Saturday, April 25, 2015

തോലൻ - ഒരു തർജമ

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സരസകവിയായിരുന്നു തോലൻ. സംസ്കൃതം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അനുവാദമില്ലാതിരുന്ന ഗുരുകുലത്തിൽ ദാസിയായ ചക്കി പത്തായത്തിൽ അരി മോഷ്ടിക്കാൻ കയറുന്നതു കണ്ട തോലന് പക്ഷേ അത് സംസ്കൃതത്തിൽ എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നു. ഉപ്പുമാവിന് 'salt mango tree' എന്നു പറയാവുന്നതുപോലെ, 'പനസി ദശായാം പാശി' എന്നു കാച്ചി. പനസം എന്നാൽ സംസ്കൃതത്തിൽ ചക്ക, അപ്പോൾ പനസി എന്നാൽ ചക്കി. ദശം എന്നാൽ പത്ത്, അതുകൊണ്ട് ദശായാം എന്നാൽ പത്തായം എന്നു വരുന്നു. പാശം എന്നാൽ കയർ, അതിനാൽ പാശി = കയറി. ഈ തോലനെക്കുറിച്ച് മലയാളം വിക്കിയിലുള്ള പരാമർശമാണ് താഴെ.







ഈ ഭാഗം ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുന്നതിനുള്ള സൗകര്യവും സൈറ്റിൽ ഉണ്ട്. അങ്ങനെ കൊടുത്തപ്പോൾ കിട്ടിയ വിവരം താഴെ.
 






നിങ്ങൾ തന്നെ പറയൂ, ഇതു കണ്ടാൽ തോലൻ പോലും ചിരിച്ചു മണ്ണുകപ്പുകയില്ലേ?

Monday, April 20, 2015

കൈനോട്ടം സത്യമായ കഥ

കൈനോട്ടം ജ്യോതിഷം പോലെയുള്ള ഒരന്ധവിശ്വാസം തന്നെയാണെങ്കിലും അത് ഒരല്പം പഠിക്കുന്നതു നല്ലതാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. സഹപാഠികളുടെയും സഹപ്രവർത്തകരുടേയും മുന്നിൽ ഷൈൻ ചെയ്യാൻ സാധിക്കുമെന്നു മാത്രമല്ല, ചില വാതിലുകൾ തുറപ്പിക്കാൻ പര്യാപ്തമായ 'ഓപ്പണ്‍ സിസേം' മന്ത്രവുമാണത്. പൊതുവെ അന്ധവിശ്വാസികൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് വിദ്യ പ്രയോഗിക്കാനാവാതെ ഇരിക്കേണ്ടിയും വരില്ല. ഇതെല്ലാം കൊണ്ടുതന്നെ കോളേജ് ദിനങ്ങളിലൊന്നിൽ ഞാനും കൈനോട്ടം പഠിക്കാമെന്നു വെച്ചു. ആ വർഷത്തെ ആലുവാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വ്യാപാരമേളയിൽ നിന്ന് 'ഹസ്തരേഖാശാസ്ത്രം' എന്ന പുസ്തകം വാങ്ങി. ഏതാനും ദിവസങ്ങൾ കൊണ്ട് കുറച്ചൊക്കെ ഹൃദിസ്ഥമാക്കി. ജ്യോതിഷത്തിനോട് സാദൃശ്യം തോന്നിപ്പിക്കാനായി ഇതിലും ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം, എന്നിങ്ങനെയുള്ള സംജ്ഞകളുണ്ട്. അല്പം വായിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. പലയിടങ്ങളിലും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കാണുന്നു. എന്റെ സ്വന്തം കൈ തന്നെ പരീക്ഷണവസ്തുവാക്കി നോക്കുമ്പോൾ ചന്ദ്രമണ്ഡലത്തിൽ ഒരു രേഖ വരുന്നതുകൊണ്ടുള്ള ഫലം നോക്കിക്കഴിഞ്ഞിട്ട്, സൂര്യമണ്ഡലത്തിലെ മറ്റൊരു രേഖാഫലം പരിശോധിക്കുമ്പോൾ നേരത്തേ കണ്ടതിന്റെ നേർവിപരീതമായിരിക്കും കാണുന്നത്. നിർഭാഗ്യവശാൽ രണ്ടു രേഖകളും എന്റെ കയ്യിൽ ഉണ്ടുതാനും! എന്തു ചെയ്യും? അപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായി. ഈ എഴുതിവെച്ചിരിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മനോധർമം പോലെ ഫലം പറയുന്നതായിരിക്കും ഉചിതം എന്നു ബോധ്യപ്പെട്ടു. ഒരാളുടെ കൈ തന്നെ രണ്ടുപ്രാവശ്യം നോക്കി ഫലം പറയരുതെന്നും മനസ്സിലുറപ്പിച്ചു. കാരണം, എന്തൊക്കെയാണ് പറഞ്ഞതെന്ന് നാം മറന്നുപോകുമെങ്കിലും നോക്കപ്പെടുന്നയാൾ അതു മറക്കാൻ സാധ്യതയില്ല. അതുകൊണ്ട് പരസ്പരവിരുദ്ധമായ പ്രസ്താവങ്ങൾ നടത്തിയാൽ കള്ളി അപ്പോഴേ പൊളിയും.

