Monday, September 10, 2012

തിരനോട്ടം

മാതൃഭാഷയില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഇത്രയും താമസിച്ചതെന്ത് എന്ന് ചോദിച്ചാല്‍, അതിനുള്ള ടെക്നോളജി പാകമായിരുന്നില്ല എന്നാണ് ഉത്തരം. പ്രിന്റിംഗ് പ്രസ്സില്‍ അച്ചുനിരത്തുന്നതുപോലെ അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നത് എന്നിലെ മടിയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ട്രാന്‍സ് ലിറ്ററേഷന്‍ കറതീര്‍ത്ത് പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ്, ഗൂഗിള്‍ ട്രാന്‍സ് ലിറ്ററേഷന്റെ  രൂപത്തില്‍ (http://www.google.com/transliterate/malayalam). ഒരിക്കലും തുടങ്ങാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയാണെങ്കിലും..... പതിരില്ലാത്ത ഒരു പഴഞ്ചൊല്ല്, എല്ലാ കുഴിമടിയന്മാരുടെയും ആപ്തവാക്യം!

ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചതോടെ അതിന് ഒരു പേര് കണ്ടുപിടിക്കലായി അടുത്ത തലവേദന. നന്നായി തുടങ്ങിയത് പാതി ചെയ്തുതീര്‍ത്തതുപോലെയാണല്ലോ. ഒരു കുഞ്ഞിനു പേര് കണ്ടുപിടിക്കുന്നതുപോലെ ആശയക്കുഴപ്പം പിടിച്ച ഒരു നടപടി. ബ്ലോഗ്‌ തുടങ്ങാന്‍ വൈകിയതിന്റെ ബുദ്ധിമുട്ട് തുടക്കത്തിലേ വ്യക്തമായി. ഒരു നല്ല പേര് കണ്ടുപിടിക്കുമ്പോഴേക്കും ആ വേദനാജനകമായ സത്യം മനസ്സിലാകും - ഏതോ അലവലാതി ആ പേര് മുമ്പേ എടുത്തുകഴിഞ്ഞുവെന്ന്‌ ! ഭാഗ്യത്തിന്, ശബ്ദതാരാവലി വാങ്ങിയിട്ട് അല്പം നാളുകളേ ആയിരുന്നുള്ളൂ.  അതിലൂടെ ഒരു മുങ്ങാംകുഴി. കുറെയധികം വാക്കുകള്‍ പരിചയപ്പെട്ടു. ലൈംഗികത്തൊഴിലാളിക്ക് ഇത്രയധികം പര്യായങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട് എന്നത് ഒരു പുതിയ അറിവായി. നമ്മുടെ പൂര്‍വികന്മാരുടെ താല്പര്യങ്ങള്‍ എന്തിലൊക്കെയായിരുന്നു എന്ന് ഒരു കൌതുകത്തോടെ ഓര്‍ത്തു. ഒടുവില്‍ പേര് കിട്ടി. സന്ദീപ്ത - 'സന്ദീപനം ചെയ്യപ്പെട്ട' എന്നര്‍ത്ഥം. സന്ദീപനം എന്നുവെച്ചാല്‍ ഉദ്ദീപിപ്പിക്കല്‍, ജ്വലിപ്പിക്കല്‍, (തീ) കൊളുത്തല്‍ എന്നൊക്കെ വ്യാഖ്യാനം.

വളരെ ലളിതമായ ചിന്തകളും വിചാരങ്ങളുമാണ് ഈ ബ്ലോഗില്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്റെ മനസ്സിലെ ചിതറിയ ചിന്തകള്‍ മുഴുവന്‍ കാണിക്കാന്‍ എന്തായാലും പറ്റില്ല - വളരെ വ്യക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെ! ഒരു 20 വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കുകയാണെങ്കില്‍, അന്ന്, ഒരു മഴ പെയ്യുന്ന ദിവസം, തണുത്തുവിറച്ച്, ഭൂതകാലത്തിന്റെ ചാമ്പല്‍കൂന തിരയുമ്പോള്‍, പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഈ വാനരന്റെ മനസ്സിലുണ്ടായിരുന്ന യഥാര്‍ഥചിന്തകളുടെ ചില സൂചനകള്‍ ഈ ബ്ലോഗില്‍നിന്ന് കിട്ടും, കിട്ടണം.

 ഞാന്‍ അത്ഭുതപ്പെടാറുണ്ട്, ഇത്ര അലസനായ ഒരുവന് ജീവിതം അവന്‍ ആഗ്രഹിച്ചതിലുമേറെ വാരിക്കൊടുത്തത് എന്തിനാണെന്ന്! ആഗ്രഹങ്ങള്‍ വളരെ പരിമിതമായിരുന്നു എന്നത് സത്യം. ഒരു കോടീശ്വരന്‍ ആവുക എന്നത് എന്റെ മോഹമായിരുന്നു (ആഗ്രഹമല്ല), പക്ഷെ അതിനുവേണ്ടി ഒരു ഭാഗ്യക്കുറി എടുക്കുന്നതിനപ്പുറം ബുദ്ധിമുട്ടാനും ഞാന്‍ തയ്യാറല്ലായിരുന്നു. നേട്ടങ്ങള്‍ വളരെ ചെറുതാണ്, പക്ഷെ സംതൃപ്തിയാണല്ലോ പ്രധാനം. ജീവിതത്തോട് പരിഭവങ്ങളില്ലാതെ നില്‍ക്കാന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ. ജീവിതം കാലവുമായുള്ള ഒരു ചതുരംഗക്കളിയാണ്. പുനര്‍ജന്മവിശ്വാസമില്ലെങ്കിലും, ആലങ്കാരികമായി പ്രയോഗിച്ചാല്‍ ഇനിയൊരു ജന്മത്തില്‍ ഇപ്പോഴത്തെ പ്രതിരോധത്തിലൂന്നിയ ഡച്ച് ഡിഫെന്‍സിനു പകരം ആക്രമണത്തിന്റെ സിസിലിയന്‍ ഡ്രാഗണ്‍ പരീക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ അന്തിമഫലം ഇപ്പോഴത്തേതുപോലെ, തൃപ്തികരമായ സമനില തന്നെ മതി.

ഇത്രയും സമയം കുത്തിയിരുന്ന് ഇത് വായിച്ച, പേരറിയാത്ത താങ്കള്‍ക്കു നന്ദി. ഈ സമയം പാഴായിപ്പോയി എന്ന് എനിക്കറിയാം. പക്ഷേ, അതുതന്നെയായിരുന്നല്ലോ താങ്കളുടെയും ലക്‌ഷ്യം, അല്ലേ?

No comments:

Post a Comment