Sunday, November 29, 2020

പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം

വിജ്ഞാനകോശമാതൃകയിലുള്ള സമഗ്രപരിപ്രേക്ഷ്യത്തോടെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ്. അതിൽ അത്ഭുതത്തിനവകാശമില്ല. ഈ ജനുസ്സിൽ പെടുന്ന റഫറൻസ് കൃതികളും ഇവിടെ ദുർലഭമാണല്ലോ. പ്രപഞ്ചോത്പത്തി മുതൽ മനുഷ്യവംശത്തിന്റെ ഉത്ഭവ-വികാസഘട്ടങ്ങളിലൂടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം നൽകുന്ന ഈ കൃതി ശ്രീ. കെ. വേണുവിന്റെ പണ്ഡിതോചിതമായ നിരീക്ഷണപാടവം പ്രദർശിപ്പിക്കുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരശ്രമങ്ങൾ സാദ്ധ്യമാണോ എന്നന്വേഷിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണീ പുസ്തകം എന്ന് ഗ്രന്ഥകാരൻ തന്നെ പ്രഖ്യാപിക്കുന്നു. നരവംശത്തിന്റെ സാമൂഹിക-രാഷ്ട്രീയ പുരോഗതിയുടെ സകല ഘട്ടങ്ങളും തലങ്ങളും ഇതിൽ സൂക്ഷ്മതയോടെ അപഗ്രഥിക്കുന്നുണ്ട്. വളരെക്കാലം ഇടതുപക്ഷ തീവ്രവാദത്തിന്റെ വിനാശകരമായ മാസ്മരികതയിൽ തന്റെ യുവത്വം ഹോമിച്ച ദാർശനിക പാളിച്ചയുടെ കറകളെല്ലാം നീക്കി വേണു തന്റെ സർഗാത്മക വിമർശനത്തിന്റെ പാരമ്യത്തിലെത്തുന്നുണ്ട് ഈ കൃതിയിൽ.

 

ഡാർവീനിയൻ പരിണാമത്തിന്റെ രീതിശാസ്ത്രങ്ങൾ അതേപടി മാനവവികാസത്തിൽ പ്രയോഗിക്കാൻ കഴിയില്ല എന്നൊരു സുപ്രധാന നിരീക്ഷണം ഇതിൽ കാണുന്നു. മനുഷ്യർ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥികളുമാണെന്ന വാദം തള്ളിക്കളയുന്നു. പലപ്പോഴും മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ മത്സരാത്മക വിപണിയുടെ അവശ്യകതയെ സൂചിപ്പിക്കാൻ 'വിപണി മൗലികവാദികൾ' ഈ സിദ്ധാന്തം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ കമ്പോളവ്യവസ്ഥിതിയിലെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് ജനിതകയാന്ത്രികതയുടെ അനിവാര്യത ചാർത്തിക്കൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ല. മനുഷ്യ കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതും നിലനിൽക്കുന്നതും ഭാഷയും ആശയങ്ങളും പരസ്പരവിനിമയം ചെയ്തുകൊണ്ടാണ്. ഇത് പ്രകൃതി നിർദ്ധാരണപ്രക്രിയയെ അപ്രസക്തമാക്കുന്നു. ഈ പുതിയ കൂട്ടായ്മകളാണ് മനുഷ്യവംശത്തിന് അതിജീവനശേഷി നൽകിയത്. ജനിതകപരമായ ബന്ധപ്പെട്ട മേഖലകളിൽപ്പോലും ശുദ്ധമായ പ്രകൃതി നിർദ്ധാരണം സ്വാധീനം ചെലുത്താതെയായത് മനുഷ്യൻ സാമൂഹികജീവിതം തുടങ്ങിയതിനുശേഷം മാത്രമാണല്ലോ. സ്വകാര്യസ്വത്ത് ഉടലെടുക്കുകയും വർഗ്ഗചേരിതിരിവുകൾ പ്രകടമാവുകയും ചെയ്തിട്ടും ഗോത്രസ്വത്വബോധം ശക്തമായിത്തന്നെ തുടർന്നിരുന്നു. സാമ്പത്തികാവസ്ഥ മാത്രമാണ് വർഗ്ഗതാല്പര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും സാമൂഹികചലനങ്ങളെയെല്ലാം ഈ വർഗ്ഗതാല്പര്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നുമുള്ള മാർക്സിയൻ കാഴ്ചപ്പാടുകളിലെ അബദ്ധധാരണകൾ ഗ്രന്ഥകാരൻ  തുറന്നുകാണിക്കുന്നു. മാർക്സ് എഴുതിവെച്ചതിൽ പലതും ശുദ്ധ അബദ്ധങ്ങളായിരുന്നുവെന്ന് നമുക്കിവിടെ തിരിച്ചറിയാൻ സാധിക്കും. എഴുതപ്പെട്ട ചരിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നത് കേന്ദ്രീകൃത അധികാരിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. വർഗ്ഗസമരങ്ങൾ അവയ്ക്കുതാഴെ വരുന്ന ഏതാനും കലാപങ്ങൾ മാത്രവും. അധികാരിവർഗ്ഗയുദ്ധങ്ങൾ ചരിത്രഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കിന്റെ ചെറിയൊരു അംശം മാത്രമേ വർഗ്ഗസമരകലാപങ്ങൾക്ക് വഹിക്കാനായിട്ടുള്ളൂ.


വേണു വിശദമായി പരിശോധിക്കുന്ന മറ്റൊരു മേഖല ജനാധിപത്യ പ്രക്രിയയുടെ ക്രമാനുഗതമായ വികാസമാണ്. ഇംഗ്ലണ്ടിലെ കാർഷികരംഗത്ത് ഉത്ഭവിച്ച മുതലാളിത്തത്തിന്റെ വളർച്ച അതിന് പലപ്പോഴും സഹായകമായി. ഈ പരസ്പരബന്ധം കൃത്യമായി മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ ദയനീയമായി പരാജയപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ദേശീയ ജനാധിപത്യങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ ഊന്നൽ നൽകിയ ഒരു പ്രധാന സംഭവമാണെങ്കിലും മാർക്സ് അതിനെ വിലയിരുത്തിയത് മുതലാളിത്തശക്തികളുടെ ഇടപെടൽ മൂലമുണ്ടായ വിപ്ലവം എന്നാണ്. ഫ്രാൻസിൽ അക്കാലത്ത് മുതലാളിത്തവർഗ്ഗം തീർത്തും അപ്രസക്തമായിരുന്നു. വർഗ്ഗസമരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കൊണ്ട് ഫ്രഞ്ച് വിപ്ലവം ബൂർഷ്വാ വിപ്ലവമായിരുന്നു എന്ന മാർക്സിന്റെ സിദ്ധാന്തത്തിൽ വസ്തുനിഷ്ഠത കാണാനാവില്ല. പ്രത്യയശാസ്ത്രപരമായ ഇത്തരം അബദ്ധങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കിയ ലെനിന്റെ ഭരണസംവിധാനം സോഷ്യൽ ഫാസിസത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. സോഷ്യലിസത്തിന്റെ മറവിൽ ഭീകരമായ ഫാസിസ്റ്റ് മർദ്ദനമുറകളിലൂടെ ലെനിനും സ്റ്റാലിനും തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചുനിർത്തി. രാജാക്കന്മാർക്കോ ചക്രവർത്തിമാർക്കോ സൈനികമേധാവികൾക്കോ ഒരിക്കലും സാദ്ധ്യമാകാതിരുന്നതരം അധികാര കേന്ദ്രീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാധ്യമായത്. ഈ പരീക്ഷണത്തിന്റെ വിശകലനം രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നു. ഉൽപാദനോപാധികളുടേയും എല്ലാത്തരം സമ്പത്തിന്റെയും മൊത്തത്തിലുള്ള പൊതുവൽക്കരണം അപകടകരമായ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക എന്ന പാഠം അവ നമ്മെ പഠിപ്പിക്കുന്നു.


നിരന്തരമായ ജനാധിപത്യവൽക്കരണ പ്രക്രിയയാണ് വേണു മനുഷ്യവംശങ്ങളുടെ ചരിത്രത്തിൽ പൊതുവായി കണ്ടെത്തുന്ന പ്രവണത. അവ പല ഘട്ടങ്ങളിലായി നിൽക്കുകയാണെങ്കിലും പൊതുവായ ഒരു ആയവും ഗതിയും പ്രവചനക്ഷമം തന്നെയാണ്. ഗോത്രകാലഘട്ടത്തിലെ പ്രാഥമികജനാധിപത്യം മുതൽ ദേശീയ സ്വത്വബോധവും ദേശീയ പൗരത്വവും നൽകിയ ഉറച്ച കാൽവെപ്പുകളിലൂടെ അവർ രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ജനാധിപത്യത്തിലേക്കും വിവരസാങ്കേതികവിദ്യയുടെ വരവോടെ ലോക പൗരത്വത്തിലേക്കും നീങ്ങുന്നതായി നാം കാണുന്നു. ഈ അനിവാര്യവും അനുസ്യൂതവുമായ പ്രയാണത്തിൽ നാം മറക്കാൻ പാടില്ലാത്തതായ ഒന്നുണ്ട്. ഗ്രന്ഥകാരൻ അത് പലതവണ ഊന്നിപ്പറയുകയും ചെയ്യുന്നു. സാമൂഹികക്രമങ്ങളിൽ മാറ്റമുണ്ടാക്കേണ്ടത് അട്ടിമറിയിലൂടെയും വിപ്ലവത്തിലൂടെയുമല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണെന്നാണ് മനുഷ്യസമൂഹങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ആ പാഠം.

ശരിയായ സാമൂഹികാവബോധം കാത്തുസൂക്ഷിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ടുന്ന ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prakruthi, Janadhipathyam, Swaathanthryam' by K. Venu
DC Books, 2017
Pages: 360
ISBN: 9788126476633

 

Sunday, November 15, 2020

തൂലിക പടവാളാക്കിയ കേശവദേവ്

മലയാളസാഹിത്യത്തിലെ ആധുനികതയിലേക്കുള്ള സംക്രമണഘട്ടത്തിലെ ഒരു നെടുംതൂണായിരുന്നു പി. കേശവദേവ്. കഥ, നോവൽ, നാടകം എന്നീ മേഖലകളിൽ കൃത്യമായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹം സാഹിത്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചുയർത്തി. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികളുടെ ക്രിയാത്മകമായ ഘട്ടം 1930-കളോടെ അസ്തമിച്ചു. വായനക്കാർ പദ്യത്തിൽനിന്ന് ഗദ്യത്തിലേക്ക് തിരിയാൻ തുടങ്ങി. ഇവിടെയാണ് എസ്. കെ. പൊറ്റെക്കാട്, തകഴി, ബഷീർ, കേശവദേവ്, ഉറൂബ് എന്നീ നോവലിസ്റ്റുകൾ രംഗപ്രവേശം ചെയ്യുന്നത്. 1960-കളിൽ ഒ. വി. വിജയൻ, എം. മുകുന്ദൻ എന്നിവരടങ്ങുന്ന അടുത്ത തലമുറയിലേക്ക് ദീപശിഖ കൈമാറിക്കൊണ്ട് അവർ സ്ഥാനമൊഴിഞ്ഞു. സോദ്ദേശ്യസാഹിത്യത്തിന്റെ പേരിൽ ദേവ് സ്വാർജിതാനുഭവങ്ങളേയും സമൂഹത്തിലെ താഴേക്കിടയിലുള്ള കഥാപാത്രങ്ങളേയും തീക്ഷ്ണമായ വാക്കുകളിൽ പകർത്തിയപ്പോഴാണ് സമൂഹത്തിലെന്നപോലെ ശക്തമായ വിപ്ലവം ഭാഷയിലുമുണ്ടായത്. മലയാളത്തിലെ വലിയ മനുഷ്യകഥാനുഗായികളിൽ ഒരാളായ ദേവിനെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടന്നിട്ടില്ല. അതിനുള്ള ഒരു തുടക്കമായാണ് 1983-ൽ ദേവിന്റെ നിര്യാണത്തെത്തുടർന്ന് 1986-ൽ ഡോ. കെ. എം. തരകന്റെ എഡിറ്റിങ്ങിൽ പുറത്തിറക്കിയ പതിനാല് ലേഖനങ്ങളടങ്ങുന്ന ഈ സമാഹാരം.


വടക്കൻ പറവൂരിൽ ജനിച്ച കേശവപിള്ള തകർന്ന ഒരു നായർ തറവാടിന്റെ ജീവിതഭാരം ചെറുപ്പത്തിലേ വഴിതെറ്റിച്ച ഒരാളാണ്. കുടുംബപ്രശ്‌നങ്ങൾ മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാനുമായില്ല. സ്വതസിദ്ധമായ ധിക്കാരവും അതിൽ നല്ലൊരു പങ്കു വഹിച്ചിരുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിലുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിർത്തുകൊണ്ട് അദ്ദേഹം ആര്യസമാജത്തിൽ അംഗമായി. ജാതിചിഹ്നങ്ങൾ പേരിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 'പിള്ള' എന്ന പദം ഉപേക്ഷിച്ചുകൊണ്ട് 'ദാസ്' എന്നോ 'ദേവ്' എന്നോ ചേർക്കാൻ ഉപദേശിക്കപ്പെട്ടതിന്റെ ഫലമായാണ് കേശവദേവ് എന്ന മലയാളിത്തമില്ലാത്ത പേര് ജന്മമെടുത്തത്. സമാജവുമായുള്ള പ്രവർത്തനങ്ങളിൽ താല്പര്യം നശിച്ചപ്പോൾ ദേവ് കമ്യൂണിസ്റ്റ് പക്ഷത്തേക്ക് കാലുമാറ്റിച്ചവുട്ടി. എന്നാൽ താൻ സ്വന്തമാക്കിയ ഭൂമിയിൽനിന്ന് ഒരു കുടികിടപ്പുകാരനെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന്റെ പേരിൽ ദേവ് അവരുമായും അകന്നു. ആശയപരമായ സത്യസന്ധത വ്യക്തമായും അവകാശപ്പെടുന്നുണ്ടെങ്കിലും സ്വാർത്ഥതയുടേയും പണത്തിനോടുള്ള ആർത്തിയുടേയും അവഗണിക്കാനാകാത്ത ഒരു ഇരുണ്ട സ്വാധീനം അദ്ദേഹത്തിലുണ്ടായിരുന്നതായി ഈ സമാഹാരത്തിലെ ചില ഓർമ്മക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു.


ദേവിന്റെ ജീവിതത്തേയും സാഹിത്യത്തേയും വിശ്വാസപ്രമാണങ്ങളേയും പ്രസക്തിയെത്തന്നെയും പഠനവിധേയമാക്കുന്ന പതിനാലു ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രശംസയും നിന്ദയും തുല്യ അളവിൽ പ്രതിനിധാനം ചെയ്യുക വഴി വളരെ സമതുലിതമായാണ് ഈ ഗ്രന്ഥം അതിന്റെ പഠനവിഷയം കൈകാര്യം ചെയ്യുന്നത്. ജോർജ്‌ ഓണക്കൂർ അഭിപ്രായപ്പെടുന്നത് ഉന്നതവർഗ്ഗങ്ങളുടെ ജീവിതഗാഥയായിരുന്ന സാഹിത്യത്തെ ഓടകളിൽ ജീവിക്കുന്ന സാധാരണ മനുഷ്യജീവിതയാഥാർഥ്യമാക്കി മാറ്റിയത് കേശവദേവാണെന്നാണ്. സാഹിത്യഭാഷ സംസ്കൃതജടിലമാണെന്ന് തെറ്റിദ്ധരിച്ചവരെ വായ്‌മൊഴിയുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു പുതിയ ഭാഷാശൈലി കൊണ്ട് അന്ധാളിപ്പിച്ചതും അദ്ദേഹം തന്നെ. എന്നാൽ എം. എം. ബഷീർ അഭിപ്രായപ്പെടുന്നത് ആഖ്യാനത്തിലെ വൈവിദ്ധ്യരാഹിത്യം ദേവിന്റെ കഥകളെ വിരസതയിലേക്കു നയിക്കുന്നു എന്നാണ്. തനിക്കിടപഴകാൻ ഇടവന്ന ജീവിതരംഗങ്ങളിൽ പലതും കടുത്ത ചായത്തിൽ പകർത്തിവെക്കാൻ നാടകങ്ങളിൽ ശ്രമിച്ചതിനാൽ ഒന്നാന്തരം നാടകകൃത്ത് എന്ന വിശേഷണം ദേവിനു നൽകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കെ. എസ്. പി. കർത്താവ് നിരീക്ഷിക്കുന്നു. എന്നാൽ പ്രൊഫ: എസ്. കെ. വസന്തന്റെ കണ്ടെത്തൽ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഒരു മൂന്നാംകിട തമിഴ് സിനിമാകഥാകാരൻ പോലും കൈക്കൊള്ളുവാൻ അറയ്ക്കുന്ന സംഭവപരമ്പരകളാണ് ദേവിന്റെ നോവലുകളിൽ ഉള്ളതെന്ന നിരീക്ഷണം അല്പം കടന്നുപോയെന്നേ പറയാനാകൂ.


ലേഖകരെല്ലാവരും ദേവിന്റെ സാഹിത്യസർവ്വസ്വം സാമാന്യം ദീർഘമായിത്തന്നെ പരിശോധിക്കുന്നതിനാൽ അവയൊന്നും വായിച്ചിട്ടില്ലാത്തവർക്കും കഥാതന്തുവുമായി പരിചയപ്പെടുന്നതിന് ഇടയാക്കും. അഞ്ഞൂറോളം കഥകളും മുപ്പതിൽപ്പരം നോവലുകളും ഉൾപ്പെടുന്ന ശേഖരത്തിലെ പ്രധാനകൃതികളായ 'ഓടയിൽ നിന്ന്', 'അയൽക്കാർ', 'ഭ്രാന്താലയം' എന്നീ പ്രമുഖ നോവലുകൾ പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. സോദ്ദേശസാഹിത്യമായതിനാൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് കഥാകൃത്തിന്റെ ആശയങ്ങളും ആദർശങ്ങളുമാണ്.


ഈ പുസ്തകം കുറേക്കാലമായി എന്റെ പക്കൽ പൊടിപിടിച്ച് കിടന്നിരുന്നതാണ്. എന്നാൽ എറണാകുളം പബ്ലിക് ലൈബ്രറി കോവിഡ് ഭീതിയിൽ ഈയിടെ വീണ്ടും രണ്ടാഴ്ച അടച്ചിടുകയും കൈവശമുള്ള പുസ്തക സ്റ്റോക്ക് തീരുകയും ചെയ്തപ്പോൾ ഇതിനെ അഭയം പ്രാപിച്ചതാണ്. എങ്കിലും കേശവദേവിനെക്കുറിച്ച് മുമ്പറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കുവാൻ സഹായിച്ച കൃതിയെന്ന നിലയിൽ ഇത് ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Thoolika Padavalakkiya Keshavadev'
Editor: Dr. K M Tharakan
DC Books 1986
ISBN: Nil
Pages: 159
 

Tuesday, November 3, 2020

ഭരണഘടനയിലെ ഭാരതീയത

സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിൽ ഒന്നാണത്. ഒരു മൂന്നാം ലോകരാഷ്ട്രത്തിന് സാധാരണഗതിയിൽ താങ്ങാനാവുന്നതിലുമധികം ലിബറൽ ആശയങ്ങൾ അതുൾക്കൊള്ളുന്നു. ബാബാസാഹേബ് അംബേദ്കറെന്ന രാഷ്ട്രതന്ത്രവിദഗ്ദ്ധന്റെ ശില്പചാതുര്യം ആത്മാവിൽ പേറുന്ന രാഷ്ട്രസംവിധാനവ്യവസ്ഥ! എങ്കിലും നമ്മുടെ ഭരണഘടനാനിർമ്മാണസഭ ശൂന്യതയിൽനിന്ന് വിരിയിച്ചെടുത്ത ഒന്നല്ല അത്. 1909-ലെ മോർലി-മിന്റോ പരിഷ്‌കാരങ്ങൾ, 1918-ലെ മോൺടെഗു-ചെംസ്‌ഫോർഡ് റിപ്പോർട്ട്, 1919-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട്, 1927-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ട്, 1930-32 ലെ വട്ടമേശ സമ്മേളനങ്ങൾ, 1935-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട് എന്നിവയെല്ലാം നമ്മുടെ ഭരണഘടനയെ പരുവപ്പെടുത്തിയ ഘടകങ്ങളാണ്. പ്രത്യേകിച്ചും 1935-ലെ നിയമമാകുന്ന അസ്ഥിപഞ്ജരത്തിന്മേലാണ് നാം മാംസവും മജ്ജയും വെച്ചുപിടിപ്പിച്ചത്. അതിനാൽ ഭരണഘടനയിൽ ഭാരതീയത എന്ന ആശയം എങ്ങനെ പ്രതിഫലിച്ചിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസയാണ് ഈ പുസ്തകത്തിന്റെ ശീർഷകം വായനക്കാരിൽ ഉണർത്തുന്നത്. ശ്രീ. സി. കെ. ശിവശങ്കരപ്പണിക്കർ സുപ്രസിദ്ധ നിയമപണ്ഡിതനും കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്നു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, എൻ.എസ്.എസ്സിന്റെ അധ്യക്ഷൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 
ആമുഖത്തിൽ ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന അതിവിനയം വായനക്കാരെ ഒരു നിമിഷം സ്തബ്ധരാക്കുന്നു. "എന്നെപ്പോലെയൊരു സാധാരണക്കാരൻ ഒരിക്കലും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു പടിവാതിൽക്കൽ നിന്നുകൊണ്ട് ഞാൻ എന്തൊക്കെയോ പുലമ്പുകയാണ്" എന്ന വാക്യം ആദരവിനേക്കാൾ ചിന്താക്കുഴപ്പമാണ് നമ്മിൽ ഉണർത്തുന്നത്. ആറു ദശാബ്ദക്കാലത്തെ അഭിഭാഷകവൃത്തിയിലുള്ള പരിചയവുമായി ഒരു സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന ഒരു വ്യക്തിക്ക് ഭരണഘടനയെക്കുറിച്ച് പഠനം നടത്താനാവുന്നില്ലെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ ആർക്കാണ് അതിനു സാധിക്കുക? ഭരണഘടനാനിർമ്മാണസഭയിൽ പോലും ഇത്രയധികം നിയമപരിചയമുള്ള വ്യക്തികൾ ഉണ്ടായിരുന്നില്ലതാനും! അതിരുകടന്ന ആത്മപ്രശംസ പോലെത്തന്നെ വർജ്ജിക്കേണ്ടതാണ് അമിതവിനയവും.
 
ഏകദേശം അറുന്നൂറോളം ഖണ്ഡികകളുള്ള ഭരണഘടനയുടെ ആദ്യത്തെ 24 ഖണ്ഡികകൾ മാത്രമേ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുള്ളൂ. അതുതന്നെ ആഴത്തിലുള്ള പഠനത്തിനുപകരം വിവിധ കോടതികൾ വിവിധ കേസുകളിലൂടെ അവയ്ക്കു നൽകിയിട്ടുള്ള വ്യാഖ്യാനങ്ങൾ വിശദമാക്കാനാണ് പണിക്കർ സമയം ചെലവഴിക്കുന്നത്. നമ്മുടെ ജുഡീഷ്യറി നിയമനിർമ്മാണസഭയേക്കാളും ഭരണനിർവഹണവിഭാഗത്തേക്കാളും മേലെയാണെന്നും അത് തുല്യഘടകമായി വിഭാവനം ചെയ്തിട്ടുള്ളതുമല്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രത്യുത അതൊരു നെടുംതൂണാണെന്നും മറ്റു രണ്ടു തൂണുകൾ നെടുംതൂണിന് സഹായികൾ മാത്രമാണെന്നുമുള്ള വാദത്തോട് ജനാധിപത്യ വിശ്വാസികൾക്ക് യോജിക്കാനാവില്ല. കോടതികളിൽ ഉന്നതപദവികളിലേക്ക് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യുന്നത് ന്യായാധിപന്മാർ തന്നെയാണെന്നത് ഇന്ത്യയിൽ മാത്രം നിലവിലുള്ള ഒരു രീതിയാണ്. ഉചിതരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിഗൂഢവും കൊളീജിയത്തിലെ അംഗങ്ങൾക്കുമാത്രം അറിവുള്ളതുമാണ്. ഈ സമ്പ്രദായത്തെ ക്രമവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൊണ്ടുവന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമനാധികാരം കോടതികൾ നിലനിർത്തി. നമ്മുടെ ഭരണഘടന മാതൃകയാക്കിയ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ന്യായാധിപന്മാരുടെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ജനപ്രതിനിധി സഭയുടെ വ്യക്തമായ മുൻ‌തൂക്കം കാണാം. എന്നാൽ ഈ പുസ്തകത്തിൽ കൊളീജിയത്തെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല.

കൊച്ചുകൊച്ചു വാചകങ്ങളിൽ പരന്നുകിടക്കുന്ന തന്റെ ചിന്തയ്ക്ക് ഒരു മൂർത്തരൂപമൊരുക്കുകയാണ് ലേഖകൻ ഇവിടെ ചെയ്യുന്നത്. പരസ്പരബന്ധമുള്ള കുറിപ്പുകളുടെ ഒരു ശ്രംഖലയായി ഇതിനെ കണ്ടാൽ മതി. നിയമസാഹിത്യത്തിലെ ഹൈക്കു എന്നാണ് ഒറ്റനോട്ടത്തിൽ ഈ കൃതിയെ വിലയിരുത്താൻ സാധിക്കുക. ഡോ. രാധാകൃഷ്ണന്റെ നിരവധി ഉദ്ധരണികളുടേയും ബുദ്ധമതത്തിന്റേയും സ്വാധീനം വളരെ പ്രകടമാണ്. സ്ഥിതിസമത്വം എന്ന ഭരണഘടനയിലെ ആശയം അശോകചക്രവർത്തിയുടെ ശാസനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ടവയാണെന്ന് അദ്ദേഹം പറയുന്നു. ചില കൗതുകകരമായ വിവരങ്ങൾ ഇതിലുണ്ട്. ഹൈക്കോടതികൾക്കുള്ള അധികാരങ്ങൾ വ്യാപ്തിയിൽ സുപ്രീം കോടതിക്കുള്ള അധികാരങ്ങളേക്കാൾ വിപുലമാണ്. സുപ്രീം കോടതിയുടെ അധികാരങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലുള്ള മൗലികാവകാശങ്ങളിൽ ഒതുങ്ങിനിൽക്കുമ്പോൾ അവയ്ക്കുപുറമേ മറ്റുള്ളവയ്ക്കും (any other purpose) എന്നാണ് ഹൈക്കോടതിയുടെ അധികാരപരിധി.

ആശയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും വിശകലനങ്ങളുടെ വ്യക്തതയിലും കൃത്യമായ തെളിച്ചം പുലർത്താത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Bharanaghatanayile Bharatheeyatha' by C K Sivasankara Panikker
Current Book, 2001
ISBN: 9788124010211
Pages: 142