പുതിയ വിദ്യ കോളേജിൽ ഉടൻതന്നെ അവതരിപ്പിച്ചു. നല്ലതോതിൽ തന്നെ ആളുകൾ കൈ നോക്കിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. പലരും കൗതുകത്തോടെയും തമാശയായിട്ടുമാണ് ഈ സാഹസത്തിനു മുതിർന്നത്. പ്രവചനം എല്ലാവർക്കും രസിക്കുന്ന രൂപത്തിലായിരുന്നതുകൊണ്ട് നല്ല നേരമ്പോക്കായി. കോളേജ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രണയം, ജോലി, വിവാഹം എന്നീ കാര്യങ്ങളേ അവർക്കറിയേണ്ടതുള്ളൂ. പ്രവചനം നടത്തുന്നത് സതീർഥ്യരുടെ അടുത്തുതന്നെ ആകുമ്പോൾ പ്രണയകാര്യങ്ങളിൽ അവരുടെ പുരോഗതിയെക്കുറിച്ച് നമുക്ക് മുൻപേ തന്നെ സാമാന്യമായ അറിവുണ്ടെന്നു മറക്കരുത്. അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു സുഹൃത്ത്, അല്പം ഗൗരവക്കാരനായ ഒരാൾ, കൈ കാണിച്ചത്. ഇദ്ദേഹത്തിന് പ്രണയബന്ധമൊന്നുമില്ലെന്ന് എനിക്കറിയാവുന്നതുകൊണ്ട് ആ വകുപ്പിൽ പ്രവചനത്തിനു സ്കോപ്പില്ല. പിന്നെയെന്തു പറയുമെന്ന് ആലോചിച്ചപ്പോഴാണ് പെട്ടെന്ന് ഒരു ബുദ്ധി തോന്നിയത്. "സമൂഹത്തിന്റെ സമ്മർദം മൂലം ഭൂസ്വത്ത് നഷ്ടപ്പെടുമെന്ന്"ചുമ്മാ ഒരു കാച്ചു കാച്ചി. എന്നാൽ അതു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖഭാവം അപ്പാടെ മാറി. അത്ഭുതപരതന്ത്രനായ സുഹൃത്ത് ഞാൻ എന്തു മറിമായം ഉപയോഗിച്ചാണ് ഇതറിഞ്ഞതെന്നായി. "നിങ്ങളുടെ രേഖയിൽ അതുണ്ടെന്ന്" ഞാൻ വിജയീഭാവത്തിൽ പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോൾ തങ്ങൾ മുൻപു താമസിച്ചിരുന്ന സ്ഥലത്തെ നാട്ടുകാർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ബലമായി കയ്യേറി വഴിവെട്ടിയതുകൊണ്ടാണ് അവിടെനിന്ന് താമസം മാറി പുതിയ സ്ഥലത്ത് വീടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ രഹസ്യം ഞാനറിഞ്ഞതെങ്ങനെയെന്നുള്ള ആശ്ചര്യം ഉടനെയെങ്ങും അദ്ദേഹത്തെ വിട്ടുപോയില്ല.ഞാൻ പറയുന്നത് 'അച്ചട്ടാ'ണെന്ന് പലയിടത്തും പ്രച്ചരിപ്പിച്ചതുകൊണ്ട് കുറെ കൈകൾ കൂടി മുന്നിലെത്തി. പക്ഷേ പിന്നീടുള്ള പ്രവചനങ്ങളൊന്നും പച്ചതൊട്ടില്ല. ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകാറില്ലല്ലോ.

