Friday, December 7, 2018

അധികാരത്തിന്റെ അകത്തളങ്ങളിൽ

പ്രമുഖ പത്രപ്രവർത്തകനായിരുന്ന ശ്രീ. പി. സി. സുകുമാരൻ നായർ കേരളകൗമുദി, മാതൃഭൂമി പത്രങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പത്രപ്രവർത്തനത്തിന്റെ ആരംഭനാളുകളിൽ നിയമസഭാ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന 1949 മുതൽ 1964 വരെയുള്ള പതിനഞ്ചുവർഷക്കാലത്തെ സ്മരണകൾ കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നതാണ് ഈ പുസ്തകം.

ലേഖകൻ തന്റെ ജോലിയാരംഭിക്കുമ്പോൾ ഐക്യകേരളം രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. മലബാർ ജില്ല ഉൾപ്പെടാത്ത തിരു-കൊച്ചി നിയമസഭയുടെ പരിഗണനാവിഷയങ്ങളുടെ വൈവിദ്ധ്യം നമുക്കു കാണാൻ കഴിയും. 62 അദ്ധ്യായങ്ങളിലൂടെ സാമാന്യം ദീർഘമായ ഒരു വിവരണം തന്നെ ഗ്രന്ഥകാരൻ നൽകുന്നു. ഭക്ഷ്യപ്രശ്നം രൂക്ഷമായിരുന്ന കാലത്ത് അതിനെച്ചൊല്ലിയുള്ള ആവലാതികളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരി വാങ്ങുമ്പോൾ ഉണ്ടാകുന്ന അഴിമതിയുമെല്ലാം സഭയെ പ്രകമ്പനം കൊള്ളിച്ചു. പാർട്ടി ഏതായാലും അഴിമതിയുടെ കാര്യത്തിൽ ആരും ആരുടേയും പിറകിലല്ല എന്ന തത്വമാണ് വായനക്കാർ ഇവിടെ മനസ്സിലാക്കുന്നത്. ഭക്ഷ്യപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മറുപടിയായി, രാജി വെച്ചാൽ പരിഹാരമാകുമെങ്കിൽ 'ഒന്നല്ല, രണ്ടല്ല, രണ്ടായിരം വട്ടം രാജിവെക്കാൻ' തയ്യാറായിരുന്ന മന്ത്രിമാർ ഉണ്ടായിരുന്ന കാലമായിരുന്നു അത്. സമ്പന്നമായ ഉപമകളും, വിശ്വസാഹിത്യത്തിൽനിന്നുള്ള അനുയോജ്യമായ ഉദ്ധരണികളും, ഉന്നതനിലവാരം പുലർത്തിയ ചർച്ചകളിലും നിന്ന് ഇന്നത്തെ നിയമസഭ എത്തിനിൽക്കുന്നത് സഭാതലത്തിലെ കയ്യാങ്കളിയിലും, മേശപ്പുറത്തുകയറിനിന്ന് ആഭാസത്തരം കാണിക്കുകയും സ്പീക്കറുടെ കസേര മറിച്ചിടുകയുമൊക്കെ ചെയ്യുന്ന അറപ്പുളവാക്കുന്ന കാഴ്ചകളിലാണ്.

നിയമസഭയിലെ വാഗ്‌വാദങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഗ്രന്ഥകർത്താവ് പ്രശ്നങ്ങളുടെ സാമൂഹികപ്രാധാന്യം ചർച്ച ചെയ്യുന്നില്ല. ഒന്നാം ഇ.എം.എസ് സർക്കാരിനെ താഴെയിറക്കിയ വിമോചനസമരം പോലും കാര്യമായി പരാമർശവിധേയമാക്കിയിട്ടില്ല. സുനാമി തിരകൾ താഴെക്കൂടി കടന്നുപോകുമ്പോഴും പ്രശാന്തത കൈമോശം വരാത്ത പുറംകടലിനെപ്പോലെ, പുറത്ത് പ്രക്ഷോഭം അരങ്ങുതകർക്കുമ്പോഴും നിയമസഭ അതിന്റെ നടപടികളിൽ മാത്രം ശ്രദ്ധിച്ചു. കാർഷിക, വിദ്യാഭ്യാസമേഖലകളിൽ പുരോഗമനാത്മകമായ നയങ്ങൾ സ്വീകരിച്ചതുമൂലമാണ് സർക്കാരിന് പുറത്തുപോകേണ്ടി വന്നത് എന്ന വാദത്തിന്റെ മുനയൊടിയുന്നതും ദൃശ്യമാണ്. കാർഷികബന്ധബിൽ പാസ്സാക്കിയത് ഏകകണ്ഠമായാണ്. ഇ.എം.എസ് മന്ത്രിസഭ പാസ്സാക്കിയെടുത്ത അവസാനത്തെ ബില്ലും ഇതുതന്നെയാണ്. വിമോചനസമരത്തെത്തുടർന്ന് കേന്ദ്രം സർക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യധ്വംസനമാണെന്നു വാദിക്കുന്നവർ അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തോറ്റമ്പിയത് സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഭരണത്തിൽ വന്ന ഐക്യമുന്നണി 58 ശതമാനം വോട്ടും സഭയിൽ 94 സീറ്റുമാണ് നേടിയത്. അത്രയധികം വോട്ട് അതിനുശേഷം ആർക്കും നേടാൻ കഴിഞ്ഞിട്ടില്ല എന്നുകൂടി ഇവിടെ ഓർക്കണം. കമ്യൂണിസ്റ്റ് പാർട്ടിക്ക് നേടാനായത് 42 ശതമാനം വോട്ടും 29 സീറ്റുകളും മാത്രം. ഇതുകൊണ്ടും തീർന്നില്ല, ആകെയുണ്ടായിരുന്ന പതിനൊന്നു മന്ത്രിമാരിൽ ഏഴുപേരും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ടി. വി. തോമസ്, മുണ്ടശ്ശേരി, കെ. സി. ജോർജ്ജ് എന്നീ മഹാരഥന്മാരും തോറ്റവരിൽപ്പെടും. പത്തു പോലീസ് വെടിവെപ്പുകളിലായി പന്ത്രണ്ടുപേരെ കൊലപ്പെടുത്തിയ ഒരു സർക്കാരിനെക്കൂടെയാണ് ജനം പടിയിറക്കിവിട്ടത്.

പത്രറിപ്പോർട്ട് പോലെ ശുഷ്കമാണ് സുകുമാരൻ നായരുടെ പുസ്തകരചനാശൈലിയും. നിരവധി സംഭവങ്ങൾ വിവരിക്കുന്നുവെങ്കിലും അതെല്ലാം കോർത്തിണക്കുന്ന ഒരു കഥ പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒരു കായികമത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം പോലെ 'അയാൾ അതുചെയ്തു, ഇയാൾ ഇതുചെയ്തു' എന്ന മട്ടിലുള്ള വിവരണമാണ് കൃതിയിലുടനീളം. ഇത് വായനക്കാരെ തെല്ലൊന്ന് ബുദ്ധിമുട്ടിക്കുന്നുമുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Adhikarathinte Akathalangalil' by P C Sukumaran Nair
ISBN: 9788182641181

No comments:

Post a Comment