Saturday, January 14, 2017

എന്റെ കുതിപ്പും കിതപ്പും

സഭാപ്രവർത്തനവും ജീവകാര്യണ്യകർമ്മങ്ങളുമൊക്കെയായി ചുരുണ്ടുകൂടുന്ന കൃസ്തീയ പുരോഹിതന്മാരെയാണ് നാം മിക്കവാറും കണ്ടിട്ടുള്ളത്. പള്ളിയുടെ നാലുചുമരുകളെന്ന ഭൗതികയാഥാർത്ഥ്യവും കൃസ്തുചര്യയുടെ അതിർ വരമ്പുകളെന്ന ആത്മീയയാഥാർത്ഥ്യവും അവരുടെ കർമ്മോന്മുഖതയുടെ അവസാന വാക്കുകളാണ്. എന്നാൽ കേവലം ഒരു തലമുറ മുമ്പ് അവരിൽ നിന്നൊരാൾ മതമേലദ്ധ്യക്ഷന്മാരുടെ വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞ് ബഹുജനപ്രസ്ഥാനങ്ങളെ നയിക്കുകയും ഒരു സർക്കാരിനെ മറിച്ചിടുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു എന്നത് ഇന്നത്തെ തലമുറക്ക് അജ്ഞാതമായിരിക്കും. ഫാദർ ജോസഫ് വടക്കൻ (1919 - 2002) എന്ന വടക്കനച്ചൻ എല്ലാംകൊണ്ടും വ്യത്യസ്തനായിരുന്നു. ഇരുപത്തിയാറാമത്തെ വയസ്സിൽ സെമിനാരിയിൽ ചേരുന്നതുമുതൽ, വൈദികവിദ്യാർത്ഥിയായിരിക്കേ  കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി (ACF) രൂപീകരിച്ചതിലൂടെ, വിമോചനസമരത്തിൽ ജനലക്ഷങ്ങളെ കമ്യൂണിസ്റ്റ് സർക്കാരിനെതിരിൽ അണിനിരത്തിക്കൊണ്ട്, കുടിയിറക്കിനെ എതിർത്തുകൊണ്ട് സമ്പന്നരുടേയും മുതലാളിവർഗത്തിന്റേയും അതൃപ്തി സമ്പാദിച്ചത് എന്നിവയിലൂടെ കുർബാന നിരോധം എന്ന ശിക്ഷ ഏറ്റുവാങ്ങുന്നതിൽ വരെ എത്തിനിൽക്കുന്ന ആ ധന്യജീവിതത്തിന്റെ ഒരു പരിച്ഛേദമാണീ ആത്മകഥ. 1974-ൽ പുറത്തിറങ്ങിയ ഈ കൃതിയുടെ പരിഷ്കരിച്ച പതിപ്പ് 15 വർഷത്തിനുശേഷം ഇറങ്ങുമ്പോൾ ഫാദറിന്റെ ജീവിതവീക്ഷണങ്ങൾ ക്രോഡീകരിച്ച ഏതാനും അദ്ധ്യായങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.

