Thursday, June 13, 2024

ഉണ്ണിച്ചിരുതേവീചരിതം

മലയാളഭാഷയുടെ ഉത്ഭവകാലത്ത് രൂപപ്പെട്ട ഒരു ശൈലിയാണ് മണിപ്രവാളം. മുത്തുകളും രത്നങ്ങളും കോർത്ത ഒരു മാലപോലെ സംസ്കൃതവും ഭാഷാപദങ്ങളും ഇടകലർന്ന രചനാരീതിയായിരുന്നു ഇത്. ഈ വിഭാഗത്തിൽപ്പെടുന്ന 'ചന്ദ്രോത്സവം' എന്ന കൃതി മുൻപൊരിക്കൽ ഇവിടെ വിശകലനം ചെയ്തിരുന്നു. കേന്ദ്രവിഷയത്തിൽ സമാനത പുലർത്തുന്ന ഒരു കൃതിയാണ് ഇതും. പതിമ്മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം ഗദ്യവും പദ്യവും ഇടചേർന്ന ചമ്പു എന്ന സാഹിതീഗണത്തിൽപ്പെടുന്നു. അച്ചീചരിതം എന്ന വിഭാഗത്തിലെ അറിയപ്പെടുന്ന മണിപ്രവാളകൃതികളുടെ സവിശേഷതകളെല്ലാം ഒത്തുചേരുന്ന ഒരു ചമ്പുവാണിത്. ദേവദാസികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതും സ്ത്രീവർണ്ണനാപ്രധാനവുമായ ഈ കൃതി അക്കാലത്തെ കേരളീയസമൂഹത്തിന്റെ ചരിത്രത്തിനും പഠനത്തിനും ആവശ്യമായ വിലപ്പെട്ട രേഖകൾ നൽകുന്നു. ശബ്ദമാധുരിമയും അർത്ഥചാരുതയും ഒന്നുചേരുന്ന പദ്യങ്ങൾ ഇതിൽ സുലഭമാണ്. മൂന്നു പദ്യവും മുപ്പതു ഗദ്യവും ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ ഗദ്യമെന്നുദ്ദേശിക്കുന്നത് ദ്രാവിഡവൃത്തത്തിൽ രചിക്കപ്പെട്ട മനോഹരമായ കവിതകൾ തന്നെയാണ്. ഭാഷാകാവ്യങ്ങളെ ഗദ്യം എന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. സംസ്കൃതത്തിലായാലേ പദ്യമാവുകയുള്ളൂ എന്ന സൂചനയും ഇതു നൽകുന്നു. രചയിതാവ് ആരെന്നറിയാത്ത ഈ കൃതിയുടെ പൂർണ്ണരൂപം കണ്ടെത്തിയിട്ടുമില്ല. താളിയോലയിൽ അക്ഷരങ്ങൾ പൊടിഞ്ഞുപോയതിനാൽ ചില ഭാഗങ്ങളിൽ അർത്ഥം ഊഹിച്ചെടുക്കുകയും വേണം. മൂന്നു പതിറ്റാണ്ടുകാലം വിവിധ സർക്കാർ കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വിരമിച്ച സുന്ദരം ധനുവച്ചപുരമാണ് ഇതിന്റെ വ്യാഖ്യാതാവ്. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം 2021-ൽ നിര്യാതനായി. അനേകം കാവ്യങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചോകിരം (ശുകപുരം) എന്ന ബ്രാഹ്മണഗ്രാമത്തിലെ പൊയിലം എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന തോട്ടുവായിപ്പള്ളി എന്ന ഗൃഹത്തിലെ ഉണ്ണിച്ചിരുതേവി എന്ന ദേവദാസിയുടെ മഹിമാവിശേഷങ്ങളാണ് ഇതിലെ പരാമർശവിഷയം. ദേവദാസികളെ ചുറ്റിപ്പറ്റി കവികളും കലാകാരന്മാരും നിലനിന്നിരുന്നു. അതിലൊരാൾ തന്റെ യജമാനത്തിയെ സ്തുതിച്ചുകൊണ്ടു പാടുന്ന കാവ്യം ദേവേന്ദ്രൻ കേൾക്കാൻ ഇടവരികയും ആ സൗന്ദര്യധാമത്തെ തനിക്കുകൂടി കാണണമെന്ന ആവശ്യപ്രകാരം കവി ദേവരാജാവിനെ നായികാഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ കഥാതന്തു. ഉണ്ണിച്ചിരുതേവിയുടെ ഭവനത്തിനുപുറത്ത് കാത്തുകെട്ടിക്കിടക്കുന്ന ആരാധകവൃന്ദത്തിൽ സമൂഹത്തിന്റെ ഏറ്റവും ഉന്നതതലങ്ങളിൽ വിഹരിക്കുന്നവരെ കാണാം. അവരെല്ലാം സർവ്വഗർവ്വും അടക്കി ഏതുവിധേനയും അകത്തുകടക്കാൻ പറ്റുമോ എന്നുമാത്രം നോക്കി ഗതികെട്ടുനിൽക്കുന്നതിന്റെ പരിഹാസദ്യോതകമായ ഒരു ചിത്രം ഇതിലുണ്ട്. നായികയെക്കൂടാതെ ആ നാടും, സമൂഹവും, പരിസരങ്ങളുമെല്ലാം വിവരിച്ചിരിക്കുന്നതിനാലാണ് ഈ രചന സാഹിത്യത്തിനുപരിയായ ഒരു സ്ഥാനം നേടുന്നത്. ഗ്രാമത്തിലെ അങ്ങാടിവർണ്ണനയിൽ അടിമപ്പെണ്ണുങ്ങളുടേയും ദാസിമാരുടേയും 'ചന്തവർത്തമാനങ്ങൾ' കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അടിസ്ഥാനവർഗ്ഗത്തെ ചെറുതായെങ്കിലും ചിത്രീകരിക്കുകകൂടി ചെയ്യുന്നു.

