നാലുവർഷത്തിനുശേഷം വിസിൽ ശബ്ദവും ഗാലറികളിലെ ആരവവും വീണ്ടും പടികടന്നെത്തുമ്പോൾ എന്റെ ജീവിതത്തിൽ ലോകകപ്പ് സൃഷ്ടിച്ച ചലനങ്ങളെക്കുറിച്ച് ഓർത്തുപോവുകയാണ്.
കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം എത്തുന്നതിനുമുമ്പുള്ള ആ 'ഇരുണ്ട' യുഗത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞേക്കില്ല. പള്ളിക്കൂടം വിട്ടാലത്തെ കളികൾ കഴിഞ്ഞ് പഠിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ അതും പൂർത്തിയാക്കി എട്ടുമണിയോടെ ഉറക്കത്തിനു തയ്യാറാവുന്ന ആ ടെലിവിഷൻ-പൂർവകാലത്തെ സുവർണയുഗമെന്ന് എണ്ണുന്നവരുടെ കൂട്ടത്തിൽ പക്ഷേ ഞാൻ പെടില്ല. ഗ്രാമീണമനസ്സുകളുടെ ജനാലകളെ ലോകത്തിന്റെ വിശാലമായ അങ്കണത്തിലേക്ക് തുറന്നുകൊടുത്തത് ടി.വിയാണ്.
കായിക അദ്ധ്വാനത്തിൽ തല്പരനല്ലായിരുന്ന ആ എലുമ്പൻ ചെറുക്കന് കാൽപ്പന്തുകളിയിൽ ഹരം കയറിയത് എപ്പോഴാണെന്നറിയില്ല. അവന്റെ മറ്റനേകം താല്പര്യങ്ങളെപ്പോലെ സാമൂഹ്യസ്വീകാര്യതക്കുവേണ്ടി ഇതും ബോധപൂർവം വളർത്തിയെടുത്തതാകാനേ വഴിയുള്ളൂ. എങ്കിലും ആ പത്തുവയസ്സുകാരൻ 1982-ലെ സ്പെയിൻ ലോകകപ്പ് പത്രങ്ങളിൽ ഉത്സാഹത്തോടെ വായിച്ചിരുന്നതായി ഇന്നും ഓർക്കുന്നു. സ്‌പെയിൻകാർ സ്വന്തം നാടിനെ 'എസ്പാന്യ' എന്നുമാത്രമാണ് വിളിക്കുന്നതെന്ന പുതിയ അറിവ് ട്രിവാൻഡ്രം, ക്വയിലോൺ എന്നൊക്കെ തട്ടിമൂളിച്ചുകൊണ്ടിരുന്ന മലയാളിയുടെ നിർലജ്ജമായ പൈതൃകനിഷേധത്തിനെതിരെ ചെറിയ അനുരണനങ്ങൾ അവനിൽ ഉയർത്തിയിരുന്നു.
സെവിയയിലെ ദുരന്തം (Tragedy of Seville) എന്നറിയപ്പെടുന്ന ജർമ്മനി - ഫ്രാൻസ് സെമിഫൈനൽ മത്സരമായിരുന്നു ആ ലോകകപ്പിന്റെ ഇന്നും നിലനിൽക്കുന്ന ഓർമ്മ. ജർമൻ ഗോളി ഹറാൾഡ് ഷുമാക്കർ മുന്നോട്ടോടിവന്ന ഫ്രഞ്ച് പ്രതിരോധതാരം ബാറ്റിസ്റ്റണെ ക്രൂരമായി ഫൗൾ ചെയ്തുവീഴ്ത്തിയ സംഭവം ഇന്നും ലോകകപ്പിലെ ചർച്ചാവിഷയമാണ്. ബാറ്റിസ്റ്റൺ തൽക്ഷണം ബോധരഹിതനായെങ്കിലും ഷുമാക്കർക്കെതിരായ ഫൗൾ വിളിക്കാൻ പോലും മറന്നുപോയ റഫറിയും ചരിത്രത്തിന്റെ ഭാഗം! തകരാറുസംഭവിച്ച കശേരുഖണ്ഡവും പല്ലുകളുമായി ബാറ്റിസ്റ്റൺ ഇന്നും ജീവിക്കുന്നു. ആ ഫൗളിന്റെ പേരിൽ ജർമനിക്കുനേരെ ഉയർന്ന പക ഫൈനലിൽ ഇറ്റലി അവരെ 3-1ന് തകർത്തപ്പോഴാണ് അടങ്ങിയത്. കലാശമത്സരത്തിലും ഒരു ഗോൾ നേടി പരമ്പരയിലെ ടോപ് സ്‌കോറർ ആയ പൗളോ റോസ്സി നായകപരിവേഷത്തോടെ ജനമനസ്സുകളിൽ ഇടം നേടി.
1986-ലെ മെക്സിക്കോ ലോകകപ്പിന്റെ കാലമായപ്പോഴേക്കും വ്യാപകമായ മാറ്റങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞിരുന്നു. 1982-ലെ ഡൽഹി ഏഷ്യാഡോടെ ദൂരദർശൻ വർണസംപ്രേഷണം ആരംഭിച്ചു. ആ വർഷം തന്നെ തിരുവനന്തപുരത്തും അധികം താമസിയാതെ കൊച്ചിയിലും ട്രാൻസ്മിറ്ററുകൾ സ്ഥാപിക്കപ്പെട്ടതോടെ പുരപ്പുറത്തെ ആന്റിന വഴിയുള്ള ഭൂതലസംപ്രേഷണം സാദ്ധ്യമായി. വർണ്ണരാജിയെ കറുപ്പും വെള്ളയിലും മാത്രം കാണിച്ചുതരുന്ന ടി.വി. സെറ്റുകൾ പാവങ്ങളുടെ കൂട്ടുകാരായി. 'ലൈവ്' എന്ന ലോകാത്ഭുതം മെക്സിക്കോയിലെ നട്ടുച്ചകളെ തത്സമയം കേരളത്തിന്റെ രാത്രികളിലേക്ക് പറിച്ചുനട്ടു. ജോവോ ഹവലാഞ്ച് എന്ന ബ്രസീലിയൻ ബിസിനസ്സുകാരൻ 1974-ൽ ഫിഫയുടെ തലപ്പത്തെത്തിയതോടെ ഫുട്ബോളും വളരുകയായിരുന്നു - കൂറ്റൻ കാൽവെപ്പുകളിലൂടെ.
ദൂരദർശന്റെ സാങ്കേതിക പാപ്പരത്തം വിളിച്ചോതുന്നതായിരുന്നു ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണം. പ്രധാന നിമിഷങ്ങളുടെ റീപ്ലേ സ്‌ക്രീനിന്റെ ഒരു മൂലയിൽനിന്നുത്ഭവിച്ച് കറങ്ങിവന്ന് സ്‌ക്രീനിൽ നിറയുന്നത് കാണുമ്പോഴുണ്ടായ ആനന്ദം മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ ഇപ്പോഴുമുണ്ട്. ഒരു ദിവസം ഒരു മത്സരമേ സംപ്രേഷണം ചെയ്തിരുന്നുള്ളൂവെങ്കിലും, അത് രാത്രി പതിനൊന്നു മണിയോടടുപ്പിച്ചായിരുന്നുവെങ്കിലും, പത്താം ക്ലാസ്സിലാണ് പഠിച്ചിരുന്നതെങ്കിലും 1986-ലെ മത്സരങ്ങളിൽ പലതും അവൻ കണ്ടുതീർത്തു.
ഫുട്ബോൾ ലോകകപ്പിന്റെ ആകർഷണീയതകളിൽ പ്രധാനമായത് ഇന്ത്യ ഒരിക്കലും അതിൽ പങ്കെടുത്തിട്ടില്ലെന്നതാണ്. നമ്മുടെ ദേശീയടീമിന്റെ പ്രകടനം വെച്ചുനോക്കിയാൽ സമീപഭാവിയിലെങ്ങും അതിനുള്ള യോഗ്യത നേടുകയില്ലെന്നും കാണാം. ഫുട്ബോൾ എന്ന വികാരത്തെ ദേശീയതയുടെ ഇടുങ്ങിയ മതിൽക്കെട്ടുകളിൽനിന്ന് മോചിപ്പിക്കാൻ അത് സഹായകമായി. വിവിധ രാജ്യങ്ങളെ പിന്തുണക്കുന്നവരെ കേരളത്തിലെ പ്രേക്ഷകസമൂഹത്തിൽ കണ്ടുമുട്ടാൻ കഴിയും.
