Thursday, August 8, 2024

അമ്പിളിക്കുട്ടന്മാർ

1969 ജൂലൈ 21 മനുഷ്യചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. സൗരയൂഥത്തിലെ നിരവധി ഗോളങ്ങളിൽ ഒന്നു മാത്രമായ ഭൂമിയിൽ അധിവസിച്ചിരുന്ന മനുഷ്യൻ എന്ന ജീവി തന്റെ ഗോളത്തിന്റെ അതിരുകൾ കവച്ചുവെച്ചുകൊണ്ട് മറ്റൊരു ഗോളത്തിൽ അന്ന് പറന്നിറങ്ങി. ഒരാളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാൽവെയ്പു മാത്രമായിരുന്നു അതെങ്കിലും മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. സൃഷ്ടിക്കുശേഷമുള്ള ഏറ്റവും മഹത്തായ ദിവസം എന്നാണ് ആ ദിനം വിശേഷിപ്പിക്കപ്പെട്ടത്. പിന്നെ മൂന്നു വർഷത്തിനിടയിൽ പത്തുപേർ കൂടി ചന്ദ്രനിലിറങ്ങി. എന്നാൽ 1990-കളിൽ ഒരുകൂട്ടം ഗൂഢാലോചനാ സിദ്ധാന്തക്കാർ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നും ആ യാത്രയുടെ നിശ്ചലചിത്രങ്ങളും വീഡിയോകളും നാസ ഭൂമിയിൽത്തന്നെ കൃത്രിമമായി ചിത്രീകരിച്ചതാണെന്നുമായിരുന്നു അവരുടെ വാദം. വളരെയധികം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഈ ബാലിശവാദത്തെ ഏറ്റെടുക്കാനും നിരവധി പേരുണ്ടായി. ഈ കേരളത്തിൽപ്പോലും ഇതിനെ പിന്തുണച്ചുകൊണ്ട് ആളുകൾ പുസ്തകമെഴുതി. കൃത്യവും വസ്തുനിഷ്ഠവുമായ തെളിവുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ വാദത്തെ തള്ളിക്കളഞ്ഞുവെങ്കിലും ശാസ്ത്രവിരുദ്ധവും മതാധിഷ്ഠിതവുമായ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവർ ഇപ്പോഴും ഈ വാദം ഉയർത്തുന്നുണ്ട്. സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സത്യത്തെക്കുറിച്ച് ആലോചിക്കാതെ വിവാദവിഷയങ്ങൾ ആവർത്തിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വെമ്പൽ കൊള്ളുന്ന ചിന്താശൂന്യരായ ഇത്തരം വികടബുദ്ധികളെയാണ് രവിചന്ദ്രൻ 'അമ്പിളിക്കുട്ടന്മാർ' എന്നു വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകാരന്റെ പുസ്തകങ്ങൾ ഇതിനുമുൻപും ഇവിടെ നിരൂപണം ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 
 
എന്തുകൊണ്ടാണ് ഒരു കൂട്ടം ആളുകൾ വ്യക്തമായും നടന്ന ഒരു യഥാർത്ഥസംഭവത്തെ കണ്ണുംപൂട്ടി എതിർക്കുന്നത് എന്നാണ് രവിചന്ദ്രൻ ആദ്യമായി പരിശോധിക്കുന്നത്. പ്രകടമായ ശാസ്ത്രവിരുദ്ധതയും ഉത്തരാധുനിക (post-modernism) ഭ്രമവുമാണ് ഇക്കൂട്ടരുടെ കൈമുതൽ. ഉത്തരാധുനികചിന്ത എന്താണെന്നും ഇവിടെ വിശദീകരിക്കുന്നു. കേവലയാഥാർഥ്യം എന്നൊന്നില്ലെന്നും ഓരോരുത്തർക്കും യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന എന്തും ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമാണ് അതുപറയുന്നത്. യുക്തിയും അന്ധവിശ്വാസവും ഉത്തരാധുനികചിന്തയെ സംബന്ധിച്ചിടത്തോളം തുല്യപ്രാധാന്യവും പ്രസക്തിയുമുള്ള രണ്ടു വ്യാഖ്യാനങ്ങൾ മാത്രമാണ്. ഓരോരോ യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്ന സാമൂഹ്യനിർമ്മിതികൾ മാത്രമാണവ. ഉത്തരാധുനികതാവാദമെന്ന കപടചിന്തയിൽ എന്തും സാദ്ധ്യമാണ്. യുക്തിചിന്തയുടെ പൊളിച്ചടുക്കലാണ് ഉത്തരാധുനികതയുടെ ലക്‌ഷ്യം. ഇതിനെ മാറ്റിനിർത്തിയാൽ മതചിന്തയും ചാന്ദ്രയാത്രയെ ഉൾക്കൊള്ളാനാവാതെ വിഷമിക്കുന്നതുകാണാം. ചന്ദ്രനെ ആരാധിക്കാത്ത പുരാതനഗോത്രങ്ങൾ കുറവാണ്. ആ ദൈവത്തിൽ ചെന്നിറങ്ങുക എന്നത് അവർക്ക് അചിന്ത്യവും. ഇതുകൂടാതെ ശാസ്ത്രനേട്ടങ്ങളെ വിലകുറച്ചുകാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടിപ്പിക്കുക തുടങ്ങിയ നിലപാടുകൾക്ക് പിന്തിരിപ്പൻ സമൂഹങ്ങളിൽ നല്ല വേരുറപ്പ് കാണാം. വമ്പൻ നേട്ടങ്ങളെ അവഹേളിക്കുമ്പോൾ കിട്ടുന്ന പ്രതിലോമകരമായ മാനസികസംതൃപ്തി വേറെയും.

