അഷിതയുടെ യാതൊരു പുസ്തകവും ഞാൻ നാളിതുവരെ വായിച്ചിട്ടില്ല. എങ്കിലും
യൗവനത്തെ കൈവിടാൻ പൊതുവേ മടിക്കുന്ന കേരളീയസമൂഹത്തിനു നേർക്കുള്ള ഒരു പരിഹാസച്ചിരി
കണക്കേ തീർത്തും വെൺമയാർന്ന മുടി അതിരിടുന്ന ആ കുലീനതയാർന്ന മുഖം പത്രമാസികകളിലൂടെ
പലപ്പോഴും ശ്രദ്ധയിൽ പെട്ടിരുന്നു. തീവ്രതയിലും വീര്യത്തിലും അദ്വിതീയമായ ഗാഢത
പുലർത്തുന്ന, മദ്ധ്യവയസ്സിൽ ആരോടോയൊക്കെയുള്ള രോഷം തീർക്കാനായി തഥാഗതചിന്തയിൽ
അനുരക്തരാകുന്ന വിപ്ലവസിംഹങ്ങൾ പോലും മുടിയും ജടയും കറുത്ത ചായം തേച്ചുനടക്കുമ്പോൾ
യുവത്വത്തിൽ നിന്നൊരു 'സ്വയം വിരമിക്കൽ' പോലെ അഷിതയുടെ പ്രകൃതം വേറിട്ടുനിന്നു
(ഗൂഗിളിന്റെ ഒരു തമാശ നോക്കണേ, 'ജട' എന്നു ടൈപ്പ് ചെയ്യുമ്പോൾ അത്
കാണിച്ചുതരുന്നത് 'ജാട' എന്നാണ്. എല്ലാമറിയുന്ന ഗൂഗിളിന് നമ്മുടെ
ആത്മജ്വലനശേഷിയുള്ള സിംഹത്തിന്റെ സ്വഭാവവും നന്നായറിയാമെന്നു തോന്നിപ്പോകുന്നു!).
അർബുദബാധയെത്തുടർന്നുള്ള കഥാകാരിയുടെ അകാല നിര്യാണം സംഭവിച്ചിട്ട് ഒരുമാസം
പോലുമായിട്ടില്ലാത്ത ഈ വേളയിലാണ് അവരുടെ ഒരു പുസ്തകം വായിച്ചു കളയാമെന്ന തീരുമാനം
എടുത്തത്. 'സ്വയം മറന്നു നൃത്തം ചെയ്യുമ്പോൾ നർത്തകിയെ കാണാതാവുകയും അരങ്ങിൽ
നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതിയെഴുതി സ്വയം ഇല്ലാതാവുകയും കഥ
മാത്രം അവശേഷിക്കുകയും ചെയ്യുക' എന്ന അഷിതയുടെ ചിരകാലസ്വപ്നം നിർഭാഗ്യവശാൽ
സാക്ഷാത്കരിക്കപ്പെടുമ്പോൾ ആ കഥകളുമായി അല്പമൊരു പരിചയം നാം സ്വായത്തമാക്കേണ്ടതാണ്.
മദ്ധ്യവയസ്സിന്റെ
തുടക്കത്തിലെ സ്ത്രീജീവിതങ്ങളുടെ കഥകൾ അഷിത നിരവധിതവണ പറഞ്ഞൊപ്പിക്കുന്നുണ്ട് ഈ
സമാഹാരത്തിൽ. 'ജീവിതത്തിന് കാല്പനികഭംഗികളില്ലെന്നും അതു വെറും പൊരുത്തപ്പെടൽ
മാത്രമാണെന്നും' ഏറെ വൈകി തിരിച്ചറിയുന്ന കഥാപാത്രങ്ങൾ. 'മുപ്പതുകളിൽ ഒരു സ്ത്രീ
കടിഞ്ഞാണിൽ അസ്വസ്ഥയാകുന്ന കുതിരയാണെന്ന' ഗ്രന്ഥകാരിയുടെ പരാമർശം പെണ്ണെഴുത്തിന്റെ
മുഖമുദ്രയായ അരാജകത്വത്തിന്റെ കാഹളധ്വനിയാണെന്നുകരുതി അസ്വസ്ഥരാകുന്ന വായനക്കാരെ ഈ
കഥാപാത്രങ്ങൾ പച്ചയായ യാഥാർഥ്യത്തിന്റെ ശാന്തതകളിലേക്ക് തിരികെയെത്തിക്കുന്നു.
വേട്ടക്കാരായി മാറിക്കഴിഞ്ഞ പുരുഷശരീരങ്ങൾക്കു നേർക്കുള്ള ആകുലതകൾ പല കഥകളിലും
മുഖ്യപ്രമേയമാകുമ്പോൾപ്പോലും ഭർത്താവിന്റെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും
ഒരു നിമിഷത്തേക്ക് പാളിപ്പോകുന്ന താല്പര്യങ്ങൾ കഥയവസാനിക്കുമ്പോഴേക്കും അതിരുകൾ
ലംഘിക്കാതെയും ശ്രദ്ധിക്കുന്നു. 'അടഞ്ഞ ഫ്‌ളാറ്റിൽ തോളത്തു കയ്യിടാൻ സ്വന്തം നിഴൽ
പോലുമില്ലാത്ത വീട്ടമ്മമാർ' വായനക്കാരെ മൃദുവായൊന്നു ശ്വാസംമുട്ടിച്ച്
കടന്നുപോകുന്നു.
മുതിർന്നവരുടെ
ജീവിതത്തിൽ നുണയ്ക്കുള്ള സ്ഥാനത്തെച്ചൊല്ലി ഉറക്കം നഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ
അഷിതയുടെ ബാലസാഹിത്യജീവിതത്തിന്റെ ബാക്കിപത്രമാകാനേ വഴിയുള്ളൂ. കുട്ടികളെ സത്യം
പറയാൻ ഉപദേശിക്കുന്ന മുതിർന്നവർ അവരുടെ മുന്നിൽവെച്ചുതന്നെ നുണപറഞ്ഞു
വിജയിക്കുമ്പോൾ വ്യക്തിജീവിതത്തിലും സമൂഹത്തിലും അസത്യം നേടിയെടുത്ത സ്ഥാനം
നന്മയുടെ നിറകുടങ്ങളായ ചില ശിശുകഥാപാത്രങ്ങൾക്ക് ദഹിക്കാതെ അവശേഷിക്കുകയാണ്.
എന്തിനധികം, 'സംഭാഷണത്തിനിടയിലെ നിശ്ശബ്ദതകളിലാണ് നാമൊക്കെ മിക്കവാറും സത്യം
പറയാറ്' എന്നുപോലും കഥാകാരി കണ്ടെത്തുന്നു.
അറുപതു
ചെറുകഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിൽ സിംഹഭാഗവും സ്ത്രീപക്ഷ കഥകൾ
തന്നെയാണ്. എന്നാൽ പെണ്ണെഴുത്ത് ഉളവാക്കുന്ന ജൂഗുപ്സ ഒട്ടുമേയില്ലാതെ നമുക്കിവ
വായിച്ചാസ്വദിക്കാൻ കഴിയും. ടി. പദ്മനാഭന്റേതുപോലുള്ള സർവ്വവ്യാപിയായ 'ഞാൻ' എന്ന
കഥാപാത്രം നിരവധി കഥകളിൽ പ്രത്യക്ഷപ്പെടുന്നു. വി. കെ. എന്നിന്റെ 'സർ ചാത്തു'വിനെ
അവതരിപ്പിക്കുന്ന കഥ കൗതുകമുണർത്തി. കേരളത്തിനുവെളിയിലുള്ള നഗരപശ്ചാത്തലം
ലേഖികയുടെ സ്വാനുഭവങ്ങളിൽനിന്ന് ഉരുവം കൊണ്ടിട്ടുള്ളതായിരിക്കാനേ സാദ്ധ്യതയുള്ളൂ.
ആത്മകഥാംശം നിറഞ്ഞുതുളുമ്പുന്ന കഥയുടെ സ്വകാര്യപരിസരങ്ങളിൽ പലപ്പോഴും പാത്രരചനക്ക്
സ്വന്തം മകളുടെ യഥാർത്ഥപേരുതന്നെ കഥാകൃത്ത് നൽകുന്നുമുണ്ട്. അങ്ങനെയിരിക്കേ,
'സ്വന്തം ആത്മാവിന് സമാധാനമായി കൂടണയാനുള്ളതാണ് തന്റെ സ്വകാര്യത' എന്നു ശഠിക്കുന്ന
കഥാകാരി ഇവിടെയൊരല്പം വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നു നമുക്കുതോന്നും.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Ashitayude Kathakal'
ISBN: 9788182662391
No comments:
Post a Comment