Friday, November 17, 2023

ഉപ്പുപ്പാന്റെ കുയ്യാനകൾ

വിശ്വവിഖ്യാതനായ മലയാളസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പതിനെട്ട് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഋജുത്വവും സാരള്യവും ഭാഷയുടെ സൗകുമാര്യവും മലയാളത്തിലും ആ കൃതികൾക്ക് ശക്തമായ ഒരു അടിത്തറയൊരുക്കുന്നു. ബാല്യകാലസഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്നിവ ഭാഷയിലെ ക്ലാസിക്കുകൾ തന്നെയായിത്തീർന്നിട്ടുണ്ട്. സജീവ സാഹിത്യപ്രവർത്തനത്തിൽനിന്ന് പിൻവലിഞ്ഞതിനുശേഷവും പതിറ്റാണ്ടുകളോളം ബേപ്പൂരിലെ വയലാലിൽ എന്ന തന്റെ ഭവനത്തിലിരുന്ന് ബഷീർ മലയാളസാഹിത്യത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുകയും തന്റെ മനോഗതങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നാം കാണുന്ന ഒരു പ്രത്യേകത ബഷീറിന് ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ സാഹിത്യസർവസ്വത്തെ വിമർശിക്കുന്ന അപൂർവം പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു സാഹിത്യകാരനും വിമർശനത്തിന് അതീതനല്ലാത്തതുകൊണ്ടുതന്നെ ആ കുറവ് നികത്തുകയാണ് ഈ ഗ്രന്ഥം. തന്റെ കടമ വളരെ ഭംഗിയായിത്തന്നെ അതു നിർവഹിക്കുന്നുണ്ടുതാനും. ബഷീർ കൃതികൾ നിരൂപകന്മാർ പേർത്തും പേർത്തും കൽപിക്കുംപോലെ മലയാളത്തിലെ കൊമ്പനാനകളൊന്നുമല്ല, മറിച്ച് ബഷീറിന്റെ ശൈലിയിൽ പറയുന്നതുപോലെ കുയ്യാനകൾ (കുഴിയാനകൾ) മാത്രമായിരുന്നു എന്ന് ഈ കൃതി സമർത്ഥിക്കുന്നു. 1990-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പാണ് 32 വർഷങ്ങൾക്കുശേഷം പുറത്തുവന്ന ഈ പുസ്തകം. ഒന്നാം പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയിട്ടും രണ്ടാം പതിപ്പിറക്കാൻ ഒരു പ്രസാധകനും തയ്യാറായില്ലത്രേ. ഏ. ബി. രഘുനാഥൻ നായർ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രമുഖനിരൂപകനും സാഹിത്യ വിജ്ഞാനകോശത്തിലെ നൂറ്റമ്പതോളം ലേഖനങ്ങളുടെ കർത്താവുമാണ്. നിർദ്ദാക്ഷിണ്യമായ വിമർശനമാണ് രഘുനാഥൻ നായരുടെ മുഖമുദ്ര.

