Saturday, July 19, 2025

നായർ ചരിത്രദൃഷ്ടിയിലൂടെ

കേരളീയസംസ്കൃതിയുടെ സമസ്തമേഖലകളിലും ശക്തമായ സാന്നിദ്ധ്യം അവകാശപ്പെടുന്ന നായർ സമുദായത്തിന്റെ ചരിത്രപരമായ ഉത്പത്തി-വികാസങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ കൃതി. ജാതിസംഘടനകളുടെ ഏകോപനത്തിൽ നായർ സമുദായത്തിനെക്കുറിച്ചുള്ള അനേകം ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമുദായത്തിന്റെ പൂർവചരിത്രത്തെ വാഴ്ത്തുകയും വർത്തമാനകാലത്തെ അതിന്റെ പ്രസക്തി ആവർത്തിച്ചുറപ്പിക്കുകയും മാത്രമാണ് അവയെല്ലാം ചെയ്യുന്നത്. എന്നാലീ കൃതി ഒട്ടനവധി അപ്രിയസത്യങ്ങളെ തുറന്നുകാട്ടുന്നു. ആധുനികകാലത്തെ സാമൂഹ്യ-സാമ്പത്തിക പൊളിച്ചെഴുതലിൽ നഷ്ടപ്പെട്ടുപോയ ആധിപത്യത്തെ ഈ ഗ്രന്ഥം സൂക്ഷ്മമായി വിലയിരുത്തുന്നു. 1930-കളുടെ അന്ത്യത്തിൽ ക്ഷേത്രപ്രവേശനവിളംബരം വരെയുള്ള വസ്തുതകളേ ഇതിൽ കൈകാര്യം ചെയ്യുന്നുള്ളൂ. തുടർന്നുവന്ന കാർഷികഭൂമിയുടെ പുനർവിതരണവും ഉദ്യോഗസംവരണവും സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതിന്റെ യാതൊരു വിവരണവും ഇതിൽ ഇല്ല. മാത്രവുമല്ല, 1991-നു ശേഷം നടന്ന ആഗോളവൽക്കരണം, സ്വത്വരാഷ്ട്രീയം, രാഷ്ട്രീയമായി ദേശീയകാഴ്ചപ്പാടുകളിലേക്കുള്ള ചുവടുമാറ്റം മുതലായവയൊന്നും കൈകാര്യം ചെയ്യുന്നില്ല. ചരിത്രപരമായ അവലോകനങ്ങളിൽത്തന്നെ വ്യതിരിക്തമായ വീക്ഷണപാടവമൊന്നും രണ്ടു ലേഖകരും മുന്നോട്ടുവെക്കുന്നുമില്ല. കെ. ശിവശങ്കരൻ നായർ പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചതിനുശേഷം കേരളാ ഹെൽത്ത് റിസർച്ച് ആന്റ് വെൽഫേർ സൊസൈറ്റി (KHRWS) മാനേജിങ് ഡയറക്ടറായി വിരമിച്ചു. വി. ജയഗോപൻ നായർ ചരിത്രാദ്ധ്യാപകനും ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചയാളുമാണ്.
 
