Saturday, November 4, 2023

മദ്ധ്യകാലകേരളം

പ്രാചീനകേരളത്തെക്കുറിച്ചുള്ള അറിവുകൾ സംഘകാല സാഹിത്യത്തിൽനിന്നാണ് നമുക്കു ലഭിക്കുന്നത്. അതിനുശേഷം കുലശേഖര ആഴ്‌വാരുടെ സ്ഥാനാരോഹണത്തോടെ പിൽക്കാല ചേരസാമ്രാജ്യം 800-ൽ മഹോദയപുരത്ത് ജന്മമെടുക്കുന്നതുവരെയുള്ള മൂന്നോ നാലോ നൂറ്റാണ്ടുകൾ ഇരുളടഞ്ഞവയായാണ് കണക്കാക്കുന്നത്. കുലശേഖരസാമ്രാജ്യം 1102-ൽ അസ്തമിച്ചു. ഒടുവിലത്തെ കുലശേഖരപെരുമാൾ രാജ്യം നാടുവാഴികൾക്കായി പങ്കിട്ടുകൊടുത്ത് ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നാണ് ഒരു ഐതിഹ്യം. അങ്ങനെ 1102 മുതൽ പോർച്ചുഗീസ് ആഗമനമുണ്ടാകുന്ന 1498 വരെയുള്ള നാലു നൂറ്റാണ്ടുകളുടെ കാലഘട്ടം ചരിത്രരേഖകളുടെ അഭാവത്താൽ അവ്യക്തമാണ്. ഈ കാലഘട്ടത്തെയാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ശക്തരായ നാടുവാഴികൾ സ്വരൂപങ്ങൾ എന്ന പേരു സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന ഇക്കാലത്തെ ചരിത്രപാഠങ്ങളാണ് രാഘവവാര്യർ പറഞ്ഞുതരുന്നത്. വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ചിരുന്ന മോൺസൺ മാവുങ്കലിന്റെ ശബരിമലയെക്കുറിച്ചുള്ള ഒരു വ്യാജ ചെമ്പുപട്ടയരേഖ വാര്യർ പരിശോധിച്ച് ശരിവെച്ചത് അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിൽ തീരാക്കളങ്കം വീഴ്‌ത്തിയെങ്കിലും നിരവധി പുസ്തകങ്ങളുടേയും പ്രബന്ധങ്ങളുടേയും കർത്താവാണ് രാഘവവാര്യർ.

മദ്ധ്യകാല കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യഭൂമിശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ഉദ്യമം തുടങ്ങുന്നത്. ആ സമൂഹത്തിലെ അടിസ്ഥാനഘടകം ജാതിശ്രേണിയിൽ അധിഷ്ഠിതമായ കുടുംബങ്ങളും ഉത്പാദനമാത്ര ഗ്രാമവുമായിരുന്നു. എന്നാൽ ഗ്രാമങ്ങൾ തീർത്തും സ്വയംപര്യാപ്തമായിരുന്നില്ല. അവശ്യവസ്തുക്കളായ ഉപ്പ്, ഇരുമ്പായുധങ്ങൾ എന്നിവ എത്തിക്കാനുള്ള സാമൂഹ്യജീവിതം ഗ്രാമാതിർത്തികളെ ഭേദിച്ച് വിപുലമായ തറകളിലേക്കും നാടുകളിലേക്കും എത്തിച്ചേർന്നു. നാടുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കൂറുവാഴ്ചകളും അവയെ ഏകോപിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് സ്വരൂപങ്ങളും നിലനിന്നിരുന്നു - വേണാട്, പെരുമ്പടപ്പ്, നെടിയിരുപ്പ്, കോലത്തുനാട് എന്നിവയായിരുന്നു അവയിൽ പ്രധാനികൾ. കൂടുതൽ ഗ്രാമങ്ങളിലേക്ക് കൃഷി വ്യാപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ അങ്ങാടികളും അവയെ ബന്ധിപ്പിച്ചുകൊണ്ട് പാതകളും ഉണ്ടായി. കാർഷികാസ്പദമായ ഈ സമ്പദ്‌വ്യവസ്ഥയിൽ നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി. അതിനാലാണ് അവയുടെ വിനിമയകേന്ദ്രങ്ങൾ എന്ന നിലയിൽ അങ്ങാടികളും തൽഫലമായി പട്ടണങ്ങളും ആവിർഭവിച്ചത്. വർത്തകസമൂഹത്തിന്റെ താല്പര്യത്താലായിരിക്കാം ഗണികാസമ്പ്രദായം വ്യാപകമായതും അതിന്റെ ഉപോല്പന്നമായ നായികാവർണ്ണനകളടങ്ങുന്ന മണിപ്രവാളപ്രസ്ഥാനം നിലവിൽ വന്നതും. തന്നെയുമല്ല, വർദ്ധിച്ചുവന്ന പണോപയോഗം കാർഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും ഒരിടത്തട്ട് രൂപം കൊള്ളാൻ പ്രേരകമായി. വിവിധതരം നാണയങ്ങളെക്കുറിച്ചും ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്.