പ്രസിദ്ധ ഹാസ്യസാഹിത്യകാരനായ സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം' എന്ന കഥ ഇവിടെ സ്മരണീയമാണ്. തൊഴിലില്ലാത്ത രണ്ടു യുവാക്കൾ മാന്ത്രിക രുദ്രാക്ഷം എന്ന പേരിൽ സാധാരണ രുദ്രാക്ഷമണികൾ വിറ്റ് അതിസമ്പന്നരാകുന്നതാണ് ഇതിവൃത്തം. പലപ്പോഴും അവർ തങ്ങളുടെ തന്ത്രത്തിൽ മണ്ടന്മാരായ ജനങ്ങൾ വീഴുന്നതോർത്ത് ചിരിക്കാറുണ്ടായിരുന്നു. എന്നാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടിയപ്പോൾ പക്ഷേ ആ രുദ്രാക്ഷത്തിൽ എന്തെങ്കിലും മാന്ത്രികവിദ്യയുണ്ടോ എന്ന് അവർക്കുതന്നെ സംശയം ജനിക്കുന്നതായിട്ടാണ് സഞ്ജയൻ കഥ അവസാനിപ്പിച്ചിരിക്കുന്നത്. കയ്യിലെന്തെങ്കിലും ഉണ്ടാകുമ്പോഴാണല്ലോ ഓരോരുത്തർ അന്ധവിശ്വാസത്തിലേക്ക് തിരിയുന്നത്! ഒരുപക്ഷേ രണ്ടോ മൂന്നോ പ്രവചനങ്ങൾ കൂടി ശരിയായിരുന്നെങ്കിൽ എന്തോ പ്രത്യേകകഴിവ് എന്നിലുണ്ടെന്ന് ഞാൻ കരുതുമായിരുന്നുവോ? തീർച്ചയില്ല. എന്തായാലും പ്രവചനങ്ങളുടെ സാമാന്യസ്വഭാവം ഈ ഉദാഹരണത്തിൽ നിന്ന് വെളിവാകുന്നുണ്ട്‌. ഒരു അന്ധവിശ്വാസിയുടെ മുഖത്തുനോക്കി പത്തു സംഭവങ്ങൾ പ്രവചിച്ചാൽ അതിൽ കേവലം ഒരെണ്ണം മാത്രം ശരിയായാൽ പോലും അതുമാത്രമേ അയാൾ ഓർക്കൂ. കൂട്ടത്തിലുള്ള 99 ആടുകളെയും വെടിഞ്ഞ് കാണാതെ പോയ ആടിനെ തേടിനടന്ന ഇടയനെപ്പോലെ ശരിയായ ഒരൊറ്റ കാര്യം മാത്രം മതി, പ്രവാചകന്റെ ശിരോരേഖ തെളിയാൻ.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. ഞാൻ നടത്തിയ പ്രവചനം തെറ്റാണെന്നു തെളിയിക്കാനാവാത്തവിധം അവ്യക്തത നിറഞ്ഞതാണെന്ന് എന്റെ സുഹൃത്ത് കണ്ടുപിടിച്ചില്ല. പൊതുജനസമ്മർദം മൂലം ഭൂമി നഷ്ടപ്പെടുമെന്നു പറഞ്ഞത് ഭാവിയിലേക്കുള്ള പ്രവചനമായിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒരു കൊച്ചു അന്ധവിശ്വാസിയായിരുന്ന അയാൾ അത് സംഭവിച്ചുകഴിഞ്ഞ ഒരു കാര്യവുമായി ബന്ധപ്പെടുത്തി. ഇനി അങ്ങനെയൊന്ന് നടന്നിട്ടിലെങ്കിൽ കൂടി, വരുംകാലത്തെപ്പോഴെങ്കിലും നടക്കാനിടയുള്ളതാണെന്നു പറഞ്ഞ് എനിക്ക് സുഖമായി തടിതപ്പാനും സാധിക്കുമായിരുന്നു. ഇതു തന്നെയാണ് ജ്യോതിഷികളുടെയും പ്രൊഫഷണൽ കൈനോട്ടക്കാരുടെയും ലൈൻ. അവ്യക്തമായി എന്തെങ്കിലുമൊക്കെ തട്ടിവിട്ടാൽ അത് യഥാവിധി ചേരുംപടി ചേർക്കൽ അന്ധവിശ്വാസിയായ കക്ഷി തന്നെ ചെയ്തുകൊള്ളും. കാര്യമായിട്ടൊന്നും വിട്ടുപറയാതെ എല്ലാം അറിയുന്ന ഭാവത്തിൽ ഒരു പുഞ്ചിരിയും തുന്നിപ്പിടിപ്പിച്ച് ഇരുന്നു കൊടുത്താൽ മതി. അല്പം വിനയം കൂടി പ്രകടിപ്പിക്കാമെങ്കിൽ ആളുകൾ നിങ്ങളെ തലയിലേറ്റി നടക്കും.

സി. രവിചന്ദ്രന്റെ 'പകിട 13 - ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന ഉത്തമമായ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നതാണ് കൈനോട്ടം സത്യമായിത്തീർന്ന പണ്ടത്തെ ഈ സംഭവം.

Sunday, April 19, 2015

പതിനെട്ടു പുരാണങ്ങൾ

ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'പതിനെട്ടു പുരാണങ്ങൾ' എന്ന ഗ്രന്ഥശേഖരം അത്യന്തം ആകാംക്ഷയോടെ പ്രീ-പബ്ളിക്കേഷൻ വ്യവസ്ഥയിൽ ബുക്ക്‌ ചെയ്ത് മാസങ്ങൾക്കുശേഷം പുസ്തകങ്ങൾ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ നിരാശയിൽ നിന്ന് ഉടലെടുത്ത ഒരു പോസ്റ്റ്‌!

