Sunday, December 29, 2013

ഭാഷാപഠനം 25 വർഷം

ഭാഷാപഠനം 25 വർഷം കൊണ്ട് എങ്ങനെയൊക്കെയാണ് മാറിപ്പോയത്! കഴിഞ്ഞ ദിവസം എട്ടാം ക്ലാസ്സിലെ മകളുടെ ക്രിസ്തുമസ് പരീക്ഷാ ചോദ്യങ്ങൾ മറിച്ചു നോക്കിയപ്പോഴാണ് ആ മാറ്റം ശ്രദ്ധയിൽ പെട്ടത്. അന്നൊക്കെ ഒന്നോ രണ്ടോ പദ്യങ്ങളിലെ പതിനഞ്ചോ ഇരുപതോ വരികൾ കാണാതെ പഠിച്ച് എഴുതാൻ ഒരു ചോദ്യം എന്തായാലും ഉണ്ടാകും. അതിനുവേണ്ടി തയ്യാറെടുക്കുന്നതിന് കുറെ പദ്യങ്ങൾ ഹൃദിസ്ഥമാക്കി പോകാതെ യാതൊരു നിവൃത്തിയുമില്ല.

പക്ഷേ ഇന്നോ? ഒരു മാതൃകാ ചോദ്യം താഴെ. എട്ടാം ക്ലാസ്സിലെ ചോദ്യമാണെന്നു മറക്കരുത്.

ഓണം 1987

ഒരു ചെടിയും നട്ടു വളർത്തീ-
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചീ-
ലോണച്ചോറെങ്ങനെയുണ്ണാൻ?
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാൻ?

ഒരു കഴിനൂൽ പോലും നൂറ്റീ-
ലോണത്തുണിയെങ്ങനെയണിയാൻ?
ഒരു രാഗം മൂളിപ്പഴകീ-
ലോണപ്പാട്ടെങ്ങനെ പാടാൻ?
ഒരു കരളിൻ സ്നേഹം പാകീ-
ലോണക്കളിയെന്തു കളിക്കാൻ?
ഉള്ളത്തിൽ കള്ളക്കർക്കിടകം;
എങ്ങനെ പൊന്നോണം പുലരാൻ?
(എൻ. വി. കൃഷ്ണവാരിയർ)


- ആശയം, ആനുകാലിക പ്രസക്തി, താളഭംഗി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.

ഗംഭീരചോദ്യം തന്നെ. ഇതിന് എന്താണ് ഉത്തരം എഴുതി വെച്ചിരിക്കുന്നതെന്ന് പേപ്പർ കിട്ടിയാലേ അറിയാനാകൂ!

Saturday, December 28, 2013

ബാലിയിലെ ശൌണ്ടികർ

കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് എസ്.കെ.പൊറ്റക്കാടിന്റെ തിയറി. 'ബാലി ദ്വീപ്‌' എന്ന പുസ്തകത്തിൽ നിന്ന്
-------------------------------
കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായൊരു തിയറി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇവർ ഈഴത്തുനാട്ടിൽ നിന്ന് വന്നവരാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. "നമ്മുടെ പണ്ടത്തെ കാരണോന്മാർ ഈഴത്തുനാട്ടീന്ന് വന്നോരാണ്" എന്ന വടക്കൻ പാട്ടിലെ വരികളാണ് ഇതിനാലംബം. ഈഴത്തുനാട് ഉത്തര സിലോണാണെന്നും പറയപ്പെടുന്നു. മലബാറിലെ തീയരും തിരുവിതാംകൂർ-കൊച്ചിയിലെ ഈഴവരും രണ്ടു വർഗക്കാരാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു - ഇവർ രണ്ടു കാലഘട്ടങ്ങളിലായി കേരളത്തിൽ വന്ന് കുടിയേറിപ്പാർത്തവരാണെന്നും വരാം. മലബാറിലെ തീയരോട്, ബാലിയിലെ - പഴയ ജാവാ ഹിന്ദുക്കൾ തങ്ങളുടെ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും അങ്ങനെതന്നെ നിലനിർത്താൻ ബാലിദ്വീപിലാണല്ലോ അഭയം പ്രാപിച്ചത് - ചില താഴ്ന്ന വർഗക്കാർക്ക് അത്ഭുതകരമായ സാദൃശ്യം കാണുന്നുണ്ട്. വിശേഷിച്ചും തീയരുടെ പണ്ടത്തെ പ്രധാന തൊഴിലായ തെങ്ങുചെത്തിന്റെ സമ്പ്രദായത്തിൽ. സിലോണിൽ ഇന്നും തെങ്ങുചെത്തുന്നവർ, തെങ്ങുകളിൽ അന്യോന്യം കെട്ടിയ കമ്പയിലൂടെ പിടിച്ചുതൂങ്ങിക്കൊണ്ടാണ് ചെത്താൻ തെങ്ങിന്റെ കുരലിലെത്തുന്നത്. ഈ കമ്പത്തിൻമേൽ കളി കേരളത്തിലൊരിടത്തും ചെത്തുകാർക്കറിഞ്ഞുകൂടാ. സിലോണിൽ നിന്നു വന്നവരാണെങ്കിൽ ഇക്കൂട്ടർ തങ്ങളുടെ പഴയ തൊഴിൽ സമ്പ്രദായം ഇവിടെയും പ്രകടിപ്പിക്കുമായിരുന്നു.

