പുന്നപ്ര-വയലാർ സമരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ മുൻപിവിടെ പരിശോധിച്ചിട്ടുള്ളതിനാൽ അതിന്റെ ചരിത്രവസ്തുതകളെ ഒഴിച്ചുനിർത്തി ഈ കൃതി മറ്റുള്ളവയിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നുമാത്രമേ ഇപ്പോൾ കൈകാര്യം ചെയ്യുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവവും തൊഴിലാളിവർഗത്തിനുമേൽ അതിനുണ്ടെന്നു ഭാവിക്കുന്ന 'ജന്മാവകാശവും' കൃത്യമായി സ്ഥാപിച്ചെടുക്കുവാനുള്ള ഒരു രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു വയലാർ. പുന്നപ്രയിലെ സമരത്തിന് രാഷ്ട്രീയത്തിനുമപ്പുറം ചില വ്യക്തിപരമായ മാനങ്ങളുമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മൂർച്ചയുള്ള പ്രത്യയശാസ്‌ത്രമാനങ്ങളുള്ള ഈ സായുധസമരം കർഷക-തൊഴിലാളി വർഗ്ഗം അതിന്റെ വർഗ്ഗശത്രുക്കളായ മൂലധനശക്തികളേയും അതിന്റെ പിണിയാളുകളായ ഭരണകൂടവർഗ്ഗത്തിനുമെതിരെ നടത്തിയ ഒന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വാഴ്ച്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ പുന്നപ്ര-വയലാർ ഉറപ്പായും ആ ഗണത്തിൽ പെടുന്നില്ല. തന്നെയുമല്ല, ഈ സായുധസമരം തിരുവിതാംകൂറിൽ നടമാടുമ്പോൾ ദില്ലിയിൽ ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാലമന്ത്രിസഭ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ടിരുന്നു. ഈ സമരത്തെ കേന്ദ്രസർക്കാർ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നുമില്ല. 1998-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) പിന്തുണയോടെ അധികാരത്തിലിരുന്ന ദേവഗൗഡ സർക്കാരാണ് പുന്നപ്ര-വയലാറും കയ്യൂർ, മൊറാഴ, കാവുമ്പായി മുതലായ പാർട്ടിസമരങ്ങളേയുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി ഉത്തരവിറക്കിയത്. സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ മന്ത്രിപദത്തിനുകീഴിലുള്ള ആഭ്യന്തരമന്ത്രാലയമാണ് ഇതിന്റെ കടലാസുകൾ നീക്കിയത്. ഈ പുസ്തകം നക്സൽ കാഴ്ചപ്പാടിലുള്ളതാണ്. മാർക്സിന്റെ സിദ്ധാന്തങ്ങളിൽ ഒട്ടും വെള്ളം ചേർക്കാത്ത, തീപ്പെട്ടിയുരച്ചാൽ കത്തുന്ന സാധനമാണ് ഈ പേജുകളിൽ. ഗ്രന്ഥകാരനായ ആർ. കെ. ബിജുരാജ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ്.
