Saturday, September 17, 2022

നട്ടെല്ല്‌ എന്ന ഗുണം

സാഹിത്യവിമർശനത്തിലൂടെ കൈരളിയുടെ നഭസ്സിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി സുകുമാർ അഴീക്കോട് ഉയർന്നുവന്നു. 'തത്വമസി' എന്ന തികച്ചും അനന്യമായ കൃതി സംസ്കൃതഭാഷയിലും ഭാരതീയ തത്വചിന്തയിലും അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വിളിച്ചോതുന്നതാണ്. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചതിനുശേഷം സാമൂഹ്യനിരീക്ഷണത്തിനും വിമർശനത്തിനുമാണ് അഴീക്കോട് അധികസമയവും ചെലവഴിച്ചത്. വിവാദപരാമർശങ്ങളും വിമർശനവും നിർലോഭം തൊടുത്തുവിട്ടുകൊണ്ട് മാദ്ധ്യമശ്രദ്ധയുടെ വെള്ളിവെളിച്ചത്തിനു പുറത്തേക്കു പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലവിമർശനങ്ങളുടെ മേന്മയുമായി തട്ടിച്ചുനോക്കുമ്പോൾ പിന്നീടുള്ളവ ആഴമില്ലാത്തതും രാഷ്ട്രീയച്ചുവ പലപ്പോഴും കലർന്നിരിക്കുന്നതുമായി കാണാം. 1956 മുതൽ 2001 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട പരസ്പര വിഷയൈക്യമില്ലാത്ത 39 ലേഖനങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള ഒരു സംഭാഷണവുമാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
 
ദീർഘകാലത്തെ അദ്ധ്യാപനത്തിനും പ്രൊ-വൈസ് ചാൻസലർ പോലുള്ള വിദ്യാഭ്യാസസ്ഥാപനഭരണത്തിനും ശേഷം പേനയെടുക്കുമ്പോൾ വിദ്യാഭ്യാസരംഗത്തു വന്നുചേർന്നിരിക്കുന്ന അപചയം ഗ്രന്ഥകാരൻ കൃത്യമായി തിരിച്ചറിയുന്നു. ബിരുദധാരികളെ നിർമ്മിക്കുന്ന വ്യവസായശാലകളായി കലാലയങ്ങൾ മാറിപ്പോയി എന്നാക്ഷേപിക്കുമ്പോഴും പകരം എന്ത് അല്ലെങ്കിൽ എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിൽ ഇല്ലെന്നതോ പോകട്ടെ, അതിനുള്ള ഒരു ശ്രമം പോലും നടത്തുന്നതായി കാണുന്നുമില്ല. മഹത്വാരോഹണം സാധിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് വിദ്യാലയങ്ങൾ എന്ന കണ്ടെത്തൽ അനിഷേധ്യമാണെങ്കിലും പണ്ടുകാലത്ത് അതങ്ങനെ തന്നെയായിരുന്നോ എന്നും ഇപ്പോൾ അങ്ങനെയല്ലെങ്കിൽ എപ്പോഴാണ് ആ ലക്ഷ്യത്തിൽനിന്ന് നമ്മുടെ വിദ്യാഭ്യാസം തെന്നിമാറിയതെന്നും ദീർഘകാലത്തെ അദ്ധ്യാപനപരിചയമുള്ള അഴീക്കോട് വിശദീകരിക്കേണ്ടതായിരുന്നു. അതിനുപകരം ഏതു വിഷയത്തെക്കുറിച്ചും നിരന്തരവും വൃഥാവിലുമായ വിമർശനം മാത്രമാണിതിൽ കാണുന്നത്.

