ടിപ്പു സുല്‍ത്താനു ക്രിസ്ത്യന്‍ മിഷ്ണറിമാരോടുള്ള വിരോധത്തിനു കാരണമുണ്ട്. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനുതകുന്ന മഹത്വം ഇസ്ലാം മതത്തിന് ഇല്ലായിരുന്നു. മാത്രവുമല്ല മലബാറിന്, അപ്പുറത്തേക്ക് പട നയിക്കാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസ് സ്വാധീനം ടിപ്പുവിന്നു തടസമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ അസ്തമിച്ചുപോയ അറബികളുടെ കച്ചവടം ടിപ്പുവിനെ ചൊടിപ്പിച്ചു. അറബികള്‍ മുഖേന തുര്‍ക്കിയുടെ സഹായം ടിപ്പുവിനു ലഭിച്ചിരുന്നു..പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പോലെയാകുമായിരുന്നു എന്നതാണ്, സത്യം!
ഇന്ത്യയുടെ വടക്കുഭാഗം മുകളന്മാരും തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.
ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു
ഇന്ത്യയുടെ വടക്കുഭാഗം മുകളന്മാരും തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.
ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു
ഇനി മറുപടി.....
മതവിശ്വാസത്തിനുവേണ്ട അടിസ്ഥാനഘടകങ്ങളിലൊന്ന് ചരിത്രത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ? 'വേൾഡ് ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി'യുടെ പേരിലിറങ്ങിയ ഈ പോസ്റ്റ് കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഇതു കണ്ട സ്ഥിതിക്ക് മറുപടി പറയാതെ പോകാനും കഴിയുന്നില്ല.
കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം കൊണ്ടാണ് ടിപ്പുവിന് കേരളം പിടിച്ചടക്കാൻ കഴിയാതിരുന്നത് എന്നു പറയുന്നുണ്ട്. കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം 1663-ൽ തന്നെ ഡച്ചുകാർ ഇല്ലായ്മ ചെയ്തിരുന്നു എന്ന് ഒരു പക്ഷേ ഇത് എഴുതിയ ആൾക്ക് അറിയില്ലായിരിക്കാം. 1750-ൽ ജനിച്ച് 1799-ൽ മരിച്ച ടിപ്പുവിന് 1663-ൽ ഇല്ലാതായ കൊച്ചിയിലെ പോർച്ചുഗീസുകാർ എങ്ങനെയാണ് തടസമാകുന്നത്? ഇനി, ഡച്ചുകാരെയാണോ ലേഖകൻ ഉദ്ദേശിച്ചത്? പക്ഷേ അതും ശരിയാവില്ല. 1741-ലെ കുളച്ചൽ യുദ്ധത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ ഡച്ചുകാരുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞിരുന്നല്ലോ. ടിപ്പുവിന്റെ ആക്രമണം ബ്രിട്ടീഷുകാർക്ക് കൊച്ചിയിൽ പിടിമുറുക്കാനാണ് സഹായകമായത്.
ഇനി തുർക്കികളുടെ കാര്യം. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ധാർമികസഹായം ടിപ്പുവിന് ഉണ്ടായിരുന്നിരിക്കണം. പക്ഷേ 'യൂറോപ്പിലെ രോഗി' എന്ന വിശേഷണം നേടിക്കഴിഞ്ഞിരുന്ന തുർക്കിക്ക് ഇന്ത്യയിൽ ഇടപെടാൻ സാധിക്കുമായിരുന്നില്ല. ടിപ്പു സഹായം തേടിയതും സൗഹൃദം സ്ഥാപിച്ചതും ഫ്രാൻസിനോടാണ് - ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ. ഫ്രഞ്ച് ആയുധങ്ങൾ സ്വീകരിക്കാൻ പടിഞ്ഞാറൻ തീരത്ത് ഒരു തുറമുഖം വേണം എന്ന ആഗ്രഹമാണ് കേരളത്തെ ആക്രമിക്കാൻ മൈസൂരിനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നെപ്പോളിയൻ ചക്രവർത്തി 1798-ൽ ഈജിപ്റ്റ് ആക്രമിച്ചപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് ടിപ്പുവായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ നെപ്പോളിയനെ ഈജിപ്തിൽ നിന്നുതന്നെ തുരത്തി. ടിപ്പു ഇതിനു മുതിർന്നത് ദേശാഭിമാനം കൊണ്ടായിരുന്നു എന്നൊന്നും ധരിക്കരുത്. സ്വന്തം കസേര നിലനിർത്താൻ ഭരണാധികാരികൾ ഇന്നത്തെപ്പോലെ തന്നെ അന്നും ഏതറ്റം വരെയും പോകും എന്നുമാത്രമാണ് ഇതിലെ ഗുണപാഠം. മതം അതിനു സഹായമാവുമെങ്കിൽ നല്ലത്, അത്രതന്നെ.
