Saturday, July 25, 2015

രണ്ടു ചോദ്യങ്ങൾ

തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയുന്ന മാംസാഹാരികളോടൊരു ചോദ്യം.

കൂടുതൽ സ്വാദിനുവേണ്ടി മാടിനേയും കോഴിയേയും പന്നിയേയുമെല്ലാം കൊന്നുതിന്നുന്ന നിങ്ങൾക്ക് മനുഷ്യനു ശല്യമായ തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്ന സസ്യാഹാരികളോടൊരു ചോദ്യം.

ഭക്ഷണത്തിനുവേണ്ടിപ്പോലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലാൻ തയ്യാറാകാത്ത നിങ്ങൾക്ക് വിരലിലെണ്ണാവുന്നത്ര മാത്രം ആളുകളെ കടിക്കുന്ന തെരുവുനായ്ക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെടാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാഗ്രഹിക്കുന്ന മാംസാഹാരികളും കൊല്ലരുതെന്നാവശ്യപ്പെടുന്ന സസ്യാഹാരികളും ഏറ്റവും ചുരുങ്ങിയത് ആത്മവഞ്ചനയെങ്കിലും നടത്തുന്നില്ല എന്നു കരുതാം.

Thursday, July 23, 2015

മറുനോട്ടം

തെളിയിക്കപ്പെട്ടു കഴിഞ്ഞതിനുശേഷമേ ഏതൊരു തത്വത്തിന്റെയും ഉണ്മയെ അംഗീകരിക്കൂ എന്നതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാൽ സമൂഹം അത്ര കഠിനമായ പരീക്ഷണങ്ങളൊന്നും കൂടാതെ തന്നെ പല ആശയങ്ങളും ചിറകിലേറ്റും. ഒരാവശ്യവുമില്ലെങ്കിൽകൂടി തെറ്റായ പല ചിന്താഗതികളേയും അത് വാരിപ്പുണരും.

കാലാകാലങ്ങളായി ചെയ്തുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട്..

പോപ്പ് അർബൻ എട്ടാമൻ ഗലീലിയോയെ തടവിലാക്കാൻ കാരണമെന്തായിരുന്നു? ഭൂമി ഉരുണ്ടതാണെങ്കിലും പരന്നതാണെങ്കിലും, സൂര്യൻ ഭൂമിയെ ചുറ്റിയാലും ഭൂമി സൂര്യനെ ചുറ്റിയാലും ക്രൈസ്തവവിശ്വാസങ്ങളെ അതെങ്ങനെ മുറിവേൽപ്പിക്കും?

അപ്പോൾ സത്യം മാത്രമല്ല കാര്യം, അത് സമൂഹം അംഗീകരിക്കുന്നുണ്ടോ എന്നുകൂടി നോക്കേണ്ടി വരും, നമ്മുടെ ദേഹസുരക്ഷയ്ക്ക്.

എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനും ആരെങ്കിലും വേണ്ടേ? അത്തരം സാഹസികർ അപൂർവമായെങ്കിലും തെറ്റു തിരുത്തുന്നതുകൊണ്ടല്ലേ സമൂഹം മുന്നോട്ടു പോകുന്നത്? തേഞ്ഞ ഗ്രാമഫോണ്‍ റെക്കോർഡ്‌ അനന്തമായി ഒരേ വരികൾ ആവർത്തിക്കുമ്പോൾ അതിനെ ശരിയായ ട്രാക്കിലിടാൻ പറ്റിയ ഒരു കൈ?

അവിടെയാണ് എം. പി. നാരായണപിള്ളയുടെ പ്രസക്തി.

നാണപ്പൻ എന്ന നാരായണപിള്ളയുടെ 59 വയസ്സിലെ മരണം മലയാള ബുദ്ധിജീവികളിലെ ഒരു തിരുത്തൽവാദിയെയാണ് ഇല്ലാതാക്കിയത്. 1998-ൽ മരിക്കുന്നതിനുമുൻപുള്ള ഏതാനും വർഷങ്ങളിൽ തയ്യാറാക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് 'മറുനോട്ടം' എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ ന്യായവാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, യോജിക്കാതിരിക്കാം - പക്ഷേ അവയിലെ യുക്തി നിങ്ങൾക്ക് നിഷേധിക്കാനാവാത്തതാണ്. ഗാന്ധിയൻ ആട്ടിൻതോലണിഞ്ഞ ലെനിനിസ്റ്റ് ചെന്നായയായിരുന്നു നെഹ്രു എന്നദ്ദേഹം പറയുമ്പോൾ അതിൽ ഒരു കൊച്ചു വാസ്തവം ഇല്ലേ? ജനവിധിയെ പാരവെയ്ക്കുന്ന കളിയുടെ പേരാണ് മതേതരത്വം എന്ന വാചകം എവിടെയൊക്കെയോ ചെന്നു തറക്കുന്ന ശബ്ദം കേൾക്കുന്നില്ലേ?