എന്നിരുന്നാലും ബ്രസീലിനെയോ അർജന്റീനയെയോ തുണക്കുന്നവരാണ് നല്ലൊരു ശതമാനം കേരളീയരും. എന്താണിതിനു കാരണം? ടെലിവിഷന്റെ വരവിനു മുന്നേ തന്നെ ഫുട്ബോൾ കേരളത്തിലെ ഏറ്റവും ജനകീയമായ കായികവിനോദമായിരുന്നു. അക്കാലത്തെ കളിക്കാർക്ക് ഒരൊറ്റ ഹീറോയേ ഉണ്ടായിരുന്നുള്ളു - ബ്രസീലിന്റെ പെലെ. സ്‌കൂൾ ടെക്സ്റ്റ്ബുക്കുകളിൽപ്പോലും പെലെയുടെ മാന്ത്രികബൂട്ടുകളെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനങ്ങളും കഥകളും ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ദേശത്തെ പിന്താങ്ങുന്നവർ ഇവിടെ അധികമായി ഉണ്ടായി. എന്നാൽ അർജന്റീനയോടുള്ള പ്രേമം തുടങ്ങുന്നത് 1986-ലെ മെക്സിക്കോ മത്സരങ്ങളിൽ രോമാഞ്ചത്തോടെ വീക്ഷിച്ച ഡീഗോ മാറഡോണ എന്ന ഇന്ദ്രജാലക്കാരന്റെ പ്രകടനത്തോടെയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരിൽ അർജന്റീന പ്രസിദ്ധ വിപ്ലവകാരിയായ ചെ ഗുവേരയുടെ നാടാണെന്നതും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.
ക്രിക്കറ്റ് എത്രത്തോളം വ്യക്തികേന്ദ്രീകൃതമാണോ അത്രത്തോളം സംഘകേന്ദ്രീകൃതമാണ് ഫുട്ബോൾ. ഒരാൾക്കു തനിച്ച് കളിയുടെ ഗതിയെ സ്വാധീനിക്കാനാവില്ല. ഈ സാമാന്യതത്വത്തെ ഹൃദ്യമായ രീതിയിൽ തകർത്തെറിഞ്ഞ താരരാജാവാണ് ഡീഗോ മാറഡോണ. ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർഫൈനൽ തീപാറുന്ന ഒരു പോരാട്ടം തന്നെ കാഴ്ചവെച്ചു. അതിന് വെറും നാലുവർഷം മുമ്പായിരുന്നു അർജന്റീന 74 ദിവസത്തെ ഫോക്‌ലാൻഡ്‌സ് യുദ്ധത്തിനൊടുവിൽ ബ്രിട്ടന്റെ മുന്നിൽ തോറ്റുകീഴടങ്ങിയത് എന്നതുകൊണ്ട് അർജന്റീനക്കാർ മത്സരത്തെ രണ്ടാം യുദ്ധം എന്ന നിലയിൽ തന്നെയാണ് കണ്ടിരുന്നത്. ഇംഗ്ലണ്ട് 2-1ന് തോറ്റ മത്സരത്തിൽ മറഡോണ നേടിയ രണ്ടുഗോളുകളും ലോകം ഇന്നും ഓർക്കുന്നു. ആദ്യത്തേത് അദ്ദേഹം കൈകൊണ്ട് തട്ടി വലക്കുള്ളിലാക്കിയതാണെങ്കിലും മദ്ധ്യരേഖയ്ക്കടുത്തുനിന്ന് നിരവധിപേരെ മറികടന്ന് പന്ത് വലയിലാക്കിയ രണ്ടാമത്തെ ഗോൾ ഒരു പക്ഷേ ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരിക്കും.
സെമിഫൈനലിൽ മറഡോണ തന്റെ ഇന്ദ്രജാലം വീണ്ടും പുറത്തെടുത്തു. ബെൽജിയത്തിനെ 2-0 ന് തോൽപിച്ച അർജന്റൈൻ ടീമിനുവേണ്ടി രണ്ടു ഗോളുകളും നേടിയത് മാന്ത്രികൻ തന്നെയായിരുന്നു. ആവേശം തിരതല്ലിയ അർജന്റീന - ജർമ്മനി ഫൈനൽ ഒരു ക്ലാസിക് ആയി മാറി. 2-0 ന് മുന്നേറിയ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഒരു ഘട്ടത്തിൽ ജർമ്മനി സമനില പിടിച്ചുവാങ്ങി (2-2). എന്നാൽ അവസാനനിമിഷങ്ങളിൽ മറഡോണയുടെ ഒരു മിന്നുന്ന പാസ്സിൽനിന്ന് ബുറുഷാഗ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു, കപ്പടിച്ചു (3-2).
സത്യം പറഞ്ഞാൽ ലോകകപ്പിന്റെ സ്മരണകളിൽ ഏറ്റവും ദീപ്തമായത് 1986-ലേതാണ്. ലോകകപ്പ് ക്ലബ് മത്സരങ്ങളുടെ ഇടവേളയായ ജൂണിൽ നടത്തുന്നതിനാൽ കേരളത്തിൽ എപ്പോഴും മഴക്കാലമായിരിക്കും. രാത്രി വൈകി നടക്കുന്ന മത്സരങ്ങളായതിനാൽ വൈദ്യുതതടസ്സമുണ്ടായാൽ കളി കാണാൻ കഴിയില്ല. ബ്രസീലും ഫ്രാൻസും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം അത്തരം ഒരു വിഷമസന്ധിയിലെത്തിച്ചു. വൈകിട്ട് എട്ടുമണിയോടെ കാറ്റും മഴയും വന്ന് കറന്റ് പോയി. ടെലിഫോൺ സൗകര്യമൊന്നും ഇല്ലാതിരുന്ന കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സൈക്കിളാണ് ആകെയുള്ള ഇരുചക്ര വാഹനം. ഇലക്ട്രീഷ്യനും ഫുട്ബോൾ ആരാധകനുമായ അമ്മാവനൊപ്പം രാത്രിതന്നെ ട്രാൻസ്ഫോർമറിനടുത്തെത്തി ഫ്യൂസ് കെട്ടിയിട്ടാണ് അന്ന് വൈദ്യുതി ഒപ്പിച്ചത്. പിന്നീട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കരിയർ ആയി തെരഞ്ഞെടുക്കാൻ ഈ അനുഭവവും ഒരു പ്രേരണയായിട്ടുണ്ടാകാം. 1986 ജൂൺ 21 രാത്രി 11.30 ന് തുടങ്ങിയ ആ മത്സരവും ഒരു മറക്കാനാവാത്ത ഓർമ്മ തന്നെയാണ്. കരേക്ക ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പേ പ്ലാറ്റിനി സമനില നേടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് ബ്രസീൽ ഗോളിയുടെ മുതുകിൽ തട്ടി വലയിലേക്ക് നീങ്ങിയത് വിവാദമായെങ്കിലും മത്സരത്തിന്റെ ഫലം ഫ്രാൻസിനനുകൂലമായി നിർണയിച്ചു.
1986 ജൂൺ 29-നായിരുന്നു ഫൈനൽ. മത്സരം രാത്രി 11.30-നായിരുന്നെങ്കിലും ഏഴുമണിയോടെ പതിവുപോലെ കാറ്റും മഴയും - വൈദ്യുതി മുടങ്ങി. ഇത്തവണ ഫ്യൂസ് കെട്ടിയിട്ടാൽ തീരുന്ന കേസല്ലായിരുന്നു. ആ പ്രദേശമാകെ ഇരുട്ടായതിനാൽ ഒന്നും നടക്കാത്ത അവസ്ഥ. മത്സരം തുടങ്ങുന്ന സമയമായപ്പോഴേക്കും വീട്ടിൽ ഇരിപ്പുറക്കാത്തതിനാൽ ഞങ്ങൾ റോഡിലേക്കിറങ്ങി. അടുത്തുള്ള പ്രമുഖകമ്പനിയിൽ വൈദ്യുതി ഉണ്ട്, പക്ഷേ അവർ അകത്തേക്ക് കയറ്റിവിടില്ല. അപ്പോഴാണ് ഒരു കൂട്ടർ ടാക്സി വിളിച്ച് പോർട്ടബിൾ ടി.വി.യുമായി വരുന്നതുകണ്ടത്. ഫാക്ടറിയിൽ നിന്ന് വൈദ്യുതി എടുത്തുകൊള്ളാൻ അവർ സമ്മതിച്ചതിനാൽ കാറിനുമുകളിൽ വെച്ച ടി.വി.യിൽ ദേശീയപാതയുടെ ഓരത്തുനിന്ന് ആ ഫൈനൽ കണ്ടു. അതിനുമുൻപോ പിൻപോ അത്രയും ആസ്വദിച്ച ഒരു മത്സരം ഉണ്ടായിട്ടില്ല!
"Bliss it was in that dawn to be alive
But to be young was very heaven'
ആ കാലത്തിനെ അനുസ്മരിക്കാൻ ഇതിലും നല്ല വരികളില്ല.