പ്രസ്തുതകാലഘട്ടത്തിലെ വിവിധ സാംസ്കാരികഘടകങ്ങളുടെ വികാസം ഓരോരോ അദ്ധ്യായങ്ങളിലൂടെ ഈ കൃതി പരിശോധിക്കുന്നു. പക്ഷേ വാണിജ്യം പരിഗണിക്കുമ്പോൾ ഗ്രന്ഥകാരൻ വ്യക്തമായ ധാരണകളില്ലാതെ ആടിയുലയുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. വിദേശവാണിജ്യം ചരക്കുകൾക്കു പകരം ചരക്കുകൾ കൈമാറുന്ന രീതിയിലായിരുന്നെന്നും അല്ലാതെ നാണയമുപയോഗിച്ചായിരുന്നില്ല എന്നും ഒരിടത്തു തീർത്തുപറയുമ്പോൾ (പേജ് 69) കേരളവുമായുള്ള വാണിജ്യത്തിൽ കണക്കറ്റ ചീനപ്പൊന്ന് കേരളത്തിലേക്കൊഴുകിയതിനാൽ 1127-1279 കാലത്ത് ചൈന വാണ ദക്ഷിണ സുങ് ഭരണാധികാരി വിദേശവ്യാപാരത്തിൽ പൊന്ന്, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ഇടപാടുകൾ നിരോധിച്ചു എന്ന് മറ്റൊരിടത്തു പറയുന്നു (പേജ് 105). കച്ചവടം വെറും കൈമാറ്റനിലയ്ക്കല്ല, പണാധിഷ്ഠിതമായിരുന്നു എന്ന് ചീനാസഞ്ചാരിയായ മാഹുവാൻ വിവരിക്കുന്നതായി വേറൊരിടത്തും ഉണ്ട് (പേജ് 111). കേരളം മാത്രമല്ല, പ്രാചീന ഭാരതം മുഴുവനും കയറ്റുമതിക്കുപകരം വസ്തുക്കൾ സ്വീകരിക്കാതെ നാണയങ്ങൾ മാത്രമാണ് പകരം വാങ്ങിയിരുന്നത്. റോമിലെ സ്വർണം ഭാരതത്തിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള പ്ലിനിയുടെ (മൂത്തയാൾ) മുറവിളി ഓർക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ കാലത്തും ഈ അസന്തുലിതത്വം തുടർന്നു. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വെള്ളക്കാർ ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയിൽ ഇടപെടാൻ തുടങ്ങിയതും അത് ക്രമേണ കോളനിവൽക്കരണത്തിലേക്ക് നയിച്ചതും എന്നൊരു വാദഗതിയുണ്ട് (ഈ പുസ്തകത്തിലല്ല). ഒരുപക്ഷേ യൂറോപ്പിൽനിന്ന് കയറ്റിയയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും വീഞ്ഞും കൗതുകവസ്തുക്കളുമൊക്കെ ധാരാളമായി വാങ്ങാൻ നമ്മുടെ പൂർവികർ തയ്യാറായിരുന്നെങ്കിൽ ഭാരതചരിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. പുസ്തകത്തിലേക്ക് തിരികെവരുമ്പോൾ കരയാമ്പൂ കേരളത്തിലെ കാടുകളിൽ വളർന്നിരുന്നു എന്നും അത് ഇറക്കുമതി പദാർത്ഥമായിരുന്നു എന്നും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ ഇതിൽ ഉണ്ട്.

