Sunday, July 3, 2016

ഉദയംപേരൂർ സൂനഹദോസ്

നവോത്ഥാനത്തിനുശേഷം ലോകമെങ്ങും കോളനികൾ സ്ഥാപിച്ച് കച്ചവടവും മതപ്രചാരണവും ലക്ഷ്യമിട്ട പോർച്ചുഗീസുകാർ തങ്ങളേക്കാൾ പുരാതനമായ വേരുകളുള്ള ഒരു കൃസ്തീയസമൂഹത്തെ കേരളത്തിൽ കണ്ടെത്തി. തോമാശ്ലീഹാ നേരിട്ട് മതംമാറ്റിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരെന്നവകാശപ്പെട്ടിരുന്ന മലങ്കര നസ്രാണികൾ കേരളത്തിലെ മറ്റു സമൂഹങ്ങൾ നടപ്പാക്കിയിരുന്ന സാമൂഹ്യ ആചാരങ്ങളെല്ലാം സ്വീകരിച്ചവരായിരുന്നു. ജാതിവ്യവസ്ഥയിൽ ഉന്നതരാണെന്നു കാണിക്കാനായിരുന്നു നമ്പൂതിരിമാരുടെ മതപരിവർത്തനകഥ. വിശുദ്ധ തോമാ കേരളത്തിൽ വന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. എന്നാൽ നമ്പൂതിരിമാരുടെ ആഗമനം കേരളത്തിലുണ്ടാവുന്നതിനു മുമ്പുതന്നെ കൃസ്ത്യാനികൾ ഇവിടെ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. 1514-ൽ ലിയോ പത്താമൻ മാർപാപ്പ പുറപ്പെടുവിച്ച 'പദ്രുവാദോ' എന്ന തീട്ടൂരത്തിലൂടെ ആഫ്രിക്കക്ക് കിഴക്കുള്ള ദേശങ്ങളുടെയെല്ലാം ആധിപത്യം ചാർത്തിക്കിട്ടിയിരുന്ന പോർച്ചുഗലിന് മലങ്കര നസ്രാണികൾ ഒരു പൊതിയാത്തേങ്ങയായിത്തീർന്നു. അന്ത്യോഖ്യയിലേയും പേർഷ്യയിലേയും മതമേലധ്യക്ഷന്മാർ നാമമാത്രമായി അധികാരം നടത്തിയിരുന്ന കേരളത്തിലെ സഭ പ്രധാനമായും വിശാസികളായ നാട്ടുക്കൂട്ടങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഗോവയിലെ ബിഷപ്പായിരുന്ന അലക്സിസ് മെനെസിസിന്റെ നേതൃത്വത്തിൽ നാട്ടുകാരായ മെത്രാന്മാരെ സംഘടിപ്പിച്ച് പോർച്ചുഗലിനോടും മാർപാപ്പയോടും കൂറു പ്രഖ്യാപിക്കാനും അതുവരെ പിന്തുടർന്നിരുന്ന തദ്ദേശീയ ആചാരങ്ങളോട് വിടപറഞ്ഞ് കൃസ്ത്യാനികൾ എന്നത് യൂറോപ്പിലെ സമൂഹത്തിന്റെ ഒരു അനുബന്ധമാണെന്നും വരുത്തിത്തീർത്ത മതസമ്മേളനമാണ് 1599-ൽ എറണാകുളത്തിനടുത്ത ഉദയപേരൂരിലെ മർത്തമറിയം പള്ളിയിൽ നടന്ന സുനഹദോസ് (synod). കേരളത്തിലെ കൃസ്തീയ സഭാചരിത്രത്തിലും രാജ്യത്തിന്റെ തന്നെ ചരിത്രത്തിലും സുപ്രധാനമായ സ്ഥാനമുള്ള ഒരു സംഭവമാണ് ഉദയംപേരൂർ സൂനഹദോസ്. ഇതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പുറത്തിറക്കിയ ലേഖനസമാഹാരമാണ് ഈ പുസ്തകം.

പ്രമുഖ പണ്ഡിതനായ ശ്രീ. ജോസഫ് പുലിക്കുന്നേൽ ആണ് പുസ്തകത്തിന്റെ എഡിറ്റർ. അദ്ദേഹം വിജ്ഞാനപ്രദമായ രണ്ടു ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുമുണ്ട്. ആകെ എട്ടു ലേഖനങ്ങൾ അഞ്ചു ലേഖകരുടേതായിട്ടുള്ള ഈ ഗ്രന്ഥത്തിൽ ഓരോ രചയിതാവും തന്റേതായ ശൈലി വളരെ സവിശേഷമായ രീതിയിൽ പ്രകടമാക്കുന്നു. ജോസഫ് പുലിക്കുന്നേൽ ഒരു ചരിത്രകാരന്റെ നിർമമതയാർന്ന വീക്ഷണധാര പ്രദർശിപ്പിക്കുമ്പോൾ സ്കറിയ സക്കറിയ ആക്രമണോൽസുകമായ വിധത്തിൽ കത്തോലിക്കാ വിരുദ്ധത കാണിക്കുന്നു. ഡോ. ജോൺ ഓച്ചന്തുരുത്ത് ഇതിനു മറുപടിയെന്നോണം കത്തോലിക്കാ വിഭാഗത്തിന്റെ ന്യായവാദങ്ങൾ നിരത്തുമ്പോൾ ചരിത്രകാരനായ എൻ. കെ. ജോസ് കേരളീയ ആചാരങ്ങളിൽ നിന്ന് കൃസ്തീയസമൂഹം വഴിപിരിഞ്ഞതിന്റെ നല്ലവശങ്ങൾ ചികഞ്ഞെടുക്കുന്നു. ഭാരതത്തിലെ സഭ ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണവും സഭയിലെ വർഗീയവൽക്കരണത്തിന്റെ ആണിക്കല്ലും സുനഹദോസിന്റെ തീരുമാനങ്ങളാണെന്നാണ് ജോർജ് മൂലേച്ചാലിൽ പറഞ്ഞുവെക്കുന്നത്. വിവിധതരത്തിലുള്ള ദാർശനികവീക്ഷണങ്ങളുടെ മാറ്റ് സമാധാനപരമായി ഉരച്ചുനോക്കുന്ന ഇത്തരം പുസ്തകങ്ങൾ അസഹിഷ്ണുതയുടെ ജിഹാദുകൾ കൊലവിളി നടത്തുന്ന ഇക്കാലത്ത് വളരെ പ്രസക്തവും അർത്ഥവത്തുമാണ്.