1990-ലെ ഇറ്റലി ലോകകപ്പ് ആയപ്പോഴേക്കും കുറേക്കൂടി പരിഷ്‌കാരങ്ങൾ വന്നുകഴിഞ്ഞിരുന്നു. കളർ ടി.വി ഒരെണ്ണം ഏറെ ത്യാഗം സഹിച്ചിട്ടാണെങ്കിലും വാങ്ങിച്ചു. എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്ററിന്റെ തുടക്കത്തിലായിരുന്നു കപ്പ്. പരിമിതമായ ഹോസ്റ്റൽ സൗകര്യങ്ങളേ കോളേജ് ഒരുക്കിയിരുന്നുള്ളൂ. അവിടെ പ്രവേശനം ലഭിക്കുന്നത് അഞ്ചാം സെമസ്റ്ററിൽ മാത്രവും. കോളേജിലെ അദ്ധ്യാപകർ പരിസരങ്ങളിലായി പണിതിട്ടിരിക്കുന്ന സ്വകാര്യഹോസ്റ്റലുകളിലാണ് ജൂനിയർ കുട്ടികളുടെ വാസം. അവിടെയെങ്ങും ടി.വിയുമില്ല. വാരാന്ത്യങ്ങളിൽ വീട്ടിൽ വരുമ്പോൾ മാത്രമായിരുന്നു മത്സരങ്ങൾ കാണാൻ സാധിച്ചിരുന്നത്.
ഓർമയിൽ തങ്ങിനിൽക്കുന്ന മത്സരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പൊതുവേ ഉണ്ടായിരുന്നില്ല. ടോപ് സ്‌കോറർ ആയിരുന്ന ആതിഥേയരുടെ സാൽവത്തോറി സ്കില്ലാച്ചിയും മുപ്പത്തിയെട്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച കാമറൂണിന്റെ റോജർ മില്ലയുമായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയവർ. നിറം മങ്ങിയ ഒരു പ്രകടനത്തിനൊടുവിൽ റിസർവ് ഗോളിയായി വന്ന ഗോയകൊച്ചെയയുടെ പെനാൽട്ടി തടുക്കാനുള്ള മികവിൽ അർജന്റീന ഫൈനലിലുമെത്തി - എല്ലാ നോക്ക്ഔട്ട് മത്സരങ്ങളിലും എതിരാളികളെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ട്! സെമിയിൽ ആതിഥേയരായ ഇറ്റലിയുമായി നടന്ന മത്സരം ശ്രദ്ധേയമായിരുന്നു. നേപ്പിൾസ് നഗരത്തിൽ അരങ്ങേറിയ മത്സരത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മറഡോണ പ്രൊഫഷണൽ ലീഗിൽ കളിച്ചിരുന്ന നപ്പോളി ക്ലബ്ബിന്റെ സ്വന്തം സ്റ്റേഡിയം കൂടിയായിരുന്നു അത്. എന്നാൽ മറഡോണ ഏതാനും നിമിഷത്തേക്ക് സ്വന്തം ഫോം വീണ്ടെടുത്തത് നിർഭാഗ്യവശാൽ ഈ കളിയിലായിപ്പോയി. അദ്ദേഹത്തിന്റെ തിളങ്ങുന്ന പാസ്സിൽനിന്ന് കനീജിയ സ്‌കോർ ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഷൂട്ടൗട്ടിൽ ഇറ്റലി പുറത്താവുകയും ചെയ്തു. ക്ലബ്ബ് മത്സരങ്ങളിൽ മറഡോണയുടെ കരിയർ അവസാനിപ്പിച്ച കളിയായിരുന്നു അന്നത്തേത്.
ഫൗളുകളുടെ മാലപ്പടക്കത്തോടെ അർജന്റീന പരിഹാസ്യമാക്കിയ ഫൈനലിൽ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജർമ്മനി കിരീടം നേടി. ലോകകപ്പുകളിലെ ഏറ്റവും നിറം മങ്ങിയ ഫൈനൽ. കുത്തനെ ഇടിഞ്ഞ ഗോളുകളുടെ എണ്ണം ഫിഫയെ ആശങ്കയിലാക്കി. കായികപ്രേമികളിൽനിന്ന് ഫുട്ബാളിനെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഫിഫ ആവശ്യപ്പെട്ടു.
ഇന്റർനെറ്റും മൊബൈലുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് ഫിഫയുടെ വിലാസം എങ്ങനെയോ തപ്പിപ്പിടിച്ച് ഏതാനും നിർദേശങ്ങൾ എഴുതിയയച്ചു. ഡയറക്റ്റ് ഫ്രീകിക്കുകൾ എടുക്കുമ്പോൾ എതിർകളിക്കാർ മനുഷ്യമതിൽ തീർക്കാൻ പാടില്ലെന്നും കോർണർ കിക്കുകൾ എടുക്കുമ്പോൾ പെനാൽറ്റി ബോക്സിൽ കളിക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ആയിരുന്നു എന്നാണോർമ്മ. ഫിഫയുടെ മറുപടി കൃത്യമായി വന്നത് ഒരു വൻ അത്ഭുതം തന്നെയായിരുന്നു. നിർദേശങ്ങൾ പരിശോധിച്ചതിനുശേഷം സ്വീകരിക്കുകയാണെങ്കിൽ 1994-ലെ യു.എസ് ലോകകപ്പിൽ നടപ്പിൽ വരുത്തും എന്നായിരുന്നു കത്തിൽ. എന്റെ നിർദേശങ്ങൾ നടപ്പിൽ വന്നേക്കും എന്ന പ്രതീക്ഷയിൽ കുറച്ചു നാളുകൾ കടന്നുപോയി. അങ്ങനെ സംഭവിച്ചാൽ അവ അവതരിപ്പിച്ചയാൾക്ക് ലോകകപ്പ് കാണാൻ ഒരു ഫ്രീ ടിക്കറ്റ് ഫിഫ കൊടുക്കാതിരിക്കില്ലല്ലോ! നിർഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല. നിരാശയൊന്നും ഉണ്ടായില്ല, കാരണം മോഹഭംഗങ്ങളെ മാനേജ് ചെയ്യുന്നതിനെയാണ് പ്രായപൂർത്തി എന്നു പറയേണ്ടത്.
1994-ലെ കപ്പ് ആയപ്പോഴേക്കും എഞ്ചിനീയറിംഗ് പഠനം പൂർത്തിയായിരുന്നു. ജോലിയന്വേഷണം വ്യാപകമായി നടക്കവേ ഒരു കമ്പനിയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് തരപ്പെട്ട വർഷമായിരുന്നു അത്. പഠനത്തിന്റെ ബാദ്ധ്യതകളില്ലാത്ത ആദ്യത്തെ ലോകകപ്പ്! ഫുട്ബോൾ എന്നത് ഹെൽമറ്റും മറ്റു സുരക്ഷാസംവിധാനങ്ങളുമായി കളിച്ചുകൊണ്ടിരുന്ന അമേരിക്കക്കാർക്ക് സോക്കറിന്റെ സൗമ്യമായ ആവേശം പുത്തൻ അനുഭവമായി മാറുകയായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന മത്സരങ്ങൾ ഇപ്പോൾ ആലോചിച്ചെടുക്കാൻ കഴിയുന്നില്ല. എങ്കിലും കൊളംബിയയുടെ ദുരന്തതാരമായി മാറിയ ആന്ദ്രെസ് എസ്കോബാറിനെ ഓർമ്മവരുന്നു. യോഗ്യതാമത്സരങ്ങൾ തൂത്തുവാരിയാണ് കൊളംബിയ ലോകകപ്പിലെത്തിയത് - സാക്ഷാൽ അർജന്റീനയെപ്പോലും 5-0 ന് മുട്ടുകുത്തിച്ചുകൊണ്ട്! സെമി വരെയെത്തുമെന്നു പ്രവചിക്കപ്പെട്ടിരുന്ന കൊളംബിയ പക്ഷേ പ്രാഥമികറൗണ്ടിൽ തന്നെ തോറ്റുപുറത്തായി. അതിനു വഴിവെച്ചത് ആതിഥേയരായ അമേരിക്കയുമായി നടന്ന മത്സരത്തിൽ എസ്കോബാറിന്റെ സെൽഫ് ഗോളും. റുമാനിയയോട് 3-0 ന് തോറ്റിരുന്ന കൊളംബിയ അമേരിക്കയോടും 2-1 ന് വീണതോടെ പുറത്തേക്കുപോയി. ഏതാനും ആഴ്ചകൾക്കുശേഷം അധോലോകം വാഴുന്ന മാഡലിൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ എസ്കോബാർ വെടിയേറ്റുമരിച്ചു എന്ന വാർത്ത കായികലോകത്തെ സ്തബ്ധരാക്കി. കളിക്കളത്തിലെ ഒരു പിഴവിന്റെ പേരിൽ ഒരു താരത്തിന് ജീവൻ നഷ്ടമാവുക എന്നത് ഫുട്ബാളിനെന്നല്ല, ഒരു കായികവിനോദത്തിനും അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല.
ബ്രസീലും ഇറ്റലിയും മാറ്റുരച്ച ഫൈനൽ 1994-ലെ ലോകകപ്പിനെ ശ്രദ്ധേയമാക്കിയത് ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യത്തെ ഫൈനൽ എന്ന അനഭിലഷണീയ ബഹുമതിയോടെയാണ്. എക്സ്ട്രാ സമയത്തും ഗോളടിക്കാതെ വന്നപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഫൈനലിൽ ഒരു പുതുമ തന്നെയായിരുന്നു അതും. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കേ ഇറ്റലിയുടെ സൂപ്പർതാരം റോബർട്ടോ ബാജിയോ നിർണായക പെനാൽറ്റി ബാറിനുമുകളിലൂടെ പറത്തിവിട്ടപ്പോൾ ബ്രസീൽ നാലാമതും കപ്പുയർത്തി.
