വന്യമൃഗങ്ങളെ ഭക്ഷണത്തിനോ വിനോദത്തിനോ സമൂഹരക്ഷക്കുവേണ്ടിയോ വേട്ടയാടിക്കൊല്ലുന്നത് എല്ലാ ജനതകളും ഏതാനും ദശകങ്ങൾക്കുമുമ്പുവരെ ആവേശപൂർവം സ്വാഗതം ചെയ്തിരുന്ന ഒരു കാര്യമാണ്. ഇതിന് മതപരമായ അംഗീകാരവും സ്വാഭാവികമായിത്തന്നെ ലഭിച്ചിരുന്നു. മഹിഷി എന്ന കാട്ടുപോത്തിനെ വധിക്കാൻ പുറപ്പെട്ട മണികണ്ഠനേയും വ്യാളിയെ വധിക്കുന്ന ഗീവർഗീസ് പുണ്യാളനേയും ഓർക്കുക. ബ്രിട്ടീഷ് അധിനിവേശകാലത്ത് വരേണ്യവർഗ്ഗങ്ങൾക്കിടയിൽ വ്യാപകമായ നായാട്ടുഭ്രമത്തിന് ഒട്ടേറെ സ്മാരകങ്ങൾ മൃഗശരീരാവശിഷ്ടങ്ങളായും സാഹിത്യസൃഷ്ടികളായുമൊക്കെ ഉണ്ടായെങ്കിലും മലയാളി ഗവേഷകർ ഇക്കാര്യത്തിൽ വലിയ നിശ്ശബ്ദത പുലർത്തുന്നു. എന്നാൽ നമ്മുടെ സാഹിത്യത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങൾ വേണ്ടുവോളമുണ്ട്. ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിന്റെ നായാട്ടുചരിത്രമാണ് ഈ കൃതി എന്നാണ് ഗ്രന്ഥകാരന്റെ അവകാശവാദം. വിനിൽ പോൾ ജെ.എൻ.യുവിൽനിന്ന് ഗവേഷണബിരുദം നേടിയതിനുശേഷം കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി നോക്കുന്നു. നിരവധി പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മുഗൾ അധിനിവേശകാലത്തെ നായാട്ടിനെ സംബന്ധിച്ച അദ്ധ്യായത്തോടൊപ്പം ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയിൽ നടന്ന നായാട്ട് അനുഭവങ്ങളെ വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് കേരളത്തിൽ ബ്രിട്ടീഷ് ഇടപെടലുകളോടെ നടന്ന വേട്ടകളിലേക്കും മലയാളസാഹിത്യത്തിലും മതപരമായ ആചാരങ്ങളിലും അതുവഹിച്ച പങ്കിലേക്കും ശ്രദ്ധ തിരിക്കുന്നു. നായാട്ട് ഒരുപോലെ ഭരണത്തിനും വിനോദത്തിനുമുള്ള ഉപായമായിട്ടാണ് വെള്ളക്കാരും അവരെ അനുകരിച്ചു പിന്തുടർന്ന നാടൻ പ്രഭുവർഗവും കൈകാര്യം ചെയ്തിരുന്നത്. കൃഷി നശിപ്പിച്ച വന്യമൃഗങ്ങളെ വൻതോതിൽത്തന്നെ ബ്രിട്ടീഷുകാർ കൊന്നൊടുക്കിയിരുന്നു. ആനകളെ വിരട്ടിയോടിച്ച് കിടങ്ങുകളിൽ വീഴിച്ചതിനുശേഷം വെടിവെക്കുകയായിരുന്നു രീതി. 1834-ൽ ഇങ്ങനെ 63 ആനകളെ ഒറ്റയടിക്ക് വകവരുത്തിയതായി കാണുന്നു. 1959-ൽ പോലും കൃഷിയിടങ്ങൾ തകർത്ത ആനക്കൂട്ടത്തിനെ നശിപ്പിക്കാൻ കാടിന് തീയിട്ടപ്പോൾ 17 ആനകൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊളോണിയലിസം വരുന്നതിനുമുമ്പ് ഏറ്റവുമധികം കൊല്ലപ്പെട്ടതും പിടികൂടാൻ ശ്രമിച്ചതുമായ മൃഗം ആനയായിരുന്നു. എന്നാൽ ബ്രിട്ടീഷ് നായാട്ടുകാർ രംഗത്തെത്തിയതോടെ ഏറ്റവും ഉപദ്രവകാരിയായ മൃഗം കടുവയായി മാറി. തുടർന്നുനടന്ന വേട്ടയുടെ ഫലമായി 1900-നും 1950-നും ഇടയിൽ കടുവകളുടെ എണ്ണം 40,000-ൽ നിന്ന് 4,000 ആയി ഇടിഞ്ഞു. നായാട്ടിന് പരോക്ഷമായ ദൂഷ്യഫലങ്ങളുമുണ്ടായിരുന്നു. വേട്ടയ്ക്കിടെ കടുവ പോലുള്ള മൃഗങ്ങൾക്ക് മുറിവേൽക്കുന്നതും അവയുടെ സ്വാഭാവിക ഇരകളായ മാനുകളെ വൻതോതിൽ വേട്ടയാടി