പോർച്ചുഗീസുകാരുടെ കേരളപ്രവേശനത്തിന്റെ അഞ്ഞൂറാം വാർഷികമായ 1998-ൽ അത് സമുചിതമായി കൊണ്ടാടാൻ ചില കേന്ദ്രങ്ങളിൽനിന്ന് ഒരു നീക്കം - പ്രധാനമായും മതപരമായവ - ഉണ്ടായിരുന്നുവെങ്കിലും അധിനിവേശം ആഘോഷിക്കേണ്ട കാര്യമല്ലെന്ന രീതിയിലുള്ള എതിർപ്പ് തുടക്കത്തിലേ ഉയർന്നതിനാൽ അതുപേക്ഷിക്കുകയായിരുന്നു. എങ്കിലും നിരവധി പഠനങ്ങളും പ്രസംഗങ്ങളും മുറപോലെ നടക്കുകയുണ്ടായി. കോട്ടയം ജില്ല കേന്ദ്രമാക്കി 1995-ൽ പ്രവർത്തനമാരംഭിച്ച താരതമ്യപഠനസംഘത്തിന്റെ (താപസം) മൂന്നാം വാർഷികസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഗ്രന്ഥരൂപത്തിൽ സമാഹരിച്ചിരിക്കുന്നതാണ് ഈ പുസ്തകം. സമഗ്രതയല്ല, വൈവിദ്ധ്യമാണ് ഈ കൃതിയുടെ ആകർഷണീയതയെന്ന് പ്രസാധകർ മുൻപേ പറഞ്ഞുവെക്കുന്നുണ്ടെങ്കിലും അതൊരു ബാധ്യതയോ ന്യൂനതയോ ആയിട്ടാണ് വായനക്കാർക്ക് അനുഭവപ്പെടുക. കഴിഞ്ഞ 500 വർഷത്തിനിടയിൽ കേരളീയജീവിതത്തിലുണ്ടായ മാറ്റങ്ങളെ 'കോളനീകരണത്തിന്റേയും നിഷ്കോളനീകരണത്തിന്റേയും ആശയാവലികൾ' മുൻനിർത്തി ചർച്ച ചെയ്യുന്ന 42 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ചരിത്രം: പശ്ചാത്തലം, സിദ്ധാന്തങ്ങൾ, മാതൃകകൾ; കലയിലെ ചിഹ്നങ്ങൾ; സ്ത്രീപക്ഷ ചിന്തകൾ; ഭാഷയിലേയും സാഹിത്യത്തിലേയും അറിവടയാളങ്ങൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഈ കൃതി വിഭജിക്കപ്പെട്ടിരിക്കുന്നത്. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണയുമായി ബന്ധപ്പെട്ട പ്രഭാഷണം ഇംഗ്ലീഷിൽത്തന്നെ ചേർത്തിരിക്കുന്നു.
ഇതിൽ എഴുതിയിരിക്കുന്ന ചില ലേഖകരെങ്കിലും തങ്ങളുടെ ദൗത്യത്തോട് നീതി പുലർത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുമാരനാശാന്റെ ഓർമ്മ പുതുക്കുന്ന സന്ദർഭത്തിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ തയ്യാറാക്കിയ 'മലയാളിയുടെ ലോകവീക്ഷണം' എന്ന ലേഖനം ആശാനേയും മഹാകവിയുടെ കാവ്യപ്രപഞ്ചത്തേയും തീർത്തും വിസ്മരിച്ച് തനി രാഷ്ട്രീയപ്രസംഗമായി അധഃപതിക്കുന്നു. ഇതിനെ കൂടുതൽ ആഭാസകരമാക്കിത്തീർക്കുന്നത് 'സംഘപരിവാറിന്റെ കൂടെ കൂടിയ പേരുവെളിപ്പെടുത്താത്ത സാംസ്കാരികനായകൻ' എന്ന മട്ടിലുള്ള മഞ്ഞപ്പത്രശൈലിയാണ്. സാംസ്കാരികമായും ഭാഷാപരമായും ലക്ഷദ്വീപ് കേരളത്തിന്റെ അവിഭാജ്യഭാഗമായതിനാൽ 'ലക്ഷദ്വീപിന്റെ 500 വർഷം' എന്ന മൂർക്കോത്ത് രാമുണ്ണിയുടെ പ്രബന്ധം എന്തുകൊണ്ടും പരിഗണനയർഹിക്കുന്നു. കണ്ണൂരിലിരുന്നുകൊണ്ട് ദ്വീപ് ഭരിച്ച അറക്കൽ ആലിരാജവംശം വമ്പിച്ച ചൂഷണമാണ് നടത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം കടന്നുവന്ന ഗുണാത്മകമായ നല്ല മാറ്റങ്ങൾ മാതൃകാവഹമാണെന്നുമാത്രമല്ല, അവ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി പുരോഗതിയുടെ ബീജാവാപം നടത്തുകയും ചെയ്തു. ഡോ. എൻ. വിജയമോഹനൻ പിള്ളയുടെ 'കേരളത്തിന്റെ ഗ്രന്ഥരചനാപാരമ്പര്യം' എന്ന രചന ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ താൽപര്യത്തിൽ സ്ഥാപിതമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്ട് ലൈബ്രറിയിൽ 60,000 പുരാതനഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുവെന്നത് അഭിമാനമുണർത്തുന്നു. അദ്ധ്യാത്മരാമായണത്തിന്റെ കഥ 360-ൽ പരം ചിത്രങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ചിത്രരാമായണം എന്ന 1522-ൽ രചിക്കപ്പെട്ട താളിയോലഗ്രന്ഥവും അതിലുണ്ട്.
