വളരെ പണ്ടാണ് 'ഖസാക്കിന്റെ ഇതിഹാസം' ആദ്യമായി വായിക്കുന്നത്. ആഖ്യാനത്തിന്റെ സത്ത ഉൾക്കൊള്ളാൻ അന്ന് കഴിയാതെപോയി. ഏറെ വാഴ്ത്തപ്പെട്ട പുസ്തകത്തിന്റെ യഥാർത്ഥമൂല്യമെന്തെന്നു മനസ്സിലാക്കാൻ 2002-ൽ പുസ്തകം വാങ്ങി വീണ്ടും വായിച്ചു. തീക്ഷ്ണവും വന്യവുമായ വികാരങ്ങളെ സംയമനത്തിന്റെ കടിഞ്ഞാണില്ലാതെ അഴിച്ചുവിട്ടുകൊണ്ടുള്ള ആവിഷ്കരണം എന്നു തോന്നിപ്പിച്ചു. അപ്പോഴും ഒരു ചെറിയ നോവലെന്നോ, അല്ല കുറെ കഥകളുടെ സമാഹാരമെന്നു സാദൃശ്യം ജനിപ്പിക്കുന്ന 'ഇതിഹാസ'ത്തിന്റെ സവിശേഷത എന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് വളരെ ജാഗ്രതയോടെയാണ് ഇത്തവണ മൂന്നാം വായനയ്ക്കിറങ്ങിപ്പുറപ്പെട്ടത്. നിയമനിർമാണ സഭകളിൽ മൂന്നാം വായന വളരെ പ്രധാനമാണ്. അതിനുശേഷം പ്രമേയം വോട്ടിനിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാം.
രണ്ടു കാര്യങ്ങളിൽ ഇത്തവണ ആദ്യമേ മനസ്സിരുത്തി. ഒന്ന്, ഇത് വളരെ ഉത്തമമായ ഒരു ഗ്രന്ഥമാണെന്ന ചിന്ത മനസ്സിലുറപ്പിക്കുക, വിവേചനബുദ്ധി പ്രകടിപ്പിക്കാതെ ഇതിൽ കാണുന്നതെല്ലാം നല്ലതെന്ന തോന്നൽ സ്വയം ജനിപ്പിക്കുക. രണ്ട്, വളരെ വലിയ ചില ആൽമരങ്ങൾ കുറേക്കഴിയുമ്പോൾ താഴേക്കു വളരുന്നതുപോലെ, ജനപ്രിയസാഹിത്യകാരന്മാർ അവരുടെ സ്വന്തം മൂല്യങ്ങൾക്കല്ലാതെ സമൂഹത്തിന്റെ സദാചാരസംഹിതകൾക്ക് വഴിപ്പെടേണ്ടവരാണെന്ന ധാരണ ഉപേക്ഷിക്കുക. ചുരുക്കിപ്പറഞ്ഞാൽ വിവേചനബുദ്ധിയും നാട്ടുനടപ്പും - ഇതുരണ്ടും ചവുട്ടിക്കൂട്ടിപരണത്തിട്ടിട്ടുവേണം ഇതു വായിക്കാൻ എന്നർത്ഥം.
എന്നാലും വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഇത്തവണ നാലാളുകൂടുന്നിടത്ത് ഖസാക്കിന്റെ ഇതിഹാസം അത്യുത്തമം എന്നു പറഞ്ഞിട്ടുതന്നെ കാര്യം എന്ന ഏകലക്ഷ്യത്തോടെ വായന തുടങ്ങി. രവിയുടെ കൂമൻകാവിലെ ബസ്സിറങ്ങൽ മനോജ്ഞമായി. പുസ്തകം വായിച്ചുതീർന്നപ്പൊഴും ആദ്യഖണ്ഡികയുടെ സുഭഗതയെ വെല്ലുവിളിക്കുന്നവ ഏറെയൊന്നും ഉണ്ടായിരുന്നില്ല. വിജയന്റെ രംഗവർണന എത്ര ഉദാത്തമാണ്! ചിതലിമലയുടെ വന്യമായ രഹസ്യങ്ങളിലോ ഖസാക്കിലെ കരിമ്പനകളിൽ കാറ്റുപിടിക്കുന്നതിന്റെ ഗൃഹാതുരതയിലോ ആരാണ് മയങ്ങിപ്പോകാത്തത്? ഏതൊരു മലയാളിയുടേയും ഹൃദയത്തിന്റെ അടിത്തട്ടിൽ മയങ്ങിക്കിടക്കുന്ന ഒരു പ്രാക്തനഗ്രാമത്തിന്റെ ചിത്രമുണ്ട്. ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവല്കൃതലോകത്തിൽ പുലർന്നാലും അവൻ കൈമോശം വരാതെ സൂക്ഷിക്കുന്ന ഒന്ന്. വിജയന്റെ ഏറ്റവും വലിയ നേട്ടം ഈ നിഗൂഢസങ്കല്പത്തിന് തന്റെ കാൻവാസിൽ നിറം മങ്ങാത്ത വാഗ് രൂപം നല്കാനായി എന്നതാണ്. തന്റെ മനസ്സിന്റെ ഉള്ളറകളിൽ താൻ പോലുമറിയാതെ മയങ്ങിക്കിടന്ന ചില ചോദനകൾ മൂർത്തരൂപത്തിൽ മറ്റൊരാൾ ആവിഷ്കരിച്ചതുകാണുമ്പോഴുള്ള ആഹ്ലാദഹർഷത്തോടെ കേരളം 'ഇതിഹാസത്തെ' വാരിപ്പുണർന്നു, തണ്ടിലേറ്റി, സിംഹാസനത്തിൽ പ്രതിഷ്ഠിചു.
എന്നാൽ, ഇതിനുമപ്പുറം ഇതിലെ കഥാപാത്രങ്ങൾ ആത്മാവിൽ എത്ര ദരിദ്രരാണ്! എത്ര ദുർബലമാണിതിലെ കഥാതന്തു! സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന്, അഗമ്യാഗമനത്തിന്റെ പാപബോധവും പേറി വീടുവിട്ടിറങ്ങി, പ്രോജ്വലമായ കരിയർ വാഗ്ദാനങ്ങളെ കാറ്റിൽ പറത്തി, പരീക്ഷയുടെ തലേന്ന് കോളജ് വിട്ടിറങ്ങി, ദേശാടനത്തിൽ ഏർപ്പെടുന്ന രവി എങ്ങനെയാണ് നമ്മുടെ ആദരം പിടിച്ചുപറ്റുന്നത്? ഖസാക്കിലെ നിരവധി കഥാപാത്രവർണനകളെ ചേർത്തുനിർത്തുന്ന പേപ്പർ ക്ലിപ് മാത്രമാണ് രവി. ഒരധ്യാപകൻ പുറമേക്കെങ്കിലും പാലിക്കേണ്ട ചില നിഷ്ഠകൾ പോലും തട്ടിത്തെറിപ്പിച്ച് ഖസാക്കിൽ ഇണകളെത്തേടി പാഞ്ഞുനടക്കുന്ന നായകകഥാപാത്രം യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല. ഇയാൾക്ക് എന്തിന്റെ അസ്ക്യതയാണെന്ന് വായനക്കാർക്ക് സംശയം തോന്നാം. 'ഇതിഹാസത്തിലെ' ഓട കവിഞ്ഞൊഴുകുന്ന ലൈംഗികഅരാജകത്വത്തെ ഞാൻ പരാമർശിക്കുന്നതേയില്ല. കാരണവർക്ക് എന്തുമാകാമല്ലോ!
ഇങ്ങിനി വരാത്തവണ്ണം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോയ ഒരു പ്രാചീന ഗ്രാമത്തിന്റെ ഉള്ളുലയിക്കുന്ന ഒരു രേഖാചിത്രമെന്നതൊഴിച്ചാൽ 'ഇതിഹാസ'ത്തിൽ ഒന്നുംതന്നെ കണ്ടെത്താനായില്ല.

No comments:
Post a Comment