കേരളചരിത്രത്തിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങളാണ് അഞ്ചുവണ്ണം, മണിഗ്രാമം എന്ന വർത്തകസംഘങ്ങൾ.  സത്യത്തിൽ ചരിത്രരചന തന്നെ ഈ സംഘങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള ചെമ്പോലകളെയോ പട്ടയങ്ങളേയോ അടിസ്ഥാനപ്പെടുത്തിയാണ്. ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത് തെക്ക് കൊല്ലം മുതൽ വടക്ക് ഏഴിമല പ്രദേശം വരെ മണിഗ്രാമമെന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നതായി മനസ്സിലാക്കാം (പേജ് 71). 849-ലെ തരിസാപ്പള്ളി ചെപ്പേട് തുടങ്ങി 1225-ലെ വീരരാഘവപട്ടയം വരെയുള്ള രേഖകളാണ് ഈ നിഗമനത്തിനാധാരം. എന്നാൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോഴേക്കും ഈ സംഘങ്ങൾ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. പോർച്ചുഗീസുകാർ മണിഗ്രാമക്കാരുമായി വ്യാപാരാർത്ഥം ഘോരസംഘട്ടനങ്ങളിൽ ഏർപ്പെട്ടതായി കാണുന്നില്ല. അവർ അറബികളുമായാണ് പടവെട്ടിയിരുന്നത്. അതായത് ഗാമയുടെ വരവിനും ഒരു നൂറ്റാണ്ടുമുൻപെങ്കിലും മണിഗ്രാമം തകർന്നിട്ടുണ്ടാവണം. അതിനെ നശിപ്പിച്ചത് അറബികളായിരിക്കാൻ സാദ്ധ്യതയുമുണ്ട്. ആറുനൂറ്റാണ്ടുകാലം വിദേശവ്യാപാരം നടത്തുകയും രാജാക്കന്മാരുമായിപ്പോലും നേരിട്ട് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്ന ഈ വർത്തകസംഘങ്ങൾ ചരിത്രത്തിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാതെ അരങ്ങൊഴിഞ്ഞതായാണ് കാണുന്നത്. ഒരുപക്ഷേ അജ്ഞാതമായ മറ്റെന്തോ കാരണത്താൽ നിലംപരിശായ മണിഗ്രാമത്തിന്റെ സ്ഥാനത്തേക്ക് അറബികൾ കടന്നുവന്നതായിരിക്കാനും മതി. എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം തേടൽ കേരളചരിത്രത്തിലെ മറ്റൊരു ഇരുളടഞ്ഞ താളിലേക്ക് വെളിച്ചം വീശും. എന്നാൽ ഉത്തരം തേടുന്നതുപോയിട്ട് ആ ചോദ്യം ഉയർത്താൻ പോലും ഗ്രന്ഥകാരൻ ഇതിൽ തയ്യാറാകുന്നില്ല. മണിഗ്രാമത്തിന്റെ തകർച്ച കാണാതിരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത.