കേരളത്തിന്റെ തനതായ ചില പാരമ്പര്യങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഡോ. സി. എം. നീലകണ്ഠന്റെ 'കേരളത്തിന്റെ വൈദികപാരമ്പര്യം' അത്തരത്തിൽ ഒന്നാണ്. നമ്പൂതിരി കുടുംബങ്ങളിൽ കൃത്യമായ ചിട്ടയോടെ വേദപഠനം നടന്നുവന്നു. പ്രാഥമികവിവരങ്ങൾ ശീലിക്കുന്ന മുതൽമുറയും, അതിനുശേഷം സംഹിതാപാഠവുമാണ്. ഇതിനെ ഗ്രാമ്യവൽക്കരിച്ച് മുതലോറ, ചങ്ങത എന്നാണ് നമ്പൂതിരിമാർ സൂചിപ്പിച്ചിരുന്നത്. വേദപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിലെ വിജയതലങ്ങൾ 'മുമ്പിലിരിക്കൽ', 'കടന്നിരിക്കൽ', 'വലിയ കടന്നിരിക്കൽ' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. സംസ്കൃതപഠനത്തിലും നിലനിർത്തിയിരുന്ന മലയാളിത്തം ശ്രദ്ധിക്കുക. ഇങ്ങനെയൊരു നാട്ടിലാണ് പിന്നീട് ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയെ സൂചിപ്പിക്കാൻ 'ക്വഥനാങ്കം' എന്ന് നമ്മുടെ കുട്ടികൾ പഠിച്ചിരുന്നത്. ഭാഗ്യവശാൽ ഇപ്പോഴത് 'തിളനില' എന്നാക്കി മാറ്റിയിട്ടുണ്ട്. വൈദേശിക മേധാവിത്വത്തിനെതിരെ ഉയർന്ന നാട്ടുകാരുടെ എതിർപ്പ് വടക്കൻ പാട്ടുകളിൽ പ്രതിഫലിക്കുന്നത് പി. പവിത്രൻ കാണിച്ചുതരുന്നത് പുതിയൊരനുഭവമായി. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പാശ്ചാത്യശൈലിയുടെ ദുർബലമായ അനുകരണമാണെന്ന ചില കലാനിരൂപകരുടെ വിമർശനത്തെ സുനിൽ. പി. ഇളയിടം 'രവിവർമ്മയുടെ ദൃശ്യപ്രത്യയശാസ്ത്രം' എന്ന ലേഖനത്തിലൂടെ ശക്തമായി നേരിടുന്നുണ്ട്. മഹാനായ ആ ചിത്രകാരനെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ നോക്കുവാൻ ഇത് സഹായിക്കുന്നു. 'വൈശാലി' എന്ന ഭരതന്റെ ചലച്ചിത്രത്തെ 'ഒരു ഭാരതകഥയുടെ സമകാലകാഴ്ച' എന്ന രചനയിൽ സി. പി. ബിജു വിലയിരുത്തുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി സ്വയം നഷ്ടപ്പെട്ടവരുടെ ദളിതാവസ്ഥയാണ് വൈശാലിയും അമ്മ മാലിനിയും അനുഭവിക്കുന്നതെന്നും ആ ദളിതാവസ്ഥയിൽ കുടുങ്ങിപ്പോയവർക്ക് മരിച്ച് മഴയത്തൊലിച്ചുപോവുകയേ നിവൃത്തിയുള്ളൂ എന്നും പറഞ്ഞുവെക്കുന്നു (പേജ് 272). സന്ദർഭമോ പ്രസക്തിയോ നോക്കാതെ ജാതിവിവേചനം, ദളിത് എന്നൊക്കെയുള്ള വായ്ത്താരി വാരിവിതറുന്നതാണ് ബിജുവിന്റെ ശൈലി. ഒരു നൂറ്റാണ്ടുമുമ്പത്തെ ഹിന്ദുസ്ത്രീകളുടെ പ്രശ്നങ്ങൾ നിരവധി ലേഖനങ്ങളിൽ പരാമർശിതമാകുന്നുവെങ്കിലും 'സ്ത്രീയുടെ സ്വത്വനിർമ്മിതി' എന്ന ബിന്ദു ഇടപ്പള്ളിയുടെ പ്രബന്ധത്തിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾ ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ പേരിനെങ്കിലും സൂചിപ്പിക്കുന്നത്. എങ്കിൽപ്പോലും ബഹുഭാര്യാത്വം, മൊഴി ചൊല്ലൽ, പിതൃസ്വത്തിൽ തുല്യപങ്കുലഭിക്കാത്തത് എന്നിവയൊക്കെ ശ്രദ്ധാപൂർവം പരവതാനിക്കടിയിലേക്ക് തള്ളിവെക്കുന്നു. ഇതാണ് തനി ലിബറൽ ചിന്തകരുടെ ഇപ്പോഴത്തെ രീതി!
