Saturday, July 6, 2019

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

ശാസ്ത്രീയമായ കുറ്റാന്വേഷണം എല്ലായ്പ്പോഴും വലിയതോതിൽ ജനശ്രദ്ധയെ ആകർഷിക്കുന്നു. പലപ്പോഴും കുറ്റാരോപിതരെ കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളേ വർത്തമാനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കൈകാര്യം ചെയ്യുകയുള്ളൂ. തെളിവുകൾ വിദഗ്ദ്ധമായി കണ്ടെത്തുന്നതും അവ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കുറ്റവാളിയാക്കുന്നതുമെല്ലാം ആ രംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ ഓർമ്മക്കുറിപ്പുകളിലൂടെ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാവുകയുള്ളൂ. മലയാളത്തിൽ അത്തരം വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് ഫോറൻസിക് രംഗത്ത് ഉന്നതമായ പദവികൾ വഹിച്ചിരുന്ന ഡോ. ബി. ഉമാദത്തൻ. രണ്ടുദിവസം മുൻപാണ് അദ്ദേഹം നിര്യാതനായത്. ഫോറൻസിക് വിഭാഗത്തിലെ പതിറ്റാണ്ടുകളായ പ്രവൃത്തിപരിചയം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിവരാൻ ഇടയാക്കിയിട്ടുണ്ട്. കേരളപ്പിറവിയുടെ അറുപതാം വാർഷികവേളയിൽ 'നാം എവിടെ നിൽക്കുന്നു' എന്ന ചോദ്യത്തിനുത്തരമായി നിരവധി മേഖലകളിലെ പ്രവീണരുടെ ലേഖനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച 'കേരളം @ 60' എന്ന പരമ്പരയിലെ ഒരു ലക്കമാണ് ഈ പുസ്തകം.

കുറ്റാന്വേഷണത്തെക്കുറിച്ചു പറയുമ്പോൾ പോലീസ് വകുപ്പിന്റെ ഉത്ഭവത്തെക്കുറിച്ചും പറയാതെ വയ്യല്ലോ. പൊതുജനങ്ങളുമായി ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന പോലീസിനെ മാത്രമേ നമുക്കു പരിചയമുള്ളൂ. എന്നാൽ അത് മഞ്ഞുമലയുടെ അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നും ക്രമസമാധാനപാലനപ്രക്രിയയുടെ അനുബന്ധസേവനങ്ങളായ കുറ്റാന്വേഷണം, ശാസ്ത്രീയ പരീക്ഷണശാലകൾ, ആശയവിനിമയം, വാഹനസൗകര്യങ്ങൾ, പരിശീലനം എന്നിങ്ങനെ ഓരോ മേഖലയിലും കർമ്മനിരതരായ നിരവധി ഉദ്യോഗസ്ഥർ പ്രവൃത്തിയെടുക്കുന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു. പോലീസിന്റെ തലപ്പത്ത് മാറിമാറിവരുന്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ പ്രധാനസംഭാവനകളും വിവരിക്കുന്നു. ഗ്രന്ഥകാരന് ഉന്നത ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം ചിലരെയെങ്കിലും വെള്ളപൂശാനും ഉപയോഗിക്കുന്നുവോ എന്ന സംശയം വായനക്കാരിൽ ഉണ്ടാകുന്നു. അടിയന്തരാവസ്ഥയോടടുപ്പിച്ച് വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയ ചില ഉദ്യോഗസ്ഥർ പോലും ഈ കൃതിയിൽ വീരനായകരായി പാടിപ്പുകഴ്ത്തപ്പെടുന്നതു കാണാം. പൊലീസിലെ ബ്യൂറോക്രസിയുമായുള്ള അടുപ്പം അതിലെ സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റങ്ങളും വരെ വിശദമായി വിവരിക്കുന്നതരത്തിൽ പ്രകടമാണ്.

ഉമാദത്തൻ ഒരു ചരിത്രകാരനല്ല. അദ്ദേഹം തന്നെ പ്രസ്താവിക്കുന്നത് താൻ ചരിത്രം ഗൗരവമായി വായിച്ചത് ഈ ഗ്രന്ഥത്തിന്റെ രചനക്കുവേണ്ടിയാണെന്നാണ്. എങ്കിലും കേരളത്തിന്റെ സാമാന്യം വിശദമായ ഒരു വിവരണം ഇതിൽ നൽകുന്നുണ്ട്. അത് വിഷയവുമായി വളരെ അടുത്ത ഒരു പൊക്കിൾക്കൊടി ബന്ധം പുലർത്തുന്നുമില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഘടകങ്ങളുടെ ചരിത്രം വെവ്വേറെ പ്രതിപാദിക്കുന്നതുവഴി ആവർത്തനങ്ങളും ചരിത്രപരമായ അബദ്ധങ്ങളും വൃഥാസ്ഥൂലതയും ഉണ്ടാകുന്നു. ഏകദേശം 90 പേജുകളാണ് - പുസ്തകത്തിന്റെ മൂന്നിലൊന്നോളം - ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിനായി ഏതോ ഇടതുപക്ഷ പ്രസിദ്ധീകരണത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്നു തോന്നുന്നു. കോൺഗ്രസ്സിനേയും അത് നേതൃത്വം നൽകുന്ന മുന്നണിയേയും പ്രതിപാദിക്കാൻ വലതുമുന്നണി എന്ന പദമാണ് ഉടനീളം ഉപയോഗിക്കുന്നത്.  കഴിഞ്ഞകാലങ്ങളിലെ ജനശ്രദ്ധ നേടിയ ഏതാനും കേസുകളുടെ വിവരങ്ങൾ ഇതിലും നല്കിയിട്ടുണ്ടെന്നത് വായനക്കാരെ ആകർഷിക്കും. കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പത്രങ്ങൾ വായിച്ചിട്ടുള്ളവർക്ക് അവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ ഈ കഥകൾ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യവുമായി എങ്ങനെ യോജിച്ചുപോകും എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന് ലക്ഷണമൊത്ത ഒരു ഘടന ഇല്ല എന്നുതന്നെ മനസ്സിലാക്കേണ്ടി വരും.

അനായാസമായ വായന മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിൽ ഈ പുസ്തകം നല്ലൊരു തെരഞ്ഞെടുപ്പായിരിക്കും. വിശകലനം ഇതിന്റെ നിഘണ്ടുവിലില്ല. വിമർശനാത്മകമായ യാതൊരു വീക്ഷണവും ഗ്രന്ഥകർത്താവ് വെച്ചുപുലർത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഗൗരവപൂർണ്ണമായ വായന ആഗ്രഹിക്കുന്നവർ ഈ കൃതിയെ ഒഴിവാക്കുന്നതായിരിക്കും ഉചിതം.

Book Review of 'Keralathinte Kuttanweshana Charithram' by Dr. B Umadathan
ISBN: 9788126474103



No comments:

Post a Comment