ഈ പുസ്തകം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന സൂചനകൾ തുടക്കം മുതലേ നൽകുന്നു. ഈ തികഞ്ഞ ഇടതുപക്ഷരചന അതിന്റെ എല്ലാ പ്രത്യയശാസ്ത്രകെട്ടുപാടുകൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ചരിത്രത്തെ നിർദ്ധാരണം ചെയ്യുന്നത്. ചരിത്രത്തിൽ നിഷ്പക്ഷ രചനയെന്നൊന്നില്ല എന്ന തെമ്മാടിത്തരത്തോടെയാണ് ഈ കൃതി തുടങ്ങുന്നത്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള രാജൻ ഗുരുക്കളുടെ 'മിത്ത്, ചരിത്രം, സമൂഹം' എന്ന പുസ്തകത്തിൽ പറയുന്നത് "ചരിത്രരചനയിലുള്ള നിഷ്പക്ഷത യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ എന്നതിൽ കവിഞ്ഞ ഒന്നുമല്ല" എന്നാണ്. തുടർന്നദ്ദേഹം പറയുന്നു: "ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്" (റിവ്യൂ ഇവിടെ വായിക്കുക). അതായത് ചരിത്രപരമായ സത്യസന്ധത എന്നൊന്ന് ഞങ്ങൾ പാലിക്കില്ലെന്ന് ഇടതുചരിത്രകാരന്മാർ ആവർത്തിച്ചു പ്രസ്താവിക്കുകയാണ്. ഇത് മറുപക്ഷമാണ് ചെയ്യുന്നതെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലിയ പാതകമായി ഇവറ്റകൾ വ്യാഖ്യാനിക്കുകയും ചെയ്യും. മലബാർ കലാപം ഒരു കാർഷികകലാപമാണെന്ന ഓർമ്മപ്പെടുത്തൽ രണ്ടാം പേജിൽത്തന്നെ വരുന്നു. എന്നാൽ വയലാറിനെക്കുറിച്ചാണെങ്കിൽ 'രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഹിന്ദു രാജ്യത്തുനടന്ന സായുധ ഉയിർത്തെഴുന്നേൽപ്പാണിത്' എന്ന് പച്ചയായി പറയുന്നു. മലബാർ കലാപത്തിലെ മാപ്പിള എന്ന അംശം ഒളിച്ചുവെക്കുകയും 'ഹിന്ദുരാജ്യത്തെ' പൊക്കിക്കൊണ്ടുവരുന്നതും ശ്രദ്ധിക്കുക. പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള വിവിധ ചരിത്രരചനകൾ തികഞ്ഞ അബദ്ധമാണെന്നാണ് ഇവിടെ കണ്ടെത്തുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വർഗ്ഗ-ജാതി വിഭാഗങ്ങളുമാണെന്ന് അവർ മറന്നുപോയി (പേജ് 19). ഇത് ശുദ്ധവങ്കത്തമാണ്. ആശയപരമായി സുശിക്ഷിതവും പ്രായോഗികമായി പ്രകടനപരതയുള്ളതുമായ ഒരു നേതൃത്വത്തിനുകീഴിൽ മാത്രമേ ഈവിധ വർഗ്ഗങ്ങൾ പൊരുതുകയുള്ളൂ. തിരുവിതാംകൂറിലേതുപോലെ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചതിനുശേഷം നേതൃത്വം അപ്രത്യക്ഷമായാൽ അതിന്റെ പരിണതി വിനാശം തന്നെയായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലാണ് പുന്നപ്ര-വയലാർ സംഭവിക്കുന്നത് എന്നാണ് ബിജുരാജിന്റെ മറ്റൊരു വാദം. എന്നാൽ ഈ സമരം നടക്കുമ്പോൾ നെഹ്‌റു ഇടക്കാല മന്ത്രിസഭയെ നയിക്കുകയായിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ബഹുജനപ്രക്ഷോഭങ്ങളൊന്നും സ്വാതന്ത്ര്യം വരെ നടന്നിരുന്നില്ല. അന്ന് പങ്കെടുക്കാതിരുന്ന ചില സംഘടനകൾ പിന്നീട് അക്രമാസക്തമായ ചില നടപടികൾ എടുത്തത് 1946-ലാണെന്നുമാത്രം - മുസ്ലിം ലീഗിന്റെ Direct Action Day, കമ്യൂണിസ്റ്റുകളുടെ തെലങ്കാന കലാപം എന്നിവ.