ജാതിസമ്പ്രദായം കേരളത്തിൽ അതീവ കർശനമായിരുന്നുവെന്നും താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അതീവ ബുദ്ധിമുട്ടിലും ആയിരുന്നു എന്ന് നമുക്കറിയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരികൊളുത്തപ്പെട്ട നവോത്ഥാനം കേരളചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേടുമാണ്. എന്നാൽ വർത്തമാനകാലം ഉജ്ജ്വലമാണെന്നു കാണിക്കാൻ ഭൂതകാലത്തെ അതിന്റെ നറുതിരിവെളിച്ചം കൂടി തല്ലിക്കെടുത്തി കൂരിരുട്ടിലാക്കേണ്ട കാര്യമുണ്ടോ? മുഴക്കോലുകൊണ്ട് ദൂരമളന്ന് വിവിധജാതികളെ പലദൂരങ്ങളിൽ നിർത്തിയിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്ന് ന്യായമായും സംശയം തോന്നാം. ഇത്തരം അബദ്ധങ്ങളെ മുച്ചൂടും പൊളിക്കുന്ന ചില വിവരങ്ങൾ ഈ കൃതിയിൽ കാണാം. വേലസമുദായത്തിലെ സ്ത്രീകളാണ് പ്രസവമെടുക്കുന്നതിനു സഹായിക്കുന്ന പേറ്റിച്ചികൾ. അപ്പോൾ അവർക്ക് തീണ്ടൽ ഉണ്ടായിരുന്നില്ലേ? മാത്രവുമല്ല, ബ്രാഹ്മണസങ്കേതങ്ങളിലാണ് മുഖ്യമായും അവരുടെ സാന്നിദ്ധ്യം (പേജ് 33). പുലവാലായ്മകളുടെ അവസാനം കുറിക്കുന്നത് വണ്ണാത്തിമാറ്റ് നൽകിയാണ്. കണക്കനുസരിച്ച് അറുപതടിയോളം ദൂരെ നിർത്തേണ്ടിയിരുന്ന ഈ സമുദായങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ അവശ്യഘടകങ്ങളായിരുന്നു. അവർ അപ്രത്യക്ഷരാകുന്നത് പാശ്ചാത്യരുടെ വരവും പുതുമര്യാദകളുടേയും ആചാരങ്ങളുടേയും തുടക്കത്തോടെയുമാണ്. ജാതിവ്യവസ്ഥ കർക്കശമായതും അതോടുകൂടിയായിരിക്കുമോ? ഹിന്ദുസമൂഹം സമുദ്രയാത്ര നടത്തിയിരുന്നില്ല എന്നതാണ് മറ്റൊരു കണ്ടുപിടിത്തം. എന്നാൽ ബർമയിലെ പാകാൻ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ അവിടെ ഒരു വിഷ്ണുക്ഷേത്രം പണിതത് 'മലനാട്ടിലെ മകോതയർ പട്ടണത്തിൽനിന്നു വന്ന ഇരായിരൻ ശിരിയൻ' എന്ന വ്യാപാരിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യമാണ് ഇവിടെ നടമാടിയിരുന്നതെന്നും അവനവന്റെ വർണ്ണധർമ്മങ്ങൾക്കനുസരിച്ച പ്രവൃത്തികളേ ഒരാൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. രാജ്യഭരണവും സൈനികസേവനവുമായിരുന്നു ക്ഷത്രിയന്റെ ചുമതല. എന്നാൽ കേരളത്തിലെ സ്വരൂപങ്ങളിൽ ഒന്നുപോലും ക്ഷത്രിയരായിരുന്നില്ല എന്ന് ഈ കൃതിയിൽ കാണുന്നു. കോലത്തിരി, സാമൂതിരി, വേണാട് സ്വരൂപങ്ങൾ യാഗരക്ഷ, ഹിരണ്യഗർഭം മുതലായ നടപടികളിലൂടെ ക്ഷത്രിയരായി മാറുകയാണ് ഉണ്ടായത്. ബ്രാഹ്മണർ അതെല്ലാം അംഗീകരിച്ചുകൊടുത്തു. ജന്മാധിഷ്ഠിതമായ വർണ്ണം സ്വപ്രയത്നത്തിലൂടെ മാറാനും സാധിക്കുമെന്നതിനുള്ള തെളിവാണ് ഇവ. ബ്രാഹ്മണരെ കൊല്ലുന്നത് മഹാപാപമാണെന്നൊക്കെ ധർമ്മശാസ്ത്രങ്ങൾ പറയുമെങ്കിലും രാജാവിന്റെ അപ്രീതി സമ്പാദിച്ചാൽ അതൊന്നും തടസ്സമായിരുന്നില്ലെന്ന് വാര്യർ രേഖപ്പെടുത്തുന്നു (പേജ് 152). ഇതിനെല്ലാമുപരിയായി കീഴ്ജാതിക്കാരും വിദ്യാഭ്യാസം നേടിയിരുന്നു എന്നതിന്റെ തെളിവുകളും ഇതിലുണ്ട്. ജാത്യതീതമായ ഈ വിദ്യാപ്രസരണത്തിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ഊരാച്ചേരി ഗുരുകുലമടങ്ങുന്ന മലബാറിലെ നിരവധി തീയ്യ ഗുരുകുലങ്ങൾ. തർക്കം, വ്യാകരണം, വേദാന്തം, ജ്യോതിഷം, വൈദ്യം എന്നിവയൊക്കെ ഇവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. മുലക്കരം, ഏണിക്കരം മുതലായ അതിശയോക്തിപരവും തീർത്തും അപ്രായോഗികവുമായ നികുതികൾ കേരളത്തിൽ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുമെങ്കിലും മദ്ധ്യകാല സാമ്പത്തികവ്യവസ്ഥ വിശദമായി പരിശോധിച്ച ഗ്രന്ഥകാരൻ അത്തരം നികുതികളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല.