അഴീക്കോടിന്റെ പല ലേഖനങ്ങളിലും രാഷ്ട്രീയം കടന്നുവരുന്നുണ്ട്. 1998-ലെ ഇന്ത്യയുടെ അണുബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള 'എന്താണ് പൊട്ടിച്ചത്?' എന്ന ലേഖനം ആത്മാർത്ഥതയില്ലായ്മയുടേയും ഇടുങ്ങിയ ചിന്താഗതിയുടേയും ഒരു ദുഷിച്ച പ്രദർശനമായിപ്പോയി. ചേരിചേരാനയവും ഇന്ത്യയുടെ സോഷ്യലിസ്റ്റ് വിദേശനയവും എന്തോ വലിയ നേട്ടങ്ങളൊക്കെ നേടിയെടുത്തിരുന്നുവെന്ന ഒരു മായികവിഭ്രാന്തിയിലാണദ്ദേഹം. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ. കെ. ഗുജ്‌റാളിന്റെ സർവവിജയങ്ങളിൽ ഒന്ന് വിദേശനയത്തിന്റെ പ്രായോഗികവിജയമായിരുന്നുവെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റവും അടുത്തുചെന്ന കാലം അതായിരുന്നുവെന്നും വാദിക്കുന്ന ഗ്രന്ഥകർത്താവ് 'ഇനി പാക്കിസ്ഥാന്റെ മുഖത്ത് എങ്ങനെ നോക്കും' എന്ന മട്ടിൽ വലിയവായിൽ വിലപിക്കുന്നു. തെറ്റായ വിശകലനങ്ങളിൽ ആറാടുകയാണീ ലേഖനം. ഗുജ്‌റാളിന്റെ കാലത്ത് അന്യരാജ്യങ്ങളെയെല്ലാം തായാടിത്തായാടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഇന്ത്യയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവത്രേ. ഇപ്പോഴത് പൂച്ച തട്ടിമറിച്ച പാൽപ്പാത്രമായി. ആ സമിതിയിലെ നിലവിലെ അഞ്ചു സ്ഥിരാംഗങ്ങളും അണ്വായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളാണെന്ന പരമാർത്ഥം അദ്ദേഹത്തിന്റെ തലയിൽ യാതൊരു വെളിച്ചവും വീശുന്നില്ല. അമേരിക്കൻ മേധാവിത്വത്തിന്റെ ബദ്ധശത്രുവാണ് അഴീക്കോടെങ്കിലും അണുബോംബ് പരീക്ഷണത്തെത്തുടർന്നുണ്ടായ ശകാരവർഷത്തിൽ അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുടെ കൂടെ നിൽക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നതോദ്യോഗസ്ഥനായ ഇന്ത്യാക്കാരനോട് ന്യൂയോർക്കിലെ ഒരു ടാക്സി ഡ്രൈവർ 'അണുബോംബ് നിങ്ങൾ തിന്നുന്നതെങ്ങനെയാണ്?' എന്ന സാമ്രാജ്യത്വധാർഷ്ട്യം നിറഞ്ഞ ചോദ്യം ചോദിച്ചതിൽ ഈ മനുഷ്യൻ രോമാഞ്ചമണിയുന്നു. പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിച്ചതിലുണ്ടായ വ്രണങ്ങൾ ഒരുവിധം ഉണങ്ങിവരുമ്പോൾ അവിടെ നാം അണുബോംബിട്ട് പൊട്ടിച്ച് അവരെ പ്രകോപിപ്പിച്ചുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം. മാത്രവുമല്ല, അണുബോംബ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിർത്താൻ പറ്റില്ലത്രേ! അതിന്റെ സുരക്ഷാ-സംപ്രേഷണ സംവിധാനങ്ങൾക്കുവേണ്ടി ശ്രദ്ധയും ധനവും തിരിച്ചുവിടാൻ നിർബന്ധിതമാകുന്ന ഏതുരാഷ്ട്രവും നശിക്കും. ആ നാശത്തിന്റെ പാതയിലേക്കാണ് നാം കാലെടുത്തുവെച്ചിരിക്കുന്നത്. അഴീക്കോടിന്റെ പ്രവചനം ശരിയായിരുന്നുവെങ്കിൽ ഭാരതം ഇപ്പോഴേക്കും തകർന്നുപോകേണ്ടതായിരുന്നു. എന്നാൽ ഈ വിഷയങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്ന ചുണക്കുട്ടികൾ നമ്മുടെ രാജ്യത്തുണ്ടെന്ന് തോളിലിരുന്ന് ചെവിതിന്നുന്ന ഇത്തരം കടൽക്കിഴവന്മാർ മനസ്സിലാക്കിയില്ല.

എന്നാൽ ഗ്രന്ഥകാരൻ 1956-ൽ എഴുതിയ 'സമാധാനം എങ്ങനെ' എന്ന ലേഖനത്തിൽ ഇതിനു നേർവിപരീതമായ അഭിപ്രായം കാണാം. ഇത് രാഷ്ട്രങ്ങൾ നിരായുധീകൃതമായാൽ സമാധാനം പുലരുമെന്ന വാദത്തെ നിരാകരിക്കുന്നു. യുദ്ധത്തിനനുകൂലമായ മനഃസ്ഥിതിയാണ് അതിനെ ക്ഷണിച്ചുവരുത്തുന്നത്. ആയുധഭാവത്തിൽ യുദ്ധഭാവമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണ്. കസേരയുള്ളതുകൊണ്ടാണ് നാം ഇരിക്കുന്നത് എന്ന് ബുദ്ധിശാലികൾ ചിന്തിക്കുകയില്ലല്ലോ. 'യുദ്ധമനോഭാവം അസ്തമിക്കാതെ ആറ്റംബോംബ് മുതലായ ഭീകരമാരകവസ്തുക്കളെ നശിപ്പിച്ചാൽ അവയുടെ സ്ഥാനത്ത് മറ്റു ആയുധങ്ങൾ വന്നുചേരുമെന്നല്ലാതെ മറ്റെന്തുണ്ട് ഫലം?' യുദ്ധമനോഭാവം അസ്തമിച്ചിട്ടുണ്ടെങ്കിലോ, ആറ്റംബോംബിനും മറ്റും ഒരു പുൽക്കൊടിയെപ്പോലും ദഹിപ്പിക്കാനുമാവില്ല. ഇത്രയും ഉൾക്കാഴ്ചയുള്ള അഴീക്കോട് 42 വർഷങ്ങൾക്കുശേഷം ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ തന്റെ കാഴ്ചപ്പാട് പൂർണ്ണമായും അഴിച്ചുപണിതിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായ സംഗതിയാണ്.

