Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

No comments:

Post a Comment