മലബാറിലെ തീയരുടെ പൂർവികർ ഇന്തോനേഷ്യയിൽ നിന്ന് ഇവിടെ വന്നു കുടിയേറിപ്പാർത്തവരാണോ എന്ന കാര്യം ഒന്നു ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു. ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് ദ്വീപുകളുണ്ട്. അവയിൽ പലതിൽനിന്നും ഇക്കൂട്ടർ സമാനപ്രകൃതിയോടു കൂടിയ ഒരു ഭൂവിഭാഗവും തേടിപ്പുറപ്പെട്ട് കേരളക്കരയിൽ വന്നുപറ്റിയതാവാം - ചിലർ സിലോണിൽ തന്നെ തങ്ങിയിട്ടുമുണ്ടാകാം - അങ്ങനെ സിലോണിൽ തങ്ങിയവരുടെ ചില സന്താനപരമ്പരകൾ കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കിയെന്നു വിചാരിക്കാനും വഴിയുണ്ട്.

നമ്മുടെ ഭാഷയിൽ ശൌണ്ടികൻ എന്നൊരു വാക്കുണ്ട്. കള്ളുചെത്തുന്നവൻ എന്നാണ് നിഘണ്ടുവിൽ ഈ വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥം. ശൌണ്ടികൻ എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് പല സംസ്കൃതപണ്ഡിതൻമാരോടും ഞാൻ അന്വേഷിക്കുകയുണ്ടായി. ഒരാൾക്കും അറിഞ്ഞുകൂടാ. ഇന്തോനേഷ്യയിൽ ശുണ്ടാ എന്നൊരു ദ്വീപുണ്ട്. ഇന്തോനേഷ്യയിൽ ഒരു കോടി ജനങ്ങൾ ശുണ്ടാനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ശുണ്ടാദ്വീപുകാരനാണ് ശൌണ്ടികൻ. തീയരുടെ പഴയ നാട് ശുണ്ടാദ്വീപാണെന്ന് കരുതാൻ ന്യായമില്ലേ?
----------------------------------------------------------------------
 എന്തു ന്യായമാണ് സാറേ, പേരിലുള്ള യാദൃശ്ചികസാമ്യമല്ലാതെ? ചരിത്രവസ്തുതകൾ കണ്ടെത്തേണ്ടത്‌ പുരാവസ്തുഗവേഷണങ്ങളിലും പ്രാചീന സാഹിത്യത്തിലും ശിലാലിഖിതങ്ങളിലുമൊക്കെയാണ്, അല്ലാതെ ടെലിഫോണ്‍ ഡയറക്ടറിയിലല്ല. 'നൈൽ' എന്നും 'നിള' എന്നും ഇംഗ്ലീഷിൽ എഴുതിയാൽ സാമ്യമുണ്ടെന്നു കരുതി പ്രാചീന ഈജിപ്തുകാരും കേരളീയരും തമ്മിൽ ബന്ധമുണ്ടെന്നു വരുമോ?