നിഷേധാത്മകമായ വിമർശനമാണ് മിക്ക അദ്ധ്യായങ്ങളിലും കാണുന്നത്. എല്ലാ മേഖലകളിലും നമ്മുടെ സമൂഹം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ടൂറിസത്തെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. ടൂറിസം വളർത്തുന്നത് അന്തരീക്ഷത്തിലെ വിഷാണുക്കളെ മാത്രമാണ്. തന്നെയുമല്ല, മുലപ്പാൽ വിഷമയമാക്കിയ പൂതന മോഹിനിയുടെ രൂപത്തിൽ വരുന്നതാണ് അത്. വെട്ടുക്കിളിക്കൂട്ടം പോലെയോ ദുഷ്ടപ്രാണിജാലം പോലെയോ ആണ് ടൂറിസ്റ്റുകളുടെ വരവ്. ഇതൊക്കെ അബദ്ധജടിലമായ മുൻധാരണകൾ നിറഞ്ഞ, മാറ്റത്തിനെതിരെ നിൽക്കുന്ന ഒരു വൃദ്ധമനസ്സിന്റെ വികലധാരണകളായി മാത്രം കരുതിയാൽ മതി. 1991-ൽ തുടങ്ങിവെച്ച ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളേയും അദ്ദേഹം എതിർക്കുന്നു - അവ അപരന്റെ സുഖത്തിനെ ലക്ഷ്യമാക്കാത്തതുകൊണ്ട്. തുടർച്ചയായി ഗാന്ധിസ്‌തുതികൾ ഏതാണ്ടെല്ലാ ലേഖനങ്ങളിലും കാണാവുന്നതാണ്.

ഇതൊക്കെയാണെങ്കിലും അഴീക്കോടിന്റെ വാക്കുകളുടെ മൂർച്ച കൃത്യമായി മനസ്സിലാക്കാൻ ഉപകരിക്കുമെന്നതിനാൽ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nattellu Enna Gunam'
Author: Sukumar Azhikode
Publisher: Olive Publications, 2008 (First published 2006)
ISBN: 9788187474678
Pages: 210
 

