Monday, January 8, 2024

അടിയന്തിരാവസ്ഥ

ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് വെറും കാൽനൂറ്റാണ്ടിനുശേഷം അതിന്റെ ശവക്കുഴി തോണ്ടുന്നതിനുള്ള ഒരു ഭീകരപ്രയത്നം അടിയന്തിരാവസ്ഥ എന്ന പേരിൽ നടപ്പാക്കപ്പെട്ടു. നാലുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയുടെ പേരിൽ പാർലമെന്റ് അംഗത്വം കോടതി റദ്ദാക്കിയപ്പോൾ അന്തസ്സായി സ്ഥാനമൊഴിയുന്നതിനുപകരം എതിർശബ്ദങ്ങളെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചത്. പത്രങ്ങളെ കടിഞ്ഞാണിടുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ഔദ്യോഗികമായ യാതൊരു പദവികളുമില്ലാത്ത പ്രധാനമന്ത്രിയുടെ മകൻ സഞ്ജയ് ഗാന്ധി ഏകാധിപതിയെപ്പോലെ തന്നിഷ്ടം നടപ്പാക്കുകയും ചെയ്തപ്പോൾ രാജ്യമെങ്ങും ഭീതിയും അരക്ഷിതാവസ്ഥയും പടർന്നു. തടവുകാരുടെ നേരെ നടന്ന ക്രൂരമായ മർദ്ദനമുറകളും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധിത വന്ധ്യംകരണങ്ങളും ഭാരതപൗരന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തോന്നിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെല്ലാം തടയപ്പെട്ടപ്പോൾ ജീവനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പരമോന്നതകോടതിയിൽ വിളിച്ചുപറഞ്ഞു. നീണ്ട 21 മാസങ്ങൾക്കുശേഷം പ്രതിപക്ഷത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്ന് തോന്നിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനൊരുങ്ങി. എന്നാൽ ഉത്തരേന്ത്യയിലെ സാധാരണക്കാർ ഇന്ദിരാഗാന്ധിയേയും അവരുടെ പാർട്ടിയേയും വലിച്ചുതാഴെയിട്ടു. അവിശ്വസനീയമായ വിധത്തിൽ ജനാധിപത്യം തിരികെയെത്തി. ഈ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്. മലയാളമനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ച പത്രപ്രവർത്തകനാണ് സെബാസ്റ്റ്യൻ ജോസഫ്.