ഈ കൃതിയുടെ അവതാരിക അക്കാലത്തെ സമൂഹത്തിന്റേയും കാവ്യത്തിലെ ഭാഷയുടേയും പ്രധാന സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നു. തമിഴിൽനിന്ന് മലയാളം പൂർണ്ണമായും വേർപിരിഞ്ഞ് സ്വതന്ത്രമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതു രചിക്കപ്പെട്ടിരിക്കുന്നത്. ഈ വേർപിരിവിനെ സാക്ഷ്യപ്പെടുത്തുന്നത് വ്യാകരണപരമായ ആറ് സവിശേഷതകളാണ് - അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിവ. ഈ പ്രത്യേകതകൾ വന്നതും വരാത്തതുമായ പദങ്ങൾ ഈ കാവ്യത്തിലുണ്ട്. പിൽക്കാലത്ത് വ്യഭിചാരം മാത്രമായിപ്പോയ ദേവദാസീസമ്പ്രദായത്തിന് അക്കാലത്തുണ്ടായിരുന്ന സ്വാധീനം ഇതിൽ വ്യക്തമാണ്. അന്നും വ്യഭിചാരം അതിന്റെ കാതൽ തന്നെയായിരുന്നുവെങ്കിലും കലാ-സാഹിത്യ പ്രോത്സാഹനവും നാടിന്റെ സാമൂഹ്യജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനവുമെല്ലാം ദേവദാസികൾക്ക് ഉന്നതമായ സ്ഥാനം ഉറപ്പുനൽകിയിരുന്നു. ആധുനികസദാചാരത്തിന്റെ ദർപ്പണത്തിൽ അക്കാലത്തെ ജനതയെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നത് വിവരക്കേട് തന്നെയായിരിക്കും. വേണാട്ടുരാജാക്കന്മാർ എഴുന്നെള്ളുമ്പോൾ ക്ഷേത്രങ്ങൾ തോറുമുള്ള ദേവദാസികൾ എതിരേവന്ന് അവരെ സ്വീകരിക്കണമെന്ന പതിവ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലം വരെ നിലനിന്നിരുന്നു എന്നുകൂടി ഓർക്കുക.

