മാനവചരിത്രരചന രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും കുതിരക്കുളമ്പടികളിലും യുദ്ധാരവങ്ങളിലും മുഴുകിനിന്നിരുന്ന കാലത്ത് വ്യത്യസ്തമായ ഒരു ദിശ കാട്ടിക്കൊടുത്ത സാമ്പത്തികശാസ്ത്രപണ്ഡിതനാണ് കാൾ മാർക്സ്. രണ്ടു വിപരീതങ്ങൾ, അഥവാ വൈരുദ്ധ്യങ്ങൾ, തമ്മിലുള്ള നിരന്തരസമരത്തിലൂടെ ഉത്പാദനോപാധികളിൽ ഉണ്ടാകുന്ന വളർച്ചയാണ് ചരിത്രത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം എന്ന മാർക്സിയൻ നിരീക്ഷണം ചിന്തയുടെ ഒരു പുതിയ യുഗത്തിന് നാന്ദി കുറിച്ചു. മറ്റു ചരിത്രകാരന്മാരിൽനിന്ന് വ്യത്യസ്തത പുലർത്തിക്കൊണ്ട് മാർക്സിന്റെ വീക്ഷണം ശാസ്ത്രീയതയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞു. അതിനാൽത്തന്നെ വരാനിരിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള പ്രവചനാത്മകമായ ദർശനങ്ങളും അദ്ദേഹം നൽകി. വ്യാവസായികവിപ്ലവത്തെത്തുടർന്നുള്ള യൂറോപ്പിലെ തൊഴിലാളിപ്രശ്നങ്ങൾ, അതിൽത്തന്നെ മാഞ്ചസ്റ്ററിലെ തുണിമിൽ തൊഴിലാളികളുടെ പ്രശ്‍നങ്ങളുടെ ഗാഢമായ പഠനവും, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ച ഭരണകൂടങ്ങളുടെ ദുർബലതയും, രാഷ്ട്രീയാധികാരം തൊഴിലാളികൾക്ക് കൈവരുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ മാർക്സിനെ പ്രേരിപ്പിച്ചു. ആ സൈദ്ധാന്തികപ്രതിഭയുടെ കിരണങ്ങൾ ലോകമെങ്ങും വീശി. അല്പകാലത്തിനുശേഷം ലെനിൻ ആ സിദ്ധാന്തങ്ങളുടെ പ്രായോഗികരൂപം സോവിയറ്റ് യൂണിയനിലൂടെ കാഴ്ചവെച്ചു. എന്നാൽ ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ! മുതലാളിത്തരാജ്യങ്ങളിൽ സാമ്പത്തികപരാധീനത മാത്രമാണ് തൊഴിലാളിവർഗ്ഗത്തിനെ അലട്ടിയതെങ്കിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ അതിനുപുറമേ രാഷ്ട്രീയമായ ദാസ്യം കൂടി അവർക്കു നേരിടേണ്ടിവന്നു. പൊതുജനം പാർട്ടിനേതാക്കളുടെ അടിമകളായി മാറുന്ന ദയനീയനാടകം ഒന്നിനുപുറകെ ഒന്നായി എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും അരങ്ങേറി. 1990 ആയപ്പോഴേക്കും മാറ്റത്തിന്റെ കൊടുങ്കാറ്റുകൾ ആഞ്ഞുവീശാൻ തുടങ്ങി - ചെങ്കോട്ടകൾ തകർന്നുവീണു, ചുവപ്പുസൈനികർ ആയുധമുപേക്ഷിച്ച് പലായനം ചെയ്തു, അവസാനം ചെങ്കൊടി എന്നെന്നേക്കുമായി കൊടിമരത്തിൽനിന്ന് താഴെയിറങ്ങി. ഈ ഘട്ടത്തിൽ മാർക്സ് ജനിച്ച ട്രയർ എന്ന ജർമ്മൻ നഗരത്തിൽ സന്ദർശനം നടത്തിയ ദേശാഭിമാനി പത്രത്തിന്റെ എഡിറ്ററും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ശ്രീ. കെ. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധവശങ്ങളെക്കുറിച്ചു നടത്തുന്ന ഒരു പഠനമാണ് ഈ പുസ്തകം.