ചോളാധിപത്യമുണ്ടായ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ സമൂഹത്തിന്റെ ആധിപത്യസ്ഥാനം ഏറ്റെടുത്തുവെന്നും ആ പ്രക്രിയയിൽ അവർക്ക് താങ്ങും തണലുമായിനിന്ന ശൂദ്രവിഭാഗങ്ങളാണ് പിൽക്കാലത്ത് നായർ എന്ന ജാതിയായി പരിണമിച്ചതെന്നുമാണ് ഇതിന്റെ സാരാംശം. നായർ എന്ന പദം പ്രചാരത്തിലാകുന്നതിനുമുമ്പേ വെള്ളാളരായിരുന്നു മാടമ്പികളും ദേശവാഴികളും. ജന്മിത്വത്തിന്റെ അധഃപതനവും മലയാളബ്രാഹ്മണരുടെ വർദ്ധിച്ചുകൊണ്ടിരുന്ന സ്വാധീനശക്തിയും നായർ സമുദായത്തെ ബാധിച്ചു. പതിനാലാം നൂറ്റാണ്ടിൽ ജന്മി സമ്പ്രദായത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളക്കാരുടെ അധിനിവേശകാലത്ത് അവ ശക്തിപ്പെടുകയും പതിനെട്ടാം നൂറ്റാണ്ടോടെ ജന്മിത്വം പൂർണമായി തകർന്ന് രാജകീയ ഉദ്യോഗസ്ഥന്മാരുടെ ഭരണം നടപ്പിലാവുകയും ചെയ്തു. ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതിസമ്പ്രദായം കേരളത്തിൽ അവതരിപ്പിച്ചത് ബ്രാഹ്മണരാണ്. നായന്മാരുടെ അംഗസംഖ്യയിലുള്ള വർദ്ധനവും ജന്മിസമ്പ്രദായത്തിന്റെ തകർച്ചയുമാണ് നായരെ ഒരു ജാതിയാക്കി മാറ്റിയത് എന്നാണ് ഗ്രന്ഥകാരന്മാരുടെ അഭിപ്രായം. ഇത് പതിനെട്ടാം ശതകത്തോടെ സംഭവിച്ചു. അതിനുമുമ്പ് ആയുധവിദ്യയിൽ പ്രാവീണ്യം നേടിയ ഒരു തൊഴിൽവിഭാഗം മാത്രമായിരുന്നു ഇവർ. ലോഗന്റെ അഭിപ്രായത്തിൽ പരദേശീയരുടെ വരവില്ലായിരുന്നുവെങ്കിൽ കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയുടെ കണ്ണും കാതും കല്പനാധിപനുമായി നായർ പിന്നെയും തുടർന്നേനെ. 

വിദേശസഞ്ചാരികളുടെ വർണ്ണനകളെ അമിതമായി ആശ്രയിക്കുന്നു എന്നത് ഈ കൃതിയുടെ ഒരു ന്യൂനതയാണ്. സാമാന്യമായ വിവരങ്ങൾ ഒരു സൂചകമായി മാത്രമേ ഇത്തരം സാഹിത്യത്തിൽനിന്ന് ഏൽക്കാൻ കഴിയുകയുള്ളൂ. സവിശേഷവസ്തുതകളുടെ സ്ഥലകാലപ്രസക്തി കൃത്യമായി വിലയിരുത്താതെയുള്ള ചില നിരീക്ഷണങ്ങൾ ഇതിലുണ്ട്. 1516-ൽ ബാർബോസ എഴുതുന്നത് നായന്മാർ മദ്യപാനികളായിരുന്നില്ല എന്നാണെങ്കിലും 1800-ൽ ഇവർ വളരെ മദ്യാസക്തരായിരുന്നു എന്ന് ഫ്രാൻസിസ് ബുക്കാനൻ പറയുമ്പോൾ മൂന്നു നൂറ്റാണ്ടുകൊണ്ട് ഒരു സമുദായം മുഴുവൻ മദ്യപാനികളായി മാറി എന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമായ കണ്ടെത്തലുകളിലേക്കേ നയിക്കുകയുള്ളൂ. വെള്ളക്കാരുടെ വരവിനുശേഷം നായന്മാരുടെ വിവാഹസമ്പ്രദായത്തെക്കുറിച്ച് വളരെയേറെപ്പേർ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ നന്നായി ഈ കൃതി അവലോകനം ചെയ്യുന്നു. നായന്മാരടങ്ങിയ മലയാളിസമൂഹത്തിൽ മദ്ധ്യകാലത്ത് മന്ത്രോച്ചാരണത്തോടുകൂടിയ ചടങ്ങുകളുള്ള വിവാഹം നടന്നിരുന്നില്ല. ബ്രാഹ്മണരുടേയും യഹൂദരുടേയും കൃസ്ത്യാനികളുടേയും ഇടയിൽ മാത്രമാണ് മതപരിവേഷമുള്ള കർമ്മങ്ങളോടുകൂടിയ വിവാഹങ്ങൾ നടന്നിരുന്നത്. ബാക്കിയുള്ളവർക്കെല്ലാം സംബന്ധം മാത്രമാണുണ്ടായിരുന്നത്. സംബന്ധം എന്ന പദത്തിന് കൂട്ടിരിക്കൽ എന്നോ കൂടെ താമസിക്കൽ എന്നോ മാത്രമേ അർത്ഥമുള്ളൂ. ഒരർത്ഥത്തിൽ ഇന്നത്തെ 'ലിവിങ് ടുഗെതർ' തന്നെ. ഫാഷനുകൾ മാറിമാറി വരുന്നതല്ലാതെ പുതിയവ ഉണ്ടാകുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്!
 
