Wednesday, October 16, 2024

ഒളിക്യാമറകൾ പറയാത്തത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് 2022-ൽ അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ തൊഴിൽപരമായി ഒരു  പത്രപ്രവർത്തകനായിരുന്നു. ബ്ലിറ്റ്സിന്റെ ലേഖകനായി വളരെക്കാലം കിഴക്കൻ ജർമനിയിൽ അദ്ദേഹം കഴിച്ചുകൂട്ടി. സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയവിനിമയം അദ്ദേഹത്തിലൂടെയാണ് ഇന്ത്യൻ പാർട്ടിയിലെത്തിയിരുന്നത്. ജനമദ്ധ്യത്തിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിലും സമുന്നത നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിയും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഉന്നതബന്ധങ്ങൾ ലേഖകന് നിലനിർത്താൻ കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും തളർച്ചയും തകർച്ചയും നേരിൽ കണ്ടുവെങ്കിലും അതിന്റെ സൈദ്ധാന്തികമായി ഉണ്ടെന്നു പറയപ്പെടുന്ന മേന്മയെ പുണരുന്ന സ്വഭാവക്കാരനുമാണ്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ (നിരൂപണം ഇവിടെ വായിക്കുക) രണ്ടാം ഭാഗമാണ് ഈ പുസ്തകം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസം-ലെനിനിസവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതാണ് അവകാശവാദം. യൂറോപ്പിൽനിന്ന് തിരിച്ചുവന്ന ബർലിൻ കുറേനാൾ സംസ്ഥാനപാർട്ടിയുടെ കേന്ദ്ര ഓഫീസിൽ പണിയെടുത്തുവെങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിൽ പക്ഷം പിടിച്ചതിന്റെ ഫലമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം എഴുതിയതാണ് ഈ കൃതി.

ബർലിൻ ഈ പുസ്തകം എഴുതുന്നതിനുള്ള മൂലകാരണം 1990-കളുടെ അവസാനത്തോടെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ശത്രുതയാണെന്ന് നിസ്സംശയം കണ്ടെത്താവുന്നതാണ്. വ്യക്തിപരമായ ഭാഗം മറച്ചുവെക്കുന്നതിനായി അദ്ദേഹം താത്വികമായ ചില ന്യായീകരണങ്ങൾ കണ്ടെത്തുന്നുവെന്നുമാത്രം. കേരള സി.പി.എമ്മിൽ കോർപ്പറേറ്റ് കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്നത് പിണറായി സെക്രട്ടറിയാകുന്നതോടെയാണെന്നാണ് ആരോപണം. കേരളത്തിലെ പാർട്ടി കൈരളി ചാനലിന്റെ മൂലധനസ്വരൂപണത്തോടെ പൂർണ്ണമായും നവസമ്പന്നർക്ക് അടിപ്പെട്ടു. പിണറായിയെ ഭാവി മുഖ്യമന്ത്രിയായി അവർ കണ്ടു. അദ്ദേഹവുമായി ചങ്ങാത്തം കൂടാനുള്ള അവസരം പാഴാക്കിയുമില്ല. 1994-ൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നയിച്ച ഒരു സമരത്തിനുനേരെ കൂത്തുപറമ്പിൽ വെച്ച് പോലീസ് വെടിവെക്കുകയും അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുകയുമുണ്ടായി. അതിൽ നട്ടെല്ലിന് പരിക്കേറ്റ് മുപ്പതുവർഷം ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പ്രവർത്തകൻ ഈയിടെയാണ് മരണപ്പെട്ടത്. അങ്ങനെയിരിക്കേ, പിണറായിയുടെ മകൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ യാതൊരർഹതയുമില്ലാതെ കോയമ്പത്തൂരിലെ അമൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് സീറ്റ് വാങ്ങാൻ പിണറായിയോടൊപ്പം നേരിട്ടുപോയ കഥ ബർലിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത് പാർട്ടി സഖാക്കളെയെങ്കിലും ഞെട്ടിക്കും.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ലേഖകൻ കിഴക്കൻ യൂറോപ്പിൽ ചെലവഴിച്ചത് പത്രപ്രവർത്തകനായിട്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ ഗ്രസിച്ചിരുന്ന അഴിമതി അദ്ദേഹം തുറന്നുകാണിക്കുകയുണ്ടായില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ തലപോയേനെ എന്നതാണ് യാഥാർഥ്യം. അത് അദ്ദേഹത്തിനും നന്നായറിയാം. എന്നാൽ അതെല്ലാം മറച്ചുവെച്ച് കമ്മൂണിസം താത്വികമായി നോക്കിയാൽ എന്തോ മഹത്തായ സാധനമാണെന്നും അത് നടപ്പിലാക്കിയപ്പോൾ വന്നുപോയ ചില പിഴവുകളാണ് പ്രശ്നമായത് എന്ന പഴയ ന്യായീകരണലൈൻ പുറത്തെടുക്കുന്നത് തികഞ്ഞ ആത്മവഞ്ചനയും പാപ്പരത്തവുമാണ്. അക്കാലത്തെ ചില അഴിമതിക്കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണല്ലോ! ഉസ്‌ബെക്കിസ്ഥാൻ പാർട്ടി സെക്രട്ടറിയായിരുന്ന റഷീദോവ് താൻ മരിച്ചാൽ ഖബറടക്കാൻ താഷ്‌ക്കെന്റിന്റെ ഹൃദയഭാഗത്ത് താജ്‌മഹൽ മാതൃകയിൽ ഒരു മുസോളിയം പണികഴിപ്പിച്ചത് ബ്രഷ്നേവിന്റെ കാലത്തായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതി എല്ലാ തലങ്ങളിലും പടർന്നുപിടിച്ചതും ഈ സമയത്തായിരുന്നുവത്രേ. തുടർന്നുവന്ന ആന്ത്രോപ്പോവ് നല്ല ആരോഗ്യത്തോടെ കുറേവർഷം അധികാരത്തിലിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകരുമായിരുന്നില്ല എന്ന് ഗ്രന്ഥകാരൻ സങ്കടത്തോടെ നിരീക്ഷിക്കുന്നു (പേജ് 102).

