Friday, January 12, 2018

കാവ്യസരസ്സിലെ രാഗപൗർണമി

മൂന്നു പതിറ്റാണ്ടുകാലം മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നു ശ്രീകുമാരൻ തമ്പി. തേനിറ്റുന്ന ഗാനരചനയാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിൽ എത്തിച്ചതെങ്കിലും സിനിമയുടെ സർവ്വരംഗങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ അമ്പരപ്പിക്കുംവിധം വിപുലമാണ്. 30 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു, 25 ചിത്രങ്ങൾ നിർമ്മിച്ചു, 80 ചിത്രങ്ങൾക്ക് തിരക്കഥ എഴുതി, രണ്ടു ചിത്രങ്ങളിൽ സംഗീതസംവിധാനം ചെയ്തു, 244 ചിത്രങ്ങളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ രചിച്ചു എന്നിങ്ങനെ അരനൂറ്റാണ്ടുകാലം അരങ്ങിൽ നിറഞ്ഞ തമ്പി മലയാളസിനിമയിലെ ഭീഷ്മാചാര്യർ തന്നെയല്ലേ? സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിനു സമർപ്പിക്കാൻ നാമിനിയും മടിക്കുന്നതെന്തിനാണ്? സംവിധാനം, നിർമാണം, ഗാനരചന, സംഗീതസംവിധാനം, തിരക്കഥ എന്നീ ഘടകങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച തമ്പി മലയാളസിനിമയുടെ ഉ.സാ.ഘ തന്നെയാണ് (ഗണിതത്തിലെ ഉത്തമ സാധാരണ ഘടകം, Highest Common Factor - HCF ഓർക്കുക). അല്ലെങ്കിലും ഗണിതശാസ്ത്രത്തിലും സിവിൽ എൻജിനീയറിങ്ങിലും ബിരുദധാരിയായ ശ്രീകുമാരൻതമ്പിയെ ഓർക്കാൻ ഗണിതത്തിലെ ഈ ഉപമ തന്നെയാണ് ഏറ്റവും അനുയോജ്യം.

ഗാനരചനക്ക് അതർഹിക്കുന്ന പരിഗണന നമ്മുടെ സാഹിത്യലോകം നൽകുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. പക്ഷേ ചില ആധുനിക ഗാനരചയിതാക്കളുടെ പടപ്പുകളെക്കുറിച്ചോർക്കുമ്പോൾ കുറ്റം പൂർണ്ണമായും സമൂഹത്തിന്റേതാണെന്നും പറയാനാകില്ല. ഒരു കവിയുടെ പൂർണ്ണമായ ആത്മാവിഷ്കാരം കവിതയിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളൂ. അവിടെ അവന്റെ തൂലിക സർവ്വതന്ത്രസ്വതന്ത്രമാണ്.

'അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ
യഥാസ്മൈ രോചതേ വിശ്വം
തഥേദം പരിവർത്തതേ'

(അനന്തമായ ഈ കാവ്യസംസ്കാരത്തിൽ ഒരൊറ്റ സൃഷ്ടാവേയുള്ളൂ - കവി. അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു.)

എന്നാൽ ചലച്ചിത്ര/നാടകഗാനങ്ങളെഴുതുന്നയാൾ രംഗസന്ദർഭമനുസരിച്ച്‌ പാട്ടെഴുതാൻ നിർബന്ധിതനാണ്. മറ്റാരോ വരച്ചുവെച്ചിരിക്കുന്ന ചിത്രത്തിന് നിറം പിടിപ്പിക്കേണ്ട പണിയേ അയാൾക്കുള്ളൂ. എന്നാൽ വയലാർ, ശ്രീകുമാരൻ തമ്പി മുതലായ അനുഗ്രഹീത ഗാനരചയിതാക്കൾക്കുവേണ്ടി നിർമ്മാതാക്കൾ അവസരങ്ങൾ കൃത്രിമമായി നിർമ്മിച്ചുകൊടുത്തു. അവിടെ അവരുടെ കവിതകൾ സന്ദർഭത്തിന്റെ ചങ്ങലകൾ അഴിച്ചുവെച്ച് ഭാവനയുടെ ലാസ്യനൃത്തമാടി. 'നദി' എന്ന ചിത്രത്തിന്റെ ശീർഷകഗാനമായ 'പുഴകൾ മലകൾ പൂവനങ്ങളും', 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ ശീർഷകഗാനമായ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനവും സ്മരിക്കുക. തമ്പിക്കുവേണ്ടി അവസരമൊരുക്കപ്പെട്ട ഗാനങ്ങളിൽ 'ചന്ദ്രകാന്ത'ത്തിലെ 'പുഷ്‌പാഭരണം, വസന്തദേവന്റെ തിരുവാഭരണം' ആണ് ശ്രദ്ധേയമായത്. ഈണം നേരത്തേ നിശ്ചയിച്ചാണ് പാട്ടുകൾ എഴുതുന്നത് എന്ന ആരോപണം  വളരെ പഴയതാണ്. എന്നാൽ വൃത്തത്തിനനുസരിച്ച് കവിത എഴുതിയവരും അതേ പാപം തന്നെ ചെയ്തുകൊണ്ടിരുന്നപ്പോൾ കല്ലെറിയാൻ ആർക്കാണർഹത? വൃത്തങ്ങളെന്നു പറയുന്നത് നേരത്തേ നിശ്ചയിച്ച ഈണങ്ങൾ തന്നെയാണ്!