മലയാള പ്രസാധനരംഗത്തെ നാഴികക്കല്ലാകേണ്ടിയിരുന്ന ഒരു മഹാസംഭവമാണ് ഡി.സി.ബുക്സ് പുറത്തിറക്കിയ 'പതിനെട്ടു പുരാണങ്ങൾ'. ഇദംപ്രഥമമായ ഈ സംരഭം തികഞ്ഞ മാനേജ്‌മന്റ്‌ വൈഭവത്തോടെ പ്രസാധകർ കൈകാര്യം ചെയ്തു. 18 പുസ്തകങ്ങളായി, 18011 പേജുകളിൽ പടം നിവർത്തിയ പുരാണകഥകൾക്ക് പ്രസാധകർ 10,000 രൂപയാണ് വിലയിട്ടത്, പ്രീ-പബ്ളിക്കേഷനിൽ 4999 രൂപയും. മുഴുവൻ തുകയും ഒന്നിച്ചടച്ചു ബുക്കു ചെയ്യുന്നവർക്ക് 500 രൂപയുടെ പുസ്തകങ്ങൾ സൗജന്യവും. എല്ലാത്തരത്തിലും വായനക്കാർക്ക് മെച്ചം മാത്രം.

നാലുമാസത്തെ കാത്തിരിപ്പിനുശേഷം 2014 നവംബർ ആദ്യവാരത്തിൽ പുസ്തകവിതരണം തുടങ്ങിയപ്പോഴാണ് ഉപഭോക്താക്കൾ ഞെട്ടിപ്പോയത്. തീർത്തും കനം കുറഞ്ഞ, ടോയലറ്റ് ടിഷ്യൂ പേപ്പർ പോലെ തോന്നിപ്പിക്കുന്ന കടലാസിൽ, മറുപുറത്തെ പ്രിന്റ്‌ കൂടി കാണത്തക്ക വിധത്തിലാണ് കെട്ടും മട്ടും. ഫുട്പാത്തിൽ വെച്ചു വില്ക്കുന്ന വ്യാജന്മാർ പോലും പ്രിന്റിൽ ഇതിനേക്കാൾ മെച്ചമായിരിക്കും.

ചരിത്രത്തിലാദ്യമായി, ഡി.സി.ബുക്സിന്റെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെട്ടു എന്നു തോന്നി.

ഒരല്പം വേദനയും.

ഭാരതീയസാഹിത്യ പ്രസാധനരംഗത്ത് തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു മഹാസംഭവം ഇതുപോലൊരു നനഞ്ഞ പടക്കമായി മാറിപ്പോയതിൽ.

നമോവാകം, രവി. ഡീ.സി.

Wednesday, April 15, 2015

പകിട 13

അന്ധവിശ്വാസങ്ങൾ സമസ്ത അതിർവരമ്പുകളേയും അതിലംഘിച്ചുകൊണ്ട് കേരളീയജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു 'ദശാസന്ധി'യിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്യോതിഷം നാൾപ്പൊരുത്തം മാത്രം നോക്കിക്കൊണ്ടിരുന്ന കാലത്തിൽനിന്ന് നാം വളരെയേറെ പിന്നോട്ടുപോയിരിക്കുന്നു. പാപസാമ്യം, എന്തിനും ഏതിനും മുഹൂർത്തങ്ങൾ, ചൊവ്വാദോഷം എന്നിവയൊക്കെ വിശ്വാസികളെ ഒരരുക്കാക്കിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന അന്ധവിശ്വാസങ്ങളാണ് വാസ്തുവും നാഡീജ്യോതിഷവും. പണ്ട് ഒരു കുട്ടി ജനിച്ചാലോ, ഒരു കല്യാണം നടത്താനോ മാത്രം ജ്യോത്സ്യനെ സമീപിച്ചാൽ മതിയായിരുന്നെങ്കിൽ ഇന്ന് ഒരു വർഷത്തിൽ തന്നെ പലതവണ 'വിദഗ്ധ'ഉപദേശം സ്വീകരിക്കേണ്ടി വരുന്നു. എന്തുകൊണ്ടിങ്ങനെ? ജ്യോതിഷത്തിന്റെ മണ്ടത്തരങ്ങൾ എത്രമാത്രം വ്യക്തമാക്കിയാലും വിശ്വാസികൾ വീണ്ടും ജ്യോതിഷിയെ തേടിപ്പോകുന്നത് എന്തുകൊണ്ടാണ്? ശ്രീ. രവിചന്ദ്രന്റെ 'പകിട 13' എന്ന പുസ്തകം ഇതിനെല്ലാമുള്ള വിശദീകരണം ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്.