പൊതുവെ നോക്കിയാൽ സൈദ്ധാന്തികവരട്ടുവാദമാണ് ബർലിന്റെ പ്രത്യയശാസ്ത്രപരമായ കൈമുതൽ. ജനകീയാസൂത്രണം പോലും മാർക്സിസ്റ്റ് ആസൂത്രണത്തിനു വിരുദ്ധമായതിനാൽ പാടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വെറും മുരട്ടുവാദം. അതിനുപകരം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് കമ്മൂണിസം, സോഷ്യലിസം, ജനകീയ ജനാധിപത്യവിപ്ലവം, വർഗ്ഗസമരം എന്നിവയൊക്കെയാണ്. അവയെപ്പറ്റിയൊന്നും നമ്മുടെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് ബർലിന്റെ ആവലാതി. എന്നാൽ ജനകീയാസൂത്രണത്തിൽ കടന്നുവന്ന അഴിമതിയെക്കുറിച്ച് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്. ഗ്രാമീണവികസനകാര്യങ്ങളിൽ നിലനിന്നിരുന്ന ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി പാർട്ടിയിലേക്കും ബാധിച്ചതാണ് ജനകീയാസൂത്രണം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ അപകടം. ടെൻഡർ വിളിച്ച് നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാർക്ക് നൽകുകയെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ പുതിയ 'ജനകീയ' സമ്പ്രദായത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കാനാണെന്ന വ്യാജേന 'ജനകീയകമ്മിറ്റി' പ്രവൃത്തി ഏറ്റെടുക്കും. സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവർക്കു താല്പര്യമുള്ള കരാറുകാരെ ഏൽപ്പിക്കും. പിന്നീടു നടക്കുന്നത് കരാറുകാരുമായുള്ള പ്രാദേശിക പാർട്ടിനേതൃത്വത്തിന്റെ വീതംവെപ്പാണ് (പേജ് 160).