നാം കൂടുതലൊന്നും ചിന്തിക്കാതെ കടന്നുപോകുന്ന പല സംഗതികളേയും നാരായണപിള്ള തടഞ്ഞുനിർത്തി തൊലിയുരിക്കുന്നു. കേരളത്തിലെ അവധിദിവസങ്ങൾ കൂടുന്നതിന്റെ ഭാഗമായി അയ്യങ്കാളി ജയന്തിയുമൊക്കെ അവധിയായേക്കും എന്ന് ലേഖകൻ പരിഹാസരൂപേണ രേഖപ്പെടുത്തിയത് 2014-ൽ സത്യമായി ഭവിച്ചില്ലേ? പ്ലാനിംഗ് കമ്മീഷനിലെ ലാവണത്തിൽ രണ്ടു മണിക്കൂർ ജോലിക്ക് എട്ടു മണിക്കൂറിന്റെ ശമ്പളം കിട്ടിയതുകൊണ്ടാണ് താൻ ചിന്തകനും എഴുത്തുകാരനുമൊക്കെയായതെന്നും, ആരാണ് അങ്ങനെ ആയിപ്പോകാത്തതെന്നും ചോദിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് നമുക്കു തോന്നുന്നു. ഈ പുസ്തകം വായിക്കൂ, നിങ്ങളുടെ ചിന്ത പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിരിക്കുമെന്ന കാര്യം തീർച്ച.

മാധവിക്കുട്ടി എന്ന വിഖ്യാതയായ എഴുത്തുകാരിക്കുവേണ്ടി ഒരു വലിയ അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട് അവരുടേയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തായിരുന്ന നാരായണപിള്ള. 'എന്റെ കഥ' എന്ന പുസ്തകം മാധവിക്കുട്ടിയുടെ ആത്മകഥ അല്ലെന്നും, അതിലെ കഥാപാത്രവുമായി വിദൂരസാമ്യം പോലും കഥാകാരിയുടെ യഥാർത്ഥജീവിതത്തിന് ഇല്ലായിരുന്നു എന്നും നാം മനസ്സിലാക്കുന്നു. ലൈംഗിക അരാജകത്വത്തിലേക്ക് തുളുമ്പുന്ന പെണ്‍കഥാപാത്രങ്ങളെ സൃഷ്ടിച്ച ഭാവനയുടെ ഉടമസ്ഥ ജീവിതത്തിൽ ഉരുത്തമ കുടുംബിനിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ലേഖനങ്ങളുടെ രചനാതീയതി രേഖപ്പെടുത്താത്തത് ഒരു പോരായ്മ തന്നെയാണ്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും വായിക്കുമ്പോൾ കഥയും കഥാപാത്രങ്ങളും പുനസൃഷ്ടിച്ചെടുക്കാൻ വായനക്കാർ ബുദ്ധിമുട്ടുന്നു. തനിമയുള്ള ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നതെങ്കിലും അലോപ്പതിയെക്കുറിച്ചുള്ള ശത്രുതാപരമായ പരാമർശങ്ങൾ ആധുനിക സമൂഹത്തിന് സ്വീകാര്യമാവില്ല. ഒരുപക്ഷേ വാർധക്യം തുടങ്ങുന്നതിനു മുൻപുതന്നെ ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കാനിടവന്നതുതന്നെ ആധുനിക വൈദ്യശാസ്ത്രത്തോടുള്ള ഈ പുറം തിരിഞ്ഞുനില്ക്കലാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