വ്യാവസായികരംഗം പൂർണ്ണവളർച്ചയെത്താതിരുന്ന തിരുവിതാംകൂറിൽ തൊഴിലുടമ-തൊഴിലാളി ബന്ധം പല ഘട്ടങ്ങളിലും ഉലയുന്നത് സ്വാഭാവികമായിരുന്നു. കൂലിയെച്ചൊല്ലിയുള്ള തർക്കം എക്കാലവും പ്രസക്തമായിരുന്നു. തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ശുദ്ധിയും തുല്യപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു. പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങളിലെ തൊഴിൽസമയത്തിന്റെ കാര്യത്തിലും തർക്കമുണ്ടാകാവുന്നതാണ്. ഇതിനെല്ലാം പുറമേ പഴയകാല ചലച്ചിത്രങ്ങളുടെ ഒരിഷ്ടവിഷയമായിരുന്ന സ്ത്രീതൊഴിലാളികളുടെ മേൽ കടന്നുകയറ്റം നടത്തുന്ന മുതലാളിയും ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാൽ ഈ ആവശ്യങ്ങളുടെ പേരിലായിരുന്നോ തിരുവിതാംകൂറിൽ തൊഴിലാളികൾ പണിമുടക്കം നടത്തിയതും അക്രമപാത സ്വീകരിച്ചതും? അല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന ഉത്തരം. 1938-ലെ കയർ തൊഴിലാളി പണിമുടക്കിന്റെ പ്രധാന ആവശ്യം വേതനവർദ്ധനവോ മറ്റ് സാമ്പത്തിക ആവശ്യങ്ങളോ ഒന്നുമായിരുന്നില്ല, മറിച്ച് രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ ഉത്തരവാദഭരണം സ്ഥാപിക്കുക, ക്രിമിനൽ ഭേദഗതി നിയമം പിൻവലിക്കുക, സ്റ്റേറ്റ് കോൺഗ്രസ്-യൂത്ത് ലീഗ് നിരോധനം പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 30 രൂപയായി നിജപ്പെടുത്തുക എന്നിവയായിരുന്നു. 1938-ൽ ഒരു പവൻ സ്വർണത്തിന് 24 രൂപയായിരുന്നു വില (നെറ്റിൽ നിന്ന്) എന്നും ഓർക്കാം. എങ്കിലും നേതാക്കൾ പറഞ്ഞത് "നാം ആവശ്യപ്പെടുന്ന എല്ലാ സാമ്പത്തികആവശ്യങ്ങളും അനുവദിച്ചുതന്നാൽക്കൂടി പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ പരിപൂർണ ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടിയാലല്ലാതെ പണിമുടക്ക് നാം നിർത്തുകയില്ല" എന്നാണ് (പേജ് 100). ഇത്തരത്തിലൊരു രാഷ്ട്രീയസമരം നടത്തിയാൽ ഒരു സർക്കാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. തൊഴിലാളി മാർക്സിയൻ വർഗ്ഗമായി മാറുന്ന കാഴ്ചയാണിത്. സമരം അക്രമാസക്തമായി; പോലീസ് വെടിവെച്ചു; അഞ്ച് രക്തസാക്ഷികളുണ്ടായി! തിരുവിതാംകൂറിലെ തൊഴിലാളികൾ നിലവിലെ ഉത്പാദനബന്ധങ്ങളെ തകർത്തെറിയുവാനും രാഷ്ട്രീയഭാഗധേയത്വം സ്വയം നിർണ്ണയിക്കാൻ കഴിവുള്ളതുമായ വിപ്ലവവർഗ്ഗമായിരുന്നു (പേജ് 78) എന്ന് ഗ്രന്ഥകാരൻ രോമാഞ്ചത്തോടെ രേഖപ്പെടുത്തുന്നു.
രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ രൂക്ഷമായ വിലക്കയറ്റവും സൈനികസേവനം അവസാനിപ്പിച്ചുവന്ന യുവാക്കളുടെ തൊഴിലില്ലായ്മയും കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയ്ക്ക് എങ്ങിനെ സമർത്ഥമായി മുതലെടുത്തു എന്ന് ഈ കൃതി ശ്രദ്ധാപൂർവം വായിച്ചാൽ മനസ്സിലാകും. രൂക്ഷമായ ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, തുണി മുതലായ വസ്തുക്കളുടെ അഭാവവും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. സംഘടിക്കപ്പെട്ടിരുന്ന തൊഴിലാളികൾ 1946 ആഗസ്റ്റിൽ മൂന്നു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. സർക്കാർ അവരുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും വഴങ്ങി. ഈ വിജയം കൂടുതൽ സംഘടിതരാകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചു (പേജ് 153). സെപ്റ്റംബർ 5-ന് വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കപ്പെടുന്നു. തിരുവിതാംകൂറിന്റെ ഭാവിഭരണഘടനയുടെ രൂപം നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളെ വിളിച്ചുകൂട്ടണം, ദിവാൻ ഭരണം അവസാനിപ്പിക്കണം, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങൾ. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 22-ന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്കാണ് പുന്നപ്ര-വയലാർ സംഘട്ടനത്തിലേക്ക് നയിച്ചത്. ഇത്രയും രൂക്ഷമായ സമരത്തിലേക്ക് സർക്കാരിനെതിരെ സ്വന്തം അണികളെ അവരുടെ മരണത്തിലേക്ക് പറഞ്ഞയച്ച നേതാക്കൾ സ്വയം എങ്ങനെയാണ് സർ. സി.പിയെ നേരിട്ടത് എന്നു പരിശോധിക്കുന്നത് കൗതുകകരമാണ്. രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെ അതിന്റെ നിരോധനം 1943-ൽ പിൻവലിക്കപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം പുത്തൻചന്തയിൽ പാർട്ടി കേന്ദ്ര ഓഫീസ് തുറന്നു. കെ. സി. ജോർജ് ആയിരുന്നു നേതാവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ കമ്മറ്റി എന്ന വലിയ ബോർഡ് കെട്ടിടത്തിനു മുകളിലുണ്ടായിരുന്നു. അന്നുതന്നെ ദിവാൻ സർ. സി.പി തന്റെ താമസസ്ഥലത്തേക്ക് ജോർജിനെ ആളയച്ചുവിളിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നുള്ള യാതൊരു ഇടപെടലും അനുവദിക്കില്ലെന്നും തിരുവിതാംകൂറിൽ സ്വതന്ത്രഘടകമായി പ്രവർത്തിച്ചില്ലെങ്കിൽ നടപടി വരുമെന്നും ദിവാൻ പറഞ്ഞു. ഈ ഭീഷണിയോട് പാർട്ടി എങ്ങനെ പ്രതികരിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? തൊട്ടടുത്ത ദിവസം തന്നെ ബോർഡ് തിരുത്തിയെഴുതി 'തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ്' എന്നാക്കി! കുനിയാൻ ആവശ്യപ്പെട്ടപ്പോൾ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്തെ പത്രമാദ്ധ്യമങ്ങളെക്കുറിച്ച് പറയാറുണ്ടല്ലോ. അത്തരത്തിലായിരുന്നു പിന്നീടുള്ള നടപടികൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് സ്വതന്ത്രമാണെന്നു തോന്നിപ്പിക്കാൻ പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത 'പ്രസിഡന്റ്' എന്ന പദവി സൃഷ്ടിച്ചുകൊണ്ട് ജോർജ് സ്വയം പ്രസിഡന്റായി, പി. ടി. പുന്നൂസ് സെക്രട്ടറിയും (പേജ് 112). നേതാക്കളുടെ ശൗര്യം ഇത്രയേയുള്ളൂ. പക്ഷേ അടിയുടെ-ഇടിയുടെ-വെടിയുടെ മുന്നിൽ പതറാതെ നിൽക്കണമെന്ന് സ്വന്തം അണികളെ ഉത്ബോധനം ചെയ്യാൻ അവർക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. വയലാറിലെ കൂട്ടക്കൊലയ്ക്കുശേഷവും ഈ അഴകൊഴമ്പൻ നയം പാർട്ടി പിന്തുടർന്നു. അനിശ്ചിതകാല പണിമുടക്ക് ഉടനെ പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ബന്ധം തോന്നാത്തതും എന്നാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ളതുമായ തൊഴിലാളിക്കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു (പേജ് 286). ജയിൽ മോചിതനായ ആർ. സുഗതൻ ആലപ്പുഴയിൽ എത്തി രക്തസാക്ഷികൾക്കുവേണ്ടി സഹായസമിതി രൂപീകരിക്കുന്നത് 'അമ്പലപ്പുഴ-ചേർത്തല റിലീഫ് കമ്മറ്റി' എന്ന പേരിലാണ്. പുന്നപ്ര-വയലാർ എന്ന പേരുപോലും സി.പി.യുടെ മുന്നിൽവെച്ച് ഉച്ചരിക്കാൻ നേതൃത്വം ധൈര്യപ്പെട്ടില്ല.