1998-ൽ കപ്പ് ഫ്രാൻസിൽ എത്തിയപ്പോൾ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച്, പ്രൊബേഷൻ പൂർത്തിയാക്കിയതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പ്. ഫ്രാൻസിൽ നടന്ന മത്സരങ്ങളിൽ പല പുതിയ പരിഷ്കാരങ്ങളും കടന്നുവന്നു. എക്സ്ട്രാ സമയത്ത് ആദ്യഗോൾ വീഴുന്നതോടെ കളിയവസാനിപ്പിക്കുന്ന ഗോൾഡൻ ഗോൾ, പകരക്കാരായി മൂന്നുപേരെ ഇറക്കാനുള്ള അനുവാദം, പിന്നിൽ നിന്നുള്ള ഫൗളുകൾക്ക് കർശനശിക്ഷ എന്നിവ 1998-ൽ നടപ്പിൽ വന്നു. ഏതാനും മാസങ്ങൾക്കുശേഷം ഗോൾഡൻ ഗോൾ സമ്പ്രദായം ഉപേക്ഷിച്ചുവെങ്കിലും മറ്റുള്ളവ ഇന്നും കളിനിയമങ്ങളുടെ ഭാഗമാണ്.
സിനദിൻ സിദാൻ എന്ന കഷണ്ടിക്കാരനായ മദ്ധ്യനിരക്കാരന്റെ നേതൃത്വത്തിൽ ആതിഥേയരുടെ കുതിച്ചുചാട്ടമാണ് ഈ കപ്പിൽ കണ്ടത്. ദാവോർ ഷൂക്കറിന്റെ ക്രൊയേഷ്യ സെമിഫൈനലിലേക്ക് പറന്നുകയറിയത് വിദഗ്ദ്ധരെ ഞെട്ടിച്ചു. അതിനുമുമ്പുള്ള രണ്ടു ലോകകപ്പ് ഫൈനലുകളിലേയും ഗോൾക്ഷാമത്തിന് അവസാനമിടുന്നതായിരുന്നു പാരീസിലെ ഫൈനൽ. ബ്രസീലിനെ 3-0 ന് മുട്ടുകുത്തിച്ചുകൊണ്ട് ഫ്രാൻസ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായി.
2002 ആയപ്പോഴേക്കും കൂടുതൽ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പായിരുന്നു ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി നടത്തിയ ഈ പരമ്പര. ചരിത്രത്തിലാദ്യമായി കപ്പ് മത്സരങ്ങൾ ഏഷ്യൻ മണ്ണിൽ നടത്തപ്പെട്ട വർഷം. റഫറിമാരുടെ പിന്തുണ ചിലപ്പോഴെങ്കിലും ആതിഥേയരായ കൊറിയയുടെ പാതയിൽ പൂക്കൾ വിരിച്ച ആ ടൂർണമെന്റിൽ കൊറിയ സെമിഫൈനൽ വരെ എത്തി പരാജയപ്പെട്ടു. ഫുട്ബോളിലെ ഏറ്റവും മഹനീയമായ പൈതൃകത്തിനുടമകളായ ബ്രസീൽ ഒരിക്കൽക്കൂടി കഴിവുതെളിയിച്ച ഫൈനലിൽ ജർമനിയെ 2-0 ന് അവർ കീഴടക്കി.
സ്മരണീയമായി ഒന്നുംതന്നെ ഇല്ലാതെയാണ് 2006-ലെ ലോകകപ്പ് മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയത്. ജർമൻ സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വിരിഞ്ഞാടൽ സ്റ്റേഡിയങ്ങളിൽ പ്രകടമായിരുന്നു. ആതിഥേയർ ഇടയിൽ കൊഴിഞ്ഞുവീണ മത്സരങ്ങൾക്കൊടുവിൽ ഇറ്റലി ഷൂട്ടൗട്ടിൽ കിരീടം നേടി. ഫ്രഞ്ച് താരം സിദാൻ ഇറ്റലിയുടെ മാറ്ററാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തിയത് ഫൈനലിലെ കരടായി മാറി.
ലോകകപ്പ് മത്സരങ്ങൾ ആദ്യമായി ആഫ്രിക്കയിൽ എത്തിയത് 2010-ലെ ദക്ഷിണാഫ്രിക്കയിലെ ചാമ്പ്യൻഷിപ്പോടുകൂടിയാണ്. വേദി നിശ്ചയിക്കലിൽ തുടങ്ങി ഓരോ ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവും നൊബേൽ ജേതാവുമായ നെൽസൺ മണ്ഡേലയുടെ സാന്നിദ്ധ്യം ഈ കപ്പിനെ ചൈതന്യവത്താക്കി. ദക്ഷിണാഫ്രിക്കയെപ്പോലെ ഒരിടത്തരം രാജ്യത്തിനുപോലും നല്ലരീതിയിൽ നടത്താൻ സാധിക്കുന്ന ലോകകപ്പ് എന്തുകൊണ്ട് ഇന്ത്യയിൽ നടക്കുന്നില്ല എന്ന് നാം ചിന്തിക്കാൻ തുടങ്ങിയതും അതിനുശേഷമാണ്. ഐ.എസ്.എൽ മുതലായ പരിഷ്കരിക്കപ്പെട്ട ക്ലബ് മത്സരങ്ങൾ ഇന്ത്യയിലെ ഫുട്ബോളിന് പുതുജീവൻ നൽകി. യൂറോപ്യൻ ജേതാക്കളായ സ്പെയിൻ ആണ് 2010-ൽ കിരീടം നേടിയത്. യൂറോപ്പിനു വെളിയിൽ ജയിക്കുന്ന ആദ്യ യൂറോപ്യൻ രാഷ്ട്രം എന്ന ബഹുമതിയും സ്പെയിൻ സ്വന്തമാക്കി.
മദ്ധ്യവയസ്കനായതിനുശേഷമുള്ള ആദ്യത്തെ കപ്പായിരുന്നു 2014-ൽ ബ്രസീലിൽ നടന്നത്. ആരു കപ്പുനേടും എന്ന ചോദ്യത്തിന് ആതിഥേയർ തന്നെ എന്ന് തുടക്കത്തിൽ നിസ്സംശയം മറുപടി പറയാനാകുമായിരുന്ന മത്സരങ്ങൾ. എന്നാൽ അഞ്ചുതവണ കിരീടധാരികളായതിന്റെ മേന്മയൊന്നും ആതിഥേയർ പ്രദർശിപ്പിച്ചില്ല. സെമിയിലെത്തിയ ബ്രസീൽ നേരിട്ടത് കരുത്തരായ ജർമ്മനിയെയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് അന്നു നടന്നത്. രണ്ടിലധികം ഗോളിന്റെ വ്യത്യാസത്തിൽ ബ്രസീൽ തോൽപ്പിക്കപ്പെടുന്നതുപോലും വാർത്തയാകുമായിരുന്ന അവസരത്തിൽ അവരുടെ വലയിൽ ഗോൾവർഷം നടത്തി ജർമ്മനി ലോകത്തെ സ്തബ്ധരാക്കി. 7-1 ന് ജർമ്മനി ജയിച്ച മത്സരത്തിൽ ബ്രസീലിയൻ ആരാധകർക്ക് ഹൃദയസ്തംഭനം വരെ നേരിട്ടിരിക്കാം. സ്വന്തം ടീമിനെ തകർത്തെറിഞ്ഞെങ്കിലും ബ്രസീലുകാർ ഫൈനലിൽ ജർമനിയെ പിന്തുണക്കുന്നതാണ് കണ്ടത്, കാരണം ജർമ്മനി നേരിട്ടത് അർജന്റീനയെ ആയിരുന്നു എന്നതാണ്. അയൽവാസികൾ തമ്മിലുള്ള സ്പർദ്ധ ഇവിടെയും കണ്ടു. അവരുടെ പ്രാർത്ഥനപോലെതന്നെ ജർമ്മനി 1-0 ന് വിജയം നേടി. 1958-ൽ സ്റ്റോക്ക്ഹോമിൽ ബ്രസീൽ നേടിയ വിജയത്തിന് ഒരു യൂറോപ്യൻ ടീം അപ്രകാരം പകരം വീട്ടി.