പോർച്ചുഗീസുകാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥാൻ ആകുമായിരുന്നു എന്നാണ് വേറൊരു കണ്ടുപിടിത്തം. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. 1000 വർഷം നീണ്ട ഇസ്ലാമിക ഭരണത്തിനുശേഷം ഇവിടെയുള്ളത് 13% മുസ്ലീങ്ങളാണ്. എന്നാൽ വെറും 300 വർഷം നീണ്ട പോർച്ചുഗീസ് ഭരണത്തിനുശേഷം ഗോവയിൽ ഉള്ളത് 34% ക്രിസ്ത്യാനികളാണ്. മതവെറിയുടെ കാര്യത്തിൽ ആരും ആരുടേയും പിന്നിലല്ല എന്നല്ലേ ഇതു കാണിക്കുന്നത്? പറങ്കികൾ ഭരിച്ച ബ്രസീലിൽ ദുഃഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴിയിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികൾ കണ്ടാൽ താലിബാൻ അതിലും ഭേദമാണെന്നുതന്നെ തോന്നും. പോർച്ചുഗീസുകാർ ഭരിച്ചിരുന്നെങ്കിൽ ഹൈന്ദവർ മതം മാറുന്നതിനു മുൻപുതന്നെ അവർ ഓർത്തഡോക്സ് മുതലായ സഭാവിഭാഗങ്ങളെ കത്തോലിക്കരായി മാറ്റുമായിരുന്നു എന്നതാണ് സത്യം.
ക്രൈസ്തവർ ബലമായി മതം മാറ്റിയിരുന്നെങ്കിൽ 121 കോടിയും കൃസ്ത്യാനികളാകുമായിരുന്നു എന്ന് വീണ്ടും അദ്ദേഹം പറയുന്നു. ക്രൈസ്തവർ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് കത്തോലിക്കാ പോർച്ചുഗീസുകാരെയും പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷുകാരെയുമായിരിക്കാം. അവർ ശ്രമിച്ചുനോക്കാഞ്ഞിട്ടാണോ? മതവിശ്വാസത്തിൽ നിന്ന് തിരികൊളുത്തിയ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽനിന്നു പഠിച്ച തിക്തമായ പാഠങ്ങളല്ലേ ബ്രിട്ടീഷുകാരെ മതപരമായ കാര്യങ്ങളിൽ ഇടപെടുകയില്ല എന്നു പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്? ഒരു ഓർത്തഡോക്സ് വിശ്വാസി പോർച്ചുഗീസുകാർക്ക് ഓശാന പാടുന്ന വിചിത്രമായ സംഗതിയാണ് നമ്മളിവിടെ കാണുന്നത്. പറങ്കികളുടെ അന്ധമായ കത്തോലിക്കാവല്ക്കരണത്തിൽ ശ്വാസം മുട്ടിയത് ഹൈന്ദവരേക്കാളുപരി ഭാരതത്തിലെ പ്രാചീന ക്രൈസ്തവസഭകളാണ്. സിറിയയിൽ നിന്നുവന്ന മാർ അഹതള്ള എന്ന മെത്രാപ്പോലീത്തയെ 1652-ൽ കഴുത്തിൽ കല്ലുകെട്ടി കൊച്ചിക്കായലിൽ മുക്കിത്താഴ്ത്തിയത് ആരാണ്? ആ സംഭവമല്ലേ അതിനടുത്ത വർഷം കൂനൻകുരിശുസത്യത്തിലേക്ക് നയിച്ച അവസാന വൈക്കോൽത്തുരുമ്പ്?
ലേഖനത്തിലെ ധിക്കാരപരമായ മറ്റു പരാമർശങ്ങൾ സ്വന്തം വിശ്വാസത്തിനുവേണ്ടിയുള്ള ഒരു കുഞ്ഞാടിന്റെ നിലവിളിയായി കരുതിയാൽ മതി. ക്രൈസ്തവരെ പരിവർത്തനം ചെയ്യാനുള്ള മഹത്വം ഇസ്ലാമിനില്ല എന്നൊക്കെ അദ്ദേഹം എഴുതുന്നുണ്ട്. ഇസ്ലാമിനോ ഹിന്ദുമതത്തിനോ ജൂതമതത്തിനോ ഇല്ലാത്ത എന്തു മഹത്വമാണ് ക്രിസ്തുമതത്തിന് ഉള്ളത് എന്നു ചോദിക്കുന്നത് നിലവാരമില്ലായ്മ ആകുമെന്നതുകൊണ്ട് അതിന് നമ്മൾ മുതിരേണ്ട. പക്ഷേ ഒരു കാര്യത്തിൽ നാം സംശയിക്കണം - ബ്രിട്ടീഷുകാരോ പറങ്കികളോ ഇന്നും ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇത്തരം 'ഐഡിയ'കളുമായി നടക്കുന്നവർ ആരെയാണ് പിന്തുണക്കുമായിരുന്നത് എന്നതിൽ!
No comments:
Post a Comment