"ജ്യോത്സ്യൻ പറയുന്നതെല്ലാം തെറ്റാവുകയാണെങ്കിൽ സ്വബോധമുള്ള ആരും അയാളെ തേടിപ്പോവുകയില്ല. അപ്പോൾ പ്രവചനങ്ങളിൽ ചിലതെങ്കിലും ശരിയായി കുറേപ്പേർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെന്നു തീർച്ച. ഇതിനെക്കുറിച്ച് നിങ്ങൾക്കെന്തു പറയാനുണ്ട്?" എന്നാണ് ജ്യോതിഷവക്താക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം. കുറെപ്പേരെങ്കിലും ഇതിലെ പരമാർത്ഥം തിരിച്ചറിയാതെ കുഴങ്ങിപ്പോവുകയും ചെയ്യും. രവിചന്ദ്രന്റെ പുസ്തകം ഇതിനെല്ലാമുള്ള ഉത്തരങ്ങൾ നല്കുന്നുണ്ട്. പണി അറിയാവുന്ന ഒരു ജ്യോതിഷിയും കൃത്യതയുള്ള പ്രവചനം നടത്തുകയില്ല എന്നതാണ് അതിൽ ആദ്യത്തേത്. ഇന്ന ദിവസം, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത്, ഇന്നത്‌ നടക്കും എന്ന് ഒരു പ്രവചനത്തിലും കണ്ടെത്താനാവുകയില്ല. പകരം വളച്ചും തിരിച്ചുമൊക്കെ രണ്ടുതരത്തിലും വ്യാഖ്യാനിക്കാവുന്ന, 'ബർനം പ്രസ്താവങ്ങൾ' എന്ന വകുപ്പിൽ പെടുന്ന കുറെ സാധ്യതകൾ മാത്രമേ അവർ പറയൂ. നേട്ടവും കോട്ടവും ഉൾപ്പെടുത്തി കുറെ സാധ്യതകൾ പറയുമ്പോൾ അതിൽ ചിലതൊക്കെ ശരിയാവുന്നത് സംഭാവ്യതയുടെ കണക്കുകൾ അനുസരിച്ചു മാത്രമാണ്. വിശ്വാസി പക്ഷേ ഫലിക്കുന്നതുമാത്രം ഓർമവെയ്ക്കുകയും ചീറ്റിപ്പോയത് മറന്നുകളയുകയും ചെയ്യും. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജാതകഫലങ്ങൾ ആർക്കുവേണമെങ്കിലും തങ്ങളുടേതാണെന്നു തോന്നിപ്പിക്കുന്നവയാണ്.അങ്ങനെയുള്ള പ്രവചനങ്ങളാണ് 'അച്ചട്ടായി' വിശ്വാസിക്കു തോന്നുന്നത്.

ജ്യോതിഷം ഉൾപ്പെടെ പുരാതനമായി ലഭിച്ച എന്തും നമുക്ക് 'ശാസ്ത്ര'മാണ്. എന്നാൽ ഇത് ആധുനിക ശാസ്ത്രവുമായി (science) തെറ്റിദ്ധരിക്കരുതെന്ന് രവിചന്ദ്രൻ നമുക്കു മുന്നറിയിപ്പു തരുന്നു. ഗുരുവോ, മറ്റേതെങ്കിലും അധികാരകേന്ദ്രത്തിൽ നിന്നോ 'ശാസിക്കപ്പെട്ടത്' എന്ന അർത്ഥം മാത്രമേ ഈ 'ശാസ്ത്ര'ത്തിനുള്ളൂ. യഥാർത്ഥത്തിൽ അധികാരകേന്ദ്രങ്ങളുടെ സാധുതയില്ലാത്ത ശാസനങ്ങൾ നിരാകരിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നത്. റോയൽ സൊസൈറ്റിയുടെ nullius in verba (ആരുടേയും വാക്കിൽ നിന്നല്ല, on nobody's words) എന്ന പ്രോക്തം തന്നെ ശ്രദ്ധിക്കുക. അസത്യവല്ക്കരണക്ഷമത, ആവർത്തനക്ഷമത, പ്രയോജനക്ഷമത, പ്രാപഞ്ചികത, വസ്തുനിഷ്ഠമായ സത്യാപനക്ഷമത തുടങ്ങിയ അഞ്ച് അടിസ്ഥാനഗുണങ്ങളാണ് അതിനുള്ളത്. ഈ പുസ്തകത്തിൽ പലവട്ടം അടിവരയിട്ടുറപ്പിക്കുന്ന തത്വങ്ങളാണിവ. ജ്യോതിഷപ്രവചനങ്ങളുടെ കൃത്യത വസ്തുനിഷ്ഠമായി പരീക്ഷിക്കാൻ നടത്തിയ ഡീൻ-കെല്ലി പരീക്ഷണം (1958 - 2003), ഷോണ്‍ കാൾസൻ പരീക്ഷണം (1985) മുതലായ പഠനങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. ഈ പരീക്ഷണങ്ങളൊക്കെ തെളിയിച്ചത് ജ്യോതിഷം അബദ്ധമാണെന്നു തന്നെയാണ്. നാഡീജ്യോതിഷത്തെയും വിശദമായി പൊളിച്ചടുക്കുന്നുണ്ട് ഈ പുസ്തകത്തിൽ. കാരം ബോർഡിനെ ആധാരമാക്കിയുള്ള 'കാരം ജ്യോതിഷം' എന്ന തട്ടിപ്പിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും അത് ഗ്രന്ഥകാരന്റെ ഭാവനാസൃഷ്ടി മാത്രമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. ഒരു മനുഷ്യന് ഇത്രയൊക്കെ കഴുതയാകാൻ സാധിക്കുമോ? വരാഹമിഹിരന്റെ ബ്രഹദ് ജാതകത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പാരമ്പര്യവാദികൾ വിശദീകരിക്കേണ്ടതാണ്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളൊന്നും ജാതകം നോക്കിയല്ല വിവാഹം നടത്തിയിട്ടുള്ളതായി കാണുന്നത് (അർജുനൻ - സുഭദ്ര, കൃഷ്ണൻ - രുക്മിണി, ദുഷ്യന്തൻ - ശകുന്തള, രാമൻ - സീത അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!). ഇതിന്റെ യഥാർത്ഥകാരണം രവിചന്ദ്രൻ വിശദീകരിക്കുന്നത് ജാതകം മുനിമാർ തപസ്സു ചെയ്തുണ്ടാക്കിയതാണെന്നു വാദിക്കുന്നവരെ ഞെട്ടിപ്പിക്കും. ജ്യോതിശാസ്ത്രം (astronomy) പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിലും, ഫലഭാഗജ്യോതിഷം (astrology) ബാബിലോണിയയിൽ നിന്ന് പിന്നീട് ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നതാണ് ഇതിന്റെ രഹസ്യം.