Monday, September 12, 2022

പള്ളിക്കുന്നിൽനിന്ന് ടി. പത്മനാഭൻ വിളിക്കുന്നു

'Never judge a book by its cover' എന്നൊരു പഴഞ്ചൊല്ലുണ്ട്. പുസ്തകത്തിന്റെ പുറംചട്ട മാത്രം നോക്കി അതിനെ വിലയിരുത്തരുത് എന്നാണ് വാച്യാർത്ഥമെങ്കിലും ഒന്നിന്റേയും ബാഹ്യലക്ഷണങ്ങൾ മാത്രം നോക്കി അതിന്റെ ധർമ്മത്തെ മനസ്സിലാക്കരുത് എന്ന് വിശാലമായി അർത്ഥം പറയാവുന്നതാണ്. ഈ പുസ്തകത്തിന്റെ കാര്യത്തിൽ വാച്യാർത്ഥം തന്നെയാണ് യാഥാർഥ്യത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നത്. പത്മനാഭന്റേയും, പിണറായി വിജയൻ, സേതു, എം. മുകുന്ദൻ, സച്ചിദാനന്ദൻ എന്നിവരുടേയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പുറംചട്ടയും ശീർഷകവും കണ്ടാൽ ടി. പത്മനാഭനെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളുമാണതിൽ എന്നു തോന്നിയേക്കാം. ആ തോന്നലിന്റെ പിൻബലത്തിലാണ് ഞാനീ പുസ്തകം വായിക്കാനെടുത്തതും. എന്നാലിത് പി. കെ. പാറക്കടവ് എന്ന കഥാകാരന്റെ കുറെ ലേഖനങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. പത്മനാഭനെക്കുറിച്ച് ശീർഷകം ഉൾക്കൊള്ളുന്ന ഒരൊറ്റ അദ്ധ്യായം മാത്രമേയുള്ളൂ. മുകളിൽ പറഞ്ഞ നാലുപേരുമായുള്ള അഭിമുഖങ്ങളാണ് പിന്നെയുള്ളത്. ഈ നാലു അഭിമുഖങ്ങൾ ഒഴിവാക്കിയാൽ 16 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. പി. കെ. പാറക്കടവ് എന്ന അഹമ്മദ് വടകര താലൂക്കിലെ പാറക്കടവിൽ ജനിച്ചു. കുറച്ചുകാലം ഗൾഫ് നാടുകളിലായിരുന്നു. അതിനുശേഷം കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചു. ജമാ അത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമായ 'മാദ്ധ്യമ'ത്തിന്റെ പത്രാധിപരായിരുന്നു. കഥാകാരനായ പാറക്കടവ് 43 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രകൃതിയോടും മനുഷ്യനോടുമുള്ള അളവറ്റ സ്നേഹമാണ് പത്മനാഭൻ കഥകളുടെ അന്തർധാര. അതുകൊണ്ടാണ് കേവലം 200-ൽ താഴെ കഥകളേ രചിച്ചിട്ടുള്ളൂവെങ്കിലും ആ വൃദ്ധനായ ധിക്കാരിയെ മലയാളക്കര ഇന്നും നെഞ്ചേറ്റി ലാളിക്കുന്നത്. ഭൗതികസുഖങ്ങളുടേയും സമ്പദ്സമൃദ്ധിയുടേയും പുറകേയുള്ള പ്രയാണമാണ് ആധുനികജീവിതമെന്ന് തത്വചിന്തകർ ആക്ഷേപിക്കുമ്പോഴും ആധുനികസമൂഹം അടിസ്ഥാനപരമായി നന്മ നിറഞ്ഞവർ തന്നെയാണെന്നതാണ് ആത്യന്തികമായ സത്യം. ദുഷ്ടർ വളരെ കുറച്ചേയുള്ളൂ ഏതു നാട്ടിലും ഏതു കാലത്തും. നന്മയില്ലാത്ത ഒരു സമൂഹത്തിൽ പത്മനാഭൻ കഥകൾ വായിക്കപ്പെടുകയില്ല, ആ മനുഷ്യൻ ആദരിക്കപ്പെടുകയുമില്ല. ഈ പരമാർത്ഥം പത്മനാഭൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അതായിരിക്കാം ഈ കഥയുടെ കുലപതി വായനക്കാരുമായി അതീവരഹസ്യമായി പങ്കുവെക്കുന്ന സാഹിത്യസപര്യയുടെ മർമ്മം. നമ്മുടെ ലോകമല്ല, നാം നിരീക്ഷിക്കാൻ വിട്ടുപോയ ലോകമാണ് ഈ എഴുത്തുകാരൻ കാണിച്ചുതരുന്നതെന്നും അത് കഥകളിൽ സ്നേഹമായി പരക്കുന്നുവെന്നും പാറക്കടവ് നിരീക്ഷിക്കുമ്പോൾ അത് കേവലം സത്യകഥനം മാത്രമാണെന്ന് അനുഭവവേദ്യമാകുന്നു.

എന്നാൽ വഞ്ചനയുടേതായ ഒരു ചവർപ്പുള്ള യാഥാർഥ്യവും ഈ പുസ്തകത്തിൽ കാണാം. പത്മനാഭനെ കാണിച്ചുകൊണ്ട് ഗ്രന്ഥകാരന്റെ രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങൾ ഒളിച്ചുകടത്തുകയാണ് ഇതിൽ ചെയ്യുന്നത് - ഒരുതരം സ്വർണക്കടത്ത് തന്നെ. ഒരു കൂട്ടം മുസ്ലിം കലാകാരന്മാരുടെ സർഗ്ഗാത്മകലോകത്തെക്കുറിച്ചുള്ള ലേഖനങ്ങൾ മാത്രമാണ് ഈ ഗ്രന്ഥം. അഥവാ, അതാണ് ഗ്രന്ഥകാരന്റെ യഥാർത്ഥ ഉദ്ദേശ്യം. പത്മനാഭനും ഒ. വി. വിജയനുമൊക്കെ മേമ്പൊടിക്ക് ചേർത്തിരിക്കുന്നുവെന്നേയുള്ളൂ. ബഷീർ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു. ഏ. ഖാദർ, അക്‌ബർ കക്കട്ടിൽ, മാലിക് മുഹമ്മദ് മീരാൻ, യൂസഫ് അറക്കൽ (ചിത്രകാരൻ), അലി സർദാർ ജാഫരി (കവി), ഇഖ്‌ബാൽ തമീമി, അഹ്‌മദ്‌ യെമാനി തുടങ്ങിയ അറബ് കവികൾ എന്നിവരാണ് ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുവരുന്നത്. ഇത്തരമൊരു അടിമുടി സാമുദായികത്വത്തിനിടയിലും സ്വയം ഒരു വിപ്ലവകാരിയായി ഭാവിക്കാൻ പാറക്കടവ് ഉടനീളം ശ്രദ്ധിക്കുന്നുണ്ട്. അറബ് വസന്തത്തെക്കുറിച്ചുള്ള കവിതകൾ ഇതിലുണ്ട്. ജന്മനാട്ടിൽ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോൾ കവികളും കലാകാരന്മാരും അടങ്ങിയിരിക്കുന്നില്ല. 'സാമ്രാജ്യത്വത്തിന്റേയും ഏകാധിപത്യത്തിന്റേയും പട്ടാളബൂട്ടുകൾ ഞെരിച്ചമർത്തിയ കുഞ്ഞുങ്ങളുടെ രോദനം ശവക്കല്ലറകളിൽനിന്നു പോലും കേൾക്കുന്ന' അറബ് ലോകത്ത് വസന്തത്തിനുശേഷം കടന്നുവന്ന ഐ. എസ്സിന്റെ കൊലപാതകപരമ്പരകളും അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കി കന്നുകാലികളെപ്പോലെ ചന്തയിൽ പരസ്യമായി ലേലം ചെയ്ത് വിറ്റതിന്റെ കഥകളൊന്നും ഈ അറബ് കവികൾ എഴുതിക്കാണുന്നില്ല. അത് കഥയല്ല, യാഥാർഥ്യമാണെന്നതാണോ കാരണം? പുനത്തിലിനെ എഴുത്തിന്റെ രാജാവെന്നൊക്കെ വിശേഷിപ്പിക്കുന്നത് കുറച്ചു കടന്ന കയ്യായിപ്പോയി. അതുപോലെതന്നെ കഠിനമാണ് ആ കൂട്ടത്തിൽ ബഷീറിനെ ഉൾപ്പെടുത്തിയതും. ഇസ്‌ലാമിന്റെ താങ്ങ്‌ ആവശ്യമില്ലാത്ത ഒരാൾ അവരിൽ അദ്ദേഹം മാത്രമായിരുന്നല്ലോ.

