക്കൂ എന്നാണ് ബുദ്ധൻ തന്നെ പറയുന്നത്. രാജാധികാരത്തിനെ ബുദ്ധൻ എപ്പോഴും പിന്താങ്ങി. ഭരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രാജസേവകരെ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.

സി. രവിചന്ദ്രന്റെ ഒരു നല്ല ആമുഖത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. മനോജ് വളരെയധികം ബുദ്ധ-ഹിന്ദു ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പരിശോധിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്ന് പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. അദ്ധ്യായ-ശ്ലോക സംഖ്യകൾ അടങ്ങുന്ന ഉദ്ധരണികൾ കൃതിയുടെ വിശ്വാസ്യത വാനോളമുയർത്തുന്നു. സ്വന്തം വ്യാഖ്യാനങ്ങൾക്കുപരിയായി ബുദ്ധനെക്കൊണ്ടുതന്നെ പറയിപ്പിക്കുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ബ്ലോഗ് രീതിയിലുള്ള പാർശ്വകമന്റുകളും വളരെ ജനകീയമായ സിനിമാ ഡയലോഗുകളും ഇടയ്ക്കിടെ ചേർത്തിരിക്കുന്നത് ഇതിന്റെ ഗൗരവം കുറയ്ക്കുന്നു. അനാവശ്യമായ ഒരു കക്ഷിരാഷ്ട്രീയ ഉപമയും ഇതിൽ കാണാം - "ബുദ്ധൻ നമ്മുടെ ഏ. കെ. ആന്റണി, വി. എം. സുധീരൻ ടൈപ്പ് ആദർശവാദിയാണ്. സ്വന്തമായി പ്രസംഗം മാത്രമേ ഉള്ളൂ. എന്തു വേണേൽ ചെയ്തോ, എന്റെ മേലേക്ക് ഒന്നും എടുക്കാതിരുന്നാൽ മതി. എല്ലാം കഴിഞ്ഞാൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു പ്രസംഗം ഉണ്ടാകും" (പേജ് 172).

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Bodhivrukshathile Mullukal: Buddhamatham Vimarshikkappedunnu"
Author: Manoj Bright
Publisher: Insight Publica, 2018 (First)
ISBN: 9789387398641
Pages: 336

No comments:

Post a Comment