ശ്രീകുമാരൻ തമ്പിയുടെ കവിതകൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണീ പുസ്തകം. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ മലയാളം വകുപ്പദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ. അജയപുരം ജ്യോതിഷ് കുമാർ ശേഖരിച്ചിരിക്കുന്ന ഈ ലേഖനസമാഹാരം മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് അദ്ദേഹത്തിന്റെ കാവ്യലോകത്തെക്കുറിച്ചുള്ള 17 പഠനങ്ങളാണ്.കൂടുതൽ ശ്രദ്ധേയമായ രണ്ടാം ഭാഗം ഗാനങ്ങളെക്കുറിച്ചുള്ളതാണ്. അതിൽ 23 ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. തമ്പിയുടെ ഗാന, കവിതാ പ്രസിദ്ധീകരണങ്ങൾക്കെഴുതപ്പെട്ട ഏഴ് ആമുഖങ്ങളും അവതാരികകളും ക്രോഡീകരിക്കപ്പെടുന്നതാണ് മൂന്നാം ഭാഗം. നിരവധി അനുബന്ധങ്ങൾ തമ്പിയുടെ സർഗപ്രതിഭ പതിഞ്ഞ ചലച്ചിത്രങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നു. ഗാനസങ്കേതങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ലേഖനങ്ങൾക്കിടയിൽ ഹാസ്യഗാനങ്ങളെക്കുറിച്ചുള്ള രാജീവ് ഗോപാലകൃഷ്ണന്റെ രചന ശ്രദ്ധേയമായി. ആരും ചെയ്യാൻ ഒന്നു മടിക്കുന്ന ഒരു മേഖലയിലാണ് ഈ ലേഖകൻ വെന്നിക്കൊടി നാട്ടിയത്. അമ്മയെക്കുറിച്ചും, പൊയ്‌പ്പോയ നാട്ടിൻപുറത്തിന്റെ നന്മകളെക്കുറിച്ചുമൊക്കെയുള്ള നിരവധി കവിതകൾ നിരൂപകർ ആവർത്തിക്കുന്നത് ലേശം കല്ലുകടിയുളവാക്കി.

വിപ്ലവാശയങ്ങളെ മനനം ചെയ്ത മനസ്സുമായിട്ടാണ് അറുപതുകളിലെ സാഹിത്യനായകർ തങ്ങളുടെ സപര്യക്ക് തുടക്കം കുറിച്ചത്. യുക്തിഭദ്രത അവരുടെ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനമാകേണ്ടതായിരുന്നു. വയലാർ, ദേവരാജൻ, ഒ.എൻ.വി, പി. ഭാസ്കരൻ എന്നിവരെല്ലാം തന്നെ ദൈവവിശ്വാസം പോലും കൈയൊഴിഞ്ഞ് ഇടതുപക്ഷ വീക്ഷണം പുലർത്തിയവരായിരുന്നു. എന്നാൽ ദേവരാജനെക്കുറിച്ചുള്ള തമ്പിയുടെ ഒരു സ്മൃതിശകലം കൗതുകമുണർത്തുന്ന വിവരങ്ങൾ നൽകുന്നു. തമ്പിയും ദേവരാജനും ആദ്യമായി ഒന്നിച്ച 'ചിത്രമേള' എന്ന പടത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന സമയം. തമ്പി ആദ്യമായി ദേവരാജന്റെ കയ്യിലേക്കുനൽകിയ പാട്ട് അദ്ദേഹം ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. എന്താണു കാരണമെന്നന്വേഷിച്ചപ്പോൾ 'അപസ്വരങ്ങൾ, അംഗഭംഗം വന്ന നാദകുമാരികൾ' എന്ന ഗാനമാണോ ആദ്യമായി ട്യൂൺ ചെയ്യുന്ന അവസരത്തിൽ നൽകേണ്ടത് എന്നാണ് ദേവരാജൻ ചോദിച്ചതത്രേ!

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kavyasarassile Ragapournami - Sreekumaran Thampiyude Kaavyalokam' by Ajayapuram Jyothish Kumar
ISBN:9788120040038

No comments:

Post a Comment