സാഹിത്യത്തിൽ ബഷീറിന്റെ സ്ഥാനം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വളരെകാലത്തോളം വിമർശനങ്ങൾക്ക് ശരവ്യനാകാതിരുന്നതെന്നും അടയാളപ്പെടുത്തിക്കൊണ്ടാണ് നായർ തുടങ്ങുന്നത്. 1930-കളോടെ നോവൽ പ്രസ്ഥാനം മലയാളത്തിൽ ശക്തി പ്രാപിച്ചുതുടങ്ങി. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റെക്കാട്, കാരൂർ, ബഷീർ എന്നിവർ നൽകിയ നവചൈതന്യമാണ് ആ ശാഖയെ പക്വതയാർന്നതാക്കിയത്. ഈ മാർഗ്ഗദർശികളിൽ എല്ലാവരും തന്നെ നിശിതമായി വിമർശിക്കപ്പെട്ടിരുന്നെങ്കിലും ബഷീർ അതിന് അതീതനായി നിന്നു. ആധുനിക മലയാളസാഹിത്യത്തിൽ സ്ഥാനം നേടിയ ദേശീയവാദിയായ മുസ്ലിം എന്ന ലേബലിലാണ് ഇതു സാദ്ധ്യമായത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിം ലീഗിനേയും അതുന്നയിച്ച പാക്കിസ്ഥാൻ വാദത്തേയും പിന്തുണച്ചപ്പോൾ ബഷീർ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിൽക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ലാഭവിഹിതം (political dividend) അദ്ദേഹത്തെ സാഹിത്യത്തിലെ ഒരു പ്രതിഷ്ഠാബിംബമായി മാറ്റി. ആദ്യകാലകൃതികളിൽ സ്വാനുഭവങ്ങളുടെ തീവ്രതയും സ്വതസിദ്ധമായ നർമ്മബോധവും തെളിഞ്ഞുകാണാമായിരുന്നെങ്കിലും ഇവയുടെയെല്ലാം ആവർത്തനം പിന്നീടുള്ള കൃതികളെ വിരസമാക്കി. കൂടുതൽ അനുഭവങ്ങൾ ഉണ്ടാകാതിരുന്നതുകൊണ്ട് ബഷീർ അനുകരണത്തിലേക്കും ആവർത്തനത്തിലേക്കും തിരിഞ്ഞു. സാഹിത്യത്തിനുപകരം വ്യക്തിയും സുഹൃത്തുക്കളോടു പറയുന്ന സംഭാഷണശകലങ്ങളുമൊക്കെ ഉദാത്തസാഹിത്യമായി, ഉമ്മിണി വല്യ ഒന്നായി സ്തുതിപാഠകരായ നിരൂപകർ മാറ്റുകയാണ് ചെയ്തത്. എന്നാൽ ഭാവന ബഷീറിന്റെ ഒരു കൃതിയിലും വളർച്ച പ്രാപിക്കുന്നില്ല എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. 1944 മുതൽ 1977 വരെയുള്ള പതിനൊന്ന് നോവലുകളും തൊണ്ണൂറ് ചെറുകഥകളും ചേർന്നതാണ് ആ സാഹിത്യസഞ്ചയം. ഇതെല്ലം പരിശോധിച്ചശേഷം അതിൽ മൗലികത്വമുള്ളവ പതിനഞ്ചോളമേ വരൂ എന്നാണ് കണ്ടെത്തുന്നത്. ഒന്നിന്റെ തന്നെ പലതരത്തിലുള്ള ആവർത്തനങ്ങൾ വരുമ്പോൾ ആത്മകഥ, സ്വാനുകരണം എന്നീ രണ്ടു വിഭാഗങ്ങളിൽ അവ ഒതുങ്ങിപ്പോകുന്നു.

ബഷീർ കൃതികൾ കാലം പുരോഗമിക്കുംതോറും നിലവാരം താഴ്ന്നുപോകുന്നതായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വാതന്ത്ര്യസമരാനുഭവങ്ങളും കൂടെവന്ന ജയിൽവാസവും തിക്താനുഭവങ്ങളുടെ ഒരു ഖനി തന്നെ തുറന്നുവെച്ചിരുന്നു. ഇതിനിടയിലെപ്പോഴോ വന്നുകയറിയ മാനസികരോഗവും ആ പ്രതിഭയെ തേച്ചുമിനുക്കിയിരിക്കാം. എന്നാൽ സുസ്ഥിരമായ കുടുംബജീവിതം തുടങ്ങിയതോടെ ജീവിതാനുഭവങ്ങളുടെ വൈവിദ്ധ്യവും ഇല്ലാതായി. ഗൗരവമുള്ള പ്രശ്നങ്ങളിൽ തുടങ്ങി ഹാസ്യത്തിൽ കൊണ്ടുചെന്നവസാനിപ്പിക്കുന്നതായി പിൽക്കാലശൈലി. പിൽക്കാല രചനകൾ ഹാസ്യത്തെക്കാൾ ജൂഗുപ്‌സയാണ് ജനിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. വെടിപറഞ്ഞു രസിക്കുന്ന വിധത്തിൽ വിലകുറഞ്ഞ നേരമ്പോക്കുകൾ പടച്ചുവിടുന്നതിൽ ഒതുങ്ങി പിൽക്കാലഹാസ്യം. ബഷീറിന്റെ നർമ്മബോധത്തേയും കൃതികളിലെ ഹാസ്യത്തേയും അപഗ്രഥിച്ചുകൊണ്ട് 'ആകാശമിഠായികൾ' എന്നൊരദ്ധ്യായം തന്നെയുണ്ട്. അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ ബഷീർ കൃതികളുടെ പേരുകളോ, കഥാപാത്രങ്ങളോ, പരാമർശവിഷയങ്ങളോ ആണെന്നതാണ് മറ്റൊരു സവിശേഷത.

