നിലവിലെ മലയാളി എഴുത്തുകാരിൽ (ഏറ്റവും?) ശ്രദ്ധേയനായ ശ്രീ. സുഭാഷ് ചന്ദ്രന്റെ വർത്തമാനകാലപ്രസക്തിയുള്ള 21 ലേഖനങ്ങളുടെ സമാഹാരമാണ് കഥകൾ പോലെ വായിച്ചുപോകാവുന്ന ഈ ചെറിയ പുസ്തകം. വെറും 118 പേജുകളേ ഉള്ളൂവെങ്കിലും അവയിലൂടെ ഗ്രന്ഥകാരൻ തുറന്നുകാണിക്കുന്ന ആശയവിപുലത അമ്പരിപ്പിക്കുന്നതാണ്. 'മാതൃഭൂമി'യിൽ ജോലി നോക്കവേ ആ പത്രത്തിലും, തന്റെ ജോലിസംബന്ധമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയതിനാൽ ആ നഗരത്തിന്റെ സാംസ്കാരികബന്ധങ്ങളെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ളവയാണ് എല്ലാ അദ്ധ്യായങ്ങളും.
'മനുഷ്യന് ഒരു ആമുഖം' എന്ന ആമുഖം ആവശ്യമില്ലാത്ത ഒരു മഹദ്കൃതിയുടെ കർത്താവ് എന്ന നിലയിലാണ് സുഭാഷ് ചന്ദ്രൻ മലയാളസാഹിത്യത്തറവാട്ടിൽ തന്റെ കസേര വലിച്ചിട്ടിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ 'തല്പം' എന്ന കഥാസമാഹാരം തീർത്തും നിരാശപ്പെടുത്തി. തല്പത്തിന്റെ നിരൂപണം ഈ ബ്ലോഗിൽ മുൻപൊരിക്കൽ പോസ്റ്റ് ചെയ്തിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 'ആമുഖം' എഴുതിയ ആ പേന കൊണ്ടുതന്നെയാണോ 'തല്പം' പോലൊരു നിലവാരമില്ലാത്ത കൃതി സുഭാഷ് ചന്ദ്രൻ രചിച്ചത് എന്ന് അതിൽ അത്ഭുതപ്പെട്ടിരുന്നു. എങ്കിലും ആ രചന അദ്ദേഹത്തിന്റെ സർഗ്ഗചൈതന്യത്തെ താൽക്കാലികമായി ബാധിച്ച ഒരു ഗ്രഹണം മാത്രമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഞങ്ങൾ ഒരേ പ്രായക്കാരും ഏതാണ്ടൊരേ നാട്ടുകാരും ആണെന്നത് ആ തീരുമാനത്തെ ബാധിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല.
ജീവിതത്തിന്റെ സുരക്ഷിതതാളങ്ങളിൽ നങ്കൂരമിടുന്ന മദ്ധ്യവയസ്സ് ലേഖകനിൽ പിടിമുറുക്കുന്നത് 'മിഠായിത്തെരുവിൽ ഒരു മകൻ' എന്ന ലേഖനത്തിൽ കാണാം. "മുതിർന്ന മക്കൾ മുന്നിൽ വരുമ്പോൾ കാലം നമ്മെ ശാസിക്കുന്നു: പതുക്കെപ്പോകൂ, നീ വൃദ്ധനായിത്തുടങ്ങുന്നു' എന്നു രേഖപ്പെടുത്തുമ്പോൾ പരാമർശവിധേയനായ കസേരയുടെ പ്ലാസ്റ്റിക് വയർ നെയ്യുന്ന അന്ധപിതാവിനെയല്ല ഉദ്ദേശിക്കുന്നത്. കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് എഴുതിയ 'കേരളത്തിന് വയസ്സാകുന്നു' എന്ന അദ്ധ്യായം ഇന്നോളമുള്ള കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരികരംഗങ്ങളിലെ ചെയ്തികളോടുള്ള അതൃപ്തിപ്രകടനമാണ്. സ്വന്തം തനിമയോട് പുറംതിരിഞ്ഞുനിന്നും അതിനെ ഇകഴ്ത്തിയും പാഴ്‌വമ്പുമായി ജീവിക്കുന്ന കേരളീയരുടെ തൊലിയുരിക്കുന്നുണ്ട് ഇതിൽ. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ നൂറ് എന്ന കണക്കെയുള്ള ആ വിമർശനശരങ്ങളെ പ്രതിരോധിക്കാനുള്ള കവചകുണ്ഡലങ്ങൾ അപൂർവം മലയാളികൾക്കേ ഉണ്ടാകൂ.