എന്നിരിക്കിലും വിക്കിപീഡിയ, ബ്ലോഗുകൾ, ചില വെബ്‌ സൈറ്റുകൾ എന്നിവയോടുള്ള ഗ്രന്ഥകാരന്റെ അമിതാഭിമുഖ്യം പുസ്തകത്തിന്റെ ആധികാരികതയുടെ മാറ്റു കുറയ്ക്കുന്നു. ഇതൊക്കെ കേവലം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികൾ മാത്രമല്ലേ? ഗ്രന്ഥകർത്താവ് തന്നെ അവതരിപ്പിക്കുന്ന ഒരു വസ്തുത തത്വമെന്ന രീതിയിൽ പറഞ്ഞതിനുശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നല്കുന്നത് അല്പം അരോചകവുമാണ്. ഉദാ: പേജ് 135-ലെ "അത് അടിസ്ഥാനപരമായി തിന്മയും വളരെ അപൂർവമായി നന്മയുമാണ്. It is inherently evil and rarely good". ഇങ്ങനെ പലയിടങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. ആംഗലത്തിൽ പറഞ്ഞാലേ എടുപ്പുള്ളൂ എന്നു കരുതുന്നത് തെറ്റാണ്. ജ്യോതിഷം പഠിക്കാതെ അതിനെ വിമർശിക്കുന്നത് വിമർശനത്തിന്റെ മൂർച്ച കുറയ്ക്കും. അടിസ്ഥാനമില്ലാത്തത് പഠിക്കേണ്ടതുണ്ടോ എന്ന ഗ്രന്ഥകാരന്റെ വാദം പ്രായോഗികമായി ശരിയാണെങ്കിലും അത് പഠിച്ചാൽ ഇതിലും കൂടുതൽ പഴുതുകൾ രവിചന്ദ്രന് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത.

എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം. ഇത്തരം രചനകൾ ഇനിയുമിനിയും ഉണ്ടാകട്ടെ.

Book review of 'Pakida 13' by Ravichandran C
ISBN: 9788126448951, DC Books

Monday, April 6, 2015

ദീപസ്തംഭം മഹാശ്ചര്യം

ഉഷ്ണം ഒരായിരം മൊട്ടുസൂചികൾ ശരീരത്തിലെങ്ങും കുത്തിത്തറച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തിലാണ് എണ്ണയിടാത്തതിനാൽ വലിയ ശബ്ദമുണ്ടാക്കുന്ന ഗേറ്റ് തള്ളിത്തുറന്ന് അവർ അകത്തേക്കു വന്നത്. സുസ്മേരവദനരായിരുന്ന ആ യുവാവും മധ്യവയസ്കനും കയ്യിൽ കുറെ നോട്ടീസുകളും ഒരു പ്ലാസ്റ്റിക് സഞ്ചിയും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

"_ങ്ങാടത്തമ്മ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ് തരാൻ വന്നതാണ്", മധ്യവയസ്കൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

ഈ നട്ടുച്ചയ്ക്ക് ഒരു നോട്ടീസ് വെറുതെ നാടെങ്ങും വിതരണം ചെയ്യാൻ സന്നദ്ധരായ ഇവരുടെ അർപ്പണമനോഭാവത്തിന് മനസ്സാ വണങ്ങിക്കൊണ്ട് ഞാൻ ഒരു നോട്ടീസ് ആദരപൂർവ്വം കൈപ്പറ്റി.

