Monday, July 20, 2015

പ്രവ്ദയാകാൻ ശ്രമിക്കുന്നവർ

പണ്ടു പണ്ട് സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യമുണ്ടായിരുന്നു. സമൂഹത്തിന്റെ സമസ്തമേഖലകളും അടക്കി വാണിരുന്ന ഒരു പാർട്ടിയും അതിന്റെ തലപ്പത്തുണ്ടായിരുന്ന കുറച്ചു നേതാക്കളും സമ്രാട്ടുകളായി വാണിരുന്ന രാജ്യം. പ്രവ്ദ എന്ന പേരിൽ ഒരു ഔദ്യോഗിക പത്രം ഈ പാർട്ടി നടത്തിപ്പോന്നിരുന്നു. 'പ്രവ്ദ' എന്ന റഷ്യൻ വാക്കിന്റെ അർത്ഥം 'സത്യം' എന്നായിരുന്നതിനാൽ പേരിൽ മാത്രം ആ പത്രത്തിന് സത്യവുമായി ബന്ധമുണ്ടായിരുന്നു. പാർട്ടിയുടെ നയം നടപ്പിലാക്കുന്നതിൽ കവിഞ്ഞ് യാതൊരു പ്രതിബദ്ധതയും ഈ പത്രത്തിന് ആരോടും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പാർട്ടിയുടെ സമുന്നത നേതാവ് വെട്ടിവീഴ്ത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുവേണ്ട പശ്ചാത്തലമൊരുക്കലായിരുന്നു പ്രവ്ദയുടെ പണി. നാളുകൾക്കു മുൻപുതന്നെ പ്രസ്തുത ഹതഭാഗ്യന്റെ ചുമതലയിൽ വരുന്ന പ്രദേശങ്ങളിലെ കുഴപ്പങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങുന്നു - മിക്കവയും കല്ലുവെച്ച നുണകൾ. ഊതിപ്പെരുപ്പിച്ച കള്ളങ്ങളുടെ പാരമ്യത്തിൽ ഉന്നത നേതാവ് ഇടപെടുകയും ഇരയുടെ തല ഉരുളുകയും ചെയ്യുന്നു. അതായിരുന്നു പ്രവ്ദ.
20-07-2015-ലെ മാതൃഭൂമി പത്രം

2015 ജൂലൈ 20-ലെ മാതൃഭൂമി പത്രം കണ്ടപ്പോൾ പ്രവ്ദയെ ഓർത്തുപോയി, ശ്രീ. ടി. സോമൻ എഴുതിയ 'തേങ്ങ വില കുത്തനെ താഴോട്ട്, പിന്നിൽ സ്വകാര്യ ലോബി' എന്ന ഒന്നാം പേജിലെ പ്രധാന വാർത്ത വായിച്ചപ്പോൾ. തേങ്ങയുടെയും കൊപ്രയുടെയും വില കുത്തനെ ഇടിയുമ്പോൾ അവയുപയോഗിച്ചു നിർമ്മിക്കുന്ന വെളിച്ചെണ്ണയുടെ വില കുറയുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത് വെളിച്ചെണ്ണ നിർമ്മിക്കുന്ന കമ്പനികൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കും. സ്വകാര്യ ലോബി എന്നതുകൊണ്ട്‌ ലേഖകൻ വ്യക്തമായി ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല. മാഫിയ, കോക്കസ്, തീവ്രവാദം, മയക്കുമരുന്ന് എന്നൊക്കെ പറയുന്നതുപോലെ ഒരു വൃത്തികെട്ട പദമാണല്ലോ സ്വകാര്യ ലോബി എന്നതും. എങ്കിലും സ്വകാര്യ വെളിച്ചെണ്ണ നിർമ്മാണ കമ്പനികളെയാണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കു ന്യായമായും ഊഹിക്കാം.

തന്റെ വാദം കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിക്കാനും സോമൻ ശ്രദ്ധ വെച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ കൊപ്ര വില 10,000 രൂപയായിരുന്നത് ഇപ്പോൾ 6,800 രൂപയായി താഴ്ന്നിരിക്കുന്നു, അതായത് 32% വിലയിടിവ്. എന്നാൽ വെളിച്ചെണ്ണ വില ഈ കാലയളവിൽ കുറഞ്ഞത് 350 രൂപ മാത്രമാണത്രേ. ഇപ്പോഴത്തെ വില 11,000 രൂപയാണെന്ന് ലേഖകൻ പറയുമ്പോൾ 2015 ഏപ്രിലിൽ 11,350 രൂപയായിരിക്കണം. അതായത് വെളിച്ചെണ്ണയുടെ വിലയിൽ വന്നിരിക്കുന്ന കുറവ് വെറും 3% മാത്രം. പ്രധാന അസംസ്കൃത വസ്തുവായ കൊപ്രയുടെ ഇടിവ് 32 ശതമാനമായിരിക്കുമ്പോൾ അതിനെ സംസ്കരിച്ചെടുക്കുന്ന വെളിച്ചെണ്ണയുടെ വിലയിൽ 3 ശതമാനം മാത്രം കുറയുമ്പോൾ ബാക്കി പണം കമ്പനികൾ വിഴുങ്ങുകയാണെന്നാണ് ലേഖകൻ പറയാതെ പറയുന്നത്.