ചെറുപ്പത്തിലേതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ വടക്കൻ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഇടവകപ്പള്ളിക്കൂടത്തിൽ പതിനാലാം വയസ്സിൽ അദ്ധ്യാപകനായി ജോലി നേടി. അവിടത്തെ അനീതികൾക്കെതിരെയാണ് ആദ്യപോരാട്ടം. ഒൻപതു രൂപ ശമ്പളമുള്ള ജോലിയാണെങ്കിലും അഞ്ചുരൂപ കൊടുത്തിട്ട് ഒൻപതു രൂപ നല്കിയതായുള്ള ഒപ്പും വാങ്ങിക്കുമായിരുന്നു പള്ളിക്കാർ. തുടക്കത്തിൽ അദ്ദേഹം ഗാന്ധിജിയുടേയും കോൺഗ്രസ്സിന്റേയും അനുയായിയായിരുന്നു. കൃസ്ത്യാനികൾ പൊതുവെ കോൺഗ്രസ്സ് വിരുദ്ധരായിരുന്ന കാലം - ബ്രിട്ടീഷ് ഭരണമായിരുന്നല്ലോ. ഗാന്ധിയെ അന്തികൃസ്തുവായി കണ്ടിരുന്നവർ ഉണ്ടായിരുന്നുവെന്ന് വടക്കൻ സാക്ഷ്യപ്പെടുത്തുന്നു.സ്വാതന്ത്ര്യാനന്തരം കൃസ്ത്യാനികൾ മുഴുവനായിത്തന്നെ കോൺഗ്രസ്സിനെ പിന്താങ്ങുന്നവരായി മാറിയതിനും അദ്ദേഹം വിശദീകരണം നൽകുന്നുണ്ട്. കത്തോലിക്കാ വിശ്വാസികൾ മതാധികാരികളെ അന്ധമായി അനുസരിക്കുന്നത് അവരുടെ പിന്നിൽ ഭരണാധികാരികൾ ഉള്ളതുകൊണ്ടാണ്. മതാധികാരത്തെ ഭയപ്പെടാത്ത ഭരണാധികാരികൾ വന്നാൽ വിശ്വാസികൾ മതമേലധ്യക്ഷന്മാരെ ചോദ്യം ചെയ്തുതുടങ്ങും. വടക്കന്റെ ഈ നിലപാട് കൃസ്തുമതത്തിന്റെ ആരംഭകാലത്തെ ത്യാഗോജ്വലമായ സഹനശേഷിയെ വിസ്മരിച്ചുകൊണ്ടല്ലേ എന്നു തോന്നിപ്പോകും. ഇപ്പോഴത്തെ വിശ്വാസികൾക്ക് ആത്മീയമായ ഊർജം അന്നത്തെ അളവിൽ ഇല്ല എന്നതായിരിക്കാം ലേഖകന്റെ ന്യായവാദം. തീവ്രമായ അന്ധവിശ്വാസം കൃസ്തീയസമൂഹത്തെ ഗ്രസിച്ചിരുന്ന സമയത്തും വിശ്വസാഹോദര്യത്തിന്റെ തീനാളം വടക്കനച്ചന്റെ ഹൃദയത്തിൽ കെടാതെ നിന്നു. കഥകളി കാണുന്നത് പാപമാണെന്നും, കാവടി, പൂരം, ആന, ചെണ്ട, കളഭം, കർപ്പൂരം, നിലവിളക്ക്, നിറപറ എന്നിവയെല്ലാം വർജിക്കണമെന്നും വിശ്വസിക്കുന്നവനായിരുന്നു അന്നത്തെ കൃസ്ത്യാനി. അമ്പലം കണ്ടാൽ നിലത്തു തുപ്പണമെന്നുപദേശിച്ച അച്ചന്മാർ വരെ അന്നുണ്ടായിരുന്നു (പേജ് 71).

