പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'മരുന്ന്' എന്ന നോവല്‍ ഏറെ പ്രത്യേകത
പുലര്‍ത്തുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മറ്റു പല പുസ്തകങ്ങളില്‍ നിന്നും
വ്യത്യസ്തമായി ഈ കൃതി നല്ല നിലവാരം പുലര്‍ത്തുന്നു. വായിച്ചിട്ട് ഏകദേശം 15
വര്‍ഷങ്ങളായെങ്കിലും ആ നോവല്‍ അന്ന് മനസ്സിലുണ്ടാക്കിയ കൊച്ചലകള്‍ ഇന്നും
മനസ്സിന്റെ ചായക്കൂട്ടില്‍ നിറം മങ്ങാതെ നില്‍ക്കുന്നുണ്ട്. ഇന്നലെ പഴയ
ഡയറികള്‍ മറിച്ചുനോക്കിയപ്പോള്‍ - ലോകകപ്പ് ഫുട്ബോളിന്റെ സ്കോറുകളല്ലാതെ
അതിലൊന്നുമില്ല. ആരെങ്കിലും എടുത്തു വായിച്ചേക്കുമോ എന്ന ഭയം എന്റെ
മനസ്സിനെ എപ്പോഴും പതിനാലു ലിവറുകളുള്ള താഴിന്റെ പുറകില്‍
നിര്‍ത്തിയിരുന്നു - ഞാന്‍ പണ്ട് 'മരുന്ന്' എന്ന പുസ്തകത്തില്‍ നിന്ന്
പകര്‍ത്തിവെച്ചിരുന്ന ഒരു കവിത കിട്ടി (കുഞ്ഞബ്ദുള്ള ഇത് മറ്റെവിടെയോ
നിന്ന് പകര്‍ത്തിയതാണ് ).
'മൃതി എന്ന പെണ്‍കുട്ടി' എന്നാണതിന്റെ തലക്കെട്ട്. സൃഷ്ടികര്‍ത്താവ്
മരണത്തെ ഒരു പെണ്‍കുട്ടിയായാണത്രെ സൃഷ്ടിച്ചത്. (സാഹിത്യത്തില്‍
ദൈവത്തിന്റെ നിലനില്‍പ്പ് നമുക്ക് ചിലപ്പോഴൊക്കെ അംഗീകരിച്ചുകൊടുക്കേണ്ടി
വരും. അല്ലെങ്കില്‍ അത് പുരോഗമന സാഹിത്യം പോലെ വിരസവും ശുഷ്കവും
ആയിത്തീരും. "താങ്കളുടെ ലോകവ്യവസ്ഥയില്‍ ദൈവത്തിന്റെ സ്ഥാനം എവിടെയാണ് "
എന്ന് നെപ്പോളിയന്‍ ചക്രവര്‍ത്തി ചോദിച്ചപ്പോള്‍, "സര്‍, എനിക്കങ്ങനെയൊരു
ഊഹസിദ്ധാന്തത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല" എന്ന് മറുപടി നല്‍കിയ
ഗണിതശാസ്ത്രജ്ഞന്‍ പിയറി-സൈമണ്‍ ദ് ലാപ്ലേസിനെ നമുക്ക് തല്ക്കാലം മറക്കാം). ഉറ്റവരുടെ മടിയില്‍നിന്ന് ആത്മാക്കളെ വലിച്ചെടുക്കുമ്പോള്‍ ഉയരുന്ന
ആര്‍ത്തനാദങ്ങളില്‍ ഖിന്നയായ ആ കന്യക പിതാവിന്റെയടുക്കല്‍ ആവലാതിപ്പെട്ടു.
അദ്ദേഹമവളെ ബധിരയാക്കി. എന്നിട്ടും കരച്ചിലും വിഷാദവും അവള്‍ക്ക് പിന്നെയും
കാണേണ്ടിവന്നു. അപ്പോള്‍ കാരുണ്യവാനായ പിതാവ് അവളെ അന്ധയുമാക്കി. അങ്ങനെ
ബധിരയും അന്ധയുമായ ആ കന്യക മുക്തിയും പ്രദാനം ചെയ്ത് ലോകത്തില്‍
അലഞ്ഞുനടക്കുന്നു. ഇതാണ് ആ കവിതയുടെ സാരാംശം. പതിറ്റാണ്ടിനിപ്പുറം ഇന്നും
മനസ്സിനെ ആട്ടിയുലക്കുന്ന ആ കവിത താഴെ. കുഞ്ഞബ്ദുള്ളയോടു കടപ്പാട്.
മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; എന്തോ തേടി-
യുഴറും മിഴിയുമായ്, മിഴിയിലിരുളുമായ്
എണ്പതുവര്‍ഷത്തിന്റെ പാഴ്മഞ്ഞാല്‍ വെറുങ്ങലി-
ച്ചുന്തിയോരെല്ലിന്‍ കൂടാം മെയ്യുമായ്, ഭയവുമായ്
മുത്തശ്ശി ഞരങ്ങിയും മൂളിയും കിടക്കുന്ന
കട്ടിലിന്നരികില്‍ ഞാനുറങ്ങാതിരിക്കവേ,
പാതിരാത്രിതന്‍ ഘണ്ടാനിസ്വനം ജലപ്പര-
പ്പേതിലോ വീഴും ശിലാഖണ്ടമായ് ഭയത്തിന്റെ
വീചികള്‍ വീശിച്ചുഴന്നടങ്ങാതേതോ ദൂര-
തീരത്തില്‍ മുട്ടിത്തിരിഞ്ഞെന്നില്‍ വന്നലയ്ക്കവേ,
പഴകിപ്പൊടിഞ്ഞൊരു നെഞ്ഞിന്റെയുള്ളില്‍ പ്രാണന്‍
ചിറകിട്ടടിക്കവേ, തളരും കരം നീട്ടി
ശക്തമെന്‍ വലംകയ്യില്‍ മുറുകെപ്പിടിക്കിലും
അത്യഗാധതയിലേക്കന്ധമായ് വഴുതുമ്പോള്‍
'എന്തു ചെയ്യട്ടെ ഞാനെ'ന്നിടറും നാവാല്‍ പാവ-
മെന്റെ യൌവനത്തോടു തുണയ്ക്കായ് യാചിക്കയായ്
(എന്തു ചെയ്യുവാനാവുമെനിക്കു യാത്രക്കാരീ,
നിന്‍ പാത സുഗമമായ് തീരുവാന്‍ നേരാനെന്യേ?)
സംശയിച്ചല്ലോ ഞാനും ചൊല്ലിനേന്‍, 'ജപിച്ചാലു-
മീശ്വര നാമം, ദൈന്യമൊക്കെയും താനേ മാറും.'
കലങ്ങിപ്പായും വെള്ളക്കുത്തിലീ വൈക്കോല്‍ത്തുരു-
മ്പെറിഞ്ഞുകൊടുത്തു ഞാന്‍ മൂകമായിരിക്കയായ്
മൂടല്‍മഞ്ഞുപോല്‍ രാവില്‍ ഗൂഢമാം ഗഹനത-
യോടിയെത്തുന്നു, കണ്ണില്‍ പേടികളനങ്ങുന്നൂ.
പതുക്കെപ്പതുക്കവേ മറ്റേതോ ലോകത്തിന്റെ
തണുപ്പുകയറുമാ കൈത്തലം കയ്യില്‍ പേറി
വിറക്കും ചുണ്ടാല്‍ രാമനാമങ്ങളുരുവിടാന്‍
ശ്രമിക്കെപ്പെട്ടെന്നു ഞാന്‍ കണ്ടു - ഞാന്‍ തനിച്ചല്ലാ-
മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; മുഖം താഴ്ത്തി-
യൊരു കന്യകയുണ്ടാത്തലയ്ക്കലിരിക്കുന്നു!
ചെഞ്ചോല വാരിച്ചുറ്റിച്ചെമ്പിച്ച മുടി പാറി-
സ്സങ്കടത്താലോ മുഖം താഴ്ത്തിയങ്ങിരിക്കുന്നു.
ആരു നീ? വരണ്ടൊരെന്‍ ചുണ്ടില്‍നിന്നല്ലാ ഭയ-
രോദനം മമാത്മാവിനുള്ളില്‍ നിന്നല്ലോ പൊങ്ങീ
കേട്ടതില്ലെന്നോ? കേള്‍ക്കാനാവില്ലയെന്നോ? കരം
നീട്ടി ഞാന്‍ തടഞ്ഞിട്ടും കണ്ടില്ല! കാണില്ലെന്നോ!
പിന്നെ, ഹാ, കനമേറും കറുത്ത തിരശ്ശീല-
യെന്ന പോലിരുളൂര്‍ന്നൂ ചുറ്റിലും തേങ്ങീടവേ
അല്പമാ മുഖമൊന്നു പൊങ്ങീ, ഞാന്‍ കണ്ടേന്‍, ആഹാ!
ദൃഷ്ടിശൂന്യമാം സ്ഥിരപാടലനയനങ്ങള്‍!
ഞെട്ടുന്നൂ, തിരിച്ചറിയുന്നൂ ഞാന്‍, ഇവളല്ലോ
സൃഷ്ടികര്‍ത്താവിന്‍ പ്രിയമാര്‍ന്ന മാനസപുത്രി!
ആരുടെ മടിത്തട്ടിലമ്മതന്‍ മാറില്‍ പോലെ
ചേരുന്നൂ, വ്യഥ മാഞ്ഞു ചാഞ്ഞുറങ്ങുന്നൂ ലോകം.
ആരുടെ തണുപ്പേലും കൈകള്‍ തന്നലിവേല്ക്കെ,
മാറുന്നൂ നോവും മഹാരോഗവും അപമാന-
ഭീതിയും പ്രണയത്തിന്‍ വ്യാധിയും മര്‍ത്യാത്മാവിന്‍
നൂറുനൂറു സംതൃപ്ത ദാഹങ്ങളഖിലവും............