പുരോഹിതബ്രഹ്മചര്യം, മെത്രാന്മാരുടെ രാജകീയരീതിയിലുള്ള ഭരണക്രമം, മറ്റു വിഭാഗങ്ങളിൽ നിന്ന് കൃസ്ത്യാനികൾ വേർതിരിക്കാനുദ്ദേശിച്ചുള്ള നിബന്ധനകൾ - ഇതൊക്കെയാണ് സൂനഹദോസ് ഇവിടെ നടപ്പിൽ വരുത്തിയത്. കുർബാനയ്ക്ക് പോർച്ചുഗീസ് വീഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ എന്ന കൗതുകകരമായ തീരുമാനവും ഇക്കൂട്ടത്തിൽ ഉണ്ടായി. പോർച്ചുഗൽ രാജാവ് ആവശ്യമായ വീഞ്ഞ് സൗജന്യമായി നല്കാമെന്നേറ്റു. ഒരൊറ്റ വ്യവസ്ഥ മാത്രം - തന്റെ മേൽക്കോയ്മ അംഗീകരിക്കണം! മറ്റു ലേഖകർ പോർച്ചുഗലിന്റെ രാഷ്ട്രീയ, മാനസിക അടിമത്തം സ്വീകരിപ്പിക്കലാണ് സുനഹദോസിന്റെ ആത്യന്തികഫലം എന്നു സ്ഥാപിക്കുമ്പോൾ, ആ അടിമത്തം ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് ജോൺ ഓച്ചന്തുരുത്തിന്റെ ലേഖനം. ഹൈന്ദവ ആചാരങ്ങളിൽ മുങ്ങിക്കുളിച്ചുകിടന്നിരുന്ന പൂർവ കേരള ക്രൈസ്തവരുടെ മോചനത്തിൽ ആശ്വസിക്കുകയാണ് ഓച്ചന്തുരുത്ത് ചെയ്യുന്നത്. ഒരു പടി കൂടി കടന്ന്, പോർച്ചുഗീസുകാർ ആധിപത്യകാലത്ത് എന്തൊക്കെ കൊള്ളരുതായ്മകൾ നടത്തിയിട്ടുണ്ടെങ്കിലും അവരുടെ സജീവസാന്നിധ്യത്തിന്റെ ചിരന്തനസ്മാരകമായി ഇവിടെ നിലനിൽക്കുന്നത് കേരളത്തിലെ, ഭാരതത്തിലെ, കത്തോലിക്കാ സഭയാണ് എന്നുകൂടി പറഞ്ഞുവെക്കുന്നു (പേജ് 59). കേരളത്തിൽ നടമാടിയിരുന്ന ജാതിശ്രേണിയിൽ നിന്ന് അറുത്തുമാറലായിരുന്നു സഭ 1599-ൽ ചെയ്തത് എന്ന വാദമാണ് എൻ. കെ. ജോസ് ഉയർത്തുന്നത്. 1653-ൽ കൂനൻകുരിശു സത്യത്തോടെ സുനഹദോസിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ജാതിവ്യവസ്ഥയിലേക്ക് ക്രൈസ്തവസമൂഹം തിരിച്ചുനടന്നു എന്ന് ജോസ് ആരോപിക്കുന്നു. ജോർജ് മൂലേച്ചാലിലിന്റെ വാദങ്ങൾ അല്പം വിചിത്രമാണ്. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ അധികാരഭൂമികയിലേക്ക് കൈപിടിച്ചുയർത്തപ്പെട്ട യൂറോപ്പിലെ സഭ ആ സാമ്രാജ്യത്തിന്റെ രാജകീയ ഭരണശ്രേണീബന്ധം സ്വീകരിച്ചതുവഴി ആധ്യാത്മിക മരുവൽക്കരണത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അതിനുശേഷമല്ലേ സഭ ലോകമെങ്ങും പടർന്നു പന്തലിച്ചതെന്നും അതിന്റെ കഷ്ടകാലം തുടങ്ങിയത് യൂറോപ്പിലെ വിജ്ഞാനവിസ്ഫോടനത്തെത്തുടർന്നാണെന്നതുമല്ലേ സത്യം?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of Udayaperoor Sunahados by Joseph Pulikkunnel (Ed.)
ISBN: 8186868100

No comments:

Post a Comment