തികഞ്ഞ ആത്മാർഥതയോടെ രചിക്കപ്പെട്ട ഒരുത്തമ പുസ്തകം

Book review of 'Marunottam' by M P Narayana Pillai
DC Books, ISBN 9788126431250

Monday, July 20, 2015

പ്രവ്ദയാകാൻ ശ്രമിക്കുന്നവർ

പണ്ടു പണ്ട് സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യമുണ്ടായിരുന്നു. സമൂഹത്തിന്റെ സമസ്തമേഖലകളും അടക്കി വാണിരുന്ന ഒരു പാർട്ടിയും അതിന്റെ തലപ്പത്തുണ്ടായിരുന്ന കുറച്ചു നേതാക്കളും സമ്രാട്ടുകളായി വാണിരുന്ന രാജ്യം. പ്രവ്ദ എന്ന പേരിൽ ഒരു ഔദ്യോഗിക പത്രം ഈ പാർട്ടി നടത്തിപ്പോന്നിരുന്നു. 'പ്രവ്ദ' എന്ന റഷ്യൻ വാക്കിന്റെ അർത്ഥം 'സത്യം' എന്നായിരുന്നതിനാൽ പേരിൽ മാത്രം ആ പത്രത്തിന് സത്യവുമായി ബന്ധമുണ്ടായിരുന്നു. പാർട്ടിയുടെ നയം നടപ്പിലാക്കുന്നതിൽ കവിഞ്ഞ് യാതൊരു പ്രതിബദ്ധതയും ഈ പത്രത്തിന് ആരോടും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പാർട്ടിയുടെ സമുന്നത നേതാവ് വെട്ടിവീഴ്ത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുവേണ്ട പശ്ചാത്തലമൊരുക്കലായിരുന്നു പ്രവ്ദയുടെ പണി. നാളുകൾക്കു മുൻപുതന്നെ പ്രസ്തുത ഹതഭാഗ്യന്റെ ചുമതലയിൽ വരുന്ന പ്രദേശങ്ങളിലെ കുഴപ്പങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങുന്നു - മിക്കവയും കല്ലുവെച്ച നുണകൾ. ഊതിപ്പെരുപ്പിച്ച കള്ളങ്ങളുടെ പാരമ്യത്തിൽ ഉന്നത നേതാവ് ഇടപെടുകയും ഇരയുടെ തല ഉരുളുകയും ചെയ്യുന്നു. അതായിരുന്നു പ്രവ്ദ.
20-07-2015-ലെ മാതൃഭൂമി പത്രം

2015 ജൂലൈ 20-ലെ മാതൃഭൂമി പത്രം കണ്ടപ്പോൾ പ്രവ്ദയെ ഓർത്തുപോയി, ശ്രീ. ടി. സോമൻ എഴുതിയ 'തേങ്ങ വില കുത്തനെ താഴോട്ട്, പിന്നിൽ സ്വകാര്യ ലോബി' എന്ന ഒന്നാം പേജിലെ പ്രധാന വാർത്ത വായിച്ചപ്പോൾ. തേങ്ങയുടെയും കൊപ്രയുടെയും വില കുത്തനെ ഇടിയുമ്പോൾ അവയുപയോഗിച്ചു നിർമ്മിക്കുന്ന വെളിച്ചെണ്ണയുടെ വില കുറയുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത് വെളിച്ചെണ്ണ നിർമ്മിക്കുന്ന കമ്പനികൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കും. സ്വകാര്യ ലോബി എന്നതുകൊണ്ട്‌ ലേഖകൻ വ്യക്തമായി ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല. മാഫിയ, കോക്കസ്, തീവ്രവാദം, മയക്കുമരുന്ന് എന്നൊക്കെ പറയുന്നതുപോലെ ഒരു വൃത്തികെട്ട പദമാണല്ലോ സ്വകാര്യ ലോബി എന്നതും. എങ്കിലും സ്വകാര്യ വെളിച്ചെണ്ണ നിർമ്മാണ കമ്പനികളെയാണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കു ന്യായമായും ഊഹിക്കാം.