(ഇക്കന്യ കരഞ്ഞും കൊണ്ടെത്തിപോല്‍ കാലത്തിന്റെ
പുത്തനാം പുലരിയില്‍ താതസന്നിധി തന്നില്‍)
"വയ്യെനിക്കവിടുന്നു നല്‍കിയ പണി ചെയ്യാന്‍
വയ്യെന്നു" കണ്ണീര്‍ വാര്‍ത്തു കൈകൂപ്പിയപേക്ഷിച്ചാള്‍
"അച്ഛന്റെ മടിയില്‍ നിന്നുണ്ണിയെ, പ്പതിയുടെ
ഹസ്തത്തില്‍നിന്നും പ്രാണതുല്യയാം വധുവിനെ,
അമ്മതന്‍ മാറില്‍നിന്നു കുഞ്ഞിനെ, സ്സതിയുടെ
പുണ്യമാം പുണരലില്‍ നിന്നയ്യോ! കണവനെ
പിടിച്ചു വലിച്ചു ഞാന്‍ മാറ്റവേ, വയ്യേ കാണാന്‍
പിടിച്ചു ചിറകറ്റുവീഴുമാ ദുഖങ്ങളെ!"
"പോവുക", പിതാവോതീ, "ചെയ്യുക നിനക്കായി
ദേവനിര്‍മ്മിതമായൊരീ മഹായത്നം തന്നെ
തന്നു ഞാന്‍ വരം, കാണ്‍ക വേണ്ട നീയുറ്റോര്‍ തന്റെ
കണ്ണുനീര്‍, നിന്‍ നേത്രങ്ങളിനിമേല്‍ കാണില്ലൊന്നും,"
അങ്ങനെ നിത്യാന്ധയായ് മൃതിപോയി പോല്‍ വീണ്ടും
മന്നിലേക്കുയിരിന്റെ കൊയ്ത്തു പാടത്തേക്കായി
പിന്നെയുമൊരു നാളില്‍, പിതൃസന്നിധിയിലാ
ക്കന്യക തപ്പിത്തടഞ്ഞെത്തിനാള്‍ കണ്ണീരോടെ
"ഇനിയും കണ്ണീരെന്തെന്‍ വത്സക്ക് "? "വയ്യേ ഞാനൊ-
ന്നണയുംനേരം പൊങ്ങുമാര്‍ത്തനാദങ്ങള്‍ കേള്‍ക്കാന്‍
ദാരുണമാകും പൊട്ടിക്കരച്ചില്‍, മരിപ്പോര്‍ തന്‍
പേര്‍ ചൊല്ലി വിളിച്ചുച്ചം കേഴുമാ വിളി കേള്‍ക്കാന്‍",
കരുണാ തരംഗിതമായിടും മിഴിയുമായ്
അരുളീ താതന്‍, "കേള്‍ക്കയില്ല നീയിനിയൊന്നും"
അങ്ങനെ ബാധിരയായന്ധയായ് നടപ്പിത-
ക്കന്യക, മുഖം താഴ്ത്തിച്ചെമ്പിച്ച മുടി പാറി
കണ്ണീരും കരച്ചിലും കാണില്ല, കേള്‍ക്കില്ലവള്‍
വന്നു നിശ്ശബ്ദം കൂട്ടിക്കൊണ്ടുപോകുന്നു ദൂരെ.
************
കണ്ണുകളിമയ്ക്കാതെ നെഞ്ഞിടിപ്പറിയാതെ-
യങ്ങു ഞാനൊരു ശിലാരൂപമായ് സ്തംഭിക്കവേ
ഭ്രാന്തമാം മിഴികളില്‍ കണ്ടുവോ? മുത്തശ്ശിതന്‍
ക്ലാന്തമാം നെറ്റിത്തടം പതുക്കെത്തടവിയും
കണ്‍കളെ താലോലിച്ചുകൂമ്പിച്ചും, ഞെട്ടും മാറില്‍
തന്‍ കരമണച്ചുഗ്രമുള്‍ച്ചൂടു തണുപ്പിച്ചും
പതുക്കെപ്പതുക്കവേ തൈലത്തില്‍ കരിന്തിരി
വലിച്ചുകെടുത്തുംപോലത്രമേല്‍ സദയമായി,
ശാന്തമായ്, അവളാകെ വിറക്കുമാപ്പാവത്തിന്‍
താന്തമാം കയ്യുംപേറി തിരിഞ്ഞു നടക്കുന്നു.
അച്ഛന്റെ സവിധത്തിലേക്കാവാം, കണ്‍കാണാതെ
തപ്പിയും തടഞ്ഞുമാക്കന്യക നടക്കുമ്പോള്‍
അക്കരം ഗ്രഹിച്ചല്പം സംഭ്രാന്തഭാവത്തോടു-
മൊപ്പമെന്‍ മുത്തശ്ശിയും നിഴല്‍ പോലകലുന്നൂ...