ബഷീറിന്റെ രചനകളിലെ ഭാവസൗകുമാര്യവും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേമസങ്കല്പം പക്ഷേ തീർത്തും മാംസനിബദ്ധമാണ്. 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതിയിലെ ഉദ്ധരിച്ചുചേർത്തിരിക്കുന്ന ചില ഭാഗങ്ങൾ 'വെള്ളം ചേർക്കാത്ത കാമവെറി'യുടെ ഉദാഹരണങ്ങളാണ്. സ്ത്രീശരീരത്തിന്റെ നേർപ്പിക്കാത്ത അവയവർണ്ണനയിൽ ബഷീർ അത്ഭുതകരമായ സാമ്യം പ്രകടിപ്പിക്കുന്നത് വെണ്മണിക്കവികളോടാണ്. 'വിശപ്പ്', 'വിഡ്ഢികളുടെ സ്വർഗ്ഗം' എന്നിവയിലെ ഭാഗങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഭ്രാന്തമായ കാമത്തിന്റെ അറപ്പു ജനിപ്പിക്കുന്ന വിവരണങ്ങളാണ് ബഷീറിന്റെ പ്രേമകഥകൾ. 'കഥാലോകത്തിലെ വെണ്മണി' എന്ന അദ്ധ്യായം ഇത്തരം നിരവധി ഉദ്ധരണികൾ ചേർന്നതാണ്. എന്നാൽ വെണ്മണി പരിഹാസദ്യോതകമായി അസഭ്യം പറഞ്ഞുവെങ്കിൽ ബഷീർ മറ്റു മാർഗ്ഗങ്ങളൊന്നും കയ്യിലില്ലാതെയാണ് അതിനു മുതിരുന്നതെന്നുമാത്രം. ജീവിതബന്ധങ്ങളുടെ സങ്കീർണതകളോ ജീവിതത്തിന്റെ ഗഹനതയിലേക്കിറങ്ങിച്ചെല്ലുന്ന വിചിന്തനങ്ങളോ ബഷീറിന്റെ കഥകളിലും നോവലുകളിലും ഇല്ല. അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, എന്നാൽ അവയെ കോർത്തിണക്കാൻ ഭാവന തരിമ്പും ഉണ്ടായിരുന്നുമില്ല. ഭാവനയിൽ സ്ഫുടം ചെയ്യാത്തതിനാൽ ആത്മകഥാപരമായ കഥകൾക്ക് കലാപരമായ മേന്മയോ ആഴമോ ഇല്ലാതെ പോകുന്നു. സർഗ്ഗശക്തി നിശ്ശേഷം നശിച്ച്, ശരീരവും മനസ്സും തളർന്ന, ഒരെഴുത്തുകാരന്റെ അലസമായ രചനകളാണ് ഒരു കാലഘട്ടത്തിനുശേഷമുള്ള ബഷീർ കൃതികൾ.