തികച്ചും ലഘുവായ ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പു സഹായിയായ സർക്കാർ ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച തീയതിയല്ല, അത് രാഷ്‌ട്രപതി അംഗീകരിച്ച തീയതിയാണ് കണക്കാക്കേണ്ടത് എന്നായിരുന്നു അത്. അപ്പീലിൽ സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തിയേനെ. പക്ഷേ 1973-ൽ തുടങ്ങിയ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തെ അക്രമോൽസുകതയുടെ വക്കത്തെത്തിച്ചിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിൽ മുളച്ചുപൊന്തിയ നവനിർമ്മാൺ പ്രസ്ഥാനം എം.എൽ.ഏമാരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും അവരെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്യിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ബിഹാറിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതി ജനലക്ഷങ്ങൾ വളഞ്ഞ് അവരെ രാജിവെക്കാൻ നിർബന്ധിതയാക്കുമെന്ന മൊറാർജിയുടെ പ്രസ്താവന എല്ലാ ജനാധിപത്യമര്യാദകളേയും ലംഘിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25-ന് ദില്ലിയിൽ പ്രതിപക്ഷം നടത്തിയ ജനകീയറാലിയിൽ തീവണ്ടികൾ തടയാനും കോടതികളും സർക്കാർ ഓഫീസുകളും സ്തംഭിപ്പിക്കാനും തീരുമാനമെടുത്തു. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായൺ പോലീസിനോട് ആഹ്വാനം ചെയ്തത് കലാപം നടത്താനുള്ള പ്രേരണ പോലെയായി. അടിയന്തിരാവസ്ഥ പ്രതിപക്ഷം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം തീർത്തും അസ്ഥാനത്തല്ല. എന്നാൽ ഗ്രന്ഥകർത്താവ് ഈ വസ്തുതകൾ നല്കിയതിനുശേഷം നേരെ വിപരീതമായ നിഗമനത്തിലാണ് എത്തുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും ഇന്ദിര തന്റെ സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ദിരയുടെ വാക്ക് നിയമമായിരുന്നു. കഴിവല്ല, കൂറാണ് തന്റെ കീഴ്ജീവനക്കാരിൽനിന്ന് ഇന്ദിര പ്രതീക്ഷിച്ചിരുന്നത്. രാജ്യം പോലും തന്റെ കുടുംബസ്വത്ത് പോലെ അവർ കരുതി. ഇന്ത്യ ഒരു ശിശുവിനെപ്പോലെയാണെന്നും ചിലപ്പോൾ അമ്മ ശിശുവിനെ പിടിച്ചുകുടയുന്നതുപോലെയേ ഉള്ളൂ അടിയന്തിരാവസ്ഥയെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷത്തെപ്പോലെതന്നെ തന്റെ സ്വന്തം മന്ത്രിമാരെപ്പോലും അവർ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇക്കാര്യത്തിലെങ്കിലും അവരുടെ ധാരണ തെറ്റായിരുന്നില്ല. ഇന്ദിരയെ മറിച്ചിട്ട് അധികാരം കയ്യാളാൻ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും രഹസ്യമായി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രിയെ അയോഗ്യയാക്കിയ കോടതിവിധിക്കുശേഷം അവരുടെ വസതിയിലെത്തിയ നേതാക്കൾ കൂട്ടം തിരിഞ്ഞ് ഓരോ നേതാവിന്റേയും ശക്തിയേയും സാദ്ധ്യതകളേയും പറ്റി വിലയിരുത്തുകയായിരുന്നു. നിർദ്ദേശങ്ങളും മറുനിർദ്ദേശങ്ങളുമായി വിലപേശൽ ഗൗരവമായിത്തന്നെ നടന്നു. എന്നാൽ ഹൈക്കോടതി തന്നെ വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിച്ചതോടെ നിലപാടുകളിൽ നാടകീയമായി മാറ്റം വന്നു. കൂറു പ്രഖ്യാപിക്കാനുള്ള തിരക്കായി പിന്നെ.

അടിയന്തിരാവസ്ഥയിൽ എന്തൊക്കെ നടന്നു എന്നതിന്റെ വിപുലമായ ഒരു വിവരണം തന്നെ ഈ പുസ്തകത്തിൽ കാണാം. സെൻസറിംഗ് മൂലം പത്രങ്ങൾ സർക്കാർ ഗസറ്റ് പോലെയായി. ശങ്കേഴ്‌സ്‌ വീക്ക്‌ലി പോലുള്ള പല പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചു. ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ് മാൻ എന്നീ പത്രങ്ങൾ കൊടിയ പീഡനങ്ങളെ ധീരമായി നേരിട്ട് സർക്കാരിനെ അപ്പോഴും എതിർത്തുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ 320 കേസുകൾ രാജ്യമെമ്പാടും രേഖപ്പെടുത്തി. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ശാരീരികമായി ക്ഷീണിതനായ ഉടമസ്ഥൻ ഗോയങ്കയ്ക്ക് യാതൊരിളവും ഒരു മജിസ്‌ട്രേട്ടും അനുവദിച്ചില്ല. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു പത്രങ്ങൾ പൂർണ്ണമായും സർക്കാരിനു വഴങ്ങി. മാതൃഭൂമി പത്രം ഇന്ദിരാഗാന്ധിയുടെ സൂക്തങ്ങൾ ഒന്നാം പേജിൽ തന്നെ നിരത്താൻ തുടങ്ങി. കുനിയാൻ മാത്രം ആജ്ഞാപിച്ചപ്പോൾ നിലത്തിഴഞ്ഞ പത്രങ്ങളായിരുന്നു അവ. ബുദ്ധിജീവികളും 'പുരോഗമന'കലാകാരന്മാരും കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ശത്രുക്കളെ വിജയകരമായി കീഴടക്കി, കാലുകൾ ഇരുവശത്തുമിട്ട് കടുവാപ്പുറത്തിരിക്കുന്ന ദുർഗ്ഗാദേവിയായി ഇന്ദിരയെ ചിത്രീകരിക്കുന്ന പെയിന്റിംഗ് വരച്ചുകൊണ്ട് എം. എഫ്. ഹുസ്സൈൻ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ചു. ഭരണഘടനയുടെ മൂല്യം പാടേ ഇല്ലാതായി. തലങ്ങും വിലങ്ങും ഭേദഗതികൾ നടത്തി ഭരണഘടനയെ വികൃതമാക്കി. സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ മുൻകാലപ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്തു. ആഗസ്റ്റ് 7-ന് ലോക്‌സഭയിലും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കിയ ഭേദഗതി അതിനടുത്ത ദിവസം (ആഗസ്റ്റ് 9) പതിനേഴു സംസ്ഥാനനിയമസഭകൾ അംഗീകരിച്ചു. പത്തിന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ അതു നിയമമായി. അതോടെ ആഗസ്റ്റ് 11-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്ന കേസ് ഈ ഭേദഗതിയോടെ അപ്രസക്തമായി.

