Saturday, September 15, 2012

ചില ഹര്‍ത്താല്‍-ദിന ചിന്തകള്‍

മറ്റൊരു ഹര്‍ത്താല്‍ ദിനം. ഡീസലിന് അഞ്ചുരൂപ കൂട്ടിയത് വീട്ടിലിരുന്ന് ആഘോഷിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ ആറുമാസങ്ങളായി അരിയുടെ വില കൂടിയ തോത് നോക്കുകയാണെങ്കില്‍ ഡീസലിന് 25 രൂപയെങ്കിലും കൂടേണ്ടതായിരുന്നു. പക്ഷേ കേരളീയര്‍ക്ക് അരിയേക്കാളും അവശ്യം വേണ്ടത് പെട്രോളും ഡീസലുമാണ്. കുളിച്ചില്ലെങ്കിലും ചിലതൊക്കെ പുരപ്പുറത്ത് തൂക്കണമല്ലോ. എങ്കിലും, ഹര്‍ത്താല്‍ നാളിലെ ബൈക്ക് യാത്ര വളരെ സമാധാനപരമാണ്. മനസ്സില്‍ ഓര്‍മകളുടെ ചലച്ചിത്രങ്ങള്‍ വിസ്താരമയില്‍ പ്രദര്‍ശനം നടത്തുമ്പോഴും അപകടം ഭയക്കാതെ പോകാം. ശരവേഗത്തില്‍ പാഞ്ഞ് ഹര്‍ത്താല്‍ ആഘോഷിക്കുന്ന ബൈക്കുകള്‍, 'മരണം', 'എയര്‍പോര്‍ട്ട്‌', എന്നൊക്കെ ബോര്‍ഡ്‌ വെച്ച് അല്പം ആശങ്കയോടെ നീങ്ങുന്ന കാറുകള്‍, വഴിയരികില്‍ ബോറടിച്ചുനില്‍ക്കുന്ന പോലീസുകാര്‍, സുഖമായി വീട്ടിലിരുന്ന് ആനന്ദിക്കുന്ന മറ്റൊരു കൂട്ടരും. കേരളത്തില്‍ ഹര്‍ത്താല്‍ എന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്.

10 മിനിറ്റ് വൈകി ജോലിസ്ഥലത്തെത്തി. ചെറിയ മഴക്കാറുണ്ട്. വിദൂരതയില്‍ നഗരം ഉണരാന്‍ വൈകുന്നതുപോലെ തോന്നി. പുകമഞ്ഞ്‌ ഒരു പുതപ്പു പോലെ ഉറങ്ങുന്ന നഗരത്തെ പൊതിഞ്ഞുനിന്നു - നേരത്തെ എഴുന്നേല്‍ക്കേണ്ട കാര്യമില്ലല്ലോ, ഇന്നു ഹര്‍ത്താലല്ലേ? നെഹ്‌റു സ്റ്റേഡിയത്തിന്റെ ഫ്ലഡ് ലൈറ്റ് ടവറുകള്‍ മൂടുപടത്തിനിടയിലും ആകാശത്തിലേക്കുയര്‍ന്നുനില്‍ക്കുന്നത് അവ്യക്തമായി കാണാം. അപ്പോഴാണ്‌ ഉള്ളിലെവിടെയോ നിന്ന് ഒരു കൊളുത്തിവലി അനുഭവപ്പെട്ടത്. ഇനിയെന്നെങ്കിലുമൊരിക്കല്‍, ഈ നിമിഷം, 20 വര്‍ഷം മുമ്പ് നടന്നത് എന്ന രീതിയിലെങ്കിലും ഞാന്‍ ഓര്‍മ്മിക്കുമോ? തുറന്ന ജനാലയില്‍ പിടിച്ച് വിഹ്വലതയോടെ ഞാന്‍ നിന്നു. പുലര്‍കാലസ്വപ്‌നങ്ങള്‍ രോമാഞ്ചമണിയിക്കുന്ന നഗരത്തിനുമപ്പുറം കടലില്‍നിന്നു പുറപ്പെട്ട ഒരിളംകാറ്റ് എന്നെ തഴുകി കടന്നുപോയി. കാലം തെറ്റിവന്ന ഒരു ഇടറിയ ഇടിമുഴക്കം ആകാശത്തില്‍ തങ്ങിനിന്നു. കിഴക്കെവിടെയോ മഴ ഭൂമിയെ വീണ്ടും വാരിപ്പുണരാന്‍ തയ്യാറെടുക്കുകയാണ്.

നിറവേറ്റപ്പെടാനുള്ള വാഗ്ദാനങ്ങളെക്കുറിച്ചുള്ള ഫ്രോസ്റ്റിന്റെ വിഖ്യാതമായ കവിതാശകലം പെട്ടെന്നു ഞാന്‍ ഓര്‍ത്തു. തിരികെ നടന്ന് ഇ-മെയില്‍ തുറന്നു.........

മറ്റൊരു നിശൂന്യമായ ദിവസം തുടങ്ങുകയായി......

No comments:

Post a Comment