ജന്മം മുതൽ അന്ത്യം വരെ വിവിധ രൂപത്തിലും ഭാവത്തിലുമായി നിരവധി വിശ്വാസങ്ങൾ കോർത്തിണക്കിയ ഒരു മാലയാണ് മനുഷ്യജീവിതം. ഇവയിൽ കുറെയൊക്കെ യുക്തിസഹവും മറ്റു ചിലത് തികച്ചും അബദ്ധവുമായേക്കും. നൂറു ശതമാനവും യുക്തിബദ്ധമായ വിശ്വാസങ്ങളോടുകൂടിയ ഒരു വ്യക്തിയും ഭൂമുഖത്തുണ്ടാവുകയില്ല. അതുപോലെതന്നെ പൂർണമായും അന്ധവിശ്വാസങ്ങൾ മാത്രമുള്ളയാളും. ഏതൊരു യുക്തിവാദിയുടെ മനസ്സിലും അവൻപോലുമറിയാതെ ചില യുക്തിരഹിതവിശ്വാസങ്ങൾ മറഞ്ഞുകിടന്നു എന്നു വരാം. അപ്പോൾ നമ്മുടെ ധാരണകൾക്ക് സത്യത്തിന്റെ അടിത്തറയുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും? അവയുടെ മാറ്റുരച്ചുനോക്കാനുള്ള ഒന്നാന്തരം ഉരകല്ലാണ് ശ്രീ. പി. ടി. തോമസിന്റെ ഈ പുസ്തകം. ജ്യോതിഷം ഒരു കപടശാസ്ത്രമാണെന്നും തങ്ങൾ അതുമായി നടക്കുന്നത് വയറ്റുപ്പിഴപ്പിനുള്ള മാർഗമായിട്ടാണെന്നും ഒരുപക്ഷേ അതിന്റെ പ്രയോക്താക്കൾ തന്നെ രഹസ്യമായി സമ്മതിച്ചേക്കാം. എന്നാൽ പാമ്പുകളേയും പാമ്പിൻവിഷത്തേയും കുറിച്ചുള്ള ചില നാടൻ വിശ്വാസങ്ങൾ, ചൂണ്ടുമർമം, സൂര്യഗ്രഹണം, മദ്യപാനത്തിൽ നിന്ന് മനോരോഗത്തിലേക്കുള്ള തകർച്ചയുടെ യാത്ര, മുതലായവ സത്യമോ മിഥ്യയോ എന്ന് പണ്ഡിതന്മാർക്കുപോലും സംശയം തോന്നിയേക്കാം. ഇരുപത് അധ്യായങ്ങളിലായി, നർമത്തിന്റെ മേമ്പൊടിയോടുകൂടി കാര്യങ്ങൾ വിശദീകരിക്കുന്ന ഈ പുസ്തകം അതിനെല്ലാം ഉത്തരം നല്കുന്നു - തികച്ചും വിശ്വസനീയമായ രീതിയിൽ. നാക്കുവടിക്കൽ ആവശ്യമില്ലാത്ത ഒരു ക്രിയയാണെന്ന് ചിലപ്പോൾ ഭൗതികവാദികൾ പോലും സമ്മതിച്ചുതരില്ല. എന്നാൽ വ്യക്തമായ വാദങ്ങളോടെ ഗ്രന്ഥകാരൻ ഇരുളടഞ്ഞ മറ്റൊരു ഇടവഴിയിൽകൂടി ഒരു കൈത്തിരി കത്തിക്കുന്നു.
അധ്യാപകനും വിദ്യാഭ്യാസവകുപ്പിൽ ഉന്നത ഉദ്യോഗവും ഭരിച്ച് വിരമിച്ച പി. ടി. തോമസ് കോട്ടയം സ്വദേശിയാണ്. ശാസ്ത്രസംബന്ധിയായ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഹുകാലം നോക്കി ഉപഗ്രഹങ്ങൾപോലും വിക്ഷേപിക്കുന്ന നാട്ടിൽ ഇത്തരത്തിലുള്ള അനേകം പുസ്തകങ്ങൾക്ക് കാലികപ്രസക്തിയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവ് പ്രസിദ്ധീകരിക്കുന്ന സമയം മുൻകൂട്ടി കണക്കാക്കി, ആ സമയം ഗുരുവായൂർ അമ്പലത്തിലേക്ക് യാത്ര പോയി, ക്ഷേത്രത്തിനകത്തുവെച്ച് ആ വാർത്ത 'ആദ്യമായി' ശ്രവിച്ച ഒരു ബഹിരാകാശ 'ശാസ്ത്രജ്ഞൻ' നമ്മുടെ സംസ്ഥാനത്തുതന്നെയുണ്ടായിരുന്നു. അന്ധവിശ്വാസികളായ ഈ പരിഷകൾ ശാസ്ത്രസംഘടനകൾ കയ്യാളുന്ന ഈ നാട്ടിൽ ശാസ്ത്രബോധം എങ്ങനെ ഉടലെടുക്കാനാണ്? 'ദൈവം ഉണ്ട്' എന്ന പരസ്യവാചകവുമായി ഒരു ചന്ദനത്തിരിക്കാരൻ കച്ചവടം വർധിപ്പിക്കാൻ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ 'ദൈവം ഇല്ല' എന്നു പറഞ്ഞ് ഒരു പരസ്യം വന്നാലോ? മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞ് അത് തടയുക മാത്രമല്ല, അതിനുപിന്നിൽ പ്രവർത്തിച്ചവന്റെ കുടുംബവും കുളം തോണ്ടിയെന്നു വരും. വർത്തമാനകാലത്തിൽ ഏറ്റവും പ്രസക്തമായ ഈ പുസ്തകം സർക്കാർ ചെലവിൽ എല്ലാ ഭാരതീയഭാഷകളിലേക്കും പരിഭാഷപ്പെടുത്തി കുറഞ്ഞ ചെലവിൽ വിതരണം ചെയ്യേണ്ടതാണ്. ഭാവിതലമുറയോടു ചെയ്യുന്ന ഒരു നിസ്തുലസേവനമായിരിക്കും അത്!

No comments:
Post a Comment