ഈ വിമർശനകൃതി വ്യക്തിപരമായി ബഷീറിനെ വളരെയധികം അലോസരപ്പെടുത്തി. ഇതിനെ തിരിച്ചുവിമർശിക്കാൻ അദ്ദേഹം നിരൂപകസുഹൃത്തുക്കളെ ഏർപ്പാടു ചെയ്തതായി രഘുനാഥൻ നായർ പ്രസ്താവിക്കുന്നു. വർഗ്ഗീയവിദ്വേഷമാണ് ഗ്രന്ഥകാരനെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത് എന്നുവരെ അവർ ആക്ഷേപമുന്നയിച്ചു. ഒരുപക്ഷേ ബഷീർ സാഹിത്യമോഷണവും നടത്തിയിരുന്നു എന്ന ആരോപണമാകാം അവസാനത്തെ വൈക്കോൽത്തുരുമ്പായത്. പല ബഷീർ കൃതികളും വിശ്വസാഹിത്യത്തിലെ അത്ര പ്രശസ്തരല്ലാത്ത സാഹിത്യകാരന്മാരുടെ അനുകരണമാണെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്. അതിനായി മൂലകൃതിയിൽനിന്നും അനുകരണമെന്ന് ആരോപിക്കുന്ന കൃതിയിൽനിന്നും വേണ്ടുവോളം ഉദ്ധരണികൾ നൽകിയിരിക്കുന്നത് ബഷീറിന്റെ പ്രതിസ്ഥാനം ഉറപ്പിക്കുന്നു. നോർവീജിയൻ നോവലിസ്റ്റായ നട്ട് ഹാംസന്റെ 'വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണത്രേ 'ബാല്യകാലസഖി'. സ്ഥൂലമായ കഥാസംഗ്രഹത്തിൽ മാത്രമല്ല, വിശദാംശങ്ങളിലുമുള്ള അതിശയകരമായ സാമ്യം ഇവിടെ വിശദീകരിക്കുന്നു. 'ശബ്ദങ്ങൾ' എന്ന നോവൽ ജർമൻ കഥാകാരനായ എറിക്ക് റെമാർക്കിന്റെ All Quiet on the Western Front എന്ന നോവലിന്റെ പകർപ്പാണ്. ആർതർ കെസ്സ്ലറുടെ Darkness at Noon-ൽ നിന്ന് അടർത്തിയെടുത്ത കല്ലുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് 'മതിലുകൾ'. അങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇത് ശരിയാണെങ്കിൽ അന്തർദേശീയ സാഹിത്യവുമായി ബഷീറിന് അഗാധമായ സമ്പർക്കം ഉണ്ടായിരുന്നതായി കരുതേണ്ടി വരും.

മുസ്ലിം സമുദായത്തിൽ പരിഷ്കരണപരമായ ചില പ്രയത്നങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒരു മൗലികവാദി ബഷീറിൽ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ കൃതി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളേയും പിന്തിരിപ്പൻ ചിന്താഗതികളേയും ആധുനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്നതിനുപകരം ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാനേ ബഷീർ തയ്യാറാകുന്നുള്ളൂ. അതായത് ഖുർ ആൻ കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് അനാചാരങ്ങൾ തുടരുന്നതെന്ന ലൈൻ! അതെല്ലാം ദൈവവചനങ്ങളാണെന്നും പ്രവാചകന്റെ ജീവിതമാണ് ജനങ്ങൾക്ക് മാതൃകയാകേണ്ടതെന്നുമാണ് ബഷീർ നിരവധി കൃതികളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾ നിരത്തുന്നത് ഒരു പരിഷ്കർത്താവിന്റേതിനേക്കാൾ മതപ്രബോധകന്റെ നിലപാടിൽ നിന്നുകൊണ്ടാണ്. പ്രവാചകന്റെ തിരുമൊഴികൾ തോരണം പോലെ തൂക്കിയിടാനുള്ള ഉപാധികളായി പല കഥകളും തരം താഴുന്നു (പേജ് 252).

എസ്. ഗുപ്തൻ നായരുടെ അവതാരികയാൽ ധന്യമാണ് ഈ കൃതി. ബഷീർ മലയാളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു പ്രതിഷ്ഠാബിംബമായി (cult figure) നിരന്തരം വാഴ്ത്തപ്പെടുന്നത് കണ്ടുകണ്ടുണ്ടായ ഈർഷ്യയുടെ ഫലമാണ് ഈ കൃതി എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പൂച്ചയ്ക്കു മണികെട്ടാൻ നിരൂപകസിംഹങ്ങൾ പോലും മടിച്ചുനിന്നപ്പോൾ താനാ കൃത്യം ഏറ്റെടുക്കുന്നു എന്ന മിതമായ അവകാശവാദമേ ഗ്രന്ഥകാരനുള്ളൂ. ഏതാണ്ട് അറുപതു പേജോളം വരുന്ന ആമുഖങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂലകൃതിയുടെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. മറ്റൊരു പതിപ്പിറക്കാൻ മൂന്നു പതിറ്റാണ്ടുകൾ എന്തുകൊണ്ട് വേണ്ടിവന്നു എന്നാണ് രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യപതിപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആമുഖം ഉപയോഗപ്പെടുത്തുന്നുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Uppuppante Kuyyanakal'
Author: A B Raghunathan Nair
Publisher: Pachamalayalam Books, 2022 (First published 1990)
ISBN: 9789394261020
Pages: 265

No comments:

Post a Comment