Thursday, December 12, 2013

ഒരു കുഞ്ഞാടിന്റെ കരച്ചിൽ

ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും അതിനുള്ള മറുപടിയും. വിവാദ പോസ്റ്റ്‌ താഴെ കൊടുക്കുന്നു.
-----------------------------------------
ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താനു ക്രിസ്ത്യന്‍ മിഷ്ണറിമാരോടുള്ള വിരോധത്തിനു കാരണമുണ്ട്. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനുതകുന്ന മഹത്വം ഇസ്ലാം മതത്തിന് ഇല്ലായിരുന്നു. മാത്രവുമല്ല മലബാറിന്, അപ്പുറത്തേക്ക് പട നയിക്കാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസ് സ്വാധീനം ടിപ്പുവിന്നു തടസമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ അസ്തമിച്ചുപോയ അറബികളുടെ കച്ചവടം ടിപ്പുവിനെ ചൊടിപ്പിച്ചു. അറബികള്‍ മുഖേന തുര്‍ക്കിയുടെ സഹായം ടിപ്പുവിനു ലഭിച്ചിരുന്നു..പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പോലെയാകുമായിരുന്നു എന്നതാണ്, സത്യം!

ഇന്ത്യയുടെ വടക്കുഭാഗം മുകളന്മാരും തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.

ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു
എന്നതു വിസ്മരിക്കരുത്. 
-------------------------------------
ഇനി മറുപടി.....
മതവിശ്വാസത്തിനുവേണ്ട അടിസ്ഥാനഘടകങ്ങളിലൊന്ന് ചരിത്രത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ? 'വേൾഡ് ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി'യുടെ പേരിലിറങ്ങിയ ഈ പോസ്റ്റ്‌ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഇതു കണ്ട സ്ഥിതിക്ക് മറുപടി പറയാതെ പോകാനും കഴിയുന്നില്ല.

കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം കൊണ്ടാണ് ടിപ്പുവിന് കേരളം പിടിച്ചടക്കാൻ കഴിയാതിരുന്നത് എന്നു പറയുന്നുണ്ട്. കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം 1663-ൽ തന്നെ ഡച്ചുകാർ ഇല്ലായ്മ ചെയ്തിരുന്നു എന്ന് ഒരു പക്ഷേ ഇത് എഴുതിയ ആൾക്ക് അറിയില്ലായിരിക്കാം. 1750-ൽ ജനിച്ച് 1799-ൽ മരിച്ച ടിപ്പുവിന് 1663-ൽ ഇല്ലാതായ കൊച്ചിയിലെ പോർച്ചുഗീസുകാർ എങ്ങനെയാണ് തടസമാകുന്നത്? ഇനി, ഡച്ചുകാരെയാണോ ലേഖകൻ ഉദ്ദേശിച്ചത്? പക്ഷേ അതും ശരിയാവില്ല. 1741-ലെ കുളച്ചൽ യുദ്ധത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ ഡച്ചുകാരുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞിരുന്നല്ലോ. ടിപ്പുവിന്റെ ആക്രമണം ബ്രിട്ടീഷുകാർക്ക് കൊച്ചിയിൽ പിടിമുറുക്കാനാണ് സഹായകമായത്.

ഇനി തുർക്കികളുടെ കാര്യം. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ധാർമികസഹായം ടിപ്പുവിന് ഉണ്ടായിരുന്നിരിക്കണം. പക്ഷേ 'യൂറോപ്പിലെ രോഗി' എന്ന വിശേഷണം നേടിക്കഴിഞ്ഞിരുന്ന തുർക്കിക്ക് ഇന്ത്യയിൽ ഇടപെടാൻ സാധിക്കുമായിരുന്നില്ല. ടിപ്പു സഹായം തേടിയതും സൗഹൃദം സ്ഥാപിച്ചതും ഫ്രാൻസിനോടാണ് - ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ. ഫ്രഞ്ച് ആയുധങ്ങൾ സ്വീകരിക്കാൻ പടിഞ്ഞാറൻ തീരത്ത് ഒരു തുറമുഖം വേണം എന്ന ആഗ്രഹമാണ് കേരളത്തെ ആക്രമിക്കാൻ മൈസൂരിനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നെപ്പോളിയൻ ചക്രവർത്തി 1798-ൽ ഈജിപ്റ്റ്‌ ആക്രമിച്ചപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് ടിപ്പുവായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ നെപ്പോളിയനെ ഈജിപ്തിൽ നിന്നുതന്നെ തുരത്തി. ടിപ്പു ഇതിനു മുതിർന്നത് ദേശാഭിമാനം കൊണ്ടായിരുന്നു എന്നൊന്നും ധരിക്കരുത്. സ്വന്തം കസേര നിലനിർത്താൻ ഭരണാധികാരികൾ ഇന്നത്തെപ്പോലെ തന്നെ അന്നും ഏതറ്റം വരെയും പോകും എന്നുമാത്രമാണ് ഇതിലെ ഗുണപാഠം. മതം അതിനു സഹായമാവുമെങ്കിൽ നല്ലത്, അത്രതന്നെ.