മനോഹരമായ, തിളങ്ങുന്ന വർണക്കടലാസിൽ അച്ചടിച്ച ഒന്നാന്തരം നോട്ടീസ്! ദാരിദ്ര്യമെന്നത് ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം കുചേലന്റെ കഥയിലേ ഇപ്പോൾ കാണാൻ പറ്റൂ.

"വേദങ്ങളാണ് ഭാരതത്തിന്റെ പൗരാണിക വിജ്ഞാനസമ്പത്ത്. സദാ മാറിക്കൊണ്ടിരിക്കുന്ന, ഉണ്ടായി നിലനിന്ന്, നശിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചവസ്തുക്കൾക്ക് ആധാരമായി നാശമില്ലാതെ എന്നും പ്രസരിക്കുന്ന സത്യമുണ്ടെന്ന് ഭാരതീയ ഋഷിമാർ അനുഭവിച്ചറിഞ്ഞു. ജഗദ്ഗുരു ആദി ശങ്കരാചാര്യർ അരുളുകയുണ്ടായി - ബ്രഹ്മസത്യം ജഗൻമിഥ്യാ ജീവോ ബ്രഹ്മൈവ നാപര. സച്ചിതാനന്ദസ്വരൂപം നേടേണ്ടിയിരിക്കുന്ന മനുഷ്യൻ സുഖത്തിനുവേണ്ടി ഭൗതികവസ്തുക്കളെ ആശ്രയിക്കേണ്ടതില്ലെന്നു പഠിപ്പിച്ചു തരുന്നു.അവയെ നിരന്തരം സ്മരിപ്പിക്കുന്ന കണികയാണ് ക്ഷേത്രം" എന്ന് നോട്ടീസിലെ ആദ്യ ഖണ്ഡിക വായിച്ചു. ഭാരതീയ തത്വചിന്തയുടെ മനോജ്ഞമായ മിശ്രിതം സംഘാടകരുടെ ഉന്നതമായ പാക്കിങ്ങിൽ തലയുയർത്തി നിന്നു (ഇത് ഏതോ ചായപ്പൊടിയുടെ പരസ്യവാചകമല്ലേ?). ഒരു കുഗ്രാമത്തിലെ ചായക്കടയുടെ അത്രമാത്രം വലിപ്പമുള്ള ക്ഷേത്രത്തിലെ ഭരണകർത്താക്കളുടെ ദാർശനിക പാണ്ഡിത്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് നോട്ടീസ് മടക്കി, 'എന്നാൽ പിന്നെ കാണാ'മെന്ന മട്ടിൽ തലയാട്ടിയപ്പോഴാണ് മധ്യവയസ്കന്റെ നീട്ടിപ്പിടിച്ച കൈ ശ്രദ്ധിച്ചത്.

"സംഭാവന എന്തെങ്കിലും..." അയാൾ പറഞ്ഞു.

അശരീരി പോലെ അപ്പോൾ കേട്ട കുഞ്ചൻ നമ്പ്യാരുടെ വരികൾ എന്തായാലും നോട്ടീസിൽ കാണിച്ചിരിക്കുന്ന തുള്ളൽപ്പരിപാടിയിൽ നിന്നാകാനിടയില്ല. അത് വരാനിരിക്കുന്നതല്ലേയുള്ളൂ.

പത്തുരൂപ കൊടുത്താൽ ഇവർ മുഖത്തേക്ക് തിരിച്ചെറിയുമോ എന്നാദ്യം ചിന്തിച്ചു. പിന്നെ, രണ്ടുപേർ ഒരുങ്ങിക്കെട്ടി വന്നതാണല്ലോ എന്നാലോചിച്ചപ്പോൾ അത് ഇരുപതാക്കി. ഇതു പോരെന്നു പറയുമോ എന്നു ഭയപ്പെട്ട് രൂപ നീട്ടിയപ്പോൾ പെട്ടെന്ന് അവരുടെ മുഖം പ്രകാശിക്കുന്നതുകണ്ടു.

എന്നെപ്പോലൊരു 'കഞ്ഞി'യിൽ നിന്ന് അവർ ഇതിലും കുറവായിരുന്നോ പ്രതീക്ഷിച്ചത് !?

