Thursday, July 23, 2015

മറുനോട്ടം

തെളിയിക്കപ്പെട്ടു കഴിഞ്ഞതിനുശേഷമേ ഏതൊരു തത്വത്തിന്റെയും ഉണ്മയെ അംഗീകരിക്കൂ എന്നതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാൽ സമൂഹം അത്ര കഠിനമായ പരീക്ഷണങ്ങളൊന്നും കൂടാതെ തന്നെ പല ആശയങ്ങളും ചിറകിലേറ്റും. ഒരാവശ്യവുമില്ലെങ്കിൽകൂടി തെറ്റായ പല ചിന്താഗതികളേയും അത് വാരിപ്പുണരും.

കാലാകാലങ്ങളായി ചെയ്തുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട്..

പോപ്പ് അർബൻ എട്ടാമൻ ഗലീലിയോയെ തടവിലാക്കാൻ കാരണമെന്തായിരുന്നു? ഭൂമി ഉരുണ്ടതാണെങ്കിലും പരന്നതാണെങ്കിലും, സൂര്യൻ ഭൂമിയെ ചുറ്റിയാലും ഭൂമി സൂര്യനെ ചുറ്റിയാലും ക്രൈസ്തവവിശ്വാസങ്ങളെ അതെങ്ങനെ മുറിവേൽപ്പിക്കും?

അപ്പോൾ സത്യം മാത്രമല്ല കാര്യം, അത് സമൂഹം അംഗീകരിക്കുന്നുണ്ടോ എന്നുകൂടി നോക്കേണ്ടി വരും, നമ്മുടെ ദേഹസുരക്ഷയ്ക്ക്.

എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനും ആരെങ്കിലും വേണ്ടേ? അത്തരം സാഹസികർ അപൂർവമായെങ്കിലും തെറ്റു തിരുത്തുന്നതുകൊണ്ടല്ലേ സമൂഹം മുന്നോട്ടു പോകുന്നത്? തേഞ്ഞ ഗ്രാമഫോണ്‍ റെക്കോർഡ്‌ അനന്തമായി ഒരേ വരികൾ ആവർത്തിക്കുമ്പോൾ അതിനെ ശരിയായ ട്രാക്കിലിടാൻ പറ്റിയ ഒരു കൈ?

അവിടെയാണ് എം. പി. നാരായണപിള്ളയുടെ പ്രസക്തി.

നാണപ്പൻ എന്ന നാരായണപിള്ളയുടെ 59 വയസ്സിലെ മരണം മലയാള ബുദ്ധിജീവികളിലെ ഒരു തിരുത്തൽവാദിയെയാണ് ഇല്ലാതാക്കിയത്. 1998-ൽ മരിക്കുന്നതിനുമുൻപുള്ള ഏതാനും വർഷങ്ങളിൽ തയ്യാറാക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് 'മറുനോട്ടം' എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ ന്യായവാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, യോജിക്കാതിരിക്കാം - പക്ഷേ അവയിലെ യുക്തി നിങ്ങൾക്ക് നിഷേധിക്കാനാവാത്തതാണ്. ഗാന്ധിയൻ ആട്ടിൻതോലണിഞ്ഞ ലെനിനിസ്റ്റ് ചെന്നായയായിരുന്നു നെഹ്രു എന്നദ്ദേഹം പറയുമ്പോൾ അതിൽ ഒരു കൊച്ചു വാസ്തവം ഇല്ലേ? ജനവിധിയെ പാരവെയ്ക്കുന്ന കളിയുടെ പേരാണ് മതേതരത്വം എന്ന വാചകം എവിടെയൊക്കെയോ ചെന്നു തറക്കുന്ന ശബ്ദം കേൾക്കുന്നില്ലേ?

നാം കൂടുതലൊന്നും ചിന്തിക്കാതെ കടന്നുപോകുന്ന പല സംഗതികളേയും നാരായണപിള്ള തടഞ്ഞുനിർത്തി തൊലിയുരിക്കുന്നു. കേരളത്തിലെ അവധിദിവസങ്ങൾ കൂടുന്നതിന്റെ ഭാഗമായി അയ്യങ്കാളി ജയന്തിയുമൊക്കെ അവധിയായേക്കും എന്ന് ലേഖകൻ പരിഹാസരൂപേണ രേഖപ്പെടുത്തിയത് 2014-ൽ സത്യമായി ഭവിച്ചില്ലേ? പ്ലാനിംഗ് കമ്മീഷനിലെ ലാവണത്തിൽ രണ്ടു മണിക്കൂർ ജോലിക്ക് എട്ടു മണിക്കൂറിന്റെ ശമ്പളം കിട്ടിയതുകൊണ്ടാണ് താൻ ചിന്തകനും എഴുത്തുകാരനുമൊക്കെയായതെന്നും, ആരാണ് അങ്ങനെ ആയിപ്പോകാത്തതെന്നും ചോദിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് നമുക്കു തോന്നുന്നു. ഈ പുസ്തകം വായിക്കൂ, നിങ്ങളുടെ ചിന്ത പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിരിക്കുമെന്ന കാര്യം തീർച്ച.

മാധവിക്കുട്ടി എന്ന വിഖ്യാതയായ എഴുത്തുകാരിക്കുവേണ്ടി ഒരു വലിയ അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട് അവരുടേയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തായിരുന്ന നാരായണപിള്ള. 'എന്റെ കഥ' എന്ന പുസ്തകം മാധവിക്കുട്ടിയുടെ ആത്മകഥ അല്ലെന്നും, അതിലെ കഥാപാത്രവുമായി വിദൂരസാമ്യം പോലും കഥാകാരിയുടെ യഥാർത്ഥജീവിതത്തിന് ഇല്ലായിരുന്നു എന്നും നാം മനസ്സിലാക്കുന്നു. ലൈംഗിക അരാജകത്വത്തിലേക്ക് തുളുമ്പുന്ന പെണ്‍കഥാപാത്രങ്ങളെ സൃഷ്ടിച്ച ഭാവനയുടെ ഉടമസ്ഥ ജീവിതത്തിൽ ഉരുത്തമ കുടുംബിനിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ലേഖനങ്ങളുടെ രചനാതീയതി രേഖപ്പെടുത്താത്തത് ഒരു പോരായ്മ തന്നെയാണ്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും വായിക്കുമ്പോൾ കഥയും കഥാപാത്രങ്ങളും പുനസൃഷ്ടിച്ചെടുക്കാൻ വായനക്കാർ ബുദ്ധിമുട്ടുന്നു. തനിമയുള്ള ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നതെങ്കിലും അലോപ്പതിയെക്കുറിച്ചുള്ള ശത്രുതാപരമായ പരാമർശങ്ങൾ ആധുനിക സമൂഹത്തിന് സ്വീകാര്യമാവില്ല. ഒരുപക്ഷേ വാർധക്യം തുടങ്ങുന്നതിനു മുൻപുതന്നെ ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കാനിടവന്നതുതന്നെ ആധുനിക വൈദ്യശാസ്ത്രത്തോടുള്ള ഈ പുറം തിരിഞ്ഞുനില്ക്കലാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

തികഞ്ഞ ആത്മാർഥതയോടെ രചിക്കപ്പെട്ട ഒരുത്തമ പുസ്തകം

Book review of 'Marunottam' by M P Narayana Pillai
DC Books, ISBN 9788126431250

No comments:

Post a Comment