മാർക്സ് ജനിച്ച ഭവനം ഇന്നൊരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തി-സാഹിത്യ-രാഷ്ട്രീയജീവിതങ്ങളുടെ ഒരു നേർക്കാഴ്ച്ച നമുക്കവിടെ കാണാൻ കഴിയും. ഇനം തിരിച്ച്, വിവിധ മുറികളിലായി, ആ ജീവിതം ഇതൾ വിരിയുന്നത് സന്ദർശകന് അനുഭവവേദ്യമാകുന്നു. യുവാവായ മാർക്സിന്റെ പ്രായോഗികബുദ്ധി അദ്ദേഹത്തിന്റെ ആദർശസൂക്ഷ്മതയെ മറികടക്കുന്നത് ബാലകൃഷ്ണൻ കൃത്യമായി കണ്ടെത്തുന്നുണ്ട്. ബെർലിനിലെ ഫ്രെഡറിക് വില്യം സർവകലാശാലയിൽ നിയമവിദ്യാർത്ഥിയായിരുന്ന മാർക്സ് പി.എച്ച്.ഡി ബിരുദം എളുപ്പം നേടാൻ ജേനാ സർവകലാശാലയാണ് സഹായകം എന്നു മനസ്സിലാക്കിക്കൊണ്ട് ഒരു തത്വശാസ്ത്രപ്രബന്ധം തയ്യാറാക്കി അങ്ങോട്ടയച്ചുകൊടുത്തു. പ്രാചീന ഗ്രീസിലെ 'ഡെമോക്രീറ്റസിന്റേയും എപ്പിക്യൂറിയനിസത്തിന്റേയും പ്രകൃതിതത്വശാസ്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ' എന്ന ഈ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചുവെങ്കിലും സ്വദേശമായ ബോണിൽ ഒരു ലക്ച്ചറർ ആകാൻ അത് സഹായകമായില്ല. നിരാശനായ മാർക്സ് പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. വിവാദവിഷയങ്ങളെക്കുറിച്ച് എഴുതുന്നത് ഒരു ശീലമാക്കിയതോടെ ഫ്രാൻസ്, ബെൽജിയം, വീണ്ടും ജർമ്മനി എന്നിവിടങ്ങളിലേക്ക് മാറിമാറി നാടുകടത്തപ്പെട്ടു. ഒടുവിൽ അദ്ദേഹം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
മാർക്സിന്റെ ജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകുന്നത് ഫ്രഡറിക് ഏംഗൽസുമായി ദൃഢമായ സുഹൃദ്ബന്ധം സ്ഥാപിച്ചതോടെയാണ്. ഒരു വൻവ്യവസായിയുടെ മകനായ ഏംഗൽസ് മാർക്സിനെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു. ഗൃഹനാഥൻ പ്രതിഫലമില്ലാത്ത ഗവേഷണത്തിൽ മാത്രം മുഴുകിയിരുന്നതിനാൽ കടുത്ത ദാരിദ്ര്യത്തിലേക്കു വഴുതിവീണ മാർക്സിന്റെ കുടുംബം പലപ്പോഴും ഏംഗൽസിന്റെ മണി ഓർഡറുകൾക്കായി കാത്തിരുന്ന രംഗങ്ങൾ ഗ്രന്ഥകാരൻ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നീ ശ്രദ്ധേയമായ രചനകളും ഈ കൂട്ടുകെട്ടിലൂടെ താമസിയാതെ പുറത്തുവന്നു. ഈ രണ്ടു ഗ്രന്ഥങ്ങളേയും സമീപിക്കുമ്പോൾ ബാലകൃഷ്ണൻ പ്രദർശിപ്പിക്കുന്ന