സോവിയറ്റ് മാതൃകയിലുള്ള വർഗ-സമഗ്രാധിപത്യം തന്നെയാണ് പാർട്ടി ലക്‌ഷ്യം വെച്ചിരുന്നതെന്ന് വയലാറിലേക്കുള്ള നാൾവഴികൾ കാണിച്ചുതരുന്നു.അത് അങ്ങനെതന്നെയായിരുന്നുവെന്ന് ബിജുരാജ് ആത്മഹർഷത്തോടെ പ്രഖ്യാപിക്കുന്നുമുണ്ട്. ജന്മി-നാടുവാഴി വർഗ്ഗങ്ങളും അതിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജഭരണകൂടവും കൊളോണിയൽ ശക്തികളും ഒരുഭാഗത്തും അടിസ്ഥാനവർഗ്ഗ-ജാതി വിഭാഗങ്ങളും അവരുടെ മുന്നണിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറുഭാഗത്തുമുള്ള വൈരുദ്ധ്യം മൂർച്ഛിച്ച് ഒരു പോർമുഖം രൂപംകൊണ്ടു (പേജ് 198). ശരിയായ സൈനികലൈൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലായിരുന്നു എന്നവകാശപ്പെടുന്നു. എന്നാൽ 1943-ലെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.സി.ജോർജിനും കെ.വി.പത്രോസിനും മുംബൈയിൽ സായുധസൈനികപരിശീലനം പാർട്ടി നൽകിയിരുന്നു (പേജ് 181). ഒരു യഥാർത്ഥ സൈനികനടപടിയിലൂടെ ഭാരതത്തിൽ അധികാരം പിടിക്കാൻ തന്നെയാണ് പാർട്ടി ഒരുങ്ങിയിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. 1946 ഒക്ടോബർ 7, 8 തീയതികളിൽ മുതലാളിമാരും തൊഴിലാളിനേതാക്കളും സർക്കാരുമടങ്ങിയ ത്രികക്ഷി ഒത്തുതീർപ്പുചർച്ച അരങ്ങേറി. ഈ ചടങ്ങിൽ നാലുശതമാനം ബോണസ് തൊഴിലാളികൾക്കു നൽകണമെന്ന് സി. പി. ഏകപക്ഷീയമായി മുതലാളിമാരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങി. എന്നാൽ രാഷ്ട്രീയമായ ആവശ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന മുൻനിലപാടിൽ ഭരണകൂടം ഉറച്ചുനിന്നു. തൊഴിലാളികളും ആ വിഷയത്തിൽ നീക്കുപോക്കിന് തയ്യാറായില്ല. അങ്ങനെയാണ് ഒക്ടോബർ 22-ന് അനിശ്ചിതകാലപണിമുടക്കിനും തുടർന്ന് പുന്നപ്ര-വയലാർ സംഘർഷങ്ങൾക്കും വഴിമരുന്നിടുന്നത്. സ്റ്റേറ്റ് കോൺഗ്രസ്സും എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കൊല്ലത്തെ സോഷ്യലിസ്റ്റുകളും കശുവണ്ടിത്തൊഴിലാളികളും സ്ഫോടകാവസ്ഥ മനസ്സിലാക്കി സമരത്തിൽനിന്നു പിന്മാറി. അവർ കൂടി ഉറച്ചുനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ വിപ്ലവം വിജയിക്കുകയും ഒരു തീവ്രഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തേനെ. എന്നാൽ പിന്നീടവർക്ക് സോവിയറ്റ് യൂണിയനിലെ മെൻഷെവിക്കുകളുടെ സ്ഥിതി വന്നുഭവിക്കുകയും ചെയ്യുമായിരുന്നു. ശ്രീകണ്ഠൻ നായർ പ്രത്യക്ഷസമരത്തിൽനിന്ന് പിൻവലിഞ്ഞുവെങ്കിലും സി.പിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ സൂത്രധാരൻ അദ്ദേഹമായിരുന്നു.