മാർക്സിസ്റ്റ് തത്വചിന്തയുമായി വളരെയടുത്ത ആത്മബന്ധം പുലർത്തുന്നു എന്നവകാശപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം കീഴേത്തട്ടിലെ പ്രവർത്തകരുമായി ഒരു തരത്തിലും ഒരു കാലത്തും ബന്ധപ്പെട്ടിരുന്നില്ല എന്നു കാണാൻ കഴിയും. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പതിമൂന്നാം വയസ്സിൽ ബാലസംഘം പ്രതിനിധിയായി പങ്കെടുത്തിരുന്നു എന്നവകാശപ്പെടുമ്പോഴും അതിനുശേഷം ജനങ്ങളുമായി അദ്ദേഹം എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നു വ്യക്തമാക്കുന്നില്ല. പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിൽ ഉന്നതനേതാക്കളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് അവരിൽ സ്വാധീനം ചെലുത്തി കഴിഞ്ഞുകൂടിയ ഒരു ഓർഡർലി മാത്രമായിരുന്നില്ലേ ലേഖകൻ എന്ന് ഇത് വായിക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സംസ്ഥാനസെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഹൃദയശസ്ത്രക്രിയക്കുവേണ്ടി ചെന്നൈയിൽ പോയപ്പോൾ ബർലിനും കൂടെ പോയിരുന്നു. അവിടെ ബ്ലഡ് ബാങ്കിൽ അദ്ദേഹം കാത്തിരുന്നതിന്റെ കാരണം വിവരിക്കുന്നത് വിചിത്രവും പരിഹാസ്യവുമാണ്. അവിടെ ജോലി ചെയ്തിരുന്നത് കുറെ ചെറുപ്പക്കാരികളായിരുന്നതിനാൽ അവർ അണുബാധയില്ലാത്ത രക്തം തന്നെയാണോ ശേഖരിക്കുന്നത് എന്ന് സംശയമുണ്ടായിരുന്നതിനാലാണത്രേ (പേജ് 12). വിരമിച്ചതിനുശേഷം മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ നിതാന്തമായ പുനർവായനയും പഠനവുമാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ആശയപരമായ പ്രതിബദ്ധതയെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങൾ വിളമ്പിയാലും പാർട്ടിയോട് മതവിശ്വാസത്തിനടുത്തുനിൽക്കുന്ന ഒരാത്മബന്ധമാണ് ലേഖകന് ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്ന നിരവധി പരാമർശങ്ങൾ ഈ കൃതിയിലുണ്ട്. 'പരമഭക്തനായ പൂജാരിക്ക് ക്ഷേത്രപരിപാലനത്തിൽ കിട്ടുന്ന സംതൃപ്തിയും ചാരിതാർഥ്യവുമായിരുന്നു' അദ്ദേഹത്തിന് ഏ.കെ.ജി സെന്ററിൽ ജോലിയിലായിരുന്നപ്പോൾ കിട്ടിയത്. മതവിശ്വാസികൾക്ക് ഖുർആനും ബൈബിളും വായിക്കുമ്പോൾ കിട്ടുന്ന സ്വാസ്ഥ്യവും ആശ്വാസവും പ്രതീക്ഷയും ഒരു കമ്മ്യൂണിസ്റ്റുകാരന് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കുമ്പോൾ കിട്ടുമെന്നും വിശ്വാസമാണ് എല്ലാറ്റിന്റേയും ബലമെന്നും അദ്ദേഹം വാദിക്കുന്നു (പേജ് 164).

നവോത്ഥാനത്തെക്കുറിച്ചും ജാതിരഹിതസമൂഹത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും പാർട്ടിയുടെ ഉന്നതനേതാക്കൾ മരണം വരെ ജാതിവാൽ പേരിനൊപ്പം നിലനിർത്തിയിരുന്നത് കുപ്രസിദ്ധമാണല്ലോ. എന്നാൽ ആദ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി എന്നു വെളിപ്പെടുത്തുന്ന ഒരു വസ്തുത ഈ ഗ്രന്ഥത്തിൽ കാണാം. 1938 ഡിസംബർ 28-ന് കല്യാശേരിയിൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് ബാലസംഘത്തിന്റെ പ്രസിഡന്റായി ഏറമ്പാല കൃഷ്ണനേയും സെക്രട്ടറിയായി പി. കെ. കുഞ്ഞനന്തനേയും തെരഞ്ഞെടുത്തു എന്ന പഴയ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട് (പേജ് 169). ഇവരാണ് പിന്നീട് ജാതിവാലുകൾ സ്വീകരിച്ച് യഥാക്രമം ഇ. കെ. നായനാരും ബർലിൻ കുഞ്ഞനന്തൻ നായരുമായി മാറിയത്. യാതൊരുവിധ കാലഘടനയും പരിഗണിക്കാതെയാണ് ഇതിലെ അദ്ധ്യായങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. പിണറായി വിജയനെ കുറെ ചീത്ത വിളിച്ചുകഴിഞ്ഞിട്ടും സ്ഥലം ബാക്കിവന്നപ്പോൾ പാർട്ടിയുടെ 1980-, 1990-കളിലെ ചരിത്രവും കൂടി പറയാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിവിധ അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.

Book review of 'Olicamerakal Parayathathu'
Author: Berlin Kunjananthan Nair
Publisher: Mathrubhumi Books, 2012 (First)
ISBN: 9788182653931
Pages: 200

No comments:

Post a Comment