Monday, December 3, 2018

ലാവലിൻ രേഖകളിലൂടെ

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭീമൻ ആരോപണമാണ് ലാവലിൻ അഴിമതി. കേസും കൂട്ടവുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഈ ഇടപാട് കേരളചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണവുമാണ്. അന്നത്തെ വൈദ്യുതിമന്ത്രിയും പിന്നീട് സി.പി.എം സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനിലേക്ക് ആരോപണത്തിന്റെ ചാട്ടുളികൾ പലതവണ നീണ്ടുവെങ്കിലും ഏറ്റവും ഒടുവിൽ നാം കേൾക്കുന്നത് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽനിന്ന് കോടതി നീക്കം ചെയ്തുവെന്നാണ്. ഈ ഇടപാടിന്റെ വിശദവിവരങ്ങളും ഞെട്ടിക്കുന്ന കയ്യിട്ടുവാരലുകളും നമുക്കു വിശദീകരിച്ചുതരുന്നത് ആം ആദ്മി പാർട്ടിയുടെ സമുന്നതനേതാവും കെൽട്രോണിലെ ഉന്നത മാനേജ്മെന്റ് തസ്തികയിൽനിന്ന് വിരമിച്ചയാളുമായ ശ്രീ. സി. ആർ. നീലകണ്ഠനാണ്.

ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വളരെ പഴയ ജലവൈദ്യുതനിലയങ്ങൾ നവീകരിക്കുന്നതിനായി 1995 ആഗസ്റ്റ് 10-ന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി വൈദ്യുതിബോർഡ് ധാരണാപത്രം ഒപ്പുവെക്കുന്നു. ഈ ഘട്ടത്തിൽ അധികാരത്തിലുള്ളത് യു.ഡി.എഫും വൈദ്യുതിമന്ത്രി ശ്രീ. ജി. കാർത്തികേയനുമാണ്. 1996 ഫെബ്രുവരി 24-ന് ഇത് ഒരു കൺസൾട്ടൻസി കരാറായി മാറ്റുന്നു. സാങ്കേതിക, വായ്പാബാദ്ധ്യതകളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും, ടെണ്ടറുകൾ തയ്യാറാക്കുന്നതിനും, പ്രോജെക്ട് മാനേജ്മെന്റ് ജോലികൾ നിർവഹിക്കുന്നതിനുമായി ലാവലിന് വാഗ്ദാനം ചെയ്തത് 24 കോടി രൂപയാണ്. തർക്കങ്ങൾ ഉത്ഭവിച്ചാൽ അവ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട് രണ്ടുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്താവുകയും എൽ.ഡി.എഫ് മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേൽക്കുകയും ചെയ്യുന്നു.

പുതിയ സർക്കാർ അധികാരമേറ്റതോടെ ലാവലിന്റെ ചരടുകൾ കൂടുതൽ ദൃഢമായി. മുകളിൽ പറഞ്ഞ മൂന്നു നിലയങ്ങളിലും നവീകരണം ആവശ്യമില്ല എന്നു പ്രഖ്യാപിക്കുന്ന ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് ഉന്നതർക്ക് തലവേദനയായി മാറിയ സമയം. മേൽപ്പറഞ്ഞ കൺസൾട്ടൻസി കരാറിന് ഒരു അനുബന്ധമെന്ന നിലയിൽ ടെണ്ടറുകളൊന്നും വിളിക്കാതെ ലാവലിന് ഒരു സപ്ലൈ കരാർ നൽകുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുകയായിരുന്നു. 1997 ഫെബ്രുവരി 2-ന് സമർപ്പിച്ച ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട് സർക്കാർ 234 കോടി രൂപ ചെലവിൽ സപ്ലൈ കരാർ 1997 ഫെബ്രുവരി 10-ന് ഒപ്പുവെക്കുന്നു. ഇത്തവണ കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കണം തർക്കപരിഹാരം എന്നു നിർദ്ദേശിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരമില്ലാതെ ഒപ്പിട്ട ഈ കരാറിൽ പദ്ധതിക്കുവേണ്ട തുക കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (EDC) നിന്ന് 18.6 ശതമാനം പലിശനിരക്കിൽ വായ്പയായി ലാവലിൻ സംഘടിപ്പിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെ പവർ ഫിനാൻസ് കോർപ്പറേഷൻ സബ്‌സിഡി ഉൾപ്പെടെ പതിനൊന്നുശതമാനം നിരക്കിൽ വായ്പ നല്കമെന്നുള്ള അവസരത്തിലാണിതെന്ന് ഓർക്കണം. എന്നാൽ കാനഡയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന വെച്ച നിബന്ധന സാമഗ്രികൾ കാനഡയിൽനിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു. എങ്കിൽപ്പോലും കാനഡയിൽ ടെണ്ടർ ചെയ്യാമായിരുന്ന ഈ ജോലി ലാവലിനെ പൂർണ്ണമായി ഏൽപ്പിക്കുകയാണുണ്ടായത്. രസകരമായ കാര്യമെന്തെന്നാൽ ലാവലിൻ ഒരിക്കലും ഇത്തരം ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നില്ല എന്നതാണ്. അൽസ്‌തോം കമ്പനിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങിനല്കി വൻതുക കമ്മീഷൻ ഇനത്തിൽ അവർ കൈപ്പറ്റി.

