Tuesday, January 30, 2018

കേരളത്തിലെ സ്മാരകങ്ങൾ

സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ ഉയർത്തിപ്പിടിക്കുന്നതിൽ എത്ര അലംഭാവം പ്രകടിപ്പിക്കുന്ന ഒരു ജനതയാണ് കേരളത്തിലേത് എന്നറിയണമെങ്കിൽ കൊച്ചിയിലെയും കൊൽക്കത്തയിലേയും പ്രധാനനഗരവീഥികളുടെ പേരുകൾ നോക്കിയാൽ മതി. ബംഗാളിയല്ലാത്ത ഒരാളുടെയും പേര് കൊൽക്കത്തയിലെ സുപ്രധാനതെരുവുകളിൽ കാണാൻ ബുദ്ധിമുട്ടാകും. എന്നാൽ കൊച്ചിയിലോ, ഗാന്ധിജി, ബാനർജി, ഷൺമുഖം ചെട്ടി എന്നിങ്ങനെ പോകുന്നു കാര്യങ്ങൾ. ശരിയാണ്, ഗാന്ധിജി രാഷ്ട്രപിതാവൊക്കെത്തന്നെ. പക്ഷേ, അദ്ദേഹം ബംഗാളിന്റേയും കൂടി പിതാവല്ലേ? മലയാളികളായ സാഹിത്യനായകരുടെ നേർക്ക് നമ്മുടെ ആഭിമുഖ്യം ഇത്തരത്തിലാണെങ്കിൽ പ്രത്യേക സംസ്ഥാനപദവി കൊണ്ടുള്ള ഗുണഫലങ്ങൾ നമുക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ചിന്തിക്കണം. എന്നിരിക്കിലും, കേരളത്തിലെ പ്രമുഖസ്മാരകങ്ങളെക്കുറിച്ചുള്ള ഒരു ലഘു വിവരണമാണ് ഈ കൃതി. ചരിത്രസ്മാരകങ്ങൾ, സാംസ്കാരികസ്മാരകങ്ങൾ എന്നീ രണ്ടു ഭാഗങ്ങളായി വേർതിരിച്ചിട്ടുള്ള ഇതിൽ നാടൊട്ടുക്കുമുള്ള 55 നിർമിതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഔദ്യോഗികമായോ സ്വകാര്യാവശ്യങ്ങൾക്കുവേണ്ടിയോ യാത്ര ചെയ്യുന്ന മലയാളികൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തു സ്ഥിതിചെയ്യുന്ന സ്മാരകങ്ങളിൽ സന്ദർശനം നടത്താൻ മനസ്സുവെക്കേണ്ടതാണ്. ഗ്രന്ഥകാരനായ ആർ. വിനോദ് കുമാർ സഞ്ചാരപ്രിയനായ സാഹിത്യകാരനാണ്. അദ്ദേഹം വന-പ്രകൃതി സംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. കേരളത്തിലുടനീളം - എല്ലാ ജില്ലകളിലും - സഞ്ചരിച്ച് നിർമ്മിച്ചിരിക്കുന്ന ഈ പുസ്തകം കേരളത്തിന്റെ സാംസ്കാരിക - വിനോദസഞ്ചാരമേഖലകളിൽ ഒരു മുതൽക്കൂട്ടാണ്.

ചരിത്രസ്മാരകങ്ങളെ പരാമർശിക്കുമ്പോൾ അവയുടെ ചരിത്രശകലങ്ങൾ കൂടി വിനോദ് കുമാർ നൽകുന്നുണ്ടെങ്കിലും അവയ്ക്ക് ഉൾക്കാഴ്ച കുറവാണ്. ടൂറിസ്റ്റു ഗൈഡുകൾ വിവരിച്ചുതരുന്ന നിലവാരത്തിലേ അവ എത്തുന്നുള്ളൂ. വേലുത്തമ്പി ദളവയുടെ സ്മൃതികുടീരത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കുണ്ടറ വിളംബരം പൂർണ്ണമായിത്തന്നെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. രണ്ടു നൂറ്റാണ്ടുമുമ്പത്തെ ഭാഷ നമുക്ക് മുഴുവനായി വശംവദമാകാത്തതുകൊണ്ടുതന്നെ അതിന്റെ ഉപയുക്തത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എന്നാൽ സാഹിത്യനായകരുടെ ഓർമ്മക്കുറിപ്പുകൾ അവരുടെ കൃതികളിലെ ചില ഭാഗങ്ങളടക്കം വളരെ ഹൃദയസ്പൃക്കായ രീതിയിൽ ലേഖകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്മാരകങ്ങളുടെ വർണ്ണചിത്രങ്ങൾ അനുച്ഛേദമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും GPS നിർദ്ദേശാങ്കങ്ങൾ കൂടി നൽകിയിരുന്നെങ്കിൽ യാത്രികർക്ക് വളരെ പ്രയോജനം ചെയ്യുമായിരുന്നു.

Book Review of 'Keralathile Smaarakangal' by R Vinod Kumar
ISBN: 9788126434879

No comments:

Post a Comment