Saturday, April 13, 2019

ഖിലാഫത്ത് സ്മരണകൾ



ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ആദ്യമായി വർഗീയതയെ കയറൂരിവിട്ടത് 1919-ലെ ഖിലാഫത്ത് പ്രക്ഷോഭത്തോടെയാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം തുർക്കിക്ക് നേരിട്ട പരാജയം സുൽത്താന്റെ കീഴിലായിരുന്ന നിരവധി ഭൂപ്രദേശങ്ങൾ ബ്രിട്ടന്റേയും ഫ്രാൻസിന്റേയും നിയന്ത്രണത്തിലാക്കാൻ ഇടവരുത്തി. തുർക്കിയിലെ സുൽത്താൻ ആത്മീയപരമായി മുസ്ലീങ്ങളുടെ ഖലീഫ കൂടിയായതിനാൽ ഖലീഫയുടെ പദവി (ഖിലാഫത്ത്) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരങ്ങേറിയ മതപരമായ പ്രക്ഷോഭമാണിത്. ഇന്ത്യയിൽ നിലനിൽക്കുന്നെങ്കിലും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങൾ എന്ന കണക്കേ കഴിഞ്ഞുകൂടിയിരുന്ന ഹിന്ദു-മുസ്ലീം സമുദായങ്ങളെ ഇണക്കിച്ചേർക്കാൻ ഗാന്ധിജി ഖിലാഫത്തിനെ നിസ്സഹകരണപ്രസ്ഥാനവുമായി ചേർത്തുകെട്ടി. നാടൻ ഭാഷയിൽ 'പുലിവാല് പിടിക്കുക' എന്ന ശൈലിയുടെ ഉത്തമമായ ഒരു ദൃഷ്ടാന്തമായി അത്. ആദ്യകാലങ്ങളിലെ സൗഹൃദത്തിനുശേഷം ജിഹാദികൾ രാജ്യമെങ്ങും താണ്ഡവനൃത്തമാടി. വർഗീയകലാപങ്ങൾ നിരവധി തവണ അരങ്ങേറി. അതിൽ പ്രമുഖമായ ഒന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ഒരദ്ധ്യായം എന്ന വ്യാജേന അവതരിപ്പിച്ചുവരുന്ന 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹള. പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശത്തിനു ശേഷം വർദ്ധിച്ചു വന്നുകൊണ്ടിരുന്ന മുസ്ലിം ആക്രമണങ്ങളിൽ അവസാനത്തേതാണ് മലബാർ ലഹള. എന്തുകൊണ്ടാണ് പിന്നീടൊരിക്കലും ഗുരുതരമായ തോതിൽ ഒരു ജിഹാദി ആക്രമണം മലബാറിൽ നടക്കാതിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കർശനമായി ഫലപ്രദമായും ആ കലാപം സർക്കാർ അടിച്ചമർത്തി എന്നതാണ്. ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആയിരിക്കേ കലാപത്തിന് സഹായമേകി എന്ന കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അനുഭവസാക്ഷ്യമാണ് ഈ പുസ്തകം.



മാപ്പിള ലഹള ഒരു സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു എന്ന കെട്ടുകഥയുടെ കാറ്റൂരിവിടുന്ന നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. കൂട്ടക്കൊല, ഭവനഭേദനം, കവർച്ച, നിർബന്ധിതമതപരിവർത്തനം, ബലാൽസംഗം, അക്രമം എന്നിങ്ങനെയൊക്കെയായിരുന്നു 'സാമ്രാജ്യത്വവിരുദ്ധപോരാട്ടം' മുന്നേറിക്കൊണ്ടിരുന്നത്! തങ്ങൾ മതപരിവർത്തനം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് ആഴ്ചകൾക്ക് മുൻപേ തന്നെ പരാമർശിക്കുമ്പോൾ പോലും അവർക്കായി കരുതിവെച്ചിരുന്ന മുസ്ലിം പേരുകൾ ആണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരനായ കെ എൻ പണിക്കർ രേഖപ്പെടുത്തിയത് ഇവിടെ ഓർക്കാം. വ്യാജ പ്രചരണം കലാപം കത്തിപ്പടരുന്നതിന് സഹായകമായിത്തീർന്നു. അറേബ്യയിൽ മുസ്ലിം പുണ്യസ്ഥലങ്ങളുടെ നേർക്ക് ബ്രിട്ടീഷ് സർക്കാർ കയ്യേറ്റം നടത്തിയതാണ് ഖിലാഫത്ത് പ്രക്ഷോഭത്തിന് മൂലകാരണം എന്നാണ് ഗ്രന്ഥകർത്താവ് തന്നെ രേഖപ്പെടുത്തുന്നത് (പേജ് 18). 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽ നടന്ന സംഘട്ടനത്തിൽ കളക്ടർക്കും കൂട്ടാളികൾക്കും പിണഞ്ഞ പരാജയമാണ് ലഹള ക്രമേണ ഭീകരമായ ഒരു വംശഹത്യയിലേക്ക് തന്നെ വഴിതിരിഞ്ഞുപോകാൻ ഇടയാക്കിയത്. വാർത്താവിതരണ സംവിധാനങ്ങൾ ഇല്ലാതിരുന്നതോ തകർത്തുകളഞ്ഞതോ മൂലം കിംവദന്തികൾ നാടെങ്ങും പരന്നു. ലഹളക്കാരെ പേടിച്ച് സൈനികർ സ്ഥലം വിട്ടുവെന്ന വ്യാജവാർത്ത ജിഹാദികളെ ഹരം കൊള്ളിച്ചു. സ്ഥിതിഗതികൾ ശരിക്കു വിലയിരുത്താനാവാതെ നാട്ടുകാർ അന്തം വിട്ടുപോയതാണ് ലഹള  പടർന്നു പന്തലിക്കാൻ ഇടയാക്കിയത് എന്നാണ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായം (പേജ് 74).



മാപ്പിള ലഹള കേരളം കണ്ടതിൽ വെച്ചേറ്റവും ഭീകരമായ ഏകപക്ഷീയ വർഗീയകലാപമായിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് കാഴ്ചവച്ച മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ ഇവിടെയും അരങ്ങേറി. യസീദികൾക്കു പകരം ഇവിടെ ഹിന്ദുക്കൾ ആയിരുന്നുവെന്നു മാത്രം. നിരപരാധികളെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനോടെ തള്ളിയ തുവ്വൂരിലെ കിണർ ഒരു ഉദാഹരണം മാത്രമാണ്.  ഈ രണ്ടു വംശഹത്യകളും തമ്മിലുള്ള സാദൃശ്യം ഗവേഷകരുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്. ഇറാഖിൽ അബൂബക്കർ അൽ ബാഗ്ദാദി ഖലീഫയായി സ്ഥാനമേറ്റതുപോലെ 1921 ആഗസ്റ്റ് 21ന് തിരൂരങ്ങാടി പള്ളിയിൽ ആലി മുസലിയാർ ഖലീഫയായി അധികാരത്തിലിരുന്നു. അയാൾ സന്നദ്ധസേവകരേയും സൈന്യങ്ങളേയും ശേഖരിക്കുകയും, തന്നെത്താൻ രാജാവായി നടിക്കുകയും, രാജാധികാരം നടത്തിത്തുടങ്ങുകയും ചെയ്തു. ഖുർആനിലെ അനുശാസനങ്ങൾ അനുസരിച്ച് മുസലിയാർ ശിക്ഷാനടപടികൾ നടത്തിപ്പോന്നു. കട്ടവന്റെ കൈ വെട്ടുമെന്ന കല്പന ബലമായി നടപ്പിലാക്കി. യുദ്ധഫണ്ടിന്റെ പേരിൽ ഹിന്ദുക്കളിൽ നിന്നുമാത്രമുള്ള നിർബന്ധമായ കരംപിരിവ് 'ജസിയ' എന്ന വിവേചനപരമായ തലക്കരത്തിന്റെ പുനരവതാരമായി. പണവും നെല്ലും കയ്യിരിപ്പുള്ള കുടുംബങ്ങളിൽ ലഹളക്കാർ കൂട്ടമായി കയറിച്ചെന്ന് പണമാവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ നിർബന്ധമതപരിവർത്തനം, സ്ത്രീകളെ മാനഭംഗം ചെയ്യൽ, തലവെട്ടൽ മുതലായവയും. ഗത്യന്തരമില്ലാതെ ഹിന്ദുക്കൾ ബ്രിട്ടീഷ് ഭാഗത്ത് ചേർന്നുതുടങ്ങി. ലഹള ജന്മികൾക്കെതിരെ കുടിയാന്മാർ നടത്തിയ കലാപമായിരുന്നു എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ നിലമ്പൂർ കോവിലകത്തു നടന്ന കൂട്ടക്കൊല വിശദീകരിക്കാൻ ബുദ്ധിമുട്ടും. ലഹളക്കാർ അവിടെ എത്തിയപ്പോഴേക്കും ജന്മികളും കുടുംബവും സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. അവിടെ അവശേഷിച്ച സേവകരേയും അവരുടെ കുടുംബങ്ങളെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് കലാപകാരികൾ അരങ്ങൊഴിഞ്ഞത്. സാമ്പത്തികമായി ഉന്നതിയിലായിരുന്ന സവർണ്ണർ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ജീവനും കൊണ്ട് പലായനം ചെയ്തപ്പോൾ ലഹളക്കാർ അവർണ്ണരുടേയും ദലിതരുടേയും നേരെ തിരിഞ്ഞു. നൂറുകണക്കിന് ജിഹാദികൾ ബ്രിട്ടീഷ് തോക്കുകൾക്ക് ഇരയായപ്പോൾ നേതാക്കൾ പതിവുപോലെ വാലും ചുരുട്ടി കീഴടങ്ങി. തിരൂരങ്ങാടി പള്ളി വളയപ്പെട്ടപ്പോൾ ആലി മുസലിയാർ സൈന്യത്തിനു മുന്നിൽ വെള്ളക്കൊടിയും വീശി കീഴടങ്ങി. മറ്റു നേതാക്കളായ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, വാരിയകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ കാര്യവും തഥൈവ.



ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് മാസങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് നേരിട്ട മർദ്ദനമുറകൾക്ക് കയ്യും കണക്കുമില്ല. അറസ്റ്റ് ചെയ്യപ്പെട്ട അന്ന് മറ്റുജാതിക്കാരുടെ കൈയിൽനിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അദ്ദേഹം ക്രമേണ അയിത്താചരണത്തിലെ അർത്ഥശൂന്യത തിരിച്ചറിയുകയും ഒരു യഥാർത്ഥ മനുഷ്യനായി മാറുകയും ചെയ്തു. ശാരീരിക പീഡകളാണ് അദ്ദേഹത്തിനുവേണ്ടി സർക്കാർ കരുതിവെച്ചിരുന്നതെങ്കിൽ ജാതിഭ്രഷ്ട് പ്രഖ്യാപിക്കുകവഴി മാനസികവും സാമൂഹ്യവുമായ മർദ്ദനങ്ങൾ സ്വസമുദായം അദ്ദേഹത്തിനു നൽകി. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിലേക്കു തിരിഞ്ഞ നമ്പൂതിരിപ്പാട് 1964-ൽ ഇഹലോകവാസം വെടിഞ്ഞു.



ഏതാണ്ട് മുഴുവനായിത്തന്നെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ടതാണ് ഈ കൃതി. റഫറൻസ് ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടില്ല എന്നുതന്നെ പറയണം. വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന രീതിയിലാണ് ആഖ്യാനശൈലി. ലേഖകന്റെ സാഹിത്യാഭിരുചി നിരവധി ഉപമകളിലൂടെ കാണാവുന്നതാണ്.

Book Review of 'Khilafat Smaranakal' by Mozhikkunnathu Brahmadathan Namboodiripad
ISBN: 9788182648753
 

No comments:

Post a Comment