Friday, April 3, 2015

പാവം പുണ്യാത്മാക്കൾ

മാതൃഭൂമി പത്രത്തിന്റെ ചില നേരത്തെ സോഷ്യലിസ്റ്റ് ജാഡ കാണുമ്പോൾ ചിരിവരും. മുതലാളിയുടെ അഭിനയമികവ് പത്രത്തിനും ഉണ്ട്. സ്വകാര്യ മുതലാളിത്തത്തിന്റെ തിന്മകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പത്രത്തിന്റെ ഉടമ തന്നെ ഒരു കുത്തകമുതലാളിയാണെന്ന വിരോധാഭാസം കേരളം ശ്രദ്ധിച്ച മട്ടില്ല. അതോ കേരളത്തിന്‌ ഇദ്ദേഹത്തിനെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നതു കൊണ്ടാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴെല്ലാം ഈ വിദ്വാനെ എട്ടുനിലയിൽ പൊട്ടിച്ചു വിടുന്നത്?ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏപ്രിൽ 3-ലെ എഡിറ്റോറിയൽ പേജിൽ കൊടുത്തിരിക്കുന്ന അഡ്വ. രഞ്ജിത്ത് തമ്പാന്റെ "'ലാഭ'ത്തിൽ കണ്ണുകൊണ്ട നമ്മുടെ പാടങ്ങൾ" എന്ന ലേഖനം. 2008-ലെ നെൽവയൽ സംരക്ഷണനിയമത്തിന്റെ ഭാഗമായി നടപ്പിൽ വന്ന ഡാറ്റാബാങ്കിലെ തിരുത്തുകളും അതുമുതലെടുത്തുകൊണ്ട്‌ വ്യാപകമായി പാടം നികത്തുന്നതുമൊക്കെയാണ് പ്രതിപാദ്യം. കാലികവും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയം തന്നെ. പക്ഷേ ലേഖകൻ അവിടം കൊണ്ടവസാനിപ്പിക്കുന്നില്ല.

മാതൃഭൂമിയിലെഴുതുമ്പോൾ ഉദാരവല്ക്കരണത്തെക്കുറിച്ച് നാലു തെറി പറഞ്ഞില്ലെങ്കിൽ ലേഖനം പ്രസിദ്ധീകരിച്ചില്ലെങ്കിലോ?അതുകൊണ്ട് ആളുകൾ എന്തിനാണ് നെൽപ്പാടം നികത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്കുകയാണ് ലേഖകൻ. പാടം നികത്തുന്നതും വിൽക്കുന്നതും ലാഭത്തിനു വേണ്ടിയാണ്. 'ലാഭം' എന്ന പദം എത്ര പാപമാണെന്നോ! തമ്പാന്റെ നിരീക്ഷണത്തിൽ, "1991 നു ശേഷം രാജ്യം നവലിബറൽ സാമ്പത്തിക നയം സ്വീകരിച്ചതോടെ ലാഭം എന്ന ലക്ഷ്യം മാത്രമായി സമൂഹമനസ്സ് ചുരുങ്ങി. നമ്മുടെ പ്രകൃതി വിഭവങ്ങളെയും പ്രകൃതിയെത്തന്നെയും ലാഭത്തിന്റെ കണ്ണുകൊണ്ടുമാത്രം കാണുന്നത് സമൂഹത്തിൽ തിന്മയല്ലാതായി". അപ്പോൾ തമ്പാൻ സാറിന്റെ അഭിപ്രായത്തിൽ 1991 നു മുൻപ് നമ്മൾ ലാഭേച്ഛയില്ലാതെ കച്ചവടം ചെയ്യുന്നവരായിരുന്നു, വാങ്ങിയവിലക്കുതന്നെ സാധനങ്ങൾ വിൽക്കുന്നവരായിരുന്നു, ത്യാഗധനരായിരുന്നു, പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്നവരായിരുന്നു. ഉദാരവല്ക്കരണത്തെക്കുറിച്ച് എത്രയൊക്കെയാണ് ഈയാളുകൾ നാട്ടുകാരെ പേടിപ്പിച്ചിരുന്നത്! അവസാനം രാജ്യം അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയപ്പോഴും കുറെ സൈദ്ധാന്തികഅടിമകൾ പഴയതു തന്നെ ചർവണം ചെയ്തുകൊണ്ടിരിക്കുന്നു.

വരിസംഖ്യ മാസംതോറും കൂട്ടാൻ എന്തെങ്കിലും പഴുതുണ്ടോ എന്നു നോക്കിനടക്കുന്ന ഒരു പത്രത്തിലാണ് ലാഭത്തിനെതിരെയുള്ള ഇത്തരം ജല്പനങ്ങൾ കാണേണ്ടിവരുന്നത്. ചിരിക്കണോ കരയണോ എന്നു വ്യക്തമാവാത്ത അവസ്ഥ. വിവരക്കേടിനും ഒരു പരിധിയൊക്കെ വേണ്ടേ?