ഗ്രന്ഥകാരന്റെ സാമുദായിക-രാഷ്ട്രീയ പരിഗണനകളെ മുൻനിരയിൽ നിർത്തിക്കൊണ്ടുള്ള കൃത്രിമത്വം നിറഞ്ഞ ആഖ്യാനശൈലിയാണ് അഭിമുഖങ്ങളിൽ കാണുന്നത്. കലാകാരന്മാരെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ തികഞ്ഞ രാഷ്ട്രീയക്കാരനായ പിണറായി വിജയനുമായുള്ള അഭിമുഖം ഉൾക്കൊള്ളിച്ചിരിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രി ആയതുകൊണ്ടും അതിൽനിന്നു ലഭിച്ചേക്കാവുന്ന ഏതോ ഗുണവശത്തെ പാറക്കടവ് കാംക്ഷിക്കുന്നതുകൊണ്ടുമാകാം. 2011-ൽ നടത്തപ്പെട്ട, ഇന്നത്തെ കാലികവിഷയങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കാത്ത ഈ അഭിമുഖം പതിനൊന്ന് വർഷങ്ങൾക്കുശേഷം ഗ്രന്ഥകർത്താവ് പൊടിതട്ടിയെടുക്കുമ്പോൾ അഭിമാനപൂർവ്വം ഉറക്കെ പറയാൻ കഴിയാത്ത കാരണങ്ങൾ അതിനുപിന്നിലുണ്ടാവുമെന്നു കാണാൻ വിഷമമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പണം മുടക്കിയെന്നവകാശപ്പെടുന്ന പിണറായി (പേജ് 89) രോഗം വന്നപ്പോൾ ചികിത്സക്കായി നിരവധി തവണ അമേരിക്കയെ അഭയം പ്രാപിച്ചതിന്റെ ധാർമിക അടിത്തറ എന്താണ്? കലാലയ പഠനകാലത്ത് ആധുനികതയുടേയും കടം വാങ്ങിയ വിദേശ ദർശനങ്ങളുടേയും സഹയാത്രികനായിരുന്ന പാറക്കടവ് ഇന്ന് ആധുനികതയെ പുറംകാലുകൊണ്ട് തട്ടിക്കളയുമെന്നു പ്രസ്താവിക്കുന്നു. എങ്കിലും വിപ്ലവത്തിന്റെ മേലങ്കി സാമുദായികത്വത്തിന് ഒരു മറയെന്നവണ്ണം എടുത്തുചാർത്തുകയും ചെയ്യുന്നു. ഇസ്ലാമിക മതമൗലികവാദികൾ നടത്തുന്ന പത്രത്തെ പ്രതിനിധീകരിച്ച് അഭിമുഖങ്ങൾ നടത്തുമ്പോൾ മുന്നിലിരിക്കുന്നവരുടെ സംഘപരിവാറിനോടുള്ള എതിർപ്പ് പരിശോധിക്കുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിക്കുകയും ശക്തമായ വിരോധം സ്ഫുരിക്കുന്ന മറുപടികൾ കേട്ട് ആനന്ദമൂർഛയടയുകയും ചെയ്യുന്നു.