മദ്ധ്യകാലകേരളത്തിന്റെ ഒരു സാംസ്കാരികശാപം തന്നെയായിരുന്നു ഒട്ടുമിക്ക ജാതിവിഭാഗങ്ങളും പിന്തുടർന്നിരുന്ന മാതൃദായക്രമം. പിന്തുടർച്ച അച്ഛനിൽനിന്ന് മകനിലേക്കായിരുന്നില്ല, മറിച്ച് അമ്മാവനിൽനിന്ന് അനന്തരവനിലേക്കായിരുന്നു. ഒന്നിലധികം പങ്കാളികളെ നിലനിർത്തിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് ഇത്തരമൊരു വ്യവസ്ഥയിൽ മാത്രമേ തങ്ങളുടെ സന്താനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. നായന്മാർ മാത്രമല്ല, നമ്പൂതിരിമാർ ഒഴികെയുള്ള എല്ലാ ജാതിക്കാരും ഇതുതന്നെയാണ് പിന്തുടർന്നിരുന്നത്. ഇത്തരമൊരു ദായക്രമം നടപ്പിൽ വന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു തീവ്രശ്രമം ഈ പുസ്തകത്തിൽ നടത്തുന്നുണ്ടെങ്കിലും അതിൽ പൂർണവിജയം നേടിയതായി വിലയിരുത്താൻ സാധിക്കില്ല. ക്രമരഹിതമായ ലൈംഗികബന്ധം, ബഹുഭർത്തൃത്വം, പുരുഷന്മാരുടെ സൈനികസേവനം, നമ്പൂതിരി സംബന്ധം, കൂട്ടുകുടുംബവ്യവസ്ഥ, പുരാതനകാലത്തുനിന്നുള്ള തുടർച്ച എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും സൂക്ഷ്മവീക്ഷണത്തിൽ അവയൊന്നും യുക്തിസഹമല്ല എന്ന് ഗ്രന്ഥകർത്താക്കൾ കണ്ടെത്തുന്നു. സ്ഥാവരവസ്തുവായ ഭൂമിയിൽ കൃഷിപ്പണികൾ നടത്തിക്കുവാൻ വേണ്ടി ഭർത്താവ് ഭാര്യാഗൃഹത്തിൽ സ്ഥിരതാമസമാക്കിയതാണ് ഇതിനു തുടക്കം കുറിച്ചതെന്നു സിദ്ധാന്തിക്കുന്നു. ഇത്തരം കുടുംബങ്ങളിൽ ഉന്നതജാതിക്കാരുമായി വിവാഹബന്ധം കൂടിവന്നതോടെ അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് മാതാവിന്റെ കുടുംബത്തിലെ സ്വത്ത് ലഭിക്കുന്നതിനും ഈ സമ്പ്രദായം ആവശ്യമായിരുന്നു. അങ്ങനെ ഇത് താഴ്‌ന്ന ജാതിക്കാരിലേക്കും വ്യാപിച്ചു. ഈ വാദം അത്ര ശരിയാണെന്നു തോന്നുന്നില്ല. നമ്പൂതിരി പുരുഷന്മാരും നായർ സ്ത്രീകളുമായി പങ്കാളിത്തം സാധാരണയായിരുന്നെങ്കിലും ഈ രണ്ടു ജാതികളിലെ പുരുഷന്മാരും അവർക്കു താഴെയുള്ള ജാതികളിലെ സ്ത്രീകളുമായി ബന്ധപ്പെടുക പതിവായിരുന്നില്ല. മാതൃദായക്രമം പത്ത്-പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഭരണവർഗ്ഗത്തിനിടയിൽ മാത്രമാണ് ഇത് കണ്ടുവന്നിരുന്നതെങ്കിലും ഏതാനും നൂറ്റാണ്ടുകൾ കഴിയുന്നതോടെ ഇത് പൊതുവായി വ്യാപിച്ചു.
 
