സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിൽ ഒന്നാണത്. ഒരു മൂന്നാം ലോകരാഷ്ട്രത്തിന് സാധാരണഗതിയിൽ താങ്ങാനാവുന്നതിലുമധികം ലിബറൽ ആശയങ്ങൾ അതുൾക്കൊള്ളുന്നു. ബാബാസാഹേബ് അംബേദ്കറെന്ന രാഷ്ട്രതന്ത്രവിദഗ്ദ്ധന്റെ ശില്പചാതുര്യം ആത്മാവിൽ പേറുന്ന രാഷ്ട്രസംവിധാനവ്യവസ്ഥ! എങ്കിലും നമ്മുടെ ഭരണഘടനാനിർമ്മാണസഭ ശൂന്യതയിൽനിന്ന് വിരിയിച്ചെടുത്ത ഒന്നല്ല അത്. 1909-ലെ മോർലി-മിന്റോ പരിഷ്‌കാരങ്ങൾ, 1918-ലെ മോൺടെഗു-ചെംസ്‌ഫോർഡ് റിപ്പോർട്ട്, 1919-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട്, 1927-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ട്, 1930-32 ലെ വട്ടമേശ സമ്മേളനങ്ങൾ, 1935-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട് എന്നിവയെല്ലാം നമ്മുടെ ഭരണഘടനയെ പരുവപ്പെടുത്തിയ ഘടകങ്ങളാണ്. പ്രത്യേകിച്ചും 1935-ലെ നിയമമാകുന്ന അസ്ഥിപഞ്ജരത്തിന്മേലാണ് നാം മാംസവും മജ്ജയും വെച്ചുപിടിപ്പിച്ചത്. അതിനാൽ ഭരണഘടനയിൽ ഭാരതീയത എന്ന ആശയം എങ്ങനെ പ്രതിഫലിച്ചിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസയാണ് ഈ പുസ്തകത്തിന്റെ ശീർഷകം വായനക്കാരിൽ ഉണർത്തുന്നത്. ശ്രീ. സി. കെ. ശിവശങ്കരപ്പണിക്കർ സുപ്രസിദ്ധ നിയമപണ്ഡിതനും കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്നു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, എൻ.എസ്.എസ്സിന്റെ അധ്യക്ഷൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആമുഖത്തിൽ ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന അതിവിനയം വായനക്കാരെ ഒരു നിമിഷം സ്തബ്ധരാക്കുന്നു. "എന്നെപ്പോലെയൊരു സാധാരണക്കാരൻ ഒരിക്കലും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു പടിവാതിൽക്കൽ നിന്നുകൊണ്ട് ഞാൻ എന്തൊക്കെയോ പുലമ്പുകയാണ്" എന്ന വാക്യം ആദരവിനേക്കാൾ ചിന്താക്കുഴപ്പമാണ് നമ്മിൽ ഉണർത്തുന്നത്. ആറു ദശാബ്ദക്കാലത്തെ അഭിഭാഷകവൃത്തിയിലുള്ള പരിചയവുമായി ഒരു സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന ഒരു വ്യക്തിക്ക് ഭരണഘടനയെക്കുറിച്ച് പഠനം നടത്താനാവുന്നില്ലെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ ആർക്കാണ് അതിനു സാധിക്കുക? ഭരണഘടനാനിർമ്മാണസഭയിൽ പോലും ഇത്രയധികം നിയമപരിചയമുള്ള വ്യക്തികൾ ഉണ്ടായിരുന്നില്ലതാനും! അതിരുകടന്ന ആത്മപ്രശംസ പോലെത്തന്നെ വർജ്ജിക്കേണ്ടതാണ് അമിതവിനയവും.
ഏകദേശം അറുന്നൂറോളം ഖണ്ഡികകളുള്ള ഭരണഘടനയുടെ ആദ്യത്തെ 24 ഖണ്ഡികകൾ മാത്രമേ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുള്ളൂ. അതുതന്നെ ആഴത്തിലുള്ള പഠനത്തിനുപകരം വിവിധ കോടതികൾ വിവിധ കേസുകളിലൂടെ അവയ്ക്കു നൽകിയിട്ടുള്ള വ്യാഖ്യാനങ്ങൾ വിശദമാക്കാനാണ് പണിക്കർ സമയം ചെലവഴിക്കുന്നത്. നമ്മുടെ ജുഡീഷ്യറി നിയമനിർമ്മാണസഭയേക്കാളും ഭരണനിർവഹണവിഭാഗത്തേക്കാളും മേലെയാണെന്നും അത് തുല്യഘടകമായി വിഭാവനം ചെയ്തിട്ടുള്ളതുമല്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രത്യുത അതൊരു നെടുംതൂണാണെന്നും മറ്റു രണ്ടു തൂണുകൾ നെടുംതൂണിന് സഹായികൾ മാത്രമാണെന്നുമുള്ള വാദത്തോട് ജനാധിപത്യ വിശ്വാസികൾക്ക് യോജിക്കാനാവില്ല. കോടതികളിൽ ഉന്നതപദവികളിലേക്ക് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യുന്നത് ന്യായാധിപന്മാർ തന്നെയാണെന്നത് ഇന്ത്യയിൽ മാത്രം നിലവിലുള്ള ഒരു രീതിയാണ്. ഉചിതരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിഗൂഢവും കൊളീജിയത്തിലെ അംഗങ്ങൾക്കുമാത്രം അറിവുള്ളതുമാണ്. ഈ സമ്പ്രദായത്തെ ക്രമവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൊണ്ടുവന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമനാധികാരം കോടതികൾ നിലനിർത്തി. നമ്മുടെ ഭരണഘടന മാതൃകയാക്കിയ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ന്യായാധിപന്മാരുടെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ജനപ്രതിനിധി സഭയുടെ വ്യക്തമായ മുൻതൂക്കം കാണാം. എന്നാൽ ഈ പുസ്തകത്തിൽ കൊളീജിയത്തെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല.
കൊച്ചുകൊച്ചു വാചകങ്ങളിൽ പരന്നുകിടക്കുന്ന തന്റെ ചിന്തയ്ക്ക് ഒരു മൂർത്തരൂപമൊരുക്കുകയാണ് ലേഖകൻ ഇവിടെ ചെയ്യുന്നത്. പരസ്പരബന്ധമുള്ള കുറിപ്പുകളുടെ ഒരു ശ്രംഖലയായി ഇതിനെ കണ്ടാൽ മതി. നിയമസാഹിത്യത്തിലെ ഹൈക്കു എന്നാണ് ഒറ്റനോട്ടത്തിൽ ഈ കൃതിയെ വിലയിരുത്താൻ സാധിക്കുക. ഡോ. രാധാകൃഷ്ണന്റെ നിരവധി ഉദ്ധരണികളുടേയും ബുദ്ധമതത്തിന്റേയും സ്വാധീനം വളരെ പ്രകടമാണ്. സ്ഥിതിസമത്വം എന്ന ഭരണഘടനയിലെ ആശയം അശോകചക്രവർത്തിയുടെ ശാസനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ടവയാണെന്ന് അദ്ദേഹം പറയുന്നു. ചില കൗതുകകരമായ വിവരങ്ങൾ ഇതിലുണ്ട്. ഹൈക്കോടതികൾക്കുള്ള അധികാരങ്ങൾ വ്യാപ്തിയിൽ സുപ്രീം കോടതിക്കുള്ള അധികാരങ്ങളേക്കാൾ വിപുലമാണ്. സുപ്രീം കോടതിയുടെ അധികാരങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലുള്ള മൗലികാവകാശങ്ങളിൽ ഒതുങ്ങിനിൽക്കുമ്പോൾ അവയ്ക്കുപുറമേ മറ്റുള്ളവയ്ക്കും (any other purpose) എന്നാണ് ഹൈക്കോടതിയുടെ അധികാരപരിധി.
ആശയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും വിശകലനങ്ങളുടെ വ്യക്തതയിലും കൃത്യമായ തെളിച്ചം പുലർത്താത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
Book Review of 'Bharanaghatanayile Bharatheeyatha' by C K Sivasankara Panikker
Current Book, 2001
ISBN: 9788124010211
Pages: 142
No comments:
Post a Comment