വായനക്കാരെ വഞ്ചിക്കുന്നതിനുള്ള നയപരിപാടിയുടെ ഭാഗമാണീ പുസ്തകമെന്ന് നേരത്തെ പറഞ്ഞല്ലോ. പുസ്തകത്തിന്റെ ശരിയായ ഉള്ളടക്കമെന്തെന്നു വെളിപ്പെടുത്തുന്ന ഒരു സൂചനയും പുറത്തുനൽകാതെ പത്മനാഭന്റെ ചുമലിലേറി സഹൃദയരുടെ കീശയിലെ കാശു പിടുങ്ങുന്ന ഒരു ഹീനശ്രമം മാത്രമാണിത്. എന്നാൽ അതുപോലും അതിന്റേതായ ഒരു മര്യാദ കാണിക്കുന്നതിൽ വിജയിച്ചിട്ടുമില്ല. അസംഖ്യം അക്ഷരപ്പിശകുകളും വാചകങ്ങളുടെ ആവർത്തനവുമെല്ലാം കാണുന്നു. പ്രൂഫ് വായന നടന്നിട്ടുപോലും ഉണ്ടാവാനിടയില്ല. അദ്ധ്യായങ്ങളുടെ ശീർഷകത്തിൽ പോലും അക്ഷരത്തെറ്റുകൾ കാണുന്നു. എം. മുകുന്ദനുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട് 'വാക്കിന്റെ മറുകറ' എന്നാണ്. കാമ്പുള്ള ഒരാശയവും മുന്നോട്ടുവെക്കാത്ത ഈ കൃതി ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം പെരുപ്പിക്കുന്നതിനുവേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതാണോ എന്നുപോലും സംശയിച്ചുപോകും.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Pallikkunnil Ninnu T. Padmanabhan Vilikkunnu'
Author: P K Parakkadavu
Publisher: Saikatham Books, 2022 (First)
ISBN: 9789390815609
Pages: 144
 

Sunday, September 4, 2022

കേരളസംസ്ഥാന രൂപീകരണം

രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും അതിർത്തികൾ പലപ്പോഴും വരയ്ക്കുന്നതും മായ്ക്കുന്നതും മനുഷ്യരക്തം കൊണ്ടായിരിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട 1947-ൽ ഈ രാജ്യം കാര്യമായ ആന്തരിക രാഷ്ട്രീയ ഐക്യമൊന്നും ഇല്ലാതിരുന്ന നിരവധി ബ്രിട്ടീഷ് പ്രവിശ്യകളും 565 നാട്ടുരാജ്യങ്ങളും ചേർന്ന ഒരു സങ്കീർണതയായിരുന്നു. എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽത്തന്നെ രക്തരഹിതമായി
അവയെ നാമിന്നുകാണുന്ന അതിരുകൾക്കുള്ളിൽ കൊണ്ടുവന്നതിലൂടെ സർദാർ പട്ടേലും അദ്ദേഹത്തിന്റെ സഹായി വി. പി. മേനോനും ഒരു ലോകാത്ഭുതം തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ അപ്പോഴും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ഈ രൂപരഹിതമായ മിശ്രിതത്തിൽനിന്ന് ഭാഷാപരമായി ഏകീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ നിർമ്മിക്കലായിരുന്നു അടുത്ത കടമ്പ. നിരവധി കമ്മീഷനുകളുടെ പ്രവർത്തനഫലമായി ഒരു പതിറ്റാണ്ടിനുള്ളിൽ ഏതാണ്ട് നാമിന്നു കാണുന്ന സംസ്ഥാനങ്ങൾ രൂപമെടുത്തു. തിരുകൊച്ചി സംസ്ഥാനത്തിലെ തമിഴ് ഭൂരിപക്ഷമേഖലകൾ തമിഴ് നാടിനു വിട്ടുകൊടുത്തും അവിടെനിന്ന് മലബാർ ജില്ല തിരിച്ചുവാങ്ങിയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് ലയിപ്പിച്ചും 1956 നവംബർ 1-ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഏതാണ്ട് പതിനൊന്നുവർഷത്തെ നിരന്തരസമരങ്ങളും അതിർത്തിത്തർക്കങ്ങളും നിറഞ്ഞ ആ കാലഘട്ടത്തെയാണ് ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിരിക്കുന്നത്. കേരള സർക്കാർ കോളേജുകളിലെ ചരിത്രവിഭാഗം പ്രൊഫസ്സറും നെയ്യാറ്റിൻകര സ്വദേശിയുമാണ് ഗ്രന്ഥകാരനായ ജോയ് ബാലൻ വ്ലാത്താങ്കര. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അഞ്ചുവർഷം കൂലിത്തൊഴിലാളിയായി പ്രവർത്തിച്ചതിനുശേഷം സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പ്രീഡിഗ്രി നേടിയെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തുടർന്ന് ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെ പ്രശസ്ത സ്ഥാപനങ്ങളിൽനിന്ന് അദ്ദേഹം നേടി.