മതവികാരത്തോളമെത്തുന്ന ഭക്ത്യാദരങ്ങൾ വായനക്കാരെ രസിപ്പിക്കും. എന്നാൽ 'മൂലധനം' വിറ്റുകിട്ടുന്ന റോയൽറ്റി കൊണ്ട് വീട്ടിലേക്ക് ചില അത്യാവശ്യസാധനങ്ങൾ വാങ്ങാമെന്നു കരുതിയ മാർക്സിനെ നിരാശനാക്കുന്നതായിരുന്നു അതിന്റെ വിൽപ്പന. ആ കൃതി എഴുതുമ്പോൾ വലിച്ചുകൂട്ടിയ സിഗരറ്റിന്റെ തുക പോലും റോയൽറ്റിയായി കിട്ടിയില്ല എന്നാണ് മാർക്സ് തന്നെ തമാശരൂപേണ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യപതിപ്പിലെ ആയിരം കോപ്പി വിറ്റുതീരാൻ നാലുവർഷമെടുത്തു. എന്നിരുന്നാലും 222 പണ്ഡിതരെ ഉദ്ധരിക്കുന്ന, 360 ഗ്രന്ഥങ്ങളെപ്പറ്റി പരാമർശം നടത്തുന്ന, 54 പത്രങ്ങളും 80 പാർലമെന്ററി റിപ്പോർട്ടുകളും പരിശോധിക്കുന്ന ആ പുസ്തകം മാർക്സിന്റെ ഗവേഷണപാണ്ഡിത്യത്തിന്റെ മകുടവും ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന ഒരുദാഹരണവുമാണ്.
നാമിന്നു കാണുന്ന കമ്യൂണിസ്റ്റ് ആചാര്യനായ മാർക്സിന്റെ ഋഷിസമാനമായ ചിത്രം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ തീവ്രമായ രാഗദ്വേഷങ്ങളുടെ പ്രതിഫലനമല്ല. മാർക്സ് എന്ന മനുഷ്യന്റെ കുടുംബജീവിതവും നല്ലൊരളവിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. "മാർക്സ് ഒരു അവധൂതനോ സന്യാസിയോ അഥവാ മഹർഷിതുല്യനോ ഒന്നുമായിരുന്നില്ലെന്നും, പ്രണയവും കാമവും സ്നേഹവും ജീവിതാസക്തിയും ഉള്ള, തിന്നുകയും കുടിക്കുകയും ചെയ്യുന്ന, ഒരു പച്ചമനുഷ്യൻ മാത്രമായിരുന്നുവെന്നും" ബാലകൃഷ്ണൻ മുൻകൂർജാമ്യമെടുക്കുന്നതു കാണുമ്പോൾ (പേജ് 113) അദ്ദേഹത്തിന്റെ ആരാധകർ മറച്ചുവെക്കാനാഗ്രഹിക്കുന്ന ഹെലൻ ഡെമുത്ത് എന്ന സ്വന്തം പരിചാരികയെക്കുറിച്ചുള്ള വിവരങ്ങൾ തുടർന്നുവരുമെന്നു പ്രതീക്ഷിക്കുന്ന വായനക്കാർക്കുതെറ്റി. ഗ്രന്ഥകാരൻ പറയാതെ വിടുന്ന കാര്യങ്ങൾ ഞാനിവിടെ വിളിച്ചുപറയുന്നത് ഭംഗിയല്ലാത്തതിനാൽ നമുക്കാ വിഷയം ഇവിടെ ഉപേക്ഷിക്കാം.
ഒരു യാത്രാവിവരണം എന്നതിലുപരി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഈ കൃതി ശുപാർശ ചെയ്യുന്നു.
Book Review of 'Marxinte Veedu' by K. Balakrishnan'
ISBN: 8187474848

No comments:
Post a Comment