പോർച്ചുഗീസുകാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥാൻ ആകുമായിരുന്നു എന്നാണ് വേറൊരു കണ്ടുപിടിത്തം. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. 1000 വർഷം നീണ്ട ഇസ്ലാമിക ഭരണത്തിനുശേഷം ഇവിടെയുള്ളത് 13% മുസ്ലീങ്ങളാണ്. എന്നാൽ വെറും 300 വർഷം നീണ്ട പോർച്ചുഗീസ് ഭരണത്തിനുശേഷം ഗോവയിൽ ഉള്ളത് 34% ക്രിസ്ത്യാനികളാണ്. മതവെറിയുടെ കാര്യത്തിൽ ആരും ആരുടേയും പിന്നിലല്ല എന്നല്ലേ ഇതു കാണിക്കുന്നത്? പറങ്കികൾ ഭരിച്ച ബ്രസീലിൽ ദുഃഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴിയിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികൾ കണ്ടാൽ താലിബാൻ അതിലും ഭേദമാണെന്നുതന്നെ തോന്നും. പോർച്ചുഗീസുകാർ ഭരിച്ചിരുന്നെങ്കിൽ ഹൈന്ദവർ മതം മാറുന്നതിനു മുൻപുതന്നെ അവർ ഓർത്തഡോക്സ് മുതലായ സഭാവിഭാഗങ്ങളെ കത്തോലിക്കരായി മാറ്റുമായിരുന്നു എന്നതാണ് സത്യം.

ക്രൈസ്തവർ ബലമായി മതം മാറ്റിയിരുന്നെങ്കിൽ 121 കോടിയും കൃസ്ത്യാനികളാകുമായിരുന്നു എന്ന് വീണ്ടും അദ്ദേഹം പറയുന്നു. ക്രൈസ്തവർ എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത് കത്തോലിക്കാ പോർച്ചുഗീസുകാരെയും പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷുകാരെയുമായിരിക്കാം. അവർ ശ്രമിച്ചുനോക്കാഞ്ഞിട്ടാണോ? മതവിശ്വാസത്തിൽ നിന്ന് തിരികൊളുത്തിയ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽനിന്നു പഠിച്ച തിക്തമായ പാഠങ്ങളല്ലേ ബ്രിട്ടീഷുകാരെ മതപരമായ കാര്യങ്ങളിൽ ഇടപെടുകയില്ല എന്നു പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്? ഒരു ഓർത്തഡോക്സ് വിശ്വാസി പോർച്ചുഗീസുകാർക്ക് ഓശാന പാടുന്ന വിചിത്രമായ സംഗതിയാണ് നമ്മളിവിടെ കാണുന്നത്. പറങ്കികളുടെ അന്ധമായ കത്തോലിക്കാവല്ക്കരണത്തിൽ ശ്വാസം മുട്ടിയത് ഹൈന്ദവരേക്കാളുപരി ഭാരതത്തിലെ പ്രാചീന ക്രൈസ്തവസഭകളാണ്. സിറിയയിൽ നിന്നുവന്ന മാർ അഹതള്ള എന്ന മെത്രാപ്പോലീത്തയെ 1652-ൽ കഴുത്തിൽ കല്ലുകെട്ടി കൊച്ചിക്കായലിൽ മുക്കിത്താഴ്ത്തിയത് ആരാണ്? ആ സംഭവമല്ലേ അതിനടുത്ത വർഷം കൂനൻകുരിശുസത്യത്തിലേക്ക് നയിച്ച അവസാന വൈക്കോൽത്തുരുമ്പ്?