ഇല്ലാതാക്കിയതും അവ നരഭോജികളായി മാറാൻ കാരണമായി. കൊളോണിയൽ അധിനിവേശകാലത്ത് പലതരത്തിലുള്ള നായാട്ടുകൾ അരങ്ങേറി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും നാട്ടുരാജ്യങ്ങളിൽ സന്ദർശനത്തിനു വരുമ്പോൾ വിനോദത്തിനുവേണ്ടി നടത്തുന്ന നായാട്ട്, നരഭോജികളായ മൃഗങ്ങളെ കൊല്ലുവാൻ നടത്തുന്ന നായാട്ട്, സർക്കാർ ഔദ്യോഗികമായി ആനകളെ പിടിക്കുവാൻ നടത്തുന്ന നായാട്ട്, തദ്ദേശീയജനത അവരുടെ ആവശ്യങ്ങൾക്കും വിശ്വാസ-ആചാരാനുഷ്ഠാനങ്ങളുടേയും പേരിൽ നടത്തുന്ന നായാട്ട്, മൃഗയാവിനോദകേന്ദ്രങ്ങളിലെ നായാട്ട് എന്നിങ്ങനെ പലവിധത്തിൽ. മൃഗസംരക്ഷണം എന്ന ആശയവും അധികം വൈകാതെതന്നെ തിരുവിതാംകൂറിൽ ശക്തി പ്രാപിച്ചു. 1930-കളിൽ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ തുടങ്ങി. വാർഡന്മാരായി ഉദ്യോഗസ്ഥരേയും കാവൽക്കാരായി വനവാസികളായ മുതുവാന്മാരേയും നിയമിച്ചു.
കേരളത്തിലെ മൃഗയ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ടെങ്കിലും കഷ്ടിച്ച് ഒരദ്ധ്യായം മാത്രമേ അതിനുവേണ്ടി നീക്കിവെച്ചിട്ടുള്ളൂ. മലയാളികളുടെ വേട്ടയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളേയും സാഹിത്യത്തിൽ ഈ വിഷയം നേടിയ പ്രാതിനിധ്യവുമാണ് ഇതിൽ ചർച്ച ചെയ്യുന്നതെങ്കിലും കേവലം ഉപരിപ്ലവമായ ചില നിരീക്ഷണങ്ങൾ മാത്രമേ കാണുന്നുള്ളൂ. 200-ഓളം പേജുകളുള്ള ഒരു പുസ്തകം കൊട്ടിഘോഷിച്ചതിനുശേഷം അതിന്റെ പ്രധാനവിഷയത്തെ വെറും ഇരുപതോളം പേജുകളിൽ ഒതുക്കുന്ന ഒരു അടവാണ് ഇത്. വേട്ടദേവതയായ അയ്യൻ അഥവാ അയ്യപ്പൻ ആണ് നായാട്ടുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്നത്. അയ്യൻ വേട്ടക്കാലത്ത് കാട്ടിനകത്ത് ഒരുക്കുന്ന ഊർപ്പള്ളിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സാഹിത്യത്തിലേക്കു തിരിഞ്ഞാൽ മൂർക്കോത്ത് കുമാരൻ എഴുതിയ 'ഒരു നരിയെ കൊന്ന വെടി' (1919) ആണ് നായാട്ട് വിഷയമായ ആദ്യ ചെറുകഥ. ആചാരാനുഷ്ഠാനങ്ങളെ ചുറ്റിയുള്ള പഴമൊഴികളിലും പാട്ടുകളിലും വേട്ടകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭ്യമാണ്. ആദ്യനോവലായ ഇന്ദുലേഖയിലെ നായകൻ മാധവൻ കൊൽക്കത്ത മൃഗശാല സന്ദർശിച്ചപ്പോൾ അബദ്ധത്തിൽ കൂടിനു പുറത്തുചാടിയ ഒരു പുലിയെ തന്റെ കൈത്തോക്കുപയോഗിച്ച് വെടിവെച്ചുകൊല്ലുന്ന ഒരു രംഗമുണ്ട്. ഇത് ബ്രിട്ടീഷ് നായാട്ടുസാഹിത്യത്തിന്റെ പരിഹാസ്യമായ അനുകരണമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. മലയാളസാഹിത്യത്തിലെ വേട്ടക്കഥകളിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥയൊഴികെ ബാക്കിയെല്ലാം അധിനിവേശകാല നായാട്ടിനോട് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നവയാണ്. എന്നാൽ വേങ്ങയിൽ കൊളോണിയൽ നായാട്ടുസങ്കല്പങ്ങളെ വിമർശിക്കുകയും അവയുടെ ആണത്തത്തെ പരിഹസിക്കുകയും ചെയ്യുന്നു എന്ന് ഈ കൃതി വിലയിരുത്തുന്നു.