തൊട്ടുകൂടായ്മ ഭാരതത്തിൽ പലയിടങ്ങളിലും നടമാടിയിരുന്നെങ്കിലും അതിന്റെ ഏറ്റവും തീവ്രമായ പ്രത്യക്ഷപ്പെടലായ തീണ്ടൽ അഥവാ അടുത്തുവരാൻ പോലും പാടില്ലായ്‌ക കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയാധികാരങ്ങളെല്ലാം നഷ്ടപ്പെട്ട് (വെള്ളക്കാരുടെ ആധിപത്യത്തോടെ) ക്ഷേത്രങ്ങളുടേയും ക്ഷേത്രവസ്തുക്കളുടേയും പരിപാലനം മാത്രമായതോടെ ബ്രാഹ്മണർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ദുരാചാരമാകാം തീണ്ടൽ. ഇതു നടപ്പാക്കേണ്ട ചുമതല നായർ ഏറ്റെടുത്തു. നായരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ അനാചാരം ഒരുപക്ഷേ ഇത്ര രൂക്ഷമായി പ്രചരിക്കുമായിരുന്നില്ല എന്ന് ലേഖകർ ഊഹിക്കുന്നു. ഈഴവർ ഒരു സവർണ്ണ വിഭാഗമായിരുന്നെങ്കിൽ ഈ അനാചാരം ഇത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നില്ല എന്നാണ് എനിക്ക് ഇതിനോട് ചേർത്തുവെക്കാനുള്ള ഒരു അനുലേഖം. കാരണം ഈഴവർ അവർണ്ണരായിരുന്നതിനാലാണ് ജാതിമേധാവിത്വത്തിനെതിരെയുള്ള പ്രക്ഷോഭം തീവ്രമായി കേരളത്തിൽ അരങ്ങേറിയത്. മാർത്താണ്ഡവർമ്മക്കുശേഷമുള്ള ആധുനിക കേരളത്തിൽ നായർ സമുദായത്തിന്റെ ഭാഗധേയങ്ങൾ എങ്ങനെ മാറിമറിഞ്ഞു എന്ന് ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്യുഡലിസം പൂർണമായി തകർക്കപ്പെടുകയും രാജാവ് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരിലൂടെ സർവ്വനിയന്ത്രണവും അദ്ദേഹത്തിലെത്തിച്ചേരുകയും ചെയ്തു. ഈ ചുമതലകളെല്ലാം നിർവഹിച്ചിരുന്ന നാടുവാഴി വിഭാഗങ്ങളും അവരുടെ അനുചരവൃന്ദങ്ങളും ഇതോടെ തൊഴിൽരാഹിത്യത്തിന്റെ അപ്രസക്തിയിലേക്ക് തപ്പിത്തടഞ്ഞുനീങ്ങി. നികുതിപിരിവ്, ക്രമസമാധാനപാലനം, നീതിന്യായപരിപാലനം, രാജ്യരക്ഷ ഇവയെല്ലാം രാജാവ് നിശ്ചയിച്ച ഉദ്യോഗസ്ഥർ നടത്തി. സൈന്യമായിരുന്നു പിന്നീട് നായർക്ക് മേൽക്കൈ ഉണ്ടായിരുന്ന ഭരണവിഭാഗം. ഇവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. ടിപ്പുവിന്റെ അന്ത്യത്തിനുശേഷം കലാപങ്ങൾ ഒതുങ്ങിയപ്പോഴും മുൻകാല കപ്പം തന്നെ തിരുവിതാംകൂർ തുടർന്നു നൽകണമെന്ന് ബ്രിട്ടീഷുകാർ ശാഠ്യം പിടിച്ചു. സാമ്പത്തികബുദ്ധിമുട്ടുകളിൽ നട്ടം തിരിഞ്ഞ രാജ്യത്തിന് സൈന്യത്തിന്റെ വലിപ്പമോ വേതനമോ കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. ഈ ഘട്ടത്തിലാണ് വേലുത്തമ്പി ദളവ മറുകണ്ടം ചാടി സൈന്യത്തിന്റെ വലിപ്പം നിലനിർത്തുന്നതിനുവേണ്ടി വെള്ളക്കാർക്കെതിരെ പൊരുതിയത്. എന്നാലിത് നായർ സൈന്യത്തിന്റെ തായ്‌വേരറുത്ത നടപടിയായി മാറി. 1801 മുതൽ 1936 വരെയുള്ള കാലഘട്ടത്തിലെ നവീകരണപ്രക്രിയകൾ ഒരദ്ധ്യായത്തിൽ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