തന്റെ വാദം കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിക്കാനും സോമൻ ശ്രദ്ധ വെച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ കൊപ്ര വില 10,000 രൂപയായിരുന്നത് ഇപ്പോൾ 6,800 രൂപയായി താഴ്ന്നിരിക്കുന്നു, അതായത് 32% വിലയിടിവ്. എന്നാൽ വെളിച്ചെണ്ണ വില ഈ കാലയളവിൽ കുറഞ്ഞത് 350 രൂപ മാത്രമാണത്രേ. ഇപ്പോഴത്തെ വില 11,000 രൂപയാണെന്ന് ലേഖകൻ പറയുമ്പോൾ 2015 ഏപ്രിലിൽ 11,350 രൂപയായിരിക്കണം. അതായത് വെളിച്ചെണ്ണയുടെ വിലയിൽ വന്നിരിക്കുന്ന കുറവ് വെറും 3% മാത്രം. പ്രധാന അസംസ്കൃത വസ്തുവായ കൊപ്രയുടെ ഇടിവ് 32 ശതമാനമായിരിക്കുമ്പോൾ അതിനെ സംസ്കരിച്ചെടുക്കുന്ന വെളിച്ചെണ്ണയുടെ വിലയിൽ 3 ശതമാനം മാത്രം കുറയുമ്പോൾ ബാക്കി പണം കമ്പനികൾ വിഴുങ്ങുകയാണെന്നാണ് ലേഖകൻ പറയാതെ പറയുന്നത്.

പ്രത്യക്ഷമായിത്തന്നെ ഈ കണക്കുകളിൽ ഒരു കൃത്രിമത്വം തോന്നിയതുകൊണ്ട് 2015 ഏപ്രിലിലെ വിലനിലവാരം ഒന്നു പരിശോധിക്കാമെന്നു വെച്ചു. മാതൃഭൂമി ആർക്കൈവ്സ് ഓണ്‍ലൈനിൽ പരിശോധിക്കാനുള്ള സൗകര്യമുള്ളത് ഒരനുഗ്രഹമായി. 2015 ഏപ്രിൽ 21-ലെ കമ്പോള നിലവാരം നോക്കിയാൽ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില യഥാക്രമം 9,460 രൂപയും, 14,500 രൂപയുമാണ്. ഇന്നത്തെ വിലയുമായി തട്ടിച്ചുനോക്കിയാൽ കൊപ്ര വില 28 ശതമാനം കുറഞ്ഞു, വെളിച്ചെണ്ണ 24 ശതമാനവും. ഇത്  തികച്ചും പരസ്പരബന്ധിതമായ വിലക്കുറവ് തന്നെയല്ലേ? വെളിച്ചെണ്ണ 14,500-ൽ നിന്ന് 11,000-ൽ എത്തിയപ്പോൾ കുറഞ്ഞത് 3,500 രൂപയാണ്, അല്ലാതെ സോമൻ പറയുന്നതുപോലെ 350 രൂപയല്ല. ഇത് കണക്കുകൂട്ടിയപ്പോൾ വന്ന തെറ്റാണോ?
21-04-2015-ലെ മാതൃഭൂമി പത്രത്തിലെ 'വാണിജ്യം' പേജ്

റിപ്പോർട്ടിന്റെ ബാക്കിഭാഗം വായിച്ചാൽ അല്ല എന്നാണ് കരുതേണ്ടി വരിക. കേരളത്തിലും പുറത്തുമുള്ള വൻകിട സ്വകാര്യ കമ്പനികളെല്ലാം നേരിട്ട് കർഷകരിൽ നിന്ന് നാളികേരം വാങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് സോമൻ തന്നെ പറയുന്നുണ്ട്. കർഷകന്റെ മനസ്സിൽ ഭീതി ഉളവാക്കി വൻതോതിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ കർഷകർ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന വ്യവസ്ഥയിലാണ് കർഷകർക്ക് പരമാവധി വില ലഭിക്കുന്നത്. ഇതിനെ ഏതെങ്കിലും തരത്തിൽ പാര വെച്ച് ഇടനിലക്കാരെ തിരുകിക്കയറ്റിയാൽ ഉല്പന്നത്തിന്റെ വില വർദ്ധിക്കും, പക്ഷേ കർഷകർക്ക് അതിന്റെ ഗുണഫലം എത്തുകയുമില്ല.ഇടനിലക്കാരെ ഒഴിവാക്കി നടക്കുന്ന ഒരു കച്ചവടത്തെ തകർക്കാൻ ശ്രമിക്കുന്നതുവഴി ശ്രീ. സോമൻ ആരുടെ ആജ്ഞാനുവർത്തിയായാണ്‌ പ്രവർത്തിക്കുന്നത്? തെറ്റായ കണക്കുകളും പിഴച്ച വിശകലനങ്ങളുമായി അങ്ങ് ഇപ്പോൾ കളത്തിനു പുറത്തിരിക്കുന്ന മദ്ധ്യവർത്തികളുടെ ഓശാന പാടുകയാണോ?

അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും സമാഹാരമായ ഒരു വിശകലനത്തെ പത്രത്തിന്റെ ഒന്നാം പേജിൽ പ്രതിഷ്ഠിച്ചതുവഴി മാതൃഭുമി പത്രവും പ്രതിക്കൂട്ടിൽ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിൽ പടച്ചു വിടുന്ന ഇത്തരം വാർത്തകളെ വേണ്ടവിധത്തിൽ പരിശോധിക്കാതെ പ്രസ്സിലേക്ക് വിടുന്നത് പത്രത്തിന്റെ വിശ്വാസ്യതയെ തകർക്കും. പ്രവ്ദയുടെ അനുഭവം തന്നെ ഓർക്കുക. സത്യം - അതിനെ എത്ര തന്നെ മൂടിവെച്ചാലും - ശക്തിയായി തിരിച്ചടിക്കുകയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന അസത്യത്തിന്റെ കുഴലൂത്തുകാരെ കൊളുത്തും നൂലും ചൂണ്ടക്കോലുമടക്കം വിഴുങ്ങിക്കളയുകയും ചെയ്യും.

Sunday, July 12, 2015

പൊലീസിന്റെ ഡി.വി.ഡി. അന്വേഷണം

'പ്രേമം' എന്ന സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രച്ചരിച്ചതുമൂലമുള്ള കോലാഹലമാണല്ലോ ഇപ്പോൾ നടന്നുവരുന്നത്. സെൻസർ ചെയ്ത കോപ്പിയാണ് പുറത്തായത് എന്നതിനാൽ സെൻസർ ബോർഡിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിനിമ നെറ്റിലേക്ക് അപ്‌ലോഡ്‌ ചെയ്ത കൗമാരക്കാരനെ ചവിട്ടിയകത്താക്കുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സെൻസർ ബോർഡിൽ റെയ്ഡ് നടത്തുകയും സിനിമയുടെ ഡി.വി.ഡി.കൾ കണ്ടെടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് 2015 ജൂലൈ 11ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഡി.വി.ഡി യിൽ നിന്ന് കോപ്പികൾ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അവ സി.ഡാക്കിലേയ്ക്ക് അയച്ചിരിക്കുകയാണത്രേ. കൂടാതെ ഹൈദരാബാദിലെ സ്വകാര്യ ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ സാധിക്കും സാറേ? ഒരു ഡി.വി.ഡി.യിൽ നിന്ന് കോപ്പി എടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ഒറിജിനൽ മാത്രം പരിശോധിച്ചാൽ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? ഇക്കണക്കിന് സോളാർ കേസിലെ നായികയെ 'വേണ്ടവിധം' പരിശോധിച്ചാൽ എത്ര പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കാമല്ലോ! ഒരു കാര്യം വ്യക്തമാണ്. സി.ഡാക്കിന്റെ പരിശോധന വിജയിച്ചാൽ നോബൽ സമ്മാനം നേടാനിടയുള്ള ഒരു കണ്ടുപിടുത്തമായിരിക്കും അത്. പരിശോധനക്കായി ഡിസ്കുകൾ അയച്ചവരെ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയവർ എന്നു നമ്മൾ വിളിക്കും.

അതു വരെ...മണ്ടന്മാരെന്നും.....

Wednesday, July 8, 2015

തേൾ - ഒരു ഇംഗ്ലീഷ് പദം

ഗേൾ (girl), കേൾ (curl), പേൾ (pearl) അങ്ങനെ എത്ര പദങ്ങളാണ് സമാന ഉച്ചാരണത്തോടെ ഇംഗ്ലീഷിൽ ഉള്ളത്. ഈ കൂട്ടത്തിൽ പെടുമായിരുന്ന ഒന്നല്ലേ തേൾ (scorpion) എന്നതും? എന്തുകൊണ്ടാണാവോ സായിപ്പിനു വേണ്ടാത്ത ഈ വാക്ക് മലയാളത്തിൽ എത്തിയത് ! നമുക്കാണെങ്കിൽ കേൾക്കുക എന്ന അർത്ഥത്തിൽ 'കേൾ' എന്നൊരു പ്രയോഗം മാത്രമല്ലേ ഉള്ളൂ?