ദളിത് വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഒരു അക്കാദമികവിദഗ്ദ്ധനാണ് വിനിൽ പോൾ. എന്നാൽ അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങളും കൃസ്തീയസഭയോ എൻ.ജി.ഓകളോ നടത്തുന്ന പ്രസിദ്ധീകരണങ്ങളിലാണ് പ്രകാശിതമായിരിക്കുന്നത്. മാത്രവുമല്ല, കത്തോലിക്കാ രൂപത നടത്തുന്ന ഒരു കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നയാളുമാണ് അദ്ദേഹം. അങ്ങനെയിരിക്കെ അനാവശ്യമായി മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കുന്നതായിരുന്നു മര്യാദ. ബ്രിട്ടീഷുകാരെ നായാട്ടിനനുവദിക്കുന്നത് 'തിരുവിതാംകൂർ എന്ന സ്വയംപ്രഖ്യാപിത ഹിന്ദുരാജ്യത്തിന്റെ ശേഷിയില്ലായ്മയാണ്' എന്ന വാദം (പേജ് 120) ബ്രിട്ടീഷ് മേലാളന്മാരുടെ മുന്നിൽ തലകുനിക്കേണ്ടിവരുന്ന ഒരു നാട്ടുരാജ്യത്തിന്റെ നിസ്സഹായതയുടെ സൂചകമെന്നതിലുപരി ഒരു ഹിന്ദുരാജ്യത്തിന്റെ ഗതികേടിലുള്ള ഗ്രന്ഥകാരന്റെ വെറുപ്പുകലർന്ന സന്തോഷമാണ് നമുക്കു വെളിവാക്കിത്തരുന്നത്. തിരുവിതാംകൂർ ഒരു ഹിന്ദുരാജ്യമായി പ്രഖ്യാപിച്ചിരുന്നോ എന്നത് മറ്റൊരു വിഷയമാണ്. രണ്ടുനൂറ്റാണ്ടുമുമ്പ് മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചതിന്റെ പേരിലാണോ ഈ ആരോപണം എന്നും വ്യക്തമല്ല. അങ്ങനെയെങ്കിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാന്റർബറി ആർച്ച്ബിഷപ്പ് സത്യപ്രതിജ്ഞ ചെയ്യിച്ച് കിരീടമേൽപ്പിച്ചുകൊടുക്കുന്നയാളുമായ രാജാവ് ഭരിക്കുന്ന ബ്രിട്ടൻ ഇപ്പോഴും ക്രിസ്തുമതാധിഷ്ഠിത രാജ്യമെന്നു കരുതേണ്ടിവരും. എന്നാൽ ഇവിടെ ബ്രിട്ടീഷ് തോട്ടമുടമകളെ തിരുവിതാംകൂർ സർക്കാർ നിലക്കുനിർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഈ കൃതിയിൽത്തന്നെ കാണാനാവും. 1911-ൽ തിരുവിതാംകൂർ ഭരണാധികാരികൾക്ക് തോട്ടം മേഖലയിലെ അമിതനായാട്ടിനെക്കുറിച്ച് പരാതികൾ ലഭിച്ചതിനാൽ അവിടെ നടക്കുന്നത് മൃഗങ്ങളുടെ കൂട്ടക്കൊലയായി കണക്കാക്കി. തോട്ടത്തിന്റെ ജനറൽ മാനേജർമാർക്ക് ഇതിനു മറുപടി നൽകേണ്ടിവന്നു. ഇത് തോട്ടം മേഖലയിലെ ഉദ്യോഗസ്ഥരെയാകെ നാണം കെടുത്തുകയും നായാട്ട് നിയന്ത്രിക്കാൻ അവർക്ക് നടപടികൾ എടുക്കേണ്ടിയും വന്നു (പേജ് 131). ഈ പുസ്തകത്തിൽ എന്തിനെയെങ്കിലും കുറിച്ച് ആദരപൂർവമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാസൽ മിഷനെക്കുറിച്ചും അവരുടെ മതപരിവർത്തന ഉദ്യമങ്ങളെക്കുറിച്ചും മാത്രമാണ്. ബാസൽ മിഷൻ കേരളത്തിന്റെ സാഹചര്യത്തിൽ ഒരു ജാതിരഹിത സമുദായത്തെ നിർമ്മിച്ചെടുക്കാൻ സാധിച്ച ഏക മിഷനറി പ്രസ്ഥാനമാണത്രേ! അവർ കേരളത്തിൽ വ്യാവസായികമാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ജാതി-അടിസ്ഥാന തൊഴിലിനെ മറികടന്ന് തൊഴിലാളി എന്ന സങ്കൽപ്പത്തിലേക്ക് മലയാളികളെ എത്തിച്ച സാമൂഹ്യപ്രസ്ഥാനവുമാണത് (പേജ് 99). മാത്രവുമല്ല അവർ കീഴാളരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളികളുമായി (പേജ് 100). വിദേശപണത്തിന്റെ മേനിക്കൊഴുപ്പിൽ ജനങ്ങളെ സംഘടിതമായി മതംമാറ്റാൻ എത്തിയ ഒരു കൂട്ടത്തിനെയാണ് ഇങ്ങനെ സോപ്പിട്ടു പതപ്പിക്കുന്നതെന്ന് നമ്മൾ ഇവിടെ ഓർമ്മിക്കണം. ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് 'കിഴക്കൻ മേഖലയിൽ മറ്റൊരു ജീവിതം സാദ്ധ്യമാക്കിയ ഹെൻറി ബേക്കർ ജൂനിയർ' എന്ന മിഷനറിയുടെ പേരിലാണ്. ഇത്രയും മെയ്‌വഴക്കമുള്ള ഒരു കുഞ്ഞാട് പുസ്തകത്തിന്റെ പലയിടങ്ങളിലും സവർണ്ണശക്തികളെ അനാവശ്യമായും അപ്രസക്തമായും വിമർശിച്ചുകാണുന്നത് അരോചകമായിത്തോന്നി.

പരിസ്ഥിതിവാദികൾ എന്തൊക്കെ പറഞ്ഞാലും വനം-വന്യജീവി സംരക്ഷണനിയമങ്ങൾ വളരെ ഫലപ്രദമായി പാലിക്കപ്പെടുന്നതിന്റെ ഫലമായി കാടിനോടു ചേർന്നുകിടക്കുന്ന പല മനുഷ്യവാസപ്രദേശങ്ങളിലും മുമ്പുണ്ടാകാത്ത വിധത്തിൽ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന വിധത്തിൽ വന്യമൃഗശല്യം കേരളത്തിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിന്റെ കാലികപ്രസക്തി വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതൊന്നും പരിഗണിക്കുകകൂടി ചെയ്യാതെ ഈ പുസ്തകം പലപ്പോഴും ജെ.എൻ.യു അജണ്ടയായ സവർണ്ണ-ദളിത് വൈരുദ്ധ്യത്തിലേക്ക് സ്ഥാനത്തും മിക്കപ്പോഴും അസ്ഥാനത്തും കയറിച്ചെന്ന് ഉണങ്ങിക്കൊണ്ടിരിക്കുന്ന വ്രണം ബോധപൂർവം വീണ്ടും മാന്തി മാന്തി പുണ്ണാക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുന്നുള്ളു.. എങ്കിലല്ലേ അതൊരിക്കലും ഉണങ്ങാതിരിക്കുകയുള്ളൂ! നായാട്ടെഴുത്തുകൾ സവർണ്ണതയുടെ സ്ഥാപനം നടത്തുന്നുവെന്നും കീഴാളജനതയായ ആദിവാസികളേയും ദളിതരേയും ചൂഷണം ചെയ്തതിന്റെ ചരിത്രമാണെന്നും മിഷനറിമാരുടെ കുഴലൂത്തുകാരനായ ഈ ഗ്രന്ഥകാരൻ ആവേശപൂർവം വാദിക്കുന്നു. ഇദ്ദേഹത്തിന് ഇന്ത്യാ ഉപഭൂഖണ്ഡം എന്നൊന്നില്ല, പകരം തെക്കേ ഏഷ്യയാണത്. ഇതും ഒരു ജെ.എൻ.യു അഭ്യാസമാണ്. ഈ പുസ്തകത്തിലെ ഗവേഷണനിലവാരമൊക്കെ വളരെ തരംതാഴ്‌ന്നതാണ്. ഏതാനും പുസ്തകങ്ങളിലും പഴയ വർത്തമാനപത്രങ്ങളിലും എഴുതപ്പെട്ട വസ്തുതകളെ ലേഖകന്റെ മുൻവിധികളുടേയും അജണ്ടകളുടേയും മേമ്പൊടി കലർത്തി അവതരിപ്പിക്കുന്ന ഈ കൃതി ഒരു വിധത്തിലും ആകർഷണീയമല്ല.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
Book review of 'Mrugaya - Keralathine Nayattucharithram'
Author: Vinil Paul
Publisher: DC Books, 2022 (First)
ISBN: 9789356432543
Pages: 223
No comments:
Post a Comment