ഈ കാവ്യരൂപത്തിന്റെ സവിശേഷതകളെല്ലാംതന്നെ വ്യാഖ്യാതാവ് വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാച്യാർത്ഥം മാത്രമല്ല, വൃത്തം, അലങ്കാരം, മറ്റു കൽപ്പനകൾ അങ്ങനെയെല്ലാ കാര്യങ്ങളും ഉയർന്ന ഭാഷാവിദ്യാർത്ഥികൾക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ആസ്വദിക്കാവുന്ന നിലയിലാക്കിയിട്ടുണ്ട്. ചോകിരം ഗ്രാമത്തിലെ സോമയാജികളായ ബ്രാഹ്മണരേയും വള്ളുവനാട്ടിലെ സാമന്തരാജാക്കന്മാരേയും സ്തുതിക്കുന്ന ഗദ്യം (സംഖ്യ 6) പ്രത്യേകതയുള്ളതാണ്. ഒരേവരികൾ തന്നെ രണ്ടുതരത്തിൽ അർത്ഥമെടുത്താൽ ഇരുവിഭാഗങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് സൃഷ്ടി. പദപ്രയോഗരീതിയിലും അർത്ഥവൈജാത്യസൃഷ്ടിയിലും കവി കാണിക്കുന്ന വിരുത് അത്ഭുതകരം തന്നെയാണ്. ഉണ്ണിച്ചിരുതേവിയുടെ അംഗപ്രത്യംഗവർണ്ണന നടത്തുന്ന ഗദ്യം 18 ആണ് മറ്റൊന്ന്. ഓരോ അവയവവും സദൃശമായ രണ്ട് ഉപമാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ അതിൽ ഒന്നിനെ സ്വീകരിച്ചാൽ മറ്റേത് പിണങ്ങുമോ എന്ന സംശയമാണ് അതിലെ മർമ്മം. 'കടഞ്ഞെടുത്ത ശംഖാണ് കഴുത്തെന്നു പറഞ്ഞാൽ സ്വർണനാഴി കയർക്കുമല്ലോ'; 'മൃദുവായ താമരപ്പൂവെന്നു പറഞ്ഞാൽ പൂർണചന്ദ്രന് എന്നോട് പകയുണ്ടാവുകയില്ലേ'; അവളുടെ പുഞ്ചിരിയുടെ കാന്തിയെ നിലാവെന്നുപറഞ്ഞാൽ മുല്ലപ്പൂവ് കരയുകതന്നെ ചെയ്യും എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. ബിംബങ്ങളെല്ലാം മറ്റു രചനകളുമായി സാമ്യം പുലർത്തുന്നുവെങ്കിലും ഇത്തരം ചില പൊടിക്കൈകൾ മടുപ്പ് ഉളവാകുന്നത് തടയും. ദേവദാസിയുടെ വീടിനുമുന്നിൽ പാടുകിടക്കുന്ന കാമുകപ്പരിഷകളുടെ ചേഷ്ടാവർണ്ണനയിൽ ആക്ഷേപഹാസ്യമാണ് മുന്തിനിൽക്കുന്നത്. സ്വന്തം സ്വത്തെല്ലാം ഭാണ്ഡമാക്കിക്കെട്ടി നായികാഗൃഹത്തിൽ എത്തിയവർ അവിടെയുള്ള നായയെപ്പോലും അധികാരി എന്നുകരുതി അതിനുമുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്നു. സൂത്രത്തിൽ അകത്തുകടക്കാൻ ശ്രമിച്ചവർ ദ്വാരപാലകരുടെ അടിയേറ്റ് നെറ്റിയിലൂടെ രക്തമൊഴുകുന്നത് ഉണ്ണിച്ചിരുതേവി കല്പിച്ചുതന്ന കുങ്കുമം കൊണ്ട് കുറിതൊട്ടതാണെന്നു മേനി നടിക്കുന്നു.

