Monday, April 8, 2019

അപചയത്തിന്റെ അടയാളങ്ങൾ

തൊണ്ണൂറുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ കൂട്ടായ കടപുഴകൽ ജനാധിപത്യരാജ്യങ്ങളിലെ ഇടതുപാർട്ടികളിൽ ഒരു പ്രത്യയശാസ്ത്രപ്രതിസന്ധി സൃഷ്ടിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം മുഴുവൻ ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചതിനു ശേഷം മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ സോഷ്യലിസ്റ്റ് മാതൃക ചീട്ടുകൊട്ടാരം പോലെ തകർന്നുപോയത് രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചു. 1989-ൽ ടിയാനൻമെൻ ചത്വരത്തിൽ വിദ്യാർത്ഥി പ്രക്ഷോഭകരെ യുദ്ധടാങ്കുകൾ ഉപയോഗിച്ച് ചതച്ചരച്ചില്ലായിരുന്നെങ്കിൽ ചൈനയുടെ ഗതിയും മറ്റൊന്നാകുമായിരുന്നില്ല. എവിടെയാണ് പാളിച്ചകൾ പറ്റിയത് എന്ന അന്വേഷണം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ രണ്ട് ആശയചേരികളെ സൃഷ്ടിച്ചു. തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം റഷ്യയുൾപ്പെടെയുള്ള തകർന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിഷേധിക്കപ്പെട്ടിരുന്നു എന്ന് ഒരു കൂട്ടർ വാദിച്ചു. എന്നാൽ നികിതാ ക്രൂഷ്‌ചേവിന്റെ കാലം മുതൽ തലയുയർത്തിയ വിഭാഗീയത പൂർണമായും അടിച്ചമർത്താതിരുന്നതാണ് യഥാർത്ഥ കാരണം എന്ന് രണ്ടാമതൊരു കൂട്ടർ വിശ്വസിച്ചു. എന്നാൽ ഇരുവിഭാഗവും വിട്ടുപോയ ഒരു വസ്തുതയുമുണ്ട് - മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തയിൽ നിന്നുരുത്തിരിഞ്ഞു വന്നതും സോവിയറ്റ് യൂണിയൻ അടക്കമുള്ള രാജ്യങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ടതുമായ തത്വസിദ്ധാന്തം തന്നെ തെറ്റായിരുന്നോ എന്ന ചോദ്യം! കാൾ മാർക്സിനെ ദൈവതുല്യനായാണ് കമ്മ്യൂണിസ്റ്റുകൾ കാണുന്നതെങ്കിലും അതിന്റെ വസ്തുനിഷ്ഠമായ അവലോകനം ഈ ആശയത്തിന് കടകവിരുദ്ധമായ വസ്തുതകളാണ് തുറന്നുകാണിക്കുന്നത്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലും ആശയസംഘട്ടനങ്ങളെ തുടർന്ന് പുറത്തുപോയ ഇടതുപക്ഷ അനുഭാവികളിൽ ഒരാളാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന ശ്രീ. അപ്പുക്കുട്ടൻ വള്ളിക്കുന്ന്. മാതൃഭൂമിയുടെ താളുകളിലൂടെ അദ്ദേഹം സിപിഎമ്മിനെ ബാധിച്ച ജീർണ്ണത അകറ്റാൻ നിരവധി ലേഖനങ്ങൾ എഴുതി. അവയിൽ തെരഞ്ഞെടുക്കപ്പെട്ട 41 ലേഖനങ്ങളുടെ ഒരു സമാഹാരം 2014-ൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