സമൂഹത്തിന്റെ സ്ഥാപിതവൽക്കരിക്കപ്പെട്ട മൂല്യങ്ങളെയും ബിംബങ്ങളെയും തുറന്നെതിർത്തിരുന്ന മലയാളസാഹിത്യകാരന്മാർക്ക് ആ 'നിഷേധിത്തരം' നഷ്ടമായത് ചരിത്രത്തിന്റെ ഏതു സന്ധിയിൽ വെച്ചാണ്? വേലയും കൂലിയുമില്ലാതെ എന്തിനെയും തകർത്തെറിയാനുള്ള അടങ്ങാത്ത വാഞ്ചയുമായി പേനയേന്തിയ അരാജകവാദികളിൽനിന്ന് ഔദ്യോഗികജീവിതത്തിന്റെ വിശ്രമവേളകളിൽ മാത്രം തൂലികപേറുന്ന പ്രൊഫഷനലുകളിലേക്ക് നമ്മുടെ സാഹിത്യം വഴിമാറിയൊഴുകിയതിന്റെ ദൃഷ്ടാന്തങ്ങളാണല്ലോ സുഭാഷ് ചന്ദ്രനും ബെന്യാമിനുമൊക്കെ! ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ ആശയസംഹിതക്കോ എതിരായ യാതൊരു വിമർശനവും ഈ ലേഖനങ്ങളിൽ കാണുന്നില്ല. സുഭാഷ് ചന്ദ്രന്റെ കൂരമ്പുകൾ ഉന്നം വെക്കുന്നത് മുഖമില്ലാത്ത ചില സാമൂഹ്യവഴക്കങ്ങളെ മാത്രമാണ് - ആരും ന്യായീകരിക്കാൻ എത്തില്ലെന്നുറപ്പുള്ള, ആവർത്തനത്താൽ തേഞ്ഞുതീർന്ന ചില പ്രാപഞ്ചികസത്യങ്ങളെ മാത്രം. എല്ലാവരേയും പ്രീതിപ്പെടുത്താനുള്ള ത്വര ചിലപ്പോഴൊക്കെ അതിന്റെ വൃത്തികെട്ട തല ഉയർത്തുന്നു. മലബാറുകാരനല്ലെങ്കിലും കോഴിക്കോടിനെ സ്വർഗ്ഗരാജ്യത്തിന്റെ തലത്തോളമുയർത്തുന്നതും, ഗസൽ സംഗീതത്തെ മറ്റെല്ലാറ്റിനും മേലെ പ്രതിഷ്ഠിക്കുന്നതും, ശ്രീനാരായണദർശനങ്ങളെ ഗുരു പോലും ലക്ഷ്യം വെച്ചിട്ടില്ലാത്ത അർത്ഥതലങ്ങളിലേക്ക് വ്യാപരിപ്പിക്കുന്നതും ചില സ്ഥാപിതതാല്പര്യക്കാരെ തൃപ്തിപ്പെടുത്താനല്ലേ എന്ന് വായനക്കാർ സംശയിച്ചേക്കാം. ആ സംശയത്തെ കാലം തെറ്റാണെന്ന് തെളിയിക്കട്ടെ എന്ന് നമുക്കാശിക്കാം. 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധി ലേഖനങ്ങളിൽ കടന്നുവരുന്നത് 'സ്വയം പ്രൊമോഷൻ' ആയി കരുതേണ്ടതില്ല. ആ കൃതിയുടെ കർത്താവായതുകൊണ്ടാണല്ലോ നാം സുഭാഷ് ചന്ദ്രനെ വായിക്കുന്നത്.
അനുഭവങ്ങളുടെ ആത്മാർത്ഥമായ ആവിഷ്കാരമാണ് ഈ ലേഖനങ്ങളിൽ കാണാൻ കഴിയുന്നത്. 'തല്പം' പോലുള്ള കഥകൾ എഴുതുന്നതിനേക്കാൾ സമൂഹം ഇതുപോലുള്ള കൃതികളാണ് ഇദ്ദേഹത്തിൽനിന്ന് ആവശ്യപ്പെടുന്നത്. മദനന്റെ ചിത്രീകരണങ്ങൾ ലേഖനങ്ങളെ ദൃശ്യപരമായി പ്രോജ്വലമാക്കുന്നു.
Book Review of 'Padapusthakam' by Subhash Chandran
ISBN: 9788182673915

No comments:
Post a Comment