മതമേലധ്യക്ഷന്മാരേയും സമ്പന്നവർഗ്ഗത്തേയും വടക്കൻ പലതവണ കടന്നാക്രമിക്കുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടം നടത്താനായി സഭ പുഷ്ടിപ്പിച്ചെടുത്ത വൈദികനായിരുന്നു അദ്ദേഹം എന്നത് പകൽപോലെ സ്പഷ്ടമാണ്. അല്ലായിരുന്നെങ്കിൽ ഒരു വൈദികവിദ്യാർത്ഥിയെ രാഷ്ട്രീയമുന്നണി രൂപീകരിക്കാൻ സഭ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. കമ്യൂണിസ്റ്റുകാർക്കെതിരെ ആരംഭിച്ച 'തൊഴിലാളി' എന്ന ദിനപത്രത്തിന് ഒരാഴ്ച കൊണ്ട് 26,000 രൂപ (ഇന്നത്തെ പത്തുലക്ഷം) അല്ലാതെ എങ്ങനെ പിരിച്ചെടുക്കാൻ സാധിക്കും? സഭയുടെ ഉറച്ച പിന്തുണയില്ലാതെയാണെങ്കിൽ 1956-ൽ വടക്കൻ പുരോഹിതപ്പട്ടം സ്വീകരിച്ചപ്പോൾ മാർപാപ്പ നേരിട്ട് അപ്പോസ്തോലിക് ആശീർവാദം അയക്കുമായിരുന്നില്ല. പുരോഹിതനായുള്ള ആദ്യനിയമനം മലബാർ മിഷണറി യൂണിയന്റെ അസി. ഡയറക്ടർ ആയിട്ടായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിനു സഹായകമായ വിധത്തിൽ കാര്യമായ പണിയൊന്നുമില്ലാത്ത ലാവണം! എന്നാൽ സഭയ്ക്കു വേണ്ടപ്പെട്ടവരുടെ ശത്രുത പിടിച്ചുപറ്റിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കുരിയച്ചിറയിലെ ഇടവക വികാരിയായി സ്ഥലം മാറ്റി. ബിഷപ്പ് കുണ്ടുകുളവുമായി ബദ്ധശത്രുതയിലാകുന്നത് ഈ കാലത്താണ്. കുരിയച്ചിറയുടെ ഇടവകപ്പരിധിയിൽ കുർബാന അവതരിപ്പിക്കുന്നത് ബിഷപ്പ് വിലക്കിയതോടെ വടക്കൻ തൃശൂർ തേക്കിൻകാട് മൈതാനത്ത് പരസ്യകുർബാന നടത്തി. അതോടെ വിലക്ക് കുർബാന നടത്തരുതെന്നായി. ഏഴുവർഷത്തിനുശേഷം മെത്രാനുമായി ഉണ്ടാക്കിയ അനുരഞ്ജനത്തെ തുടർന്നാണ് വിലക്കു നീങ്ങിയത്. കുണ്ടുകുളവുമായി വ്യക്തിപരമായ യാതൊരു വിരോധവും ഇല്ലെന്ന് പലയാവർത്തി ആണയിടുമ്പോഴും മെത്രാനെ പരിഹസിക്കുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന നിരവധി പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. "കാൻസറിനു ചികിൽസിക്കാതെ കാലിലെ വളംകടിക്ക് സൗജന്യമായി മരുന്നു കൊടുത്ത് അഗതികളുടെ പിതാവായി വാഴുന്ന മെത്രാന്റെ 'കുണ്ടുകുളത്തിലെ തവളയായി' കഴിയാൻ സാമൂഹികചക്രവാളമുള്ളവർക്ക് സാധിക്കുകയില്ല" എന്നാണദ്ദേഹം അവകാശപ്പെടുന്നത് (പേജ് 111). മാത്രവുമല്ല, യൂറോപ്പിൽ കന്യാസ്ത്രീകളാകാൻ ആളില്ലാതെ വന്നപ്പോൾ അവിടത്തെ മഠങ്ങളിലേക്ക് കേരളത്തിൽനിന്ന് പെൺകുട്ടികളെ കയറ്റി അയച്ച് മെത്രാൻ ദശലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു എന്ന ഗുരുതരമായ ആരോപണവുമുണ്ട് (പേജ് 236). ഇങ്ങനെ അയക്കപ്പെട്ട കുട്ടികളുടെ ദുരവസ്ഥ അവർ അയച്ച കത്തുകളിലൂടെ നമുക്കു കാണാൻ സാധിക്കും. ലേഖനസ്വാതന്ത്ര്യവും പ്രസംഗസ്വാതന്ത്ര്യവും മുടക്കിയ മെത്രാന്റെ അരമനയിലേക്ക് മൗനജാഥ നടത്തിയപ്പോൾ അതിനെതിരെ മെത്രാന്റെ ഗുണ്ടകൾ തെറിവിളിച്ചത് അരമനയുടെ മട്ടുപ്പാവിൽ നിന്ന് അദ്ദേഹം കണ്ടു രസിച്ചു എന്നും പറഞ്ഞുവെക്കുന്നു (പേജ് 251). ധനികരോട് നിരുപാധികവിധേയത്വവും ആശ്രിതത്വവുമാണ് കുണ്ടുകുളത്തിന്റെ മുഖമുദ്ര എന്ന പരിഹാസത്തോടെ അവസാന ആണിയും വടക്കൻ അടിക്കുന്നു (പേജ് 297).