കേരളത്തിന്റെ സമ്പദ്ഘടന നൂറ്റാണ്ടുകളിലൂടെ മാറിമറിഞ്ഞ കഥയൊന്നും ഒരാളും ഇതിൽ അനുസ്മരിക്കുന്നില്ല. പ്രസക്തകാലത്തിനും മുമ്പേ നാടുവാഴി (feudal) വ്യവസ്ഥ ഇവിടെ നിലവിൽ വന്നിരുന്നെകിലും അതുപേക്ഷിച്ച് മൂലധനവ്യവസ്ഥയിലേക്ക് മാറിയതെന്നാണെന്നോ എങ്ങനെയായിരുന്നെന്നോ, ഇനി അഥവാ മാറിയില്ലെന്നോ ഒന്നും ആരും ഇതിൽ പഠനവിധേയമാക്കുന്നില്ല. വിഖ്യാതമായ കേരളമോഡലിനെക്കുറിച്ചും പരിപൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു. അതേസമയം വ്യാകരണനിയമങ്ങളെക്കുറിച്ചുള്ള മുടിനാരിഴ കീറി പരിശോധിക്കുന്ന പഠനങ്ങൾ ഉണ്ടുതാനും. ഇടതുചായ്‌വുള്ള ലേഖകരാണ് സിംഹഭാഗവുമെങ്കിലും അവർ ഒരു നൂറ്റാണ്ടുമുമ്പ് നിലവിലിരുന്ന ബ്രാഹ്മണാധിപത്യത്തിനും ജാതിവിധേയത്വത്തിനുമെതിരെ മാത്രമാണ് പല്ലും നഖവുമുപയോഗിച്ച് ആക്രമിക്കുന്നത്. മലബാർ കലാപത്തെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ 'മലബാർ കലാപം - മനസ്സിലും മൊഴിയിലും' എന്ന ഒരു അദ്ധ്യായം മാത്രമാണ് തദ്ദേശീയരായ എഴുത്തുകാരുടേതായി ചേർത്തിട്ടുള്ളത്. നിരവധി പേരുടെ ഓർമ്മകൾ വാമൊഴിരൂപത്തിൽ അവതരിപ്പിക്കുന്നത് ഒരു മിമിക്രി കേൾക്കുന്ന പ്രതീതി ജനിപ്പിക്കുമെന്നല്ലാതെ എന്തു പ്രയോജനം ചെയ്യുന്നുവെന്ന് വ്യക്തമല്ല. എന്നാൽ ഹിന്ദുക്കളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തകർത്തതും മതം മാറ്റിയതുമെല്ലാം മുസ്ലിം ഓർമ്മകളിലൂടെ പുറത്തുവരുന്നത് ഈ ലേഖനത്തെ വളരെയധികം ശ്രദ്ധേയമാക്കുന്നു. 1921-നു മുൻപുള്ള മാപ്പിളകലാപങ്ങളെക്കുറിച്ച് ഹെർമൻ ഗുണ്ടർട്ട് നാട്ടിലേക്കുള്ള കത്തുകളിൽ പരാമർശിക്കുന്നത് സ്മാരകപ്രഭാഷണമടങ്ങുന്ന ഇംഗ്ലീഷിലുള്ള അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 1840-കളിൽ നടന്ന ഈ കലാപങ്ങൾക്ക് മതഭ്രാന്ത് മാത്രമായിരുന്നു അടിസ്ഥാനമെന്ന് ഈ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാണ്. ഈ അദ്ധ്യായം മാത്രമാണ് ഇംഗ്ലീഷിൽ ഉള്ളതെങ്കിലും വാചകശൈലിയിലും പദഘടനയിലും തനി മലയാളരീതിയാണ് പ്രകടമാക്കുന്നത്.