അക്കാലത്തെ ചില രാഷ്ട്രീയസവിശേഷതകളും പ്രാദേശികവൈരങ്ങളും ഈ കൃതിയിൽ തല നീട്ടുന്നു. അതിർത്തിയെച്ചൊല്ലി സാമൂതിരിയും വള്ളുവനാടുമായുള്ള തർക്കം പന്നിയൂർ, ചോകിരം ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയായി പരിണമിക്കുന്നു. ഈ വിദ്വേഷം ഒരു പടികൂടി ഉയർന്ന് എതിരാളികളായ പന്നിയൂർ ഗ്രാമക്കാരെ 'സൂകരം' (പന്നി) എന്ന മൃഗവുമായി താരതമ്യം ചെയ്യുന്നതിലെത്തിനിൽക്കുന്നു. 'വിഫലസൂകര മഹാമുരിഷ കൈത്തടികളും' (ഗദ്യം 5) എന്ന പ്രയോഗവും 'മുഷ്‌കര സൂകരരെപ്പൊരുതേറനേ' (ഗദ്യം 6 - മുഷ്കരൻമാരായ പന്നികളോട് ശാപം വർഷിച്ചും കുസൃതി കാട്ടിയും കോപോജ്വലരായി പെരുമാറുന്നവർ) എന്ന് വള്ളുവനാട്ടിലെ ഭരണാധികാരികളെ സ്തുതിക്കുന്ന ഭാഗവും ഇതിനുദാഹരണമാണ്. സാമൂതിരി വെള്ളാട്ടിരിയെ പരാജയപ്പെടുത്തി വള്ളുവനാട് പിടിച്ചെടുത്ത് ചോകിരം ഗ്രാമം നശിപ്പിക്കുന്നത് പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർത്ഥത്തിലാണ്. കാവ്യത്തിന്റെ കാലഗണന നിർണ്ണയിക്കുന്നതിൽ സുപ്രധാനസൂചന നൽകുന്ന ഒരു ഭാഗമാണിത്.

സുന്ദരം ധനുവച്ചപുരത്തിന്റേത് അനുവാചകരുടെ ഹൃദയം കവരുന്ന അതീവസുന്ദരമായ ഒരു രചനാശൈലിയാണെന്ന് പറയാതെ വയ്യ. തന്റെ മുന്നിലിരിക്കുന്നത് സാഹിത്യവിദ്യാർത്ഥികളാണെന്ന മട്ടിൽ വളരെ സൂക്ഷ്മമായിത്തന്നെ നിരുക്തിയും അർത്ഥവും ചമൽക്കാരവുമൊക്കെ ഇഴതിരിച്ച് കാണിച്ചുതരുന്നു. ഗുരുശ്രേഷ്ഠനിൽനിന്ന് നേരിട്ട് ജ്ഞാനസമ്പാദനം നടത്തുന്ന ഒരു പ്രതീതി ഇതിലൂടെ വായനക്കാർക്ക് ലഭിക്കുന്നു. പലഭാഗങ്ങളിലും ഉണ്ണിയച്ചീചരിതവും മറ്റു സമാനകൃതികളുമായി താരതമ്യപഠനം നടത്തിക്കൊണ്ട് കാലികസാഹിത്യത്തിന്റെ സവിശേഷതകളും സമാനതകളും പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കാവ്യത്തിന്റെ അവസാനഭാഗങ്ങളിൽ അർത്ഥവിപുലീകരണവും ആശയപ്രതിപാദനവും ഒരു ചടങ്ങുമാത്രമായി മാറിപ്പോകുന്നുണ്ടോ എന്നു സംശയിക്കണം. തന്നെയുമല്ല, 'കോവൈചെങ്കനി വാമലരെൻറാൽ / കോപിക്കും നനു കോലപ്പകഴം' എന്ന നായികയുടെ അവയവ വർണ്ണന നടത്തുന്ന ഭാഗം (ഗദ്യം 18, പേജ് 86) വ്യാഖ്യാനിച്ചിരിക്കുന്നത് 'ഗോവയിലെ മാമ്പഴമാണ് (മൽഗോവ) ചുണ്ടുകളെന്നു പറഞ്ഞാൽ മനോഹരമായ പവിഴം എന്റെ നേർക്കു കോപിക്കും' എന്നാണ്. ഇത് ചരിത്രപരമായി ശരിയാകുമോ എന്നൊരു സന്ദേഹമുയർത്തുന്നു. പോർച്ചുഗീസുകാരുടെ വരവിനും രണ്ടുനൂറ്റാണ്ടിനുമുമ്പ് ഗോവയുൾപ്പെടുന്ന പ്രദേശം ആ പേരിലറിയപ്പെട്ടിരുന്നില്ല. മൽഗോവ മാമ്പഴം ഗോവയുടെ ഉല്പന്നവുമല്ല. മറ്റേതോ പഴമാണ് കവി ഉദ്ദേശിച്ചിരിക്കാൻ സാദ്ധ്യത കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Unnichiruthevee Charitham'
Author: Sundaram Dhanuvachapuram
Publisher: Kerala Bhasha Institute, 2014 (First published: 2005)
ISBN: 9788176386142
Pages: 121

No comments:

Post a Comment