ഉത്തരേന്ത്യയിലേതിനു സമാനമായ സർക്കാർ അതിക്രമങ്ങളോ അതിനെതിരായ ജനകീയ പ്രതിഷേധങ്ങളോ കേരളത്തിൽ അരങ്ങേറിയില്ല. അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ സ്ഥിതി വിവരിക്കാനും കുറച്ചു താളുകൾ ഈ പുസ്തകത്തിൽ നീക്കിവെച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ മൂലം നെൽകൃഷി താറുമാറാകുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്ത ഒരു സന്ധിയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നക്സൽ തീവ്രവാദം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഹിപ്പി ആധുനികത കലാലയങ്ങളിൽ അരാജകത്വം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടു. കലാലയങ്ങളിൽ പോകാതെ കറങ്ങിനടന്ന വിദ്യാർത്ഥികളെ ആട്ടിപിടിച്ച് വിദ്യാലയങ്ങളിൽ എത്തിച്ചു. തോൾസഞ്ചികളുമായി കുളിക്കാതെ ബുദ്ധിജീവി ചമഞ്ഞുനടന്നിരുന്നവരെ ഓടിച്ചിട്ടുപിടിച്ച് ക്ഷൗരം ചെയ്തു. അപ്രതീക്ഷിത ഘെരാവോകൾക്കും പണിമുടക്കങ്ങൾക്കും വിരാമമായി. തൊഴിലാളിവർഗ്ഗം നാവടക്കി പണിയെടുത്തു. ഇതെല്ലാം നാട്ടിൽ സമാധാനം വളർത്തിയെങ്കിലും അതിനുകൊടുക്കേണ്ടിവന്ന വിലയെക്കുറിച്ച് മലയാളി ആശങ്കാകുലനായില്ല. മലയാളി അവനിലേക്കുതന്നെ ചുരുങ്ങിക്കൂടി. മരണവീട്ടിലെ നിശ്ശബ്ദതയും യാന്ത്രികതയും അവന് ഇഷ്ടമായി. ഇടയ്ക്കിടെ ഉയർന്നിരുന്ന നിലവിളികൾ തന്റേതല്ലല്ലോ എന്നതിൽ അവൻ ആശ്വാസം കൊണ്ടു. സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയെ സ്തുതിച്ചുകൊണ്ട് വീക്ഷണം സപ്പ്ലിമെന്റിൽ ലേഖനം എഴുതി. എന്നാൽ കേരളത്തിലും അക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ മേൽ പോലീസ് നടത്തിയിരുന്ന ഭീകരമർദ്ദനമുറകളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നു.