ഈ പുസ്തകത്തിലെ ചില ലേഖനങ്ങൾ വായിച്ചുമനസ്സിലാക്കാൻ സാധിക്കാത്തവിധം ക്ലിഷ്ടമായ പദങ്ങളും ഗഹനമായ ആശയങ്ങളും നിറഞ്ഞതാണ്. ഇക്കാര്യത്തിൽ റിച്ചാർഡ് ഡോക്കിൻസിന്റെ അഭിപ്രായമാണ് ഓർമയിൽ വരുന്നത് : 'ഭൗതികശാസ്ത്രം മനസ്സിലാക്കാൻ വിഷമമുള്ളതും ഗണിതത്തിന്റെ പാതകളിലൂടെയല്ലാതെ മെരുക്കിയെടുക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ ഭൗതികശാസ്ത്രത്തെ മുൻനിർത്തി സാധാരണക്കാരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള രചനകൾ വളരെ ലളിതമായി കാര്യങ്ങൾ വിവരിക്കുന്നവയാണ്. പക്ഷേ, സാമൂഹ്യശാസ്ത്രങ്ങൾ ഇതിനു വിപരീതമാണ്. അവിടെ മൂലസിദ്ധാന്തങ്ങൾ ലളിതമാണെങ്കിലും അതിനെ ആധാരമാക്കി പൊതുജനത്തിനുവേണ്ടി എഴുതുന്നവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലാണ് കാണപ്പെടുന്നത്. ഈ കൃതിയിലാണെങ്കിൽ മാർക്സിന്റെ ചിന്താപദ്ധതി സാരാംശത്തിൽ ഒരു രാഷ്ട്രീയ-സാമ്പത്തികസിദ്ധാന്തം മാത്രമാണെന്ന വസ്തുത വിസ്മരിച്ച് അതിനെ സാഹിത്യത്തിലും സാമൂഹികവിശകലനത്തിലുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റാൻ വെമ്പൽ കൊളളുന്നവരെ ധാരാളമായി കാണാം. ഒരു പാശ്ചാത്യചിന്തകന്റെ ഏതെങ്കിലുമൊരു സിദ്ധാന്തത്തെ ഉദ്ധരിച്ചിട്ട് അത് പഠനവിഷയത്തിൽ പാലിച്ചിട്ടില്ലെന്നു സ്ഥാപിക്കുന്നതാണ് ഇതിലെ സ്ഥിരം രീതി. ഇതിനെയൊന്ന് അനുകരിക്കാനാണ് ഡോക്കിൻസിനെ മുകളിൽ ഉദ്ധരിച്ചത്. വി. ജെ. വർഗീസിന്റെ 'ഇളംകുളത്തിന്റെ ചരിത്രവിജ്ഞാനീയം' എന്ന പ്രബന്ധത്തിൽ ചില യൂറോപ്യൻ പണ്ഡിതരുടെ നിഗമനങ്ങൾ അതേപടി പകർത്തിവെച്ചിട്ട് ഇളംകുളം അത് തെറ്റിക്കുന്നുവെന്ന് അവകാശപ്പെടുന്നു. അതൊന്നും കൂടാതെ ചില പ്രകടമായ ന്യൂനതകളും ഇതിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഹൈദരാലി-ടിപ്പുമാരുടെ മലബാർ അധിനിവേശം കഴിഞ്ഞ 500 വർഷത്തിലെ ഒരു പ്രധാനസംഭവമായിരുന്നെങ്കിലും അത് കേരളസമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നു പരിശോധിക്കുന്നില്ല. കേരളത്തിലെ ജാതി-മത ഭേദമന്യേ എല്ലാവരും സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്നവയാണ് കുടുംബ-തറവാട്ടുനാമങ്ങളും. ഇവയുടെ ഉല്പത്തിയും വികാസവും ഗൗരവമായ അക്കാദമിക് ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ഒരു വിഷയമാണ്. ഇതിനെക്കുറിച്ച് ആരെങ്കിലും ഒരു കുറിപ്പ് ഇവിടെ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ നന്നാകുമായിരുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book review of '500 Varshathe Keralam - Chila Arivadayalangal'
Author: V J Varghese, N. Vijayamohanan Pillai and Skariah Zachariah (Editors)
Publisher: Current Books, 2011 (First published 1999)
ISBN: 8187378026
Pages: 452
No comments:
Post a Comment