ഈ പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ചരിത്രകാരനായ  എം.ജി. ശശിഭൂഷൺ ആണ്. ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിൽ തെല്ലൊരു അവ്യക്തത പുസ്തകത്തിലുടനീളം കാണാം. അനേകം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുമ്പോഴും ഇതെല്ലാം പ്രായോഗികമാണോ എന്നൊരു സന്ദേഹം ലേഖകർക്കുണ്ടോ എന്ന് വായനക്കാർ ചിന്തിച്ചുപോകുന്ന രീതിയിലാണ് ചിലയിടങ്ങളിൽ വിവരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രകടമായ ചില തെറ്റുകൾ ഇതിൽ കടന്നുകൂടി എന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള പിഴവ് തന്നെയാണ്. 'പസഫിക് ദ്വീപുകളിലും അന്റാർട്ടിക്കയിലും കാണുന്ന ചില ഗോത്രവർഗങ്ങൾക്കിടയിൽ സാധാരണ വിവാഹസമ്പ്രദായം നിലവിലുണ്ടായിരുന്നില്ല എന്ന് വെസ്റ്റർമാർക്ക് പറയുന്നു' (പേജ് 108). അന്റാർട്ടിക്കയിൽ മനുഷ്യവാസമില്ലെന്നതോ പോകട്ടെ, പസഫിക് ദ്വീപുകളിലെ ഗോത്രപാരമ്പര്യങ്ങൾ കേരളീയ ആദിസമൂഹത്തിന് മാതൃകയോ അനുകരണമോ ആയിത്തീരുന്നതെങ്ങനെയാണ്? തലയെണ്ണി നികുതി കണക്കാക്കുന്ന poll tax-നെ തെരഞ്ഞെടുപ്പുനികുതി എന്നു പരിഭാഷപ്പെടുത്തിയത് ശരിയായില്ല (പേജ് 172). ചില കൗതുകകരമായ വിവരങ്ങളും ഈ ഗ്രന്ഥം നൽകുന്നുണ്ട്. ക്രി. വ. ആദ്യനൂറ്റാണ്ടുകളിൽ കേരളത്തിൽ ജനങ്ങൾ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത് കാവേരീതടത്തിലെ നെല്ലിനെയായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഭക്ഷണകാര്യത്തിൽ അന്നും കേരളത്തിന് സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു കാണുന്നത് രസകരമായിത്തോന്നി. പുസ്തകത്തിന്റെ പലയിടങ്ങളിലും കേരളചരിത്രം മാത്രമാണ് വിശദീകരിക്കപ്പെടുന്നതെന്നതിനാൽ പരാമർശവിഷയത്തോട് ഗ്രന്ഥകർത്താക്കൾക്ക് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book review of 'Nair Charithradrushtiyiloode'
Authors: K. Sivasankaran Nair, V Jayagopan Nair
Publisher: DC Books, 2023 (First)
ISBN: 9789357320214
Pages: 224
 

No comments:

Post a Comment