ലേഖനത്തിലെ ധിക്കാരപരമായ മറ്റു പരാമർശങ്ങൾ സ്വന്തം വിശ്വാസത്തിനുവേണ്ടിയുള്ള ഒരു കുഞ്ഞാടിന്റെ നിലവിളിയായി കരുതിയാൽ മതി. ക്രൈസ്തവരെ പരിവർത്തനം ചെയ്യാനുള്ള മഹത്വം ഇസ്ലാമിനില്ല എന്നൊക്കെ അദ്ദേഹം എഴുതുന്നുണ്ട്. ഇസ്ലാമിനോ ഹിന്ദുമതത്തിനോ ജൂതമതത്തിനോ ഇല്ലാത്ത എന്തു മഹത്വമാണ് ക്രിസ്തുമതത്തിന് ഉള്ളത് എന്നു ചോദിക്കുന്നത് നിലവാരമില്ലായ്മ ആകുമെന്നതുകൊണ്ട് അതിന് നമ്മൾ മുതിരേണ്ട. പക്ഷേ ഒരു കാര്യത്തിൽ നാം സംശയിക്കണം - ബ്രിട്ടീഷുകാരോ പറങ്കികളോ ഇന്നും ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇത്തരം 'ഐഡിയ'കളുമായി നടക്കുന്നവർ ആരെയാണ് പിന്തുണക്കുമായിരുന്നത് എന്നതിൽ!


ആദരപൂർവ്വം...

ക്ഷണികമായ ജീവിതം എന്നൊക്കെ പറയുന്നത് എത്ര വാസ്തവമാണ്! ഇന്നു വരാമെന്നുപറഞ്ഞു പോയ ശിവദാസൻ ഇന്നലെ വൈകുന്നേരം മരിച്ചുപോകുമെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ?

നാലുമാസമേ ആയിട്ടുള്ളൂ ശ്രീ ശിവദാസനെ പരിചയപ്പെട്ടിട്ട്. മിതമായ പെരുമാറ്റവും സത്യസന്ധതയും ഇടകലർന്ന സ്വഭാവം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കോണ്‍ട്രാക്ടർമാരുടെയിടയിൽ കുലീനനായ ഒരാൾ. അദ്ദേഹം നിശ്ചയിച്ചിരുന്ന നിരക്കുകളിൽ നിന്ന് വളരെ കുറച്ച് മറ്റാരെങ്കിലും ജോലി ഏറ്റെടുത്താൽ അവർക്ക് അത് എങ്ങനെ മുതലാകുമെന്ന് ചിന്തിച്ചുകൊണ്ട് മുൻനിരയിലെ പല്ലുകളില്ലാത്ത മോണ കാണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിരി കണ്ടിട്ടുള്ളവർക്ക് മറക്കാനാവില്ല.

ഇന്നലെ രാവിലെ അദ്ദേഹം മുറിയിലേക്ക് വന്നു, അത്യാവശ്യമായി വിളിക്കേണ്ടിയിരുന്ന ഒരു ജോലിയുടെ നോട്ടീസ് ആയിട്ടുണ്ടോ എന്നന്വേഷിച്ചുകൊണ്ട്. നാളത്തേക്കേ ആകൂ എന്നു പറഞ്ഞപ്പോൾ തന്റെ സ്വതസിദ്ധമായ 'മില്ല്യൻ ഡോളർ' ചിരി ചിരിച്ചുകൊണ്ട് 'എന്നാൽ ഞാൻ നാളെ വരാം' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പോയി - ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്രയിലേക്ക്. വൈകുന്നേരം ഇരുമ്പനത്ത് ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കേ ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം ആശുപത്രിയിലെത്തുംമുൻപേ അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.

താമരയിലയിലെ വെള്ളം പോലെ ക്ഷണികമാണ് ജീവിതം എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? അത് ഇത്ര കൃത്യമായി മനസ്സിലാക്കിയ സന്ദർഭം മുൻപുണ്ടായിട്ടില്ല.

ശിവദാസന് ആദരാഞ്ജലികളോടെ....