Monday, April 6, 2015

ദീപസ്തംഭം മഹാശ്ചര്യം

ഉഷ്ണം ഒരായിരം മൊട്ടുസൂചികൾ ശരീരത്തിലെങ്ങും കുത്തിത്തറച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തിലാണ് എണ്ണയിടാത്തതിനാൽ വലിയ ശബ്ദമുണ്ടാക്കുന്ന ഗേറ്റ് തള്ളിത്തുറന്ന് അവർ അകത്തേക്കു വന്നത്. സുസ്മേരവദനരായിരുന്ന ആ യുവാവും മധ്യവയസ്കനും കയ്യിൽ കുറെ നോട്ടീസുകളും ഒരു പ്ലാസ്റ്റിക് സഞ്ചിയും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

"_ങ്ങാടത്തമ്മ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ് തരാൻ വന്നതാണ്", മധ്യവയസ്കൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

ഈ നട്ടുച്ചയ്ക്ക് ഒരു നോട്ടീസ് വെറുതെ നാടെങ്ങും വിതരണം ചെയ്യാൻ സന്നദ്ധരായ ഇവരുടെ അർപ്പണമനോഭാവത്തിന് മനസ്സാ വണങ്ങിക്കൊണ്ട് ഞാൻ ഒരു നോട്ടീസ് ആദരപൂർവ്വം കൈപ്പറ്റി.

മനോഹരമായ, തിളങ്ങുന്ന വർണക്കടലാസിൽ അച്ചടിച്ച ഒന്നാന്തരം നോട്ടീസ്! ദാരിദ്ര്യമെന്നത് ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം കുചേലന്റെ കഥയിലേ ഇപ്പോൾ കാണാൻ പറ്റൂ.

"വേദങ്ങളാണ് ഭാരതത്തിന്റെ പൗരാണിക വിജ്ഞാനസമ്പത്ത്. സദാ മാറിക്കൊണ്ടിരിക്കുന്ന, ഉണ്ടായി നിലനിന്ന്, നശിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചവസ്തുക്കൾക്ക് ആധാരമായി നാശമില്ലാതെ എന്നും പ്രസരിക്കുന്ന സത്യമുണ്ടെന്ന് ഭാരതീയ ഋഷിമാർ അനുഭവിച്ചറിഞ്ഞു. ജഗദ്ഗുരു ആദി ശങ്കരാചാര്യർ അരുളുകയുണ്ടായി - ബ്രഹ്മസത്യം ജഗൻമിഥ്യാ ജീവോ ബ്രഹ്മൈവ നാപര. സച്ചിതാനന്ദസ്വരൂപം നേടേണ്ടിയിരിക്കുന്ന മനുഷ്യൻ സുഖത്തിനുവേണ്ടി ഭൗതികവസ്തുക്കളെ ആശ്രയിക്കേണ്ടതില്ലെന്നു പഠിപ്പിച്ചു തരുന്നു.അവയെ നിരന്തരം സ്മരിപ്പിക്കുന്ന കണികയാണ് ക്ഷേത്രം" എന്ന് നോട്ടീസിലെ ആദ്യ ഖണ്ഡിക വായിച്ചു. ഭാരതീയ തത്വചിന്തയുടെ മനോജ്ഞമായ മിശ്രിതം സംഘാടകരുടെ ഉന്നതമായ പാക്കിങ്ങിൽ തലയുയർത്തി നിന്നു (ഇത് ഏതോ ചായപ്പൊടിയുടെ പരസ്യവാചകമല്ലേ?). ഒരു കുഗ്രാമത്തിലെ ചായക്കടയുടെ അത്രമാത്രം വലിപ്പമുള്ള ക്ഷേത്രത്തിലെ ഭരണകർത്താക്കളുടെ ദാർശനിക പാണ്ഡിത്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് നോട്ടീസ് മടക്കി, 'എന്നാൽ പിന്നെ കാണാ'മെന്ന മട്ടിൽ തലയാട്ടിയപ്പോഴാണ് മധ്യവയസ്കന്റെ നീട്ടിപ്പിടിച്ച കൈ ശ്രദ്ധിച്ചത്.

"സംഭാവന എന്തെങ്കിലും..." അയാൾ പറഞ്ഞു.

അശരീരി പോലെ അപ്പോൾ കേട്ട കുഞ്ചൻ നമ്പ്യാരുടെ വരികൾ എന്തായാലും നോട്ടീസിൽ കാണിച്ചിരിക്കുന്ന തുള്ളൽപ്പരിപാടിയിൽ നിന്നാകാനിടയില്ല. അത് വരാനിരിക്കുന്നതല്ലേയുള്ളൂ.

പത്തുരൂപ കൊടുത്താൽ ഇവർ മുഖത്തേക്ക് തിരിച്ചെറിയുമോ എന്നാദ്യം ചിന്തിച്ചു. പിന്നെ, രണ്ടുപേർ ഒരുങ്ങിക്കെട്ടി വന്നതാണല്ലോ എന്നാലോചിച്ചപ്പോൾ അത് ഇരുപതാക്കി. ഇതു പോരെന്നു പറയുമോ എന്നു ഭയപ്പെട്ട് രൂപ നീട്ടിയപ്പോൾ പെട്ടെന്ന് അവരുടെ മുഖം പ്രകാശിക്കുന്നതുകണ്ടു.

എന്നെപ്പോലൊരു 'കഞ്ഞി'യിൽ നിന്ന് അവർ ഇതിലും കുറവായിരുന്നോ പ്രതീക്ഷിച്ചത് !?

No comments:

Post a Comment