Tuesday, December 8, 2015

കേരള ചരിത്രം - അപ്രിയ നിരീക്ഷണങ്ങൾ

ഗവേഷകരും ശാസ്ത്രജ്ഞന്മാരുമെല്ലാം തങ്ങളുടെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തുന്നത് സഹപ്രവർത്തകരുടെ സൂക്ഷ്മപരിശോധനയിലൂടെയാണ് (peer review). എന്തും കണ്ടെത്താൻ ഒരു പണ്ഡിതന് അവകാശമുണ്ട്. പക്ഷേ അവ യുക്തിസഹമാണോ അതോ ആനമണ്ടത്തരമാണോ എന്നു തീർച്ചയാക്കുന്നത് മേൽപ്പറഞ്ഞ പരിശോധനയ്ക്കുശേഷമായിരിക്കണം. ചിലപ്പോഴെല്ലാം ഗവേഷകർ മേൽപ്പറഞ്ഞ കടമ്പ മറികടക്കാൻ മിനക്കെടാതെ തങ്ങളുടെ പ്രയത്നഫലം നേരിട്ട് പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാറുണ്ട് - പത്രമാധ്യമങ്ങൾ വഴിയോ പുസ്തകങ്ങളിലൂടെയോ. എവിടെയെല്ലാം അത്തരം പ്രസിദ്ധീകരണങ്ങൾ കാണുന്നുവോ, അവിടെയെല്ലാം നമുക്ക് ന്യായമായും ചെന്നെത്താവുന്ന ഒരു നിഗമനമുണ്ട്. ഗവേഷകന്റെ കണ്ടെത്തൽ പിയർ റിവ്യൂവിനെ അതിജീവിക്കുകയില്ലെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് നേരിട്ടൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നതാണത്. ശശിഭൂഷണിന്റെ ഈ പുസ്തകം വായിച്ചപ്പോഴും അങ്ങനെ തോന്നി.

ഈ പുസ്തകത്തിന്‌ പ്രകടമായും രണ്ടു ഭാഗങ്ങളുണ്ട്. അതിലൊന്ന് അധികം പ്രചാരം ലഭിച്ചിട്ടില്ലാത്ത ചില ചരിത്രപഠനരീതികളെ അവതരിപ്പിക്കുക എന്നതാണ്. അപ്രിയസത്യങ്ങൾ എന്ന പേരിൽ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകൾക്കെതിരായി താൻ വെച്ചുപുലർത്തുന്ന ചില സിദ്ധാന്തങ്ങളാണ്. നാണയങ്ങളെക്കുറിച്ചുള്ള പഠനം കേരളത്തിൽ വേണ്ടത്ര നടന്നിട്ടില്ലെന്ന് ഗ്രന്ഥകർത്താവ്‌ വാദിക്കുമ്പോൾ അത് ആദ്യവിഭാഗത്തിൽ പെടുന്നു. പട്ടണം ഉത്ഖനനത്തിനെതിരെയും ഈഴവരുടെ ഉത്ഭവത്തെക്കുറിച്ചും അയ്യപ്പാരാധനയുടെ പ്രചാരത്തിന്റെ കഥയെക്കുറിച്ചും വാചാലനാകുന്നത് രണ്ടാമത്തെ വിഭാഗത്തിലും. ശശിഭൂഷണ്‍ തന്റെ മൂർച്ചയേറിയ കൂരമ്പുകൾ കരുതിവെച്ചിരിക്കുന്നത് കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്ത് ഉത്ഖനനം നടത്തി ചില പ്രധാന ശേഷിപ്പുകൾ കണ്ടെത്തിയ പ്രൊ. പി. ജെ. ചെറിയാനെതിരെയാണ്.പുരാതന മുസിരിസ് ആണ് പട്ടണം എന്ന് അന്താരാഷ്‌ട്രവേദികളിൽ പെരുമ്പറയടിക്കുമ്പോൾ കേരളത്തിലെ പ്രസിദ്ധീകരണങ്ങളിൽ അത് നിസ്സംശയം പ്രഖ്യാപിക്കുന്നില്ല എന്നു മാത്രമാണ് ആരോപണം. ഗ്രന്ഥകാരന്റെ ആക്രമണം ശക്തിയാർജിക്കുമ്പോൾ മുസിരിസ് എന്നത് കൊടുങ്ങല്ലൂരല്ല എന്നുപോലും അദ്ദേഹം പറഞ്ഞുകളയുമോ എന്നു നമ്മൾ സംശയിച്ചുപോകുന്നു.

