Saturday, July 20, 2019

സി. കേശവൻ എന്ന പോരാളി



കേരളത്തിന്റെ ആധുനികവൽക്കരണത്തിലേക്കു നയിച്ച ഒരു സുപ്രധാന നടപടിയായിരുന്നു 1936-ലെ ക്ഷേത്രപ്രവേശന വിളംബരം. ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് തിരുവിതാംകൂർ മഹാരാജാവിനെ നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 1933-ൽ തുടങ്ങിയ നിവർത്തന പ്രക്ഷോഭണം. ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ഈഴവ-ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങൾ ഒന്നിച്ചു നിന്ന് സംഘടിപ്പിച്ച ഈ പ്രക്ഷോഭസമരം അടഞ്ഞ പല കണ്ണുകളേയും തുറപ്പിച്ചു, പല ബധിരകർണങ്ങളേയും ശ്രവണയുക്തമാക്കി. മതം മാറിയാൽ തങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങളെങ്കിലും മതം മാറാതെ തന്നെ അനുവദിക്കണം എന്ന പിന്നോക്കജാതിക്കാരുടെ ദയനീയമായ അപേക്ഷകൾ പോലും സവർണ്ണവർഗ്ഗം പുച്ഛത്തോടെ തള്ളിക്കളഞ്ഞിരുന്ന കാലം! ഈഴവർ മതം മാറണം എന്ന ആവശ്യം ആ സമുദായത്തിൽ ഉയർന്നുവന്നുകൊണ്ടിരുന്നു. എന്നാൽ ഇതൊരു പൊള്ളയായ ഭീഷണി മാത്രമാണെന്ന് അധികാരി വർഗത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മതം മാറാൻ സമുദായാംഗങ്ങൾക്കും സത്യത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 'പഴകിയാൽ പാമ്പും നന്ന്' എന്നാണല്ലോ പ്രമാണം. എന്നാൽ നിവർത്തനപ്രസ്ഥാനം പഴഞ്ചൻ ധാരണകളെ അപ്പാടെ തൂത്തെറിഞ്ഞു. ഹൈന്ദവേതര സമുദായങ്ങളുമായി അടുത്തിടപഴകിയതുവഴി ഈഴവർ വൻതോതിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയേക്കും എന്ന നില സംജാതമായി. ഈ കാലഘട്ടത്തിലാണ് ക്രാന്തദർശിയായ സി. പി. രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം മഹാരാജാവ് ശ്രീചിത്തിരതിരുനാൾ എല്ലാ ഹൈന്ദവജാതികൾക്കും സർക്കാർ വക ക്ഷേത്രങ്ങൾ തുറന്നുകൊടുത്തത്. നിവർത്തന പ്രക്ഷോഭണത്തിന്റെ നെടുനായകനായിരുന്നു പിന്നീട് തിരുക്കൊച്ചിയിൽ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന ശ്രീ. സി. കേശവൻ. അദ്ദേഹത്തിന്റെ പോരാട്ടവീര്യം വിശദമാക്കുന്നതാണ് ഈ പുസ്തകം. സർക്കാർ സർവീസിൽ ദീർഘകാലം മനോരോഗവിദഗ്ധനായി ജോലി ചെയ്തതിനു ശേഷം വിരമിച്ച ഡോ. പി. കെ. സുകുമാരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

പ്രവർത്തനകാലത്ത് ഉജ്ജ്വലതേജസ്സോടെ ജ്വലിച്ചു നിന്ന സി. കേശവൻ എന്ന താരകം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കൽ നടത്തിയത് 1950-കളിലാണ്. അതിനാൽത്തന്നെ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യമനസ്സിലില്ലാത്ത ഒരു നേതാവിനെ ഇപ്പോൾ അവതരിപ്പിക്കുന്നതിന്റെ സാംഗത്യം എന്ത് എന്നതാണ് പ്രാഥമികമായി ഉയരുന്ന ചോദ്യം. ഗ്രന്ഥകാരനു നേരെ നീളുന്ന ഈ ശരത്തിന്റെ വഴിയിൽ നിന്ന് അദ്ദേഹം വഴുതി മാറുന്നു. ‘ജീവിതസമരം’ എന്ന മാതൃകാപരമായ ഒരു ആത്മകഥ കേശവൻ രചിച്ചിട്ടുള്ളതിനാൽ വളരെയധികം വ്യക്തിപരമായ വിവരങ്ങൾ നമുക്കു ലഭ്യമാകുകയും ചെയ്യുന്നു.  ഈ പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും ‘ജീവിതസമര’ത്തിൽ നിന്ന് കടം കൊണ്ടവയാണ് . മൂലഗ്രന്ഥം അപൂർണ്ണമായതിനാൽ 1938-നു ശേഷമുള്ള ജീവിതകഥ ഈ ഗ്രന്ഥത്തിലും ഇല്ല. ‘സി. കേശവന്റെ പ്രസംഗങ്ങൾ’ എന്ന മറ്റൊരു കൃതി കൂടി ആധാരമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക റഫറൻസുകൾ ഒന്നും തന്നെ പരിശോധിച്ചിട്ടില്ലാത്തതിനാൽ ഗവേഷണപരമായി ഈ കൃതി യാതൊരു മൂല്യവും പുലർത്തുന്നില്ല. സർക്കാർ ഉത്തരവുകളോ രേഖകളോ പഴയ വർത്തമാനപത്രങ്ങൾ പോലുമോ ലേഖകൻ കണക്കിലെടുത്തിട്ടില്ല. ഇത്തരമൊരു ജീവചരിത്രരചനയുടെ രൂപകൽപ്പന പോലും ശരിയല്ലെന്നേ പറയേണ്ടതുള്ളൂ.

‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു’ എന്ന ക്രൂരമെങ്കിലും വിഖ്യാതമായ അഭിപ്രായം സി. കേശവന്റേതാണ്. നൂറ്റാണ്ടുകളായി തുടർന്നിരുന്ന നിന്ദ്യമായ ജാതി വിവേചനത്തിന്റെ മുറിപ്പാടുകൾ ആത്മാവിൽ ഏറ്റുവാങ്ങിയിരുന്ന ഒരു തലമുറയുടെ വികാരം മുറ്റിനിൽക്കുന്ന ഒരു പ്രതിഷേധപ്രകടനം എന്ന നിലയിൽ മാത്രം ഇതിനെ കണ്ടാൽ മതി. കേശവൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എസ്.എൻ.ഡി.പിയിലും പ്രവർത്തിച്ചിരുന്നു. എന്നാൽ അതിനുപരിയായി ജാതിപരിഗണന മൂലം നേട്ടമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നോ എന്ന സംശയം ഉണർത്തുന്ന വിധത്തിൽ ഒരു സംഭവം ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി നേതാവായിരുന്ന എം. ഗോവിന്ദൻ തിരുവനന്തപുരത്ത് മുൻസിഫായിരിക്കുന്ന കാലം. നിയമനാധികാരം ഉണ്ട്. അവിടെ ഒരു ഗുമസ്തജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ച കേശവന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുത്തില്ല. മാത്രവുമല്ല, ഒരു നായരെയാണ് ആ സ്ഥാനത്ത് നിയമിച്ചതും. ദാരിദ്ര്യമുള്ള തനിക്ക് ആ ജോലി തരാതിരുന്നതിലുള്ള രോഷം കേശവൻ അദ്ദേഹത്തോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു (പേജ് 88).

‘ജീവിതസമരം’ വായിച്ചിട്ടുള്ളവർ ഈ പുസ്തകം വായിക്കണമെന്നില്ല. പുതുതായി ഒന്നും ഇതിലില്ല. സി. കേശവന്റെ ജീവിതത്തിലെ സംഭവബഹുലവും ജനമധ്യത്തിലുള്ളതുമായ പതിനാറു വർഷങ്ങൾ പരാമർശിക്കാൻ വിട്ടുപോയത് അക്ഷന്തവ്യമായ തെറ്റാണ്. അതിനുപകരം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സതീർഥ്യരുടെ പേരുകൾ എഴുതിവച്ചിരിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഇതു നോക്കൂ.! “കേശവന്റെ സഹപാഠികൾ വറീത്, കൃഷ്ണൻ, കെ. കെ. പൽപ്പു, കാക്കു, ടി. ഇ. കേശവൻ, രണ്ടു മുസ്ലിം കുട്ടികൾ, നാരായണി എന്ന പെൺകുട്ടി എന്നിവരായിരുന്നു” (പേജ് 29). മുസ്ലിം കുട്ടികൾക്കു മാത്രം പേരില്ല! ഇത്തരമൊരു പുസ്തകമാണ് സാഹിത്യപ്രവർത്തക സഹകരണ സംഘം ‘നവോത്ഥാന നായകർ’ എന്ന പരമ്പരയിൽ പ്രസിദ്ധീകരിക്കുന്നത് എന്നോർക്കുമ്പോൾ നാം ലജ്ജകൊണ്ട് തലകുനിക്കുക തന്നെ വേണം.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of C. Kesavan Enna Porali by Dr. P K Sukumaran
ISBN 9789388163231


No comments:

Post a Comment