അങ്ങനെ ജീവിതത്തിലെ പത്താമത്തെ ലോകകപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ കൊടിയേറുകയാണ്. ഈ 36 വർഷങ്ങളിലെപ്പോഴോ മനസ്സിൽ കുടിയേറിയ ഒരു മോഹം ഇപ്പോഴും സഫലമാകാതെ അവശേഷിക്കുന്നു - ഒരു ലോകകപ്പെങ്കിലും അത് നടക്കുന്ന രാജ്യത്തുപോയി നേരിട്ടു കാണണം എന്നത്. എന്തായാലും 2022-ൽ ഖത്തറിൽ പോയി കളികാണാൻ താല്പര്യമില്ല. അതുകൊണ്ട് 2026 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വിവാദങ്ങൾ യുവേഫയുടെ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനിക്കും ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ളാറ്ററിനും സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയതിനാൽ 2026-ലെ ലോകകപ്പ് വേദി തെരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവുമായ രീതിയിൽ നടത്തപ്പെടാൻ സാദ്ധ്യത ഏറെയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾപ്രേമികളെ ആശ്വസിപ്പിക്കുന്ന ഒരു ഘടകം റഷ്യയിലെ സമയം ഇന്ത്യയിലേതിൽനിന്ന് അധികം ദൂരെയല്ല എന്നതാണ്. വൈകിട്ട് 5.30, 8.30, രാത്രി 11.30 എന്നീ മൂന്നുസമയങ്ങളേ ഇക്കുറിയുള്ളൂ എന്നത് നമ്മുടെ ഉറക്കത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കില്ല.
എല്ലാവർക്കും ആവേശകരവും ആസ്വാദ്യകരവുമായ ഒരു ലോകകപ്പ് മാസം ആശംസിക്കുന്നു.
കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം എത്തുന്നതിനുമുമ്പുള്ള ആ 'ഇരുണ്ട' യുഗത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞേക്കില്ല. പള്ളിക്കൂടം വിട്ടാലത്തെ കളികൾ കഴിഞ്ഞ് പഠിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ അതും പൂർത്തിയാക്കി എട്ടുമണിയോടെ ഉറക്കത്തിനു തയ്യാറാവുന്ന ആ ടെലിവിഷൻ-പൂർവകാലത്തെ സുവർണയുഗമെന്ന് എണ്ണുന്നവരുടെ കൂട്ടത്തിൽ പക്ഷേ ഞാൻ പെടില്ല. ഗ്രാമീണമനസ്സുകളുടെ ജനാലകളെ ലോകത്തിന്റെ വിശാലമായ അങ്കണത്തിലേക്ക് തുറന്നുകൊടുത്തത് ടി.വിയാണ്.
കായിക അദ്ധ്വാനത്തിൽ തല്പരനല്ലായിരുന്ന ആ എലുമ്പൻ ചെറുക്കന് കാൽപ്പന്തുകളിയിൽ ഹരം കയറിയത് എപ്പോഴാണെന്നറിയില്ല. അവന്റെ മറ്റനേകം താല്പര്യങ്ങളെപ്പോലെ സാമൂഹ്യസ്വീകാര്യതക്കുവേണ്ടി ഇതും ബോധപൂർവം വളർത്തിയെടുത്തതാകാനേ വഴിയുള്ളൂ. എങ്കിലും ആ പത്തുവയസ്സുകാരൻ 1982-ലെ സ്പെയിൻ ലോകകപ്പ് പത്രങ്ങളിൽ ഉത്സാഹത്തോടെ വായിച്ചിരുന്നതായി ഇന്നും ഓർക്കുന്നു. സ്‌പെയിൻകാർ സ്വന്തം നാടിനെ 'എസ്പാന്യ' എന്നുമാത്രമാണ് വിളിക്കുന്നതെന്ന പുതിയ അറിവ് ട്രിവാൻഡ്രം, ക്വയിലോൺ എന്നൊക്കെ തട്ടിമൂളിച്ചുകൊണ്ടിരുന്ന മലയാളിയുടെ നിർലജ്ജമായ പൈതൃകനിഷേധത്തിനെതിരെ ചെറിയ അനുരണനങ്ങൾ അവനിൽ ഉയർത്തിയിരുന്നു.
സെവിയയിലെ ദുരന്തം (Tragedy of Seville) എന്നറിയപ്പെടുന്ന ജർമ്മനി - ഫ്രാൻസ് സെമിഫൈനൽ മത്സരമായിരുന്നു ആ ലോകകപ്പിന്റെ ഇന്നും നിലനിൽക്കുന്ന ഓർമ്മ. ജർമൻ ഗോളി ഹറാൾഡ് ഷുമാക്കർ മുന്നോട്ടോടിവന്ന ഫ്രഞ്ച് പ്രതിരോധതാരം ബാറ്റിസ്റ്റണെ ക്രൂരമായി ഫൗൾ ചെയ്തുവീഴ്ത്തിയ സംഭവം ഇന്നും ലോകകപ്പിലെ ചർച്ചാവിഷയമാണ്. ബാറ്റിസ്റ്റൺ തൽക്ഷണം ബോധരഹിതനായെങ്കിലും ഷുമാക്കർക്കെതിരായ ഫൗൾ വിളിക്കാൻ പോലും മറന്നുപോയ റഫറിയും ചരിത്രത്തിന്റെ ഭാഗം! തകരാറുസംഭവിച്ച കശേരുഖണ്ഡവും പല്ലുകളുമായി ബാറ്റിസ്റ്റൺ ഇന്നും ജീവിക്കുന്നു. ആ ഫൗളിന്റെ പേരിൽ ജർമനിക്കുനേരെ ഉയർന്ന പക ഫൈനലിൽ ഇറ്റലി അവരെ 3-1ന് തകർത്തപ്പോഴാണ് അടങ്ങിയത്. കലാശമത്സരത്തിലും ഒരു ഗോൾ നേടി പരമ്പരയിലെ ടോപ് സ്‌കോറർ ആയ പൗളോ റോസ്സി നായകപരിവേഷത്തോടെ ജനമനസ്സുകളിൽ ഇടം നേടി.
1986-ലെ മെക്സിക്കോ ലോകകപ്പിന്റെ കാലമായപ്പോഴേക്കും വ്യാപകമായ മാറ്റങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞിരുന്നു. 1982-ലെ ഡൽഹി ഏഷ്യാഡോടെ ദൂരദർശൻ വർണസംപ്രേഷണം ആരംഭിച്ചു. ആ വർഷം തന്നെ തിരുവനന്തപുരത്തും അധികം താമസിയാതെ കൊച്ചിയിലും ട്രാൻസ്മിറ്ററുകൾ സ്ഥാപിക്കപ്പെട്ടതോടെ പുരപ്പുറത്തെ ആന്റിന വഴിയുള്ള ഭൂതലസംപ്രേഷണം സാദ്ധ്യമായി. വർണ്ണരാജിയെ കറുപ്പും വെള്ളയിലും മാത്രം കാണിച്ചുതരുന്ന ടി.വി. സെറ്റുകൾ പാവങ്ങളുടെ കൂട്ടുകാരായി. 'ലൈവ്' എന്ന ലോകാത്ഭുതം മെക്സിക്കോയിലെ നട്ടുച്ചകളെ തത്സമയം കേരളത്തിന്റെ രാത്രികളിലേക്ക് പറിച്ചുനട്ടു. ജോവോ ഹവലാഞ്ച് എന്ന ബ്രസീലിയൻ ബിസിനസ്സുകാരൻ 1974-ൽ ഫിഫയുടെ തലപ്പത്തെത്തിയതോടെ ഫുട്ബോളും വളരുകയായിരുന്നു - കൂറ്റൻ കാൽവെപ്പുകളിലൂടെ.
ദൂരദർശൻ മാത്രം ലഭിക്കുമായിരുന്ന ആ നാളുകൾ! |
ദൂരദർശന്റെ സാങ്കേതിക പാപ്പരത്തം വിളിച്ചോതുന്നതായിരുന്നു ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണം. പ്രധാന നിമിഷങ്ങളുടെ റീപ്ലേ സ്‌ക്രീനിന്റെ ഒരു മൂലയിൽനിന്നുത്ഭവിച്ച് കറങ്ങിവന്ന് സ്‌ക്രീനിൽ നിറയുന്നത് കാണുമ്പോഴുണ്ടായ ആനന്ദം മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ ഇപ്പോഴുമുണ്ട്. ഒരു ദിവസം ഒരു മത്സരമേ സംപ്രേഷണം ചെയ്തിരുന്നുള്ളൂവെങ്കിലും, അത് രാത്രി പതിനൊന്നു മണിയോടടുപ്പിച്ചായിരുന്നുവെങ്കിലും, പത്താം ക്ലാസ്സിലാണ് പഠിച്ചിരുന്നതെങ്കിലും 1986-ലെ മത്സരങ്ങളിൽ പലതും അവൻ കണ്ടുതീർത്തു.
ഫുട്ബോൾ ലോകകപ്പിന്റെ ആകർഷണീയതകളിൽ പ്രധാനമായത് ഇന്ത്യ ഒരിക്കലും അതിൽ പങ്കെടുത്തിട്ടില്ലെന്നതാണ്. നമ്മുടെ ദേശീയടീമിന്റെ പ്രകടനം വെച്ചുനോക്കിയാൽ സമീപഭാവിയിലെങ്ങും അതിനുള്ള യോഗ്യത നേടുകയില്ലെന്നും കാണാം. ഫുട്ബോൾ എന്ന വികാരത്തെ ദേശീയതയുടെ ഇടുങ്ങിയ മതിൽക്കെട്ടുകളിൽനിന്ന് മോചിപ്പിക്കാൻ അത് സഹായകമായി. വിവിധ രാജ്യങ്ങളെ പിന്തുണക്കുന്നവരെ കേരളത്തിലെ പ്രേക്ഷകസമൂഹത്തിൽ കണ്ടുമുട്ടാൻ കഴിയും.
എന്നിരുന്നാലും ബ്രസീലിനെയോ അർജന്റീനയെയോ തുണക്കുന്നവരാണ് നല്ലൊരു ശതമാനം കേരളീയരും. എന്താണിതിനു കാരണം? ടെലിവിഷന്റെ വരവിനു മുന്നേ തന്നെ ഫുട്ബോൾ കേരളത്തിലെ ഏറ്റവും ജനകീയമായ കായികവിനോദമായിരുന്നു. അക്കാലത്തെ കളിക്കാർക്ക് ഒരൊറ്റ ഹീറോയേ ഉണ്ടായിരുന്നുള്ളു - ബ്രസീലിന്റെ പെലെ. സ്‌കൂൾ ടെക്സ്റ്റ്ബുക്കുകളിൽപ്പോലും പെലെയുടെ മാന്ത്രികബൂട്ടുകളെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനങ്ങളും കഥകളും ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ദേശത്തെ പിന്താങ്ങുന്നവർ ഇവിടെ അധികമായി ഉണ്ടായി. എന്നാൽ അർജന്റീനയോടുള്ള പ്രേമം തുടങ്ങുന്നത് 1986-ലെ മെക്സിക്കോ മത്സരങ്ങളിൽ രോമാഞ്ചത്തോടെ വീക്ഷിച്ച ഡീഗോ മാറഡോണ എന്ന ഇന്ദ്രജാലക്കാരന്റെ പ്രകടനത്തോടെയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരിൽ അർജന്റീന പ്രസിദ്ധ വിപ്ലവകാരിയായ ചെ ഗുവേരയുടെ നാടാണെന്നതും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.
ഡീഗോ മറഡോണ - ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസം |
ക്രിക്കറ്റ് എത്രത്തോളം വ്യക്തികേന്ദ്രീകൃതമാണോ അത്രത്തോളം സംഘകേന്ദ്രീകൃതമാണ് ഫുട്ബോൾ. ഒരാൾക്കു തനിച്ച് കളിയുടെ ഗതിയെ സ്വാധീനിക്കാനാവില്ല. ഈ സാമാന്യതത്വത്തെ ഹൃദ്യമായ രീതിയിൽ തകർത്തെറിഞ്ഞ താരരാജാവാണ് ഡീഗോ മാറഡോണ. ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർഫൈനൽ തീപാറുന്ന ഒരു പോരാട്ടം തന്നെ കാഴ്ചവെച്ചു. അതിന് വെറും നാലുവർഷം മുമ്പായിരുന്നു അർജന്റീന 74 ദിവസത്തെ ഫോക്‌ലാൻഡ്‌സ് യുദ്ധത്തിനൊടുവിൽ ബ്രിട്ടന്റെ മുന്നിൽ തോറ്റുകീഴടങ്ങിയത് എന്നതുകൊണ്ട് അർജന്റീനക്കാർ മത്സരത്തെ രണ്ടാം യുദ്ധം എന്ന നിലയിൽ തന്നെയാണ് കണ്ടിരുന്നത്. ഇംഗ്ലണ്ട് 2-1ന് തോറ്റ മത്സരത്തിൽ മറഡോണ നേടിയ രണ്ടുഗോളുകളും ലോകം ഇന്നും ഓർക്കുന്നു. ആദ്യത്തേത് അദ്ദേഹം കൈകൊണ്ട് തട്ടി വലക്കുള്ളിലാക്കിയതാണെങ്കിലും മദ്ധ്യരേഖയ്ക്കടുത്തുനിന്ന് നിരവധിപേരെ മറികടന്ന് പന്ത് വലയിലാക്കിയ രണ്ടാമത്തെ ഗോൾ ഒരു പക്ഷേ ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരിക്കും.
സെമിഫൈനലിൽ മറഡോണ തന്റെ ഇന്ദ്രജാലം വീണ്ടും പുറത്തെടുത്തു. ബെൽജിയത്തിനെ 2-0 ന് തോൽപിച്ച അർജന്റൈൻ ടീമിനുവേണ്ടി രണ്ടു ഗോളുകളും നേടിയത് മാന്ത്രികൻ തന്നെയായിരുന്നു. ആവേശം തിരതല്ലിയ അർജന്റീന - ജർമ്മനി ഫൈനൽ ഒരു ക്ലാസിക് ആയി മാറി. 2-0 ന് മുന്നേറിയ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഒരു ഘട്ടത്തിൽ ജർമ്മനി സമനില പിടിച്ചുവാങ്ങി (2-2). എന്നാൽ അവസാനനിമിഷങ്ങളിൽ മറഡോണയുടെ ഒരു മിന്നുന്ന പാസ്സിൽനിന്ന് ബുറുഷാഗ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു, കപ്പടിച്ചു (3-2).
സത്യം പറഞ്ഞാൽ ലോകകപ്പിന്റെ സ്മരണകളിൽ ഏറ്റവും ദീപ്തമായത് 1986-ലേതാണ്. ലോകകപ്പ് ക്ലബ് മത്സരങ്ങളുടെ ഇടവേളയായ ജൂണിൽ നടത്തുന്നതിനാൽ കേരളത്തിൽ എപ്പോഴും മഴക്കാലമായിരിക്കും. രാത്രി വൈകി നടക്കുന്ന മത്സരങ്ങളായതിനാൽ വൈദ്യുതതടസ്സമുണ്ടായാൽ കളി കാണാൻ കഴിയില്ല. ബ്രസീലും ഫ്രാൻസും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം അത്തരം ഒരു വിഷമസന്ധിയിലെത്തിച്ചു. വൈകിട്ട് എട്ടുമണിയോടെ കാറ്റും മഴയും വന്ന് കറന്റ് പോയി. ടെലിഫോൺ സൗകര്യമൊന്നും ഇല്ലാതിരുന്ന കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സൈക്കിളാണ് ആകെയുള്ള ഇരുചക്ര വാഹനം. ഇലക്ട്രീഷ്യനും ഫുട്ബോൾ ആരാധകനുമായ അമ്മാവനൊപ്പം രാത്രിതന്നെ ട്രാൻസ്ഫോർമറിനടുത്തെത്തി ഫ്യൂസ് കെട്ടിയിട്ടാണ് അന്ന് വൈദ്യുതി ഒപ്പിച്ചത്. പിന്നീട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കരിയർ ആയി തെരഞ്ഞെടുക്കാൻ ഈ അനുഭവവും ഒരു പ്രേരണയായിട്ടുണ്ടാകാം. 1986 ജൂൺ 21 രാത്രി 11.30 ന് തുടങ്ങിയ ആ മത്സരവും ഒരു മറക്കാനാവാത്ത ഓർമ്മ തന്നെയാണ്. കരേക്ക ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പേ പ്ലാറ്റിനി സമനില നേടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് ബ്രസീൽ ഗോളിയുടെ മുതുകിൽ തട്ടി വലയിലേക്ക് നീങ്ങിയത് വിവാദമായെങ്കിലും മത്സരത്തിന്റെ ഫലം ഫ്രാൻസിനനുകൂലമായി നിർണയിച്ചു.
1986 ജൂൺ 29-നായിരുന്നു ഫൈനൽ. മത്സരം രാത്രി 11.30-നായിരുന്നെങ്കിലും ഏഴുമണിയോടെ പതിവുപോലെ കാറ്റും മഴയും - വൈദ്യുതി മുടങ്ങി. ഇത്തവണ ഫ്യൂസ് കെട്ടിയിട്ടാൽ തീരുന്ന കേസല്ലായിരുന്നു. ആ പ്രദേശമാകെ ഇരുട്ടായതിനാൽ ഒന്നും നടക്കാത്ത അവസ്ഥ. മത്സരം തുടങ്ങുന്ന സമയമായപ്പോഴേക്കും വീട്ടിൽ ഇരിപ്പുറക്കാത്തതിനാൽ ഞങ്ങൾ റോഡിലേക്കിറങ്ങി. അടുത്തുള്ള പ്രമുഖകമ്പനിയിൽ വൈദ്യുതി ഉണ്ട്, പക്ഷേ അവർ അകത്തേക്ക് കയറ്റിവിടില്ല. അപ്പോഴാണ് ഒരു കൂട്ടർ ടാക്സി വിളിച്ച് പോർട്ടബിൾ ടി.വി.യുമായി വരുന്നതുകണ്ടത്. ഫാക്ടറിയിൽ നിന്ന് വൈദ്യുതി എടുത്തുകൊള്ളാൻ അവർ സമ്മതിച്ചതിനാൽ കാറിനുമുകളിൽ വെച്ച ടി.വി.യിൽ ദേശീയപാതയുടെ ഓരത്തുനിന്ന് ആ ഫൈനൽ കണ്ടു. അതിനുമുൻപോ പിൻപോ അത്രയും ആസ്വദിച്ച ഒരു മത്സരം ഉണ്ടായിട്ടില്ല!