കേരളത്തിലെ സിപിഎമ്മിന്റെ അപചയത്തിന്റെ നിരവധി അടയാളങ്ങൾ ലേഖകൻ വ്യക്തമാക്കുന്നു. ഔദ്യോഗിക നേതൃത്വത്തിന് വിധേയരാകാത്തവരെ സ്വഭാവഹത്യ ചെയ്യൽ, പാർട്ടിവിരുദ്ധരായി പ്രഖ്യാപിച്ച് കുരിശിലേറ്റൽ, പുറത്താക്കൽ എന്നിവ അനർഗ്ഗളം നടന്നുപോരുന്നു; പ്രത്യേകിച്ചും പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കേ! പാർട്ടി വിധേയത്വം എന്നത് നേതൃത്വത്തിലിരിക്കുന്ന ഒരുവിഭാഗം സഖാക്കളോടുള്ള വ്യക്തിവിധേയത്വവും സ്തുതിപാഠനവുമാണെന്ന് പിണറായിയും കൂട്ടരും അണികളെ വിശ്വസിപ്പിച്ചു. രാഷ്ട്രീയ-ഭരണതലങ്ങളിൽ കാത്തുസൂക്ഷിക്കേണ്ട ആദർശവിശുദ്ധി ഇക്കൂട്ടർ പാലിച്ചതുമില്ല. ബോഫോഴ്സ് ആയുധ ഇടപാടിനേക്കാൾ വലിയതോതിൽ കോഴപ്പണം ഒഴുകിയ ലാവ്‌ലിൻ കേസിൽ നിയമനടപടികൾ തന്നെ ഒഴിവാക്കിയെടുക്കാനാണ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സിൽബന്തികളും ശ്രമിച്ചത്. പ്രത്യയശാസ്ത്ര ചോർച്ച പാർട്ടിയുടെ ആശയപരമായ അടിത്തറയിൽ വിള്ളലുണ്ടാക്കി. ഇന്ത്യ പോലൊരു ജനാധിപത്യ സമ്പ്രദായത്തിൽ മറ്റൊരിടത്തും പാർട്ടി പ്രവർത്തിച്ചിട്ടുമില്ലല്ലോ. പാർട്ടി യജമാനന്മാരുടെ കടന്നാക്രമണങ്ങൾ നിയന്ത്രിക്കാൻ രൂപകല്പനചെയ്‌ത് ചണ്ഡീഗഡിൽ കൂടിയ പതിനാലാം പാർട്ടി കോൺഗ്രസിൽ നടപ്പാക്കിയ ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കൺട്രോൾ കമ്മീഷനെപ്പോലും ഒരു പതിറ്റാണ്ടിനുശേഷം ഔദ്യോഗിക നേതൃത്വത്തിന് തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സാധിച്ചു എന്നത് സിപിഎമ്മിന്റെ ധാർമികമായ പാപ്പരത്തമാണ് വിളിച്ചോതുന്നത്.

പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും തീവ്രമായ ഇടതുപക്ഷ ചിന്ത വള്ളിക്കുന്ന് ഉപേക്ഷിച്ചിട്ടില്ല എന്നുള്ളതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ കാണാൻ കഴിയും. മുതലാളിത്തത്തെ തകർത്തെറിയാനുള്ള അദമ്യമായ ആഗ്രഹവും, സാമ്രാജ്യശക്തികളുടെ കടന്നാക്രമണങ്ങൾക്ക് നേരെയുള്ള പ്രതിഷേധവും, മറ്റു പാർട്ടികളെ ബൂർഷ്വാ പാർട്ടികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. ഉദാരവൽക്കരണകാലത്തെ മൂലധനവുമായി ജ്യോതിബാസു നടത്തിയ സന്ധി ഗ്രന്ഥകാരന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. ആഗോളീകരണത്തേയും മൂലധനശക്തികളുടെ കടന്നാക്രമണത്തേയും ആഗോളതലത്തിൽ പ്രതിരോധിക്കുന്നതിനായി അദ്ദേഹം കണ്ടെത്തുന്ന കച്ചിത്തുരുമ്പ് 2011-12 കാലഘട്ടങ്ങളിൽ അമേരിക്കയിൽ അരങ്ങേറിയ 'വാൾസ്ട്രീറ്റ് കയ്യടക്കൽ' മുതലായ പ്രക്ഷോഭനാടകങ്ങളാണ്.

ലേഖനങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണത്തിലാണ് ഈ പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ വായനക്കാർ എത്തിച്ചേരുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ ചിന്താവിസ്താരം മനസ്സിലാക്കാനുമാകുന്നില്ല. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഗുരുതരമായ 'നടപ്പുദൂഷ്യങ്ങൾ' തിരുത്താതെതന്നെ പിണറായി വിജയന് 2016-ൽ തെരഞ്ഞെടുപ്പുവിജയം നേടാനായത് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ഒരു വസ്തുതയാണ്.

Book Review of Apachayathinte Adayalangal by Appukkuttan Vallikkunnu
ISBN: 9788182660465

No comments:

Post a Comment