ഈ പുസ്തകം ഒരു ലേഖനസമാഹാരമാണ്. പല കാലങ്ങളിലെഴുതിയതുകൊണ്ടാവാം ഒരേ ആശയങ്ങളും ഒരേ വാചകങ്ങളും പോലും, പല അദ്ധ്യായങ്ങളിലും കടന്നു വരുന്നത് വായനക്കാരിൽ വൈരസ്യമുണ്ടാക്കുന്നു, ഉദാ: നാഗാരാധന, ബുദ്ധ-ജൈനമതങ്ങൾ. പുള്ളുവൻപാട്ടിന്റേയും നാഗാരാധനയുടെയും വിശദമായ വിവരണങ്ങൾ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന സർപ്പം തുള്ളൽ എന്ന കലാരൂപത്തിന്റെ വാചാലമായ ഒരു വാങ്മയചിത്രം പ്രദാനം ചെയ്യുന്നു. സെന്റ്‌ തോമസ്‌ കേരളത്തിൽ വന്ന് നമ്പൂതിരിമാരെ മാർക്കം കൂട്ടി എന്ന വിശ്വാസത്തിന്റെ കാറ്റൂരി വിടാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പക്ഷേ ഇതൊന്നുമല്ല വായനക്കാരെ ഞെട്ടിക്കുന്നത്! വിവിധ ജാതികളുടെ ഉത്ഭവവും വിശ്വാസപരമായ പ്രത്യേകതകളും പരാമർശിക്കുമ്പോൾ വിഖ്യാത അദ്ധ്യാപകനായിരുന്ന പ്രൊ. എസ്. ഗുപ്തൻ നായരുടെ മകനായ ശശിഭൂഷണ്‍ ജാതീയമായ ചില സ്വഭാവങ്ങൾ ആ ജാതിയിലുള്ളവർക്ക് പതിച്ചുകൊടുക്കുന്നു. ആധുനിക കേരളസമൂഹത്തിൽ ജീവിക്കുന്ന ആ ജാതികളിൽ പെട്ട ആളുകൾക്കും ഈ സ്വഭാവം പാരമ്പര്യമായി കിട്ടിയിട്ടുണ്ട് എന്നദ്ദേഹം പകൽക്കിനാവു കാണുന്നു. പ്രാചീന കേരളത്തിലെ ഈഴവർ ബുദ്ധ-ജൈനമതങ്ങൾ പിന്തുടർന്നിരുന്നു എന്നു പ്രസ്താവിച്ചതിനുശേഷം "വംശസ്മൃതിയുടെ ഡി.എൻ.എ കോഡിൽ ഇതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുള്ളതുകൊണ്ടാവാം മഹാകവി കുമാരനാശാന്റെ ഇഷ്ടദേവന്മാർ ശിവനും ബുദ്ധനുമായത്" (പേജ് 118) എന്ന വിചിത്രമായ വാദം അവതരിപ്പിക്കുന്നു. ജാതി സ്ഥിരമായ ഒന്നാണെന്നും അത് പരമ്പരയാ ലഭിക്കുന്നതാണെന്നുമാണോ ലേഖകൻ ഉദ്ദേശിയ്ക്കുന്നത്? തീർന്നില്ല, "പഴയ വള്ളുവനാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ, ദക്ഷിണ വാങ്ങുന്ന ഭവ്യതയോടെ ടിക്കറ്റ് ചാർജ് ഈടാക്കുന്ന വെളുത്തു സുമുഖനായ ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറെ കാണുമ്പോൾ ഊഹിക്കാം, അയാളൊരു നമ്പൂതിരി യുവാവാകാമെന്ന്" (പേജ് 108). ശശിഭൂഷണ്‍ അവിടെയും നിർത്താൻ ഭാവമില്ല. ഗണക (കണിയാൻ) സമുദായത്തിന്റെ സംഗീതപാരമ്പര്യം പറഞ്ഞുനിർത്തിയതിനുശേഷം വരുന്നു അടുത്ത വെടി - "കെ.പി.എ.സി. സുലോചനയുടേയും ഗിരീഷ്‌ പുത്തഞ്ചേരിയുടേയും ഗാനങ്ങളിൽ പഴയ ഗന്ധർവലോകത്തിന്റെ നാദാനുഭൂതിയും ഉദ്വേഗമുഹൂർത്തങ്ങളും കണ്ടെന്നിരിക്കും" (പേജ് 128). ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച ഒരു വ്യക്തിയിൽ കാണപ്പെടുന്ന നഗ്നമായ ഇത്തരം ജാതിചിന്ത ഞെട്ടിക്കുന്ന ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Review of Kerala Charithram - Apriya Nireekshanangal by M G Shashibhooshan
ISBN: 9789384075248

No comments:

Post a Comment