മലയാളസാഹിത്യത്തിലെ ആധുനികതയിലേക്കുള്ള സംക്രമണഘട്ടത്തിലെ ഒരു നെടുംതൂണായിരുന്നു പി. കേശവദേവ്. കഥ, നോവൽ, നാടകം എന്നീ മേഖലകളിൽ കൃത്യമായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹം സാഹിത്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചുയർത്തി. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികളുടെ ക്രിയാത്മകമായ ഘട്ടം 1930-കളോടെ അസ്തമിച്ചു. വായനക്കാർ പദ്യത്തിൽനിന്ന് ഗദ്യത്തിലേക്ക് തിരിയാൻ തുടങ്ങി. ഇവിടെയാണ് എസ്. കെ. പൊറ്റെക്കാട്, തകഴി, ബഷീർ, കേശവദേവ്, ഉറൂബ് എന്നീ നോവലിസ്റ്റുകൾ രംഗപ്രവേശം ചെയ്യുന്നത്. 1960-കളിൽ ഒ. വി. വിജയൻ, എം. മുകുന്ദൻ എന്നിവരടങ്ങുന്ന അടുത്ത തലമുറയിലേക്ക് ദീപശിഖ കൈമാറിക്കൊണ്ട് അവർ സ്ഥാനമൊഴിഞ്ഞു. സോദ്ദേശ്യസാഹിത്യത്തിന്റെ പേരിൽ ദേവ് സ്വാർജിതാനുഭവങ്ങളേയും സമൂഹത്തിലെ താഴേക്കിടയിലുള്ള കഥാപാത്രങ്ങളേയും തീക്ഷ്ണമായ വാക്കുകളിൽ പകർത്തിയപ്പോഴാണ് സമൂഹത്തിലെന്നപോലെ ശക്തമായ വിപ്ലവം ഭാഷയിലുമുണ്ടായത്. മലയാളത്തിലെ വലിയ മനുഷ്യകഥാനുഗായികളിൽ ഒരാളായ ദേവിനെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടന്നിട്ടില്ല. അതിനുള്ള ഒരു തുടക്കമായാണ് 1983-ൽ ദേവിന്റെ നിര്യാണത്തെത്തുടർന്ന് 1986-ൽ ഡോ. കെ. എം. തരകന്റെ എഡിറ്റിങ്ങിൽ പുറത്തിറക്കിയ പതിനാല് ലേഖനങ്ങളടങ്ങുന്ന ഈ സമാഹാരം.
വടക്കൻ പറവൂരിൽ ജനിച്ച കേശവപിള്ള തകർന്ന ഒരു നായർ തറവാടിന്റെ ജീവിതഭാരം ചെറുപ്പത്തിലേ വഴിതെറ്റിച്ച ഒരാളാണ്. കുടുംബപ്രശ്‌നങ്ങൾ മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാനുമായില്ല. സ്വതസിദ്ധമായ ധിക്കാരവും അതിൽ നല്ലൊരു പങ്കു വഹിച്ചിരുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിലുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിർത്തുകൊണ്ട് അദ്ദേഹം ആര്യസമാജത്തിൽ അംഗമായി. ജാതിചിഹ്നങ്ങൾ പേരിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 'പിള്ള' എന്ന പദം ഉപേക്ഷിച്ചുകൊണ്ട് 'ദാസ്' എന്നോ 'ദേവ്' എന്നോ ചേർക്കാൻ ഉപദേശിക്കപ്പെട്ടതിന്റെ ഫലമായാണ് കേശവദേവ് എന്ന മലയാളിത്തമില്ലാത്ത പേര് ജന്മമെടുത്തത്. സമാജവുമായുള്ള പ്രവർത്തനങ്ങളിൽ താല്പര്യം നശിച്ചപ്പോൾ ദേവ് കമ്യൂണിസ്റ്റ് പക്ഷത്തേക്ക് കാലുമാറ്റിച്ചവുട്ടി. എന്നാൽ താൻ സ്വന്തമാക്കിയ ഭൂമിയിൽനിന്ന് ഒരു കുടികിടപ്പുകാരനെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന്റെ പേരിൽ ദേവ് അവരുമായും അകന്നു. ആശയപരമായ സത്യസന്ധത വ്യക്തമായും അവകാശപ്പെടുന്നുണ്ടെങ്കിലും സ്വാർത്ഥതയുടേയും പണത്തിനോടുള്ള ആർത്തിയുടേയും അവഗണിക്കാനാകാത്ത ഒരു ഇരുണ്ട സ്വാധീനം അദ്ദേഹത്തിലുണ്ടായിരുന്നതായി ഈ സമാഹാരത്തിലെ ചില ഓർമ്മക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു.