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു. മോണ്ടെഗു - ചെംസ്‌ഫോർഡ് റിപ്പോർട്ടിലും സൈമൺ കമ്മീഷൻ റിപ്പോർട്ടിലും ഭാഷാപ്രവിശ്യകളെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്ന് ബിഹാറും ഒറീസ്സയും ബംഗാളിൽ നിന്നടർത്തി പ്രത്യേക പ്രവിശ്യകളാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഭാഷാസംസ്ഥാനങ്ങളോട് അനുകൂലനിലപാടല്ല സ്വീകരിച്ചത്.  അദ്ദേഹം നിയമിച്ച ധാർ കമ്മീഷൻ ഭാഷാവിഭജനത്തിനെതിരെ നിലകൊണ്ടു. തുടർന്ന് നെഹ്‌റു, പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവർ ജെ.വി.പി കമ്മീഷനെന്ന പേരിൽ ഇതേ പ്രശ്നം പരിഗണിക്കുകയും ഭാഷ ഏകീകരണശക്തിയെന്നപോലെ വിഘടനശക്തിയുമാണെന്ന കാരണം പറഞ്ഞ് ആ ആവശ്യം തള്ളിക്കളഞ്ഞു. പക്ഷേ അപ്പോഴേക്കും ഭാഷാസംസ്ഥാനങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1952-ൽ പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസത്യാഗ്രഹം നടത്തി മരണം വരിച്ചു. വിരണ്ടുപോയ നെഹ്‌റു ഫസൽ അലിയുടെ നേതൃത്വത്തിൽ, മലയാളിയായ സർദാർ കെ. എം. പണിക്കർ അംഗമായ ഒരു മൂന്നംഗ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. അവർ 1955-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിക്കണമെന്ന് ശുപാർശ ചെയ്തതിനാൽ കേരളമടക്കം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും 1956-ൽ നിലവിൽവന്നു.

തമിഴ്, കന്നഡ, തുളു ഭാഷാന്യൂനപക്ഷങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തമിഴ് മാതൃഭാഷയായവരുടെ സമരങ്ങളാണ് വളരെയേറെ അക്രമാസക്തമായതും പോലീസ് വെടിവെപ്പുകളിലേക്ക് നയിച്ചതും. തിരുവിതാംകൂറിലെ 30 താലൂക്കുകളിൽ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, ചെങ്കോട്ട, പീരുമേട്, ദേവികുളം എന്നീ ഏഴു താലൂക്കുകളിൽ തമിഴരും, മറ്റുള്ള 23-ൽ മലയാളികളും വ്യക്തമായ മുൻ‌തൂക്കം പുലർത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശയിലാണ് തമിഴർ തങ്ങളുടെ ഭാഗധേയം മലയാളികളുടേതിൽനിന്ന് വ്യത്യസ്തമാണെന്ന നിഗമനത്തിൽ എത്തിയത്. രാജകീയ സർക്കാരിൽ പ്രധാന ഉദ്യോഗങ്ങളെല്ലാം പരദേശ ബ്രാഹ്മണർ (തമിഴരും മഹാരാഷ്ട്രക്കാരും) കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ മലയാളികൾക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഭീമഹർജി മലയാളി മെമ്മോറിയൽ എന്ന പേരിൽ 1891-ൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടു. എന്നാലിത് തമിഴരുടെ മെമ്മോറിയൽ അല്ല എന്ന സന്ദേശം തിരുവിതാംകൂറിലെ തമിഴരിൽ പ്രചരിപ്പിച്ചു. തുടർന്നുള്ള സംഭവങ്ങൾ അവരിൽ സ്വത്വവികാരം ഉണർത്തി. മാത്രമല്ല, തമിഴർ തിരുവിതാംകൂറിൽ അവഗണിക്കപ്പെടുകയാണെന്നും അവരുടെ നേതാക്കളെ മറ്റു രാഷ്ട്രീയപാർട്ടികൾ കാര്യമായെടുക്കുന്നില്ലെന്നും അവർ ആശങ്കപ്പെട്ടു. ആറു മാസത്തിനുള്ളിൽ ഒരു ബദൽ എന്ന നിലയിൽ തമിഴ് മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു.