അടിയന്തിരാവസ്ഥയിലെ അഭിമാനകരമായ ഏക സംഭവം അതിനിടയിൽ നടന്ന തെരഞ്ഞെടുപ്പും അതിൽ ഇന്ദിരയും പാർട്ടിയും നേരിട്ട ഭീമമായ തോൽവിയുമാണ്. നിർബന്ധിത വന്ധ്യംകരണം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പുരുഷത്വത്തെപ്പോലും ചോദ്യം ചെയ്തു. ഗ്രാമീണർ സർക്കാർ വാഹനങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കാൻ തുടങ്ങി. മൂന്നു ലക്ഷം പേരെ ലക്ഷ്യം വെച്ചുനടത്തിയ കുടുംബാസൂത്രണയജ്ഞം ഒന്നാം സ്ഥാനത്തെത്തിയ ബിഹാറിൽ അഞ്ചുലക്ഷം പേരെ വന്ധ്യംകരിച്ചു. ഇന്ത്യയൊട്ടാകെ ഒരു കോടി ഏഴു ലക്ഷം ആളുകളും. തെറ്റായ ശസ്ത്രക്രിയകളിലൂടെയും പ്രതിഷേധക്കാർക്കുനേരെ നടന്ന വെടിവെപ്പുകളിലുമായി 2322 പേർ കൊല്ലപ്പെട്ടു. നഗരസൗന്ദര്യവൽക്കരണമായിരുന്നു സഞ്ജയ് ഗാന്ധിയുടെ മറ്റൊരു താല്പര്യം. ദരിദ്രർ താമസിച്ചിരുന്ന ഒന്നര ലക്ഷം വീടുകൾ, കുടിലുകൾ, കടകൾ, മറ്റു കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇതിനെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ എണ്ണിയെണ്ണി പകരം വീട്ടി. ഹിന്ദി സംസ്ഥാനങ്ങളിലെ 233 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എന്നാൽ 'രാഷ്ട്രീയപ്രബുദ്ധത'യുള്ള കേരളത്തിൽ അവർ എല്ലാ സീറ്റും തൂത്തുവാരി! അന്ന് ഇന്ദിര ദേശീയതലത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അത് സ്വതന്ത്രമായ അവസാനത്തെ തെരഞ്ഞെടുപ്പാകുമായിരുന്നു. ജനാധിപത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടേനെ. വോട്ടെണ്ണൽ കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ ആ രാത്രി മുഴുവനും ഉത്തരേന്ത്യയിലെ ജനങ്ങൾ ഉറക്കമിളച്ചിരുന്നു. മുപ്പതു വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആ രാത്രിയിലേതുപോലെ ആയിരുന്നു കാര്യങ്ങൾ. ചെണ്ടമേളത്തിനൊത്ത് ആളുകൾ ആടിപ്പാടി, സൗജന്യമായി മിഠായി വിതരണം നടത്തി.

ജയപ്രകാശ് നാരായണിന്റെ ഒരു ലഘു ജീവചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ വളരെ വിപുലമായിരുന്നെങ്കിലും അതൊന്നും സാധാരണ വായനക്കാർ അറിയാനിടവന്നിരുന്നില്ല. നെഹ്രുവിന്റേതും കോൺഗ്രസിന്റേതുമല്ലാത്ത സംഭാവനകൾ ദീർഘകാലമായി തമസ്കരിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. വളരെ ചടുലമാണ് സെബാസ്റ്റ്യൻ ജോസഫിന്റെ രചനാശൈലി - വളരെ ആകർഷണീയവും. കുറിക്കുകൊള്ളുന്ന ഉപമകളും മൂർച്ചയുള്ള രൂപകങ്ങളും ഈ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. പലയിടങ്ങളിലും ഈ കൃതി മനോഹരമായ ഇംഗ്ലീഷ് ശൈലിയുടെ മലയാളവിവർത്തനമാണോ എന്നുപോലും തോന്നിപ്പിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Adiyanthiravastha - Kirathavazhchayude 21 Masangal'
Author: Sebastian Joseph
Publisher: Current Books, 2021 (First)
ISBN: 9789354323744
Pages: 341

No comments:

Post a Comment