"Bliss it was in that dawn to be alive
But to be young was very heaven'
ആ കാലത്തിനെ അനുസ്മരിക്കാൻ ഇതിലും നല്ല വരികളില്ല.
1990-ലെ ഇറ്റലി ലോകകപ്പ് ആയപ്പോഴേക്കും കുറേക്കൂടി പരിഷ്‌കാരങ്ങൾ വന്നുകഴിഞ്ഞിരുന്നു. കളർ ടി.വി ഒരെണ്ണം ഏറെ ത്യാഗം സഹിച്ചിട്ടാണെങ്കിലും വാങ്ങിച്ചു. എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്ററിന്റെ തുടക്കത്തിലായിരുന്നു കപ്പ്. പരിമിതമായ ഹോസ്റ്റൽ സൗകര്യങ്ങളേ കോളേജ് ഒരുക്കിയിരുന്നുള്ളൂ. അവിടെ പ്രവേശനം ലഭിക്കുന്നത് അഞ്ചാം സെമസ്റ്ററിൽ മാത്രവും. കോളേജിലെ അദ്ധ്യാപകർ പരിസരങ്ങളിലായി പണിതിട്ടിരിക്കുന്ന സ്വകാര്യഹോസ്റ്റലുകളിലാണ് ജൂനിയർ കുട്ടികളുടെ വാസം. അവിടെയെങ്ങും ടി.വിയുമില്ല. വാരാന്ത്യങ്ങളിൽ വീട്ടിൽ വരുമ്പോൾ മാത്രമായിരുന്നു മത്സരങ്ങൾ കാണാൻ സാധിച്ചിരുന്നത്.
കാമറൂണിന്റെ മിന്നൽപ്പിണർ - റോജർ മില്ല |
ഓർമയിൽ തങ്ങിനിൽക്കുന്ന മത്സരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പൊതുവേ ഉണ്ടായിരുന്നില്ല. ടോപ് സ്‌കോറർ ആയിരുന്ന ആതിഥേയരുടെ സാൽവത്തോറി സ്കില്ലാച്ചിയും മുപ്പത്തിയെട്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച കാമറൂണിന്റെ റോജർ മില്ലയുമായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയവർ. നിറം മങ്ങിയ ഒരു പ്രകടനത്തിനൊടുവിൽ റിസർവ് ഗോളിയായി വന്ന ഗോയകൊച്ചെയയുടെ പെനാൽട്ടി തടുക്കാനുള്ള മികവിൽ അർജന്റീന ഫൈനലിലുമെത്തി - എല്ലാ നോക്ക്ഔട്ട് മത്സരങ്ങളിലും എതിരാളികളെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ട്! സെമിയിൽ ആതിഥേയരായ ഇറ്റലിയുമായി നടന്ന മത്സരം ശ്രദ്ധേയമായിരുന്നു. നേപ്പിൾസ് നഗരത്തിൽ അരങ്ങേറിയ മത്സരത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മറഡോണ പ്രൊഫഷണൽ ലീഗിൽ കളിച്ചിരുന്ന നപ്പോളി ക്ലബ്ബിന്റെ സ്വന്തം സ്റ്റേഡിയം കൂടിയായിരുന്നു അത്. എന്നാൽ മറഡോണ ഏതാനും നിമിഷത്തേക്ക് സ്വന്തം ഫോം വീണ്ടെടുത്തത് നിർഭാഗ്യവശാൽ ഈ കളിയിലായിപ്പോയി. അദ്ദേഹത്തിന്റെ തിളങ്ങുന്ന പാസ്സിൽനിന്ന് കനീജിയ സ്‌കോർ ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഷൂട്ടൗട്ടിൽ ഇറ്റലി പുറത്താവുകയും ചെയ്തു. ക്ലബ്ബ് മത്സരങ്ങളിൽ മറഡോണയുടെ കരിയർ അവസാനിപ്പിച്ച കളിയായിരുന്നു അന്നത്തേത്.
ഫൗളുകളുടെ മാലപ്പടക്കത്തോടെ അർജന്റീന പരിഹാസ്യമാക്കിയ ഫൈനലിൽ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജർമ്മനി കിരീടം നേടി. ലോകകപ്പുകളിലെ ഏറ്റവും നിറം മങ്ങിയ ഫൈനൽ. കുത്തനെ ഇടിഞ്ഞ ഗോളുകളുടെ എണ്ണം ഫിഫയെ ആശങ്കയിലാക്കി. കായികപ്രേമികളിൽനിന്ന് ഫുട്ബാളിനെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഫിഫ ആവശ്യപ്പെട്ടു.
ഇന്റർനെറ്റും മൊബൈലുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് ഫിഫയുടെ വിലാസം എങ്ങനെയോ തപ്പിപ്പിടിച്ച് ഏതാനും നിർദേശങ്ങൾ എഴുതിയയച്ചു. ഡയറക്റ്റ് ഫ്രീകിക്കുകൾ എടുക്കുമ്പോൾ എതിർകളിക്കാർ മനുഷ്യമതിൽ തീർക്കാൻ പാടില്ലെന്നും കോർണർ കിക്കുകൾ എടുക്കുമ്പോൾ പെനാൽറ്റി ബോക്സിൽ കളിക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ആയിരുന്നു എന്നാണോർമ്മ. ഫിഫയുടെ മറുപടി കൃത്യമായി വന്നത് ഒരു വൻ അത്ഭുതം തന്നെയായിരുന്നു. നിർദേശങ്ങൾ പരിശോധിച്ചതിനുശേഷം സ്വീകരിക്കുകയാണെങ്കിൽ 1994-ലെ യു.എസ് ലോകകപ്പിൽ നടപ്പിൽ വരുത്തും എന്നായിരുന്നു കത്തിൽ. എന്റെ നിർദേശങ്ങൾ നടപ്പിൽ വന്നേക്കും എന്ന പ്രതീക്ഷയിൽ കുറച്ചു നാളുകൾ കടന്നുപോയി. അങ്ങനെ സംഭവിച്ചാൽ അവ അവതരിപ്പിച്ചയാൾക്ക് ലോകകപ്പ് കാണാൻ ഒരു ഫ്രീ ടിക്കറ്റ് ഫിഫ കൊടുക്കാതിരിക്കില്ലല്ലോ! നിർഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല. നിരാശയൊന്നും ഉണ്ടായില്ല, കാരണം മോഹഭംഗങ്ങളെ മാനേജ് ചെയ്യുന്നതിനെയാണ് പ്രായപൂർത്തി എന്നു പറയേണ്ടത്.
1994-ലെ കപ്പ് ആയപ്പോഴേക്കും എഞ്ചിനീയറിംഗ് പഠനം പൂർത്തിയായിരുന്നു. ജോലിയന്വേഷണം വ്യാപകമായി നടക്കവേ ഒരു കമ്പനിയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് തരപ്പെട്ട വർഷമായിരുന്നു അത്. പഠനത്തിന്റെ ബാദ്ധ്യതകളില്ലാത്ത ആദ്യത്തെ ലോകകപ്പ്! ഫുട്ബോൾ എന്നത് ഹെൽമറ്റും മറ്റു സുരക്ഷാസംവിധാനങ്ങളുമായി കളിച്ചുകൊണ്ടിരുന്ന അമേരിക്കക്കാർക്ക് സോക്കറിന്റെ സൗമ്യമായ ആവേശം പുത്തൻ അനുഭവമായി മാറുകയായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന മത്സരങ്ങൾ ഇപ്പോൾ ആലോചിച്ചെടുക്കാൻ കഴിയുന്നില്ല. എങ്കിലും കൊളംബിയയുടെ ദുരന്തതാരമായി മാറിയ ആന്ദ്രെസ് എസ്കോബാറിനെ ഓർമ്മവരുന്നു. യോഗ്യതാമത്സരങ്ങൾ തൂത്തുവാരിയാണ് കൊളംബിയ ലോകകപ്പിലെത്തിയത് - സാക്ഷാൽ അർജന്റീനയെപ്പോലും 5-0 ന് മുട്ടുകുത്തിച്ചുകൊണ്ട്! സെമി വരെയെത്തുമെന്നു പ്രവചിക്കപ്പെട്ടിരുന്ന കൊളംബിയ പക്ഷേ പ്രാഥമികറൗണ്ടിൽ തന്നെ തോറ്റുപുറത്തായി. അതിനു വഴിവെച്ചത് ആതിഥേയരായ അമേരിക്കയുമായി നടന്ന മത്സരത്തിൽ എസ്കോബാറിന്റെ സെൽഫ് ഗോളും. റുമാനിയയോട് 3-0 ന് തോറ്റിരുന്ന കൊളംബിയ അമേരിക്കയോടും 2-1 ന് വീണതോടെ പുറത്തേക്കുപോയി. ഏതാനും ആഴ്ചകൾക്കുശേഷം അധോലോകം വാഴുന്ന മാഡലിൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ എസ്കോബാർ വെടിയേറ്റുമരിച്ചു എന്ന വാർത്ത കായികലോകത്തെ സ്തബ്ധരാക്കി. കളിക്കളത്തിലെ ഒരു പിഴവിന്റെ പേരിൽ ഒരു താരത്തിന് ജീവൻ നഷ്ടമാവുക എന്നത് ഫുട്ബാളിനെന്നല്ല, ഒരു കായികവിനോദത്തിനും അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല.