കുലശേഖരന്മാരുടെ പതനത്തിനും വെള്ളക്കാരുടെ ആഗമനത്തിനിടയിലും ഉള്ള നാലു നൂറ്റാണ്ടുകളാണ് ഈ കൃതിയുടെ പരിശോധനാകാലഘട്ടമെന്നിരിക്കിലും ലഭ്യമായ രേഖകളുടെ അഭാവത്താലാണോ എന്തോ പല അദ്ധ്യായങ്ങളിലും അതിനുശേഷമുള്ള കാലഘട്ടമാണ് പഠനവിധേയമാക്കുന്നത്. അധികാരഘടന എന്ന അദ്ധ്യായം സ്വരൂപങ്ങളിലെ ഭരണകൂടരൂപവൽക്കരണം ചർച്ച ചെയ്യുമ്പോൾ 17-18 നൂറ്റാണ്ടുകളെയാണ് ആസ്പദമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുള്ളൽ കൃതികളിലെ പരാമർശങ്ങളും സമൂഹത്തെ നിർവചിക്കുന്നവയായി അപഗ്രഥിക്കപ്പെടുന്നത് ഒരു തോൽവിയായിത്തന്നെ കണക്കാക്കണം. അതുപോലൊരു വീഴ്ചയാണ് അടിസ്ഥാനവർഗ്ഗത്തിന്റെ ആശയലോകം പരിശോധിക്കുന്നതിനായി കടത്തനാടൻ പാട്ടുകളിലെ ചരിത്രാംശം ഇഴകീറി തൂക്കിനോക്കുന്നത്. ഇതും ഒരു പിൽക്കാലരചനയാണെന്ന് ഗ്രന്ഥകാരൻ കാണാതെ പോകുന്നു.

വളരെയധികം വാദങ്ങൾ പല അദ്ധ്യായങ്ങളിലായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല, ആധാരവസ്തുതകൾ ചൂണ്ടിക്കാണിക്കുന്നുമില്ല. കേരളീയസംസ്കാരവ്യവഹാരങ്ങളിലും അവയുടെ സ്വഭാവനിർണ്ണയത്തിലും നാടുകളുടെ സ്വാധീനം ഗണ്യമായി കണ്ടുതുടങ്ങുന്നത് ഇക്കാലത്താണ്. ചില നാടുകളിലെ ജാതികളിൽ കാണുന്ന ഇല്ലവ്യവസ്ഥ, നാടു കടന്നാൽ അശുദ്ധി, ഭൃഷ്ട് എന്നീ ശുദ്ധാശുദ്ധ സങ്കല്പങ്ങൾ ഉദാഹരണങ്ങൾ. എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഉൽപാദനബന്ധങ്ങളുടെ നിയന്ത്രണം സാമൂഹ്യ-സാമ്പത്തിക മേധാവിത്വത്തിലേക്കു നയിക്കുമെന്ന മാർക്സിയൻ സിദ്ധാന്തം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ഗ്രന്ഥകാരന് കേരളത്തിന്റെ പ്രത്യേകതകൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ നെൽകൃഷിയുടേയും നാണ്യവിളകളുടേയും അരിഭക്ഷണത്തിന്റേയും വ്യാപനം നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാർഷികരീതികളുടെ വികാസത്തെക്കുറിച്ചുള്ള വിശകലനം വെറും സാമാന്യബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ഞാണിന്മേൽക്കളിയാണ്. വ്യാപകമായ അക്ഷരത്തെറ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത കല്ലുകടിയാകുന്നു. ഓരോ പേജിലും ഏറ്റവും കുറഞ്ഞത് പത്തു തെറ്റുകളെങ്കിലും കാണും. പ്രസാധകരുടെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് പുസ്തകം അടച്ചുവെക്കുമ്പോൾ ഒരു ചരിത്രപണ്ഡിതന്റെ മൈതാനപ്രസംഗം കേട്ടുകഴിഞ്ഞ പ്രതീതിയാണ് ഉണ്ടാകുന്നത്. പുതിയതായി ഒരു വസ്തുതയോ, നവീനമായ ഒരു വ്യാഖ്യാനം പോലുമോ ഈ കൃതിയിലില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Maddhyakala Keralam - Swaroopaneethiyude Charithrapadangal'
Author: M R Raghava Warrier
Publisher: National Book Stall, 2014 (First)
ISBN: 9789384571405
Pages: 292

No comments:

Post a Comment