പുരോഗമന ആശയങ്ങൾക്കൊപ്പം പിന്തിരിപ്പൻ ചിന്തകളും കൂടുകൂട്ടിയ ഒരു മനസ്സായിരുന്നു വടക്കനച്ചന്റേത്. സാമ്പത്തികസുരക്ഷിതത്വത്തിലൂടെ ആദ്ധ്യാത്മികശാന്തിയിലേക്ക് എന്ന ആശയം നടപ്പിൽ വരുത്തുന്നതിനായി വർത്തമാനകാലത്തെ ക്ഷേമവും ഭാവിയിലെ സാമ്പത്തികഭദ്രതാബോധവും ജനതയ്ക്കു കൈവരുത്തുന്ന ഒരു ദാരിദ്ര്യമില്ലാത്ത രാഷ്ട്രം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വിമോചനസമരത്തിലേക്ക് ഒരു വിഭാഗം ജനങ്ങളെ തള്ളിവിട്ട വിദ്യാഭ്യാസബില്ലിനെ എതിർത്തതിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു. വിപ്ലവാദർശങ്ങൾ പുലർത്തുമ്പോഴും ഉറച്ച മത - ദൈവവിശ്വാസം നിലനിർത്തുന്ന വടക്കൻ തന്റേത് ഇന്തോ - ക്രിസ്റ്റോ - സോഷ്യലിസ്റ്റ് വീക്ഷണമാണെന്ന് പ്രഖ്യാപിക്കുന്നു. കമ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ എതിർക്കുന്നതിനോടൊപ്പം അർത്ഥസമ്പന്നമായ ആധ്യാത്മികസ്വാതന്ത്ര്യത്തിൽ നിന്നേ വേരുറപ്പുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയസ്വാതന്ത്ര്യങ്ങൾ പൊങ്ങിവരികയുള്ളൂ എന്നും സ്ഥാപിക്കപ്പെടുന്നു. ഇതൊന്നുംതന്നെ പ്രശ്നാധിഷ്ഠിതമായ കൂട്ടുകെട്ടുകൾ കമ്യൂണിസ്റ്റുകളുമായി ഉണ്ടാക്കുന്നതിന് തടസ്സവുമല്ല. എന്നാൽ കുടിയേറ്റക്കാരെ ന്യായീകരിക്കുന്നതിനായി വനനശീകരണത്തെ മഹത്വവൽക്കരിക്കുന്ന വടക്കന്റെ നിലപാട് അംഗീകരിക്കാനാവില്ല. വികസനത്തിന്റെ മുഖ്യപ്രവാചകന്മാരെല്ലാംതന്നെ കാടുവെട്ടാനും കയറിപ്പാർക്കാനും ഇറങ്ങിത്തിരിച്ചവരാണ് (പേജ് 290) എന്ന പ്രസ്താവന ശാസ്ത്രത്തിനു നേരെയുള്ള ഒരു വെല്ലുവിളിയാണ്. ഒരു വ്യക്തിക്ക് സമ്പാദിക്കാവുന്ന ധനത്തിന് പരിധി നിശ്ചയിക്കുക, മത്സ്യത്തിന് സർക്കാർ വിലനിശ്ചയിച്ച് തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പു വരുത്തുക, ഫാക്ടറിയുടെ നടത്തിപ്പ് തൊഴിലാളികളെ ഏൽപ്പിക്കുക എന്നിവയൊക്കെ ജനിക്കുന്നതിനുമുമ്പേ ഉപയോഗശൂന്യമായിപ്പോയ ആശയങ്ങളാണ്. എന്നാൽ വിദ്യാർത്ഥികളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കണം, നാവികസേനക്കാർ ആഴക്കടലിൽ മീൻ പിടിക്കണം, കരസേന യുദ്ധമില്ലാത്തപ്പോൾ റോഡുവെട്ടൽ, പാലം പണിയൽ എന്നിവയിൽ ഏർപ്പെടണം, യുദ്ധവിമാനങ്ങൾ കൃഷിക്ക് മരുന്നുതളിക്കുന്നതിന് ഉപയോഗിക്കണം എന്നതൊക്കെ അസ്സൽ വങ്കത്തരങ്ങളുമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ente Kuthippum Kithappum' by Fr. Joseph Vadakkan
ISBN: 9788182662346

No comments:

Post a Comment