ബ്രസീലും ഇറ്റലിയും മാറ്റുരച്ച ഫൈനൽ 1994-ലെ ലോകകപ്പിനെ ശ്രദ്ധേയമാക്കിയത് ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യത്തെ ഫൈനൽ എന്ന അനഭിലഷണീയ ബഹുമതിയോടെയാണ്. എക്സ്ട്രാ സമയത്തും ഗോളടിക്കാതെ വന്നപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഫൈനലിൽ ഒരു പുതുമ തന്നെയായിരുന്നു അതും. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കേ ഇറ്റലിയുടെ സൂപ്പർതാരം റോബർട്ടോ ബാജിയോ നിർണായക പെനാൽറ്റി ബാറിനുമുകളിലൂടെ പറത്തിവിട്ടപ്പോൾ ബ്രസീൽ നാലാമതും കപ്പുയർത്തി.
1998-ൽ കപ്പ് ഫ്രാൻസിൽ എത്തിയപ്പോൾ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച്, പ്രൊബേഷൻ പൂർത്തിയാക്കിയതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പ്. ഫ്രാൻസിൽ നടന്ന മത്സരങ്ങളിൽ പല പുതിയ പരിഷ്കാരങ്ങളും കടന്നുവന്നു. എക്സ്ട്രാ സമയത്ത് ആദ്യഗോൾ വീഴുന്നതോടെ കളിയവസാനിപ്പിക്കുന്ന ഗോൾഡൻ ഗോൾ, പകരക്കാരായി മൂന്നുപേരെ ഇറക്കാനുള്ള അനുവാദം, പിന്നിൽ നിന്നുള്ള ഫൗളുകൾക്ക് കർശനശിക്ഷ എന്നിവ 1998-ൽ നടപ്പിൽ വന്നു. ഏതാനും മാസങ്ങൾക്കുശേഷം ഗോൾഡൻ ഗോൾ സമ്പ്രദായം ഉപേക്ഷിച്ചുവെങ്കിലും മറ്റുള്ളവ ഇന്നും കളിനിയമങ്ങളുടെ ഭാഗമാണ്.
സിനദിൻ സിദാൻ എന്ന കഷണ്ടിക്കാരനായ മദ്ധ്യനിരക്കാരന്റെ നേതൃത്വത്തിൽ ആതിഥേയരുടെ കുതിച്ചുചാട്ടമാണ് ഈ കപ്പിൽ കണ്ടത്. ദാവോർ ഷൂക്കറിന്റെ ക്രൊയേഷ്യ സെമിഫൈനലിലേക്ക് പറന്നുകയറിയത് വിദഗ്ദ്ധരെ ഞെട്ടിച്ചു. അതിനുമുമ്പുള്ള രണ്ടു ലോകകപ്പ് ഫൈനലുകളിലേയും ഗോൾക്ഷാമത്തിന് അവസാനമിടുന്നതായിരുന്നു പാരീസിലെ ഫൈനൽ. ബ്രസീലിനെ 3-0 ന് മുട്ടുകുത്തിച്ചുകൊണ്ട് ഫ്രാൻസ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായി.
2002 ആയപ്പോഴേക്കും കൂടുതൽ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പായിരുന്നു ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി നടത്തിയ ഈ പരമ്പര. ചരിത്രത്തിലാദ്യമായി കപ്പ് മത്സരങ്ങൾ ഏഷ്യൻ മണ്ണിൽ നടത്തപ്പെട്ട വർഷം. റഫറിമാരുടെ പിന്തുണ ചിലപ്പോഴെങ്കിലും ആതിഥേയരായ കൊറിയയുടെ പാതയിൽ പൂക്കൾ വിരിച്ച ആ ടൂർണമെന്റിൽ കൊറിയ സെമിഫൈനൽ വരെ എത്തി പരാജയപ്പെട്ടു. ഫുട്ബോളിലെ ഏറ്റവും മഹനീയമായ പൈതൃകത്തിനുടമകളായ ബ്രസീൽ ഒരിക്കൽക്കൂടി കഴിവുതെളിയിച്ച ഫൈനലിൽ ജർമനിയെ 2-0 ന് അവർ കീഴടക്കി.
പിഴവറ്റ ജർമൻ സ്റ്റേഡിയങ്ങൾ |
സ്മരണീയമായി ഒന്നുംതന്നെ ഇല്ലാതെയാണ് 2006-ലെ ലോകകപ്പ് മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയത്. ജർമൻ സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വിരിഞ്ഞാടൽ സ്റ്റേഡിയങ്ങളിൽ പ്രകടമായിരുന്നു. ആതിഥേയർ ഇടയിൽ കൊഴിഞ്ഞുവീണ മത്സരങ്ങൾക്കൊടുവിൽ ഇറ്റലി ഷൂട്ടൗട്ടിൽ കിരീടം നേടി. ഫ്രഞ്ച് താരം സിദാൻ ഇറ്റലിയുടെ മാറ്ററാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തിയത് ഫൈനലിലെ കരടായി മാറി.
ലോകകപ്പ് മത്സരങ്ങൾ ആദ്യമായി ആഫ്രിക്കയിൽ എത്തിയത് 2010-ലെ ദക്ഷിണാഫ്രിക്കയിലെ ചാമ്പ്യൻഷിപ്പോടുകൂടിയാണ്. വേദി നിശ്ചയിക്കലിൽ തുടങ്ങി ഓരോ ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവും നൊബേൽ ജേതാവുമായ നെൽസൺ മണ്ഡേലയുടെ സാന്നിദ്ധ്യം ഈ കപ്പിനെ ചൈതന്യവത്താക്കി. ദക്ഷിണാഫ്രിക്കയെപ്പോലെ ഒരിടത്തരം രാജ്യത്തിനുപോലും നല്ലരീതിയിൽ നടത്താൻ സാധിക്കുന്ന ലോകകപ്പ് എന്തുകൊണ്ട് ഇന്ത്യയിൽ നടക്കുന്നില്ല എന്ന് നാം ചിന്തിക്കാൻ തുടങ്ങിയതും അതിനുശേഷമാണ്. ഐ.എസ്.എൽ മുതലായ പരിഷ്കരിക്കപ്പെട്ട ക്ലബ് മത്സരങ്ങൾ ഇന്ത്യയിലെ ഫുട്ബോളിന് പുതുജീവൻ നൽകി. യൂറോപ്യൻ ജേതാക്കളായ സ്പെയിൻ ആണ് 2010-ൽ കിരീടം നേടിയത്. യൂറോപ്പിനു വെളിയിൽ ജയിക്കുന്ന ആദ്യ യൂറോപ്യൻ രാഷ്ട്രം എന്ന ബഹുമതിയും സ്പെയിൻ സ്വന്തമാക്കി.
കനത്ത തോൽവിയിൽ വാവിട്ടുകരയുന്ന ബ്രസീൽ ആരാധകർ |
അങ്ങനെ ജീവിതത്തിലെ പത്താമത്തെ ലോകകപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ കൊടിയേറുകയാണ്. ഈ 36 വർഷങ്ങളിലെപ്പോഴോ മനസ്സിൽ കുടിയേറിയ ഒരു മോഹം ഇപ്പോഴും സഫലമാകാതെ അവശേഷിക്കുന്നു - ഒരു ലോകകപ്പെങ്കിലും അത് നടക്കുന്ന രാജ്യത്തുപോയി നേരിട്ടു കാണണം എന്നത്. എന്തായാലും 2022-ൽ ഖത്തറിൽ പോയി കളികാണാൻ താല്പര്യമില്ല. അതുകൊണ്ട് 2026 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വിവാദങ്ങൾ യുവേഫയുടെ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനിക്കും ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ളാറ്ററിനും സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയതിനാൽ 2026-ലെ ലോകകപ്പ് വേദി തെരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവുമായ രീതിയിൽ നടത്തപ്പെടാൻ സാദ്ധ്യത ഏറെയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾപ്രേമികളെ ആശ്വസിപ്പിക്കുന്ന ഒരു ഘടകം റഷ്യയിലെ സമയം ഇന്ത്യയിലേതിൽനിന്ന് അധികം ദൂരെയല്ല എന്നതാണ്. വൈകിട്ട് 5.30, 8.30, രാത്രി 11.30 എന്നീ മൂന്നുസമയങ്ങളേ ഇക്കുറിയുള്ളൂ എന്നത് നമ്മുടെ ഉറക്കത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കില്ല.
എല്ലാവർക്കും ആവേശകരവും ആസ്വാദ്യകരവുമായ ഒരു ലോകകപ്പ് മാസം ആശംസിക്കുന്നു.
No comments:
Post a Comment