കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയത്തിന് ഓശാന പാടുന്നവർ കയ്യടക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം മുഴുവനായി വായിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. വസ്തുനിഷ്ഠമായ വിശകലനമോ, സത്യസന്ധമായ കാര്യകഥനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പുസ്തകം പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നല്ല പ്രകടനപത്രികയാണ്. മാർക്സിസ്റ്റ് ഭരണകാലത്ത് കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായ ഗ്രന്ഥകാരൻ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ പുറത്തിറക്കിയ പുസ്തകമായിരിക്കണം ഇത്. മാത്രവുമല്ല, ആ സർവകലാശാലയുടെ ചരിത്ര ബിരുദകോഴ്സിന്റെ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി ഇതിനെ തിരുകിക്കയറ്റുകയും ചെയ്തിട്ടുണ്ട്. അനന്തരഘട്ടത്തിൽ വർഗീയകലാപമായി തരംതാണുപോയി എങ്കിലും 1921-ലെ മലബാർ ലഹള ഒരു കാർഷിക സംഘട്ടനത്തിന്റെ തോരണങ്ങൾ പേറിയിരുന്നു എന്ന വസ്തുത നിഷേധിക്കാവതല്ല. പക്ഷേ അതൊന്നും ഡോ.കുറുപ്പിനെ ബാധിക്കുന്ന കാര്യമേയല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ മാത്രമേ ഗ്രന്ഥകാരന്റെ ചുവന്ന കണ്ണടയിലൂടെ തെളിഞ്ഞു കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഡോ.കുറുപ്പിന് നേരം വെളുക്കുന്നത് 1941-ലെ കയ്യൂർ സമരത്തോടുകൂടി മാത്രമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ കാര്യകാരണങ്ങൾ എത്ര നിസ്സാരവും പരിഹാസ്യവുമാണെന്നത് ചരിത്രാന്വേഷികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അദ്ദേഹം തന്നെ പറയുന്നത് ശ്രദ്ധിക്കുക... "1941 മാർച്ച് 28ന് കയ്യൂരിൽ ഒരു പ്രതിഷേധപ്രകടനം സംഘടിപ്പിക്കപ്പെട്ടു. മുൻപ് ലാത്തിച്ചാർജിൽ പങ്കെടുത്ത ഒരു പോലീസുകാരൻ ജാഥയുടെ മുന്നിൽ വന്നുപെട്ടപ്പോൾ ജനങ്ങൾ അയാളെ ഭീഷണിപ്പെടുത്തുകയും അയാൾ പുഴയിൽ ചാടുവാൻ നിർബന്ധിതനാവുകയും ചെയ്തു. അതയാളുടെ അന്ത്യമായിക്കലാശിച്ചു." (പേജ് 15). നിരായുധനായ ഒരാളെ സംഘം ചേർന്ന് ഓടിച്ച് പുഴയിൽ ചാടിക്കുന്നതാണ് വിപ്ലവം! രണ്ടാം ലോകയുദ്ധത്തിനനുകൂലമായും പ്രതികൂലമായും ഗ്രന്ഥകാരൻ പ്രതികരിക്കുന്ന കൗതുകകരമായ കാഴ്ചയും നമുക്കു കാണാനാവുന്നു. "തികച്ചും അന്യായമായ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുവാനാണ് ഇടതുപക്ഷം നിലകൊണ്ടത്" (പേജ് 11). തുടർന്ന് സർക്കാർ പാർട്ടിയെ നിരോധിക്കുകയും പാർട്ടി ഒളിവിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ 1942 ജൂലൈ 6ന് നിരോധനാജ്ഞ പിൻവലിച്ചത് ലേഖകൻ കുറിക്കുന്നുണ്ട്. അപ്പോൾ ഇതിനിടയിൽ എന്താണു സംഭവിച്ചത്? ഇന്ത്യൻ രാഷ്ട്രീയത്തിലെ നാണംകെട്ട വിദേശ സൈദ്ധാന്തിക അടിമത്തത്തിന്റെ കഥയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഹിറ്റലറും സ്റ്റാലിനും സഖ്യം പ്രഖ്യാപിച്ചാണ് ലോകയുദ്ധം തുടങ്ങുന്നത്. സ്റ്റാലിനും റഷ്യൻ കമ്യൂണിസ്റ്റുകളും ഹിറ്റലറുടെ കൂടെയാകുമ്പോൾ ബ്രിട്ടൻ അവർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് ദഹിക്കില്ലല്ലോ. പക്ഷേ 1942ൽ ഹിറ്റലർ ഏകപക്ഷീയമായി സഖ്യം നിരാകരിച്ചുകൊണ്ട് റഷ്യയെ കടന്നാക്രമിച്ചപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ബ്രിട്ടനെ അനുകൂലിക്കാൻ തുടങ്ങി. അതിന്റെ ഉപകാരസ്മരണയിലാണ് സർക്കാർ നിരോധനാജ്ഞ പിൻവലിച്ചത്.