പ്രത്യക്ഷമായിത്തന്നെ ഈ കണക്കുകളിൽ ഒരു കൃത്രിമത്വം തോന്നിയതുകൊണ്ട് 2015 ഏപ്രിലിലെ വിലനിലവാരം ഒന്നു പരിശോധിക്കാമെന്നു വെച്ചു. മാതൃഭൂമി ആർക്കൈവ്സ് ഓണ്‍ലൈനിൽ പരിശോധിക്കാനുള്ള സൗകര്യമുള്ളത് ഒരനുഗ്രഹമായി. 2015 ഏപ്രിൽ 21-ലെ കമ്പോള നിലവാരം നോക്കിയാൽ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില യഥാക്രമം 9,460 രൂപയും, 14,500 രൂപയുമാണ്. ഇന്നത്തെ വിലയുമായി തട്ടിച്ചുനോക്കിയാൽ കൊപ്ര വില 28 ശതമാനം കുറഞ്ഞു, വെളിച്ചെണ്ണ 24 ശതമാനവും. ഇത്  തികച്ചും പരസ്പരബന്ധിതമായ വിലക്കുറവ് തന്നെയല്ലേ? വെളിച്ചെണ്ണ 14,500-ൽ നിന്ന് 11,000-ൽ എത്തിയപ്പോൾ കുറഞ്ഞത് 3,500 രൂപയാണ്, അല്ലാതെ സോമൻ പറയുന്നതുപോലെ 350 രൂപയല്ല. ഇത് കണക്കുകൂട്ടിയപ്പോൾ വന്ന തെറ്റാണോ?
21-04-2015-ലെ മാതൃഭൂമി പത്രത്തിലെ 'വാണിജ്യം' പേജ്

റിപ്പോർട്ടിന്റെ ബാക്കിഭാഗം വായിച്ചാൽ അല്ല എന്നാണ് കരുതേണ്ടി വരിക. കേരളത്തിലും പുറത്തുമുള്ള വൻകിട സ്വകാര്യ കമ്പനികളെല്ലാം നേരിട്ട് കർഷകരിൽ നിന്ന് നാളികേരം വാങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് സോമൻ തന്നെ പറയുന്നുണ്ട്. കർഷകന്റെ മനസ്സിൽ ഭീതി ഉളവാക്കി വൻതോതിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ കർഷകർ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന വ്യവസ്ഥയിലാണ് കർഷകർക്ക് പരമാവധി വില ലഭിക്കുന്നത്. ഇതിനെ ഏതെങ്കിലും തരത്തിൽ പാര വെച്ച് ഇടനിലക്കാരെ തിരുകിക്കയറ്റിയാൽ ഉല്പന്നത്തിന്റെ വില വർദ്ധിക്കും, പക്ഷേ കർഷകർക്ക് അതിന്റെ ഗുണഫലം എത്തുകയുമില്ല.ഇടനിലക്കാരെ ഒഴിവാക്കി നടക്കുന്ന ഒരു കച്ചവടത്തെ തകർക്കാൻ ശ്രമിക്കുന്നതുവഴി ശ്രീ. സോമൻ ആരുടെ ആജ്ഞാനുവർത്തിയായാണ്‌ പ്രവർത്തിക്കുന്നത്? തെറ്റായ കണക്കുകളും പിഴച്ച വിശകലനങ്ങളുമായി അങ്ങ് ഇപ്പോൾ കളത്തിനു പുറത്തിരിക്കുന്ന മദ്ധ്യവർത്തികളുടെ ഓശാന പാടുകയാണോ?

അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും സമാഹാരമായ ഒരു വിശകലനത്തെ പത്രത്തിന്റെ ഒന്നാം പേജിൽ പ്രതിഷ്ഠിച്ചതുവഴി മാതൃഭുമി പത്രവും പ്രതിക്കൂട്ടിൽ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിൽ പടച്ചു വിടുന്ന ഇത്തരം വാർത്തകളെ വേണ്ടവിധത്തിൽ പരിശോധിക്കാതെ പ്രസ്സിലേക്ക് വിടുന്നത് പത്രത്തിന്റെ വിശ്വാസ്യതയെ തകർക്കും. പ്രവ്ദയുടെ അനുഭവം തന്നെ ഓർക്കുക. സത്യം - അതിനെ എത്ര തന്നെ മൂടിവെച്ചാലും - ശക്തിയായി തിരിച്ചടിക്കുകയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന അസത്യത്തിന്റെ കുഴലൂത്തുകാരെ കൊളുത്തും നൂലും ചൂണ്ടക്കോലുമടക്കം വിഴുങ്ങിക്കളയുകയും ചെയ്യും.

No comments:

Post a Comment