ചാന്ദ്രദൗത്യം ലക്ഷക്കണക്കിന് ആളുകൾ ടി.വി.യിലൂടെ ലൈവ് ആയി നേരിട്ടുകണ്ടതാണ്. കൂടാതെ ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലും പുറത്തുമായി ദൗത്യവുമായി നേരിട്ട് ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളതുമാണ്. ഇത്ര വലിയ ഒരു പദ്ധതി പോലും വ്യാജമാണെന്നും കൺകെട്ടാണെന്നുമൊക്കെ വാദിക്കുന്നവർക്ക് ഭൂതകാലത്ത്  എഴുതപ്പെട്ട രേഖകൾ പോലുമില്ലാത്ത കാര്യങ്ങൾ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ സാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ദൗത്യത്തിന്റെ വിജയം ലഭ്യമാക്കിയ വസ്തുതകളെക്കുറിച്ച് പുസ്തകം അല്പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. 363 കിലോ ചാന്ദ്രശില ആറുതവണയായി സഞ്ചാരികൾ ഭൂമിയിൽ എത്തിച്ചു. ഇവ ഇപ്പോഴും ഗവേഷകർക്ക് ലഭ്യമാണ്. എന്തെങ്കിലും വഞ്ചന ഇതിലുണ്ടായിരുന്നെങ്കിൽ ചന്ദ്രനിലെത്താൻ അമേരിക്കയുടെ തൊട്ടുപിറകിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ അതു പുറത്തുവിടുമായിരുന്നു. എന്നാൽ അവർ അപ്പോളോ ദൗത്യവിജയം പലകുറി സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രനിൽ നിന്ന് മനുഷ്യസഹായമില്ലാതെ ശിലകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന സാങ്കേതികവിദ്യ മാത്രമേ സോവിയറ്റ് യൂണിയന് സ്വായത്തമായിരുന്നുള്ളൂ. മനുഷ്യദൗത്യങ്ങൾ അവരുടെ കൈപ്പിടിയിലൊതുങ്ങിയില്ല. ആറുതവണ ആളെയിറക്കുകയും ആവശ്യത്തിന് സാമ്പിളുകൾ ശേഖരിക്കുകയും ചന്ദ്രനെക്കുറിച്ച് സാമാന്യം നന്നായി പഠിക്കുകയും ചെയ്തതോടെ കൂടുതൽ യാത്രകൾ കൊണ്ട് വിശേഷിച്ച് പ്രയോജനമില്ലെന്ന് അമേരിക്ക മനസ്സിലാക്കി. വമ്പിച്ച പണച്ചെലവ് സോവിയറ്റ് യൂണിയനെ ചാന്ദ്രമനുഷ്യദൗത്യങ്ങളിൽ അമേരിക്കയുടെ എതിരാളിയല്ലാതാക്കി. ഭൂമിയിൽ പിടിമുറുക്കാൻ ചന്ദ്രനിൽ പോയിട്ട് കാര്യമില്ലെന്നു മനസ്സിലായതും അമേരിക്ക യാത്രകൾ ഉപേക്ഷിക്കാൻ കാരണമായി. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനമായ സ്പേസ് ഷട്ടിലുകളിലേക്കാണ് അമേരിക്ക പിന്നീട് ശ്രദ്ധയൂന്നിയത്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്നു വാദിക്കുന്നവരുടെ പ്രധാന ആരോപണങ്ങളെല്ലാം രവിചന്ദ്രൻ വിശദമായിത്തന്നെ ഇതിൽ ഖണ്ഡിക്കുന്നു. ചന്ദ്രോപരിതലത്തിലെ നിഴലുകൾ, പാറിക്കളിക്കുന്ന പതാക, യാത്രികരുടെ നടപ്പിന്റെ സവിശേഷതകൾ, തിരികെ പുറപ്പെട്ടുവന്നതിന്റെ രീതികൾ എന്നിങ്ങനെ കേൾക്കുന്ന മാത്രയിൽ ശരിയായിരിക്കുമോ എന്ന സംശയമുണർത്തുന്ന വാദമുഖങ്ങളുടെ മുനയൊടിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. തന്റെ സ്വതസിദ്ധശൈലിയിൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതോടൊപ്പം അവ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതും പരിഹാസ്യവുമാണെന്നും സ്ഥാപിക്കുന്നു. എന്നാൽ ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ അശാസ്ത്രീയം എന്നുള്ളതുകൊണ്ട് വസ്തുതകളെ വായനക്കാർ നേരിട്ടു മനസ്സിലാക്കുന്നതാണ് കൂടുതൽ അഭികാമ്യം. രവിചന്ദ്രന്റെ വാക്കുകളെയല്ല, അതിലടങ്ങിയ വസ്തുതകളെയാണ് തിരിച്ചറിയേണ്ടതും സ്വാംശീകരിക്കേണ്ടതും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
മുൻപ് ഇവിടെ നിരൂപണം ചെയ്തിട്ടുള്ള രവിചന്ദ്രന്റെ പുസ്തകങ്ങൾ
 

Book review of 'Ambilikkuttanmar - Chaandrayathrayum Goodalochanaasiddhanthangalum' by C. Ravichandran
Publisher: DC Books, 2016 (First)
ISBN: 9788126467433
Pages: 192
 

No comments:

Post a Comment