1946ന്റെ തുടക്കത്തിൽ സ്വാതന്ത്ര്യം അടുത്തെത്തിയെന്ന് ബോധ്യമായപ്പോൾ, കമ്യൂണിസ്റ്റു പാർട്ടി തീവ്രമായ സായുധസമരത്തിലേക്ക് നീങ്ങാനാണ് പരിശ്രമിച്ചത്. പുതുതായി നിലവിൽ വരുന്ന ഒരു ഭരണകൂടത്തിന് കാലുറപ്പിക്കാനാവുന്നതിനു മുമ്പുതന്നെ സായുധസമരം നയിച്ച് അധികാരം പിടിച്ചെടുക്കുകയെന്ന സാർവദേശീയ കമ്യൂണിസ്റ്റുതന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്. ഓരോ പ്രദേശത്തും അവിടെ നിലനിന്നിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ സംഘടിപ്പിച്ചിരുന്ന പ്രക്ഷോഭങ്ങളുടെ അന്തിമലക്ഷ്യം തോക്കിൻകുഴലിലൂടെ അധികാരം നേടുക എന്നതുതന്നെയായിരുന്നു. കരിവെള്ളൂർ സമരം നടന്നത് ആ പ്രദേശത്തുനിന്ന് അനധികൃതമായി നെല്ലു കൊണ്ടുപോകുന്നതിനെതിരേയും, കാവുമ്പായി സമരം തരിശുഭൂമി കൃഷി ചെയ്യാൻ അനുവദിക്കുന്നതിനു വേണ്ടിയും ആയിരുന്നു. കുറുമ്പ്രനാട്ടിലെ സമരങ്ങളാകട്ടെ ജാതീയമായ ഉച്ചനീച്ചത്വങ്ങൾക്കെതിരായും! ലക്ഷ്യത്തിനോട് ആത്മാർഥതയില്ലാതിരുന്നതുകൊണ്ട് എല്ലാം പരാജയപ്പെട്ടു എന്നത് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
നേരത്തേ പ്രസ്താവിച്ചതുപോലെ ഒരു പാർട്ടി ലഘുലേഖ എന്നതിൽ കവിഞ്ഞ യാതൊരു ചരിത്രമൂല്യവും ഈ പുസ്തകത്തിനില്ല. അണികളെ ആവേശം കൊള്ളിക്കാനെന്നവണ്ണം ഓരോ സമരത്തിലും പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങൾ പോലും ലേഖകൻ അക്കമിട്ടു നിരത്തുന്നുണ്ട്. ഉറച്ച ഒരു പാർട്ടി അനുഭാവിക്കുമാത്രം താല്പര്യം തോന്നിയേക്കാവുന്ന നിരർത്ഥകമായ പുസ്തകമാകുന്നു ഇത്.
ഐ.എസ്.ബി.എൻ 9788182646377