ദേവിന്റെ ജീവിതത്തേയും സാഹിത്യത്തേയും വിശ്വാസപ്രമാണങ്ങളേയും പ്രസക്തിയെത്തന്നെയും പഠനവിധേയമാക്കുന്ന പതിനാലു ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രശംസയും നിന്ദയും തുല്യ അളവിൽ പ്രതിനിധാനം ചെയ്യുക വഴി വളരെ സമതുലിതമായാണ് ഈ ഗ്രന്ഥം അതിന്റെ പഠനവിഷയം കൈകാര്യം ചെയ്യുന്നത്. ജോർജ് ഓണക്കൂർ അഭിപ്രായപ്പെടുന്നത് ഉന്നതവർഗ്ഗങ്ങളുടെ ജീവിതഗാഥയായിരുന്ന സാഹിത്യത്തെ ഓടകളിൽ ജീവിക്കുന്ന സാധാരണ മനുഷ്യജീവിതയാഥാർഥ്യമാക്കി മാറ്റിയത് കേശവദേവാണെന്നാണ്. സാഹിത്യഭാഷ സംസ്കൃതജടിലമാണെന്ന് തെറ്റിദ്ധരിച്ചവരെ വായ്‌മൊഴിയുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു പുതിയ ഭാഷാശൈലി കൊണ്ട് അന്ധാളിപ്പിച്ചതും അദ്ദേഹം തന്നെ. എന്നാൽ എം. എം. ബഷീർ അഭിപ്രായപ്പെടുന്നത് ആഖ്യാനത്തിലെ വൈവിദ്ധ്യരാഹിത്യം ദേവിന്റെ കഥകളെ വിരസതയിലേക്കു നയിക്കുന്നു എന്നാണ്. തനിക്കിടപഴകാൻ ഇടവന്ന ജീവിതരംഗങ്ങളിൽ പലതും കടുത്ത ചായത്തിൽ പകർത്തിവെക്കാൻ നാടകങ്ങളിൽ ശ്രമിച്ചതിനാൽ ഒന്നാന്തരം നാടകകൃത്ത് എന്ന വിശേഷണം ദേവിനു നൽകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കെ. എസ്. പി. കർത്താവ് നിരീക്ഷിക്കുന്നു. എന്നാൽ പ്രൊഫ: എസ്. കെ. വസന്തന്റെ കണ്ടെത്തൽ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഒരു മൂന്നാംകിട തമിഴ് സിനിമാകഥാകാരൻ പോലും കൈക്കൊള്ളുവാൻ അറയ്ക്കുന്ന സംഭവപരമ്പരകളാണ് ദേവിന്റെ നോവലുകളിൽ ഉള്ളതെന്ന നിരീക്ഷണം അല്പം കടന്നുപോയെന്നേ പറയാനാകൂ.
ലേഖകരെല്ലാവരും ദേവിന്റെ സാഹിത്യസർവ്വസ്വം സാമാന്യം ദീർഘമായിത്തന്നെ പരിശോധിക്കുന്നതിനാൽ അവയൊന്നും വായിച്ചിട്ടില്ലാത്തവർക്കും കഥാതന്തുവുമായി പരിചയപ്പെടുന്നതിന് ഇടയാക്കും. അഞ്ഞൂറോളം കഥകളും മുപ്പതിൽപ്പരം നോവലുകളും ഉൾപ്പെടുന്ന ശേഖരത്തിലെ പ്രധാനകൃതികളായ 'ഓടയിൽ നിന്ന്', 'അയൽക്കാർ', 'ഭ്രാന്താലയം' എന്നീ പ്രമുഖ നോവലുകൾ പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. സോദ്ദേശസാഹിത്യമായതിനാൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് കഥാകൃത്തിന്റെ ആശയങ്ങളും ആദർശങ്ങളുമാണ്.
ഈ പുസ്തകം കുറേക്കാലമായി എന്റെ പക്കൽ പൊടിപിടിച്ച് കിടന്നിരുന്നതാണ്. എന്നാൽ എറണാകുളം പബ്ലിക് ലൈബ്രറി കോവിഡ് ഭീതിയിൽ ഈയിടെ വീണ്ടും രണ്ടാഴ്ച അടച്ചിടുകയും കൈവശമുള്ള പുസ്തക സ്റ്റോക്ക് തീരുകയും ചെയ്തപ്പോൾ ഇതിനെ അഭയം പ്രാപിച്ചതാണ്. എങ്കിലും കേശവദേവിനെക്കുറിച്ച് മുമ്പറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കുവാൻ സഹായിച്ച കൃതിയെന്ന നിലയിൽ ഇത് ശക്തമായി ശുപാർശ ചെയ്യുന്നു.
No comments:
Post a Comment