1998 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഈ കരാർ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തികളാക്കി. കേന്ദ്രനിയമമനുസരിച്ച് 100 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരം നേടണമായിരുന്നു. ഈ വ്യവസ്ഥ മറികടക്കുന്നതിനായി ചെങ്കുളം, പന്നിയാർ, പള്ളിവാസൽ പദ്ധതികൾ വിഭജിച്ച് വേറെവേറെ കാണിച്ചതുവഴി ഒരു പദ്ധതിയുടെ ചിലവ് 100 കോടിയിൽ താഴെയെത്തിച്ചു. 1997 ജനുവരിയിൽ അനുമതി തേടേണ്ട തുക 500 കോടിയായി ഉയർത്തിയതിനാൽ ആ വകുപ്പിൽ തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലാവലിന്റെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് വിവിധ സ്ഥാപനങ്ങൾ നിരവധി തവണ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ഗൂഢാലോചനക്കാർ പ്രതിരോധിച്ചത് ഒരസ്സൽ പൂഴിക്കടകൻ അടവുകൊണ്ടായിരുന്നു. മലബാറിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ 98 കോടി രൂപ ഗ്രാന്റായി അനുവദിപ്പിക്കാൻ ലാവലിൻ സഹായിക്കും എന്നൊരു ധാരണാപത്രം ഒപ്പിട്ടു - നിയമപരമായി നിലനിൽക്കുന്ന കരാറല്ല, വെറുമൊരു ധാരണാപത്രം മാത്രം! ലാവലിന്റെ നിരക്കുകൾ പരിശോധിക്കുന്ന സമിതികളോടെല്ലാം ഈ 98 കോടി രൂപ കഴിച്ചുള്ള നിരക്കുകളാണ് പരിഗണിക്കേണ്ടത് എന്നാവശ്യപ്പെടുകയും ചെയ്തു. വാങ്ങുന്ന സാമഗ്രികളുടെ സാങ്കേതികവിവരങ്ങൾ നൽകാത്തതിനാൽ യഥാർത്ഥവില എന്താണെന്ന് ആർക്കും കണ്ടെത്താനായില്ല.

ലാവലിൻ 2001-ൽ പണികൾ പൂർത്തിയാക്കി. എന്നാൽ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്തതിൽ പത്തിലൊന്നു മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പേരിൽ ലാവലിന്റെ ബില്ലുകൾ തടഞ്ഞുവെക്കാനും സാധിക്കുമായിരുന്നില്ല, കാരണം വായ്‌പ നൽകുന്ന EDC ഗഡുക്കൾ ലാവലിനാണ് നേരിട്ടു കൊടുത്തുകൊണ്ടിരുന്നത്. നമ്മുടെ പണി പണം തിരിച്ചടക്കുക മാത്രവും! തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ഗ്യാരന്റിയും കൊടുത്തിരുന്നു. അക്ഷരാർത്ഥത്തിൽതന്നെ കേരളത്തെ അനങ്ങാനാവാത്തവിധം പൂട്ടിക്കളഞ്ഞ അവസ്ഥ! എന്നാലോ, നവീകരണപ്രവർത്തനങ്ങൾ ഫലവത്തായതുമില്ല. ഗ്രന്ഥകാരൻ നിരത്തുന്ന കണക്കുകൾ പ്രകാരം മുൻപുള്ള മൂന്നുവർഷങ്ങളിലെ ശരാശരി വൈദ്യുതോൽപ്പാദനത്തിനടുത്തെത്താൻ പോലും പണികഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധിച്ചതുമില്ല.

അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന നീലകണ്ഠന്റെ ആത്മരോഷം ഓരോ വരികളിലും നമുക്കു ദൃശ്യമാകും. പ്രഭാ വർമ്മ രചിച്ച 'ലാവലിന്റെ കാണാപ്പുറങ്ങൾ' എന്ന വിപ്ലവനേതാവിനെ വെള്ളപൂശുന്ന പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് മറുപടിയായാണ് ഈ കൃതിയുടെ ഘടന. ടി. പി. ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസർ ആണെന്ന കാര്യവും ഓർമയിൽ വെക്കണം. വളരെയധികം രേഖകളുടെ ശരിപ്പകർപ്പുകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും പലതും വായിക്കാനാവാത്തവിധം തെളിച്ചമില്ലാത്തവയാണ്. ലഘുലേഖയുടെ നിലവാരത്തിനപ്പുറം പുസ്തകത്തിന് എത്താൻ സാധിക്കുന്നുമില്ല. ഇടപെട്ടിട്ടുള്ള തുകയുടെ കണക്കുകളിലും പല പേജുകളിലും കാണുന്ന വൈരുദ്ധ്യം രചനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നവയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Lavalin Rekhakaliloode' by C R Neelakantan
ISBN: 9788187474562

No comments:

Post a Comment