1946 ഒക്ടോ 27-ന് വയലാർ, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകൾ പട്ടാളം കടന്നാക്രമിച്ച് നൂറുകണക്കിനാളുകളെ വധിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി. വി. തോമസ് ഏകപക്ഷീയമായി അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. എങ്കിലും നേതാക്കൾ വയലാർ സഖാക്കളെ വഞ്ചിച്ചു എന്ന ആരോപണം ഗ്രന്ഥകർത്താവ് ശക്തിയായി നിഷേധിക്കുന്നു. വിവിധ കേസുകളിൽപ്പെട്ട് മുൻപേതന്നെ ഒളിവിലായിരുന്നതുകൊണ്ടാണ് നേതാക്കൾ സംഘട്ടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന വാദം പക്ഷേ ബാലിശമാണ് (പേജ് 267). വെടിവെപ്പ് നടന്ന ഉടൻതന്നെ നേതൃത്വം പലായനത്തിനാണ് ശ്രമിച്ചത് (പേജ് 243). ക്യാമ്പുകൾ പിരിച്ചുവിടാൻ വേഗത്തിൽ തീരുമാനമെടുത്തു. കലാപത്തിൽ പങ്കെടുത്തവരുടെ ലക്‌ഷ്യം ത്രിവർണ ഇന്ത്യയല്ല, മറിച്ച് ചുവന്ന ഇന്ത്യയായിരുന്നു (പേജ് 274) എന്ന് രേഖപ്പെടുത്തുമ്പോഴും സ്റ്റേറ്റ് കോൺഗ്രസ്സും സോഷ്യലിസ്റ്റുകളും സമരത്തെ വഞ്ചിച്ചു എന്നു കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്. പൊതുജനപിന്തുണയുടെ കാര്യത്തിലും പാർട്ടിയുടെ സ്ഥിതി അക്കാലത്ത് പരിതാപകരമായിരുന്നു എന്നു കാണാൻ കഴിയും. 1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 120-ൽ 97 സീറ്റിലും സ്റ്റേറ്റ് കോൺഗ്രസ് ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നിലും ജയിക്കാനായില്ല. ടി. വി. തോമസ് ആലപ്പുഴയിൽത്തന്നെ തോറ്റു, കെട്ടിവെച്ച കാശ് തിരിച്ചുകിട്ടി എന്നു മാത്രം. 1952-ലെ രണ്ടാം തെരഞ്ഞെടുപ്പിൽ പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചുജയിച്ച് മറ്റു പാർട്ടികൾക്കൊപ്പം മുന്നണിയുണ്ടാക്കി രണ്ടാമത്തെ വലിയ കക്ഷിയായി മാറി.
കേരളത്തിലെ ഒരു വിരോധാഭാസം വിപ്ലവകാരികൾ മുതലാളിത്തത്തിന്റെ ചെല്ലും ചെലവും വാങ്ങിയാണ് തങ്ങളുടെ പ്രചാരവേല നടത്തുന്നത് എന്നതാണ്. പ്രധാനമായും ഒരു മുതലാളിയോ അല്ലെങ്കിൽ മതസ്ഥാപനമോ നടത്തുന്ന ദിനപത്രത്തിലോ, ആനുകാലികത്തിലോ, ദൃശ്യമാധ്യമത്തിലോ ഉള്ള ജോലിയും വെച്ചാണ് ഇക്കൂട്ടർ ഇതിനെയെല്ലാം തകിടം മറിക്കാൻ കെല്പുള്ള ആശയങ്ങൾ വെച്ചുനിരത്തുന്നത്. എങ്കിലും മുതലാളിവർഗ്ഗത്തിന് അവരെ തരിമ്പും ഭയമില്ല. കാര്യത്തോടടുക്കുമ്പോൾ ഈ ചാരുകസേര-വിപ്ലവകാരികളെല്ലാം കാറ്റുപോയ ബലൂണാകുമെന്നും മുൻകാല അനുഭവങ്ങളിലൂടെ അവർ മനസ്സിലാക്കുന്നുണ്ടാവാം. അത്തരത്തിലെ ഒരു നക്സലാണ് ഈ ഗ്രന്ഥകാരനും. മാർക്സിന്റെ ആശയങ്ങൾ നിത്യസത്യങ്ങളായതിനാൽ അവ സ്വയം വിശദീകരിക്കുന്നവയാണ് എന്ന മട്ടിൽ വാശിയോടെ മുന്നോട്ടു നീങ്ങുന്നതുകാണുമ്പോൾ സഹതാപമേ നമുക്കു തോന്നാനിടയുള്ളൂ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിലൂടെ പണം വാരിയത് കുഞ്ചാക്കോ മുതലാളിയാണെന്ന് വിസ്മരിച്ചുകൂടാ. രൂക്ഷവിമർശനമാണ് ബിജുരാജിന്റെ മുഖമുദ്ര. ഇന്നു നിലവിലിരിക്കുന്ന നവോത്ഥാനമൂല്യങ്ങൾ പണ്ടുകാലത്ത് പാലിച്ചിരുന്നില്ല എന്നതിന്റെപേരിൽ തിരുവിതാംകൂർ രാജാക്കന്മാരെ കണക്കിന് അധിക്ഷേപിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെ തടവുകാർ, ജാതിബോധത്തിന്റെ നടത്തിപ്പുകാർ എന്നുപോലും പരിഹസിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഇത്തരം പുലഭ്യത്തിലൂടെ വെളിവാകുന്നത്. ഒരു ജേർണലിസ്റ്റായ ഗ്രന്ഥകർത്താവ് തനി 'മാപ്ര'യായി രൂപാന്തരപ്പെടുന്ന നിമിഷങ്ങൾ! വയലാർ-പുന്നപ്ര സമരസേനാനികളുടെ അനന്തരചരിത്രം ഒരദ്ധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ആലപ്പുഴയുടെ വ്യവസായരംഗം തകർന്നു തരിപ്പണമായതിന്റേയും കേരളം മൊത്തത്തിൽത്തന്നെ വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയതിന്റേയും കാരണങ്ങൾ പരിശോധിക്കാൻ മിനക്കെടുന്നില്ല. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല എന്നു പറഞ്ഞതുപോലെ വർഗ്ഗസമരത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തൊഴിലാളിവർഗ്ഗം വിപ്ലവത്തിന്റെ ചുവന്ന പുലരിയിൽ ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നതാകുമോ അതിന്റെ കാരണം?
ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു.
ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു.
Book review of 'Punnapra Vayalar Charithrarekhakal'
Author: R K Bijuraj
Publisher: Mathrubhumi Books, 2025 (First)
ISBN: 9789359622514
Pages: 434
No comments:
Post a Comment