തമിഴ്-മലയാളി സംഘർഷം പൂർണതോതിൽ വളർന്നത് രാജാധികാരം അവസാനിക്കുകയാണെന്നും ഭരണം ജനസംഖ്യയിൽ ഭൂരിപക്ഷമായ മലയാളികളിൽ ക്രമേണ എത്തിച്ചേരുമെന്നും തമിഴ് ജനത തിരിച്ചറിഞ്ഞതോടെയാണ്. ഉത്തരവാദഭരണ പ്രക്ഷോഭത്തിനെതിരായി തമിഴ് സംഘടനകൾ തലപൊക്കി. ദിവാനായിരുന്ന സർ. സി. പിയുടെ രഹസ്യ പ്രോത്സാഹനവും അവർക്കുണ്ടായിരുന്നു. പ്രക്ഷോഭം നയിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തമിഴരെ തങ്ങളുടെ നേതൃനിരയിൽ കൊണ്ടുവരുന്നതിനുള്ള ഹൃദയവിശാലത കാണിച്ചതുമില്ല. നാഞ്ചിൽ തമിഴ് കോൺഗ്രസ്, തിരുവിതാകൂർ തമിഴ്‌നാട് കോൺഗ്രസ് എന്നീ സംഘടനകൾ ഇങ്ങനെ ജന്മമെടുത്തു. തിരുവനന്തപുരത്തിനു തെക്കുള്ള നാല് തമിഴ് താലൂക്കുകൾ പ്രത്യേക പ്രവിശ്യയാക്കണമെന്ന ആവശ്യം ക്രമേണ അവയെ മദ്രാസിനോട് കൂട്ടിച്ചേർക്കണമെന്നതായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 1946-ലെ സമ്മേളനം തമിഴ് ഭൂരിപക്ഷപ്രദേശമായ നാഗർകോവിലിൽ വെച്ചു നടത്താൻ പോലും തമിഴർ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. തിരുക്കൊച്ചി സംയോജനത്തെ തമിഴർ ശക്തിയായി എതിർത്തു. 1948-ൽ നടന്ന നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താലൂക്കുകളിലെ 14 മണ്ഡലങ്ങളിലും തമിഴ് കോൺഗ്രസ് പ്രതിനിധികൾ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 1952-ലെയും 1954-ലെയും തെരഞ്ഞെടുപ്പുകളിലും അവർ തങ്ങളുടെ ശക്തി നിലനിർത്തി മന്ത്രിസഭകളിൽ പങ്കാളിയായി. ഏ. ജെ. ജോൺ, പട്ടം താണുപിള്ള മന്ത്രിസഭകൾ വീണത് അവർ പിന്തുണ പിൻവലിച്ചപ്പോഴാണ്. 1954 ആഗസ്റ്റ് 11-ന് അക്രമാസക്തമായ തമിഴ് വിമോചനദിനത്തിൽ ഏഴു തമിഴർ പോലീസിന്റെ വെടിയേറ്റുമരിച്ചു. തുടർന്ന് നാലു തെക്കൻ താലൂക്കുകളും തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിർദ്ദേശിച്ചതോടെ പനമ്പള്ളി മന്ത്രിസഭയും രാജിവെച്ചു.

കന്യാകുമാരി ജില്ല വിട്ടുകൊടുത്തതോടെ വൻതോതിലുള്ള ഭക്ഷ്യധാന്യോത്പാദനം നടത്തിയിരുന്ന ഒരു നെല്ലറയാണ് കേരളത്തിനു നഷ്ടമായത്. എന്നാൽ പീരുമേട്, ദേവികുളം താലൂക്കുകൾ ശക്തമായ നടപടികളിലൂടെ കേരളത്തിൽത്തന്നെ നിലനിർത്തി. അവിടത്തെ തമിഴ് ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ മലയാളികൾക്ക് കൃഷിഭൂമി വിതരണം ചെയ്തുകൊണ്ട് ഒരു കുടിയേറ്റത്തേയും തിരുക്കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചു. മാത്രവുമല്ല, തമിഴർ തേയിലത്തോട്ടങ്ങളിലെ ജോലിക്കായി വന്നു താമസിക്കുന്നവരാണെന്നും പരമ്പരാഗതമായി അവർക്കാ മണ്ണിനോട് ബന്ധമൊന്നുമില്ലെന്ന വാദവും അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ജലസമൃദ്ധമായ ഇടുക്കി ജില്ല ഇന്ന് തമിഴ്‌നാടിന്റെ കയ്യിലിരുന്നേനെ. കാസർഗോഡ് താലൂക്കിനെ വിഭജിച്ച് അതിന്റെ വടക്കുഭാഗം കർണാടകയോട് ചേർക്കണമെന്ന ആവശ്യത്തേയും കേരളം വിജയകരമായി എതിർത്തു. തമിഴ്‌നാടിന് കൊടുത്ത ചെങ്കോട്ട താലൂക്ക് വീണ്ടും വിഭജിച്ച് അതിന്റെ പടിഞ്ഞാറുഭാഗം കേരളത്തിൽ നിലനിർത്തി. എന്നാൽ മലബാറിന്റെ ഭാഗമായിരുന്നതും പിന്നീട് നീലഗിരി ജില്ലയോട് ചേർത്തതുമായ മലയാളി ഭൂരിപക്ഷമുള്ള ഗൂഡല്ലൂർ താലൂക്ക് തമിഴ്‌നാട്ടിൽ തന്നെ തുടർന്നു. വളരെ വിശദമായിത്തന്നെ ഓരോ പ്രദേശത്തേയും സംഭവങ്ങൾ ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു.

ബന്ധപ്പെട്ട വസ്തുതകളെ വളരെ വസ്തുനിഷ്ഠമായി സമീപിച്ചിരിക്കുന്ന ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ചിന്തയുടെ രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും ഇടതുസിദ്ധാന്തങ്ങൾ ബോധപൂർവം തിരുകിക്കയറ്റി ജോയ് ബാലൻ ചില വിