
'മനുഷ്യന് ഒരു ആമുഖം' എന്ന ക്ലാസിക് കൃതിയുടെ കർത്താവിന് എങ്ങനെ ഇത്ര തരം താഴാൻ കഴിയും എന്നു നമ്മൾ ആശ്ചര്യത്തോടെയും വേദനയോടെയും ഓർക്കുന്നത് തല്പം വായിച്ചു മടക്കിവെക്കുമ്പോഴാണ്. സൃഷ്ടിയുടെ ഉർവരത വറ്റുമ്പോൾ കഥാകാരന്മാർ ലൈംഗികതയുടെ ചെളിക്കുണ്ടിൽ കിടന്നിഴയും. പുതിയതൊന്നും പറയാനില്ലാതെ വരുമ്പോൾ ഒരിക്കലും നിറം മങ്ങാത്ത ആ പഴയ വിഷയം തന്നെ ശരണം.പ്രത്യേകിച്ചും ഒരു പീഡനക്കേസെങ്കിലും ദിനവും പത്രത്തിൽ കണ്ടില്ലെങ്കിൽ അന്നൊരു മൂഡുമില്ലാതാകുന്ന ശരാശരി പന്നമലയാളിയെ കണ്ടിട്ടുതന്നെയാണ് ഈ കഥാസമാഹാരത്തിന്റെ (അതോ ചീമുട്ടകളുടെയോ?) പടപ്പ് നടത്തിയിട്ടുള്ളത്. അന്ന് കുറിയേടത്ത് താത്രി മുതൽ ഇന്ന് സരിതാ നായർ വരെയുള്ളവരുടെ സ്വയം സ്മാർത്തവിചാരത്തിന്റെ പൊടിപ്പൻ വർണനകൾ വായിച്ച് അന്നന്നേത്തെക്കുള്ളതിന് വകയൊപ്പിക്കുന്ന നപുംസകങ്ങൾക്ക് ഒന്നും കിട്ടാതെ വരുമ്പോൾ വായിച്ചു രസിക്കാൻ പറ്റിയവയാണ് 'തല്പ'ത്തിലെ കഥകൾ.
ഇത് ചുമ്മാ പറയുന്നതല്ല. ആകെ മൂന്നേ മൂന്ന് കഥകൾ മാത്രം ഉൾകൊള്ളുന്ന ഈ പുസ്തകത്തിലെ കഥകളിലെ പ്രമേയം എന്തൊക്കെയാണ്?
കഥ 1, സതിസാമ്രാജ്യം: നീലച്ചിത്രങ്ങളിൽ കാണുന്ന ലൈംഗികവൈകൃതങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒരു ഭർത്താവ്
കഥ 2, തല്പം: ഒരു കൊച്ചുകുട്ടിയെ പീഡിപ്പിക്കുന്ന പെഡോഫീലിയക്കാരനായ ഡോക്ടറും അതിലേക്കു നയിക്കുന്ന സംഭവങ്ങളുടെ വിവരണങ്ങളും
കഥ 3, ഗുപ്തം - ഒരു തിരക്കഥ: നീലച്ചിത്രങ്ങൾ കാണുന്ന സ്കൂൾകുട്ടികളും പെഡോഫീലിയക്കാരനായ അവരുടെ അധ്യാപകനച്ചനും
ഈ പുസ്തകത്തെ ദുർഗന്ധം വമിക്കുന്ന ഒരു മാലിന്യക്കൂമ്പാരം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഈ പറഞ്ഞതൊക്കെ കഥകളിലെ പാർശ്വപരാമർശങ്ങൾ മാത്രമാണെന്നും കഥാതന്തു വേറെയില്ലേ എന്നും ചോദ്യമുണ്ടായേക്കാം. കഥ 3-ൽ ഇത് ഭാഗികമായി ശരിയുമാണ്. പക്ഷേ അതൊക്കെ 'ക്ലബ് സോഡ' എന്ന പരാമർശത്തിൽ ഒളിഞ്ഞിരിക്കുന്ന മദ്യത്തിന്റെ പരസ്യം പോലെ വളരെ നനുത്ത മുഖപടവുമായി നില്ക്കുന്ന വഞ്ചന തന്നെയല്ലേ? അതു വായനക്കാർക്കുമറിയാം. അതുകൊണ്ടല്ലേ ഇത്തരം ചവറുകളൊക്കെ ചൂടപ്പം പോലെ വിറ്റുപോകുന്നത്!
എസ്. ശാരദക്കുട്ടിയുടെ നിരൂപണം ഒരു ബോണസ് പോലെ ചേർത്തിട്ടുണ്ട്. അതു വലിയ തമാശയുമായി. ഇപ്പോഴത്തെ നിരൂപകരുടെ പണി എന്തെളുപ്പമാണ്! സമയം കിട്ടുമ്പോൾ വായിൽ തോന്നുന്നതൊക്കെ എഴുതിവെക്കുക, എന്നിട്ട് പുസ്തകത്തിന്റെയും ഗ്രന്ഥകാരന്റെയും പേരിന്റെ ഭാഗം വരുമ്പോൾ ശൂന്യമായി വിടുക, എപ്പോഴെങ്കിലും പ്രസാധകർ ഒരു നിരൂപണം വേണമെന്നാവശ്യപ്പെടുമ്പോൾ ഫ്രീസറിൽ നിന്നെടുത്ത് വേണ്ടഭാഗങ്ങളിൽ പേരുകൾ പൂരിപ്പിച്ച്, ഓവനിൽ ഒന്നു ചൂടാക്കി സ്വാദോടെ നേരെ വിളമ്പുക. ഇത് നിരൂപണമാണോ? വാൾട്ടർ ബെന്യാമിൻ, ജെ.ഡി.ഡാലിംഗർ, റീറ്റ ബ്രൌണ്‍ എന്നിവരെ പാകത്തിന് പൊടിച്ചു ചേർക്കുന്നുമുണ്ട്.
മുൻപേ പറഞ്ഞതുപോലെ, 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതി ഇതിഹാസസമാനമായ ഒരു പരിശ്രമമായിരുന്നു. ഗ്രന്ഥകാരന്റെ സർഗപ്രതിഭയുടെ നാമ്പും അതോടെ കരിഞ്ഞുപോയി എന്നു തോന്നുന്നു. സുഭാഷ് ചന്ദ്രനോട് ഒരൊറ്റ അഭ്യർത്ഥനയേ എനിക്കു നടത്തുവാനുള്ളൂ. 'ആമുഖം' എഴുതിയ പേന കൊണ്ട് ദയവായി ഇത്തരം മാലിന്യങ്ങൾ ഇനിയും വഴിവക്കിൽ കൊണ്ടുവന്നിടരുത്. ജ്ഞാനപ്പാനയും ഭരണിപ്പാട്ടും ഒരേ നാവിൽനിന്നു കേൾക്കുന്നത് അത്ര സുഖകരമല്ലല്ലോ.
തല്പം - ശത്രുക്കൾക്കുപോലും ശുപാർശ ചെയ്യാനാവാത്ത പുസ്തകം.
No comments:
Post a Comment