Sunday, November 29, 2020

പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം

വിജ്ഞാനകോശമാതൃകയിലുള്ള സമഗ്രപരിപ്രേക്ഷ്യത്തോടെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ്. അതിൽ അത്ഭുതത്തിനവകാശമില്ല. ഈ ജനുസ്സിൽ പെടുന്ന റഫറൻസ് കൃതികളും ഇവിടെ ദുർലഭമാണല്ലോ. പ്രപഞ്ചോത്പത്തി മുതൽ മനുഷ്യവംശത്തിന്റെ ഉത്ഭവ-വികാസഘട്ടങ്ങളിലൂടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം നൽകുന്ന ഈ കൃതി ശ്രീ. കെ. വേണുവിന്റെ പണ്ഡിതോചിതമായ നിരീക്ഷണപാടവം പ്രദർശിപ്പിക്കുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരശ്രമങ്ങൾ സാദ്ധ്യമാണോ എന്നന്വേഷിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണീ പുസ്തകം എന്ന് ഗ്രന്ഥകാരൻ തന്നെ പ്രഖ്യാപിക്കുന്നു. നരവംശത്തിന്റെ സാമൂഹിക-രാഷ്ട്രീയ പുരോഗതിയുടെ സകല ഘട്ടങ്ങളും തലങ്ങളും ഇതിൽ സൂക്ഷ്മതയോടെ അപഗ്രഥിക്കുന്നുണ്ട്. വളരെക്കാലം ഇടതുപക്ഷ തീവ്രവാദത്തിന്റെ വിനാശകരമായ മാസ്മരികതയിൽ തന്റെ യുവത്വം ഹോമിച്ച ദാർശനിക പാളിച്ചയുടെ കറകളെല്ലാം നീക്കി വേണു തന്റെ സർഗാത്മക വിമർശനത്തിന്റെ പാരമ്യത്തിലെത്തുന്നുണ്ട് ഈ കൃതിയിൽ.

 

ഡാർവീനിയൻ പരിണാമത്തിന്റെ രീതിശാസ്ത്രങ്ങൾ അതേപടി മാനവവികാസത്തിൽ പ്രയോഗിക്കാൻ കഴിയില്ല എന്നൊരു സുപ്രധാന നിരീക്ഷണം ഇതിൽ കാണുന്നു. മനുഷ്യർ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥികളുമാണെന്ന വാദം തള്ളിക്കളയുന്നു. പലപ്പോഴും മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ മത്സരാത്മക വിപണിയുടെ അവശ്യകതയെ സൂചിപ്പിക്കാൻ 'വിപണി മൗലികവാദികൾ' ഈ സിദ്ധാന്തം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ കമ്പോളവ്യവസ്ഥിതിയിലെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് ജനിതകയാന്ത്രികതയുടെ അനിവാര്യത ചാർത്തിക്കൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ല. മനുഷ്യ കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതും നിലനിൽക്കുന്നതും ഭാഷയും ആശയങ്ങളും പരസ്പരവിനിമയം ചെയ്തുകൊണ്ടാണ്. ഇത് പ്രകൃതി നിർദ്ധാരണപ്രക്രിയയെ അപ്രസക്തമാക്കുന്നു. ഈ പുതിയ കൂട്ടായ്മകളാണ് മനുഷ്യവംശത്തിന് അതിജീവനശേഷി നൽകിയത്. ജനിതകപരമായ ബന്ധപ്പെട്ട മേഖലകളിൽപ്പോലും ശുദ്ധമായ പ്രകൃതി നിർദ്ധാരണം സ്വാധീനം ചെലുത്താതെയായത് മനുഷ്യൻ സാമൂഹികജീവിതം തുടങ്ങിയതിനുശേഷം മാത്രമാണല്ലോ. സ്വകാര്യസ്വത്ത് ഉടലെടുക്കുകയും വർഗ്ഗചേരിതിരിവുകൾ പ്രകടമാവുകയും ചെയ്തിട്ടും ഗോത്രസ്വത്വബോധം ശക്തമായിത്തന്നെ തുടർന്നിരുന്നു. സാമ്പത്തികാവസ്ഥ മാത്രമാണ് വർഗ്ഗതാല്പര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും സാമൂഹികചലനങ്ങളെയെല്ലാം ഈ വർഗ്ഗതാല്പര്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നുമുള്ള മാർക്സിയൻ കാഴ്ചപ്പാടുകളിലെ അബദ്ധധാരണകൾ ഗ്രന്ഥകാരൻ  തുറന്നുകാണിക്കുന്നു. മാർക്സ് എഴുതിവെച്ചതിൽ പലതും ശുദ്ധ അബദ്ധങ്ങളായിരുന്നുവെന്ന് നമുക്കിവിടെ തിരിച്ചറിയാൻ സാധിക്കും. എഴുതപ്പെട്ട ചരിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നത് കേന്ദ്രീകൃത അധികാരിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. വർഗ്ഗസമരങ്ങൾ അവയ്ക്കുതാഴെ വരുന്ന ഏതാനും കലാപങ്ങൾ മാത്രവും. അധികാരിവർഗ്ഗയുദ്ധങ്ങൾ ചരിത്രഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കിന്റെ ചെറിയൊരു അംശം മാത്രമേ വർഗ്ഗസമരകലാപങ്ങൾക്ക് വഹിക്കാനായിട്ടുള്ളൂ.


വേണു വിശദമായി പരിശോധിക്കുന്ന മറ്റൊരു മേഖല ജനാധിപത്യ പ്രക്രിയയുടെ ക്രമാനുഗതമായ വികാസമാണ്. ഇംഗ്ലണ്ടിലെ കാർഷികരംഗത്ത് ഉത്ഭവിച്ച മുതലാളിത്തത്തിന്റെ വളർച്ച അതിന് പലപ്പോഴും സഹായകമായി. ഈ പരസ്പരബന്ധം കൃത്യമായി മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ ദയനീയമായി പരാജയപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ദേശീയ ജനാധിപത്യങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ ഊന്നൽ നൽകിയ ഒരു പ്രധാന സംഭവമാണെങ്കിലും മാർക്സ് അതിനെ വിലയിരുത്തിയത് മുതലാളിത്തശക്തികളുടെ ഇടപെടൽ മൂലമുണ്ടായ വിപ്ലവം എന്നാണ്. ഫ്രാൻസിൽ അക്കാലത്ത് മുതലാളിത്തവർഗ്ഗം തീർത്തും അപ്രസക്തമായിരുന്നു. വർഗ്ഗസമരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കൊണ്ട് ഫ്രഞ്ച് വിപ്ലവം ബൂർഷ്വാ വിപ്ലവമായിരുന്നു എന്ന മാർക്സിന്റെ സിദ്ധാന്തത്തിൽ വസ്തുനിഷ്ഠത കാണാനാവില്ല. പ്രത്യയശാസ്ത്രപരമായ ഇത്തരം അബദ്ധങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കിയ ലെനിന്റെ ഭരണസംവിധാനം സോഷ്യൽ ഫാസിസത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. സോഷ്യലിസത്തിന്റെ മറവിൽ ഭീകരമായ ഫാസിസ്റ്റ് മർദ്ദനമുറകളിലൂടെ ലെനിനും സ്റ്റാലിനും തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചുനിർത്തി. രാജാക്കന്മാർക്കോ ചക്രവർത്തിമാർക്കോ സൈനികമേധാവികൾക്കോ ഒരിക്കലും സാദ്ധ്യമാകാതിരുന്നതരം അധികാര കേന്ദ്രീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാധ്യമായത്. ഈ പരീക്ഷണത്തിന്റെ വിശകലനം രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നു. ഉൽപാദനോപാധികളുടേയും എല്ലാത്തരം സമ്പത്തിന്റെയും മൊത്തത്തിലുള്ള പൊതുവൽക്കരണം അപകടകരമായ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക എന്ന പാഠം അവ നമ്മെ പഠിപ്പിക്കുന്നു.


നിരന്തരമായ ജനാധിപത്യവൽക്കരണ പ്രക്രിയയാണ് വേണു മനുഷ്യവംശങ്ങളുടെ ചരിത്രത്തിൽ പൊതുവായി കണ്ടെത്തുന്ന പ്രവണത. അവ പല ഘട്ടങ്ങളിലായി നിൽക്കുകയാണെങ്കിലും പൊതുവായ ഒരു ആയവും ഗതിയും പ്രവചനക്ഷമം തന്നെയാണ്. ഗോത്രകാലഘട്ടത്തിലെ പ്രാഥമികജനാധിപത്യം മുതൽ ദേശീയ സ്വത്വബോധവും ദേശീയ പൗരത്വവും നൽകിയ ഉറച്ച കാൽവെപ്പുകളിലൂടെ അവർ രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ജനാധിപത്യത്തിലേക്കും വിവരസാങ്കേതികവിദ്യയുടെ വരവോടെ ലോക പൗരത്വത്തിലേക്കും നീങ്ങുന്നതായി നാം കാണുന്നു. ഈ അനിവാര്യവും അനുസ്യൂതവുമായ പ്രയാണത്തിൽ നാം മറക്കാൻ പാടില്ലാത്തതായ ഒന്നുണ്ട്. ഗ്രന്ഥകാരൻ അത് പലതവണ ഊന്നിപ്പറയുകയും ചെയ്യുന്നു. സാമൂഹികക്രമങ്ങളിൽ മാറ്റമുണ്ടാക്കേണ്ടത് അട്ടിമറിയിലൂടെയും വിപ്ലവത്തിലൂടെയുമല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണെന്നാണ് മനുഷ്യസമൂഹങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ആ പാഠം.

ശരിയായ സാമൂഹികാവബോധം കാത്തുസൂക്ഷിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ടുന്ന ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prakruthi, Janadhipathyam, Swaathanthryam' by K. Venu
DC Books, 2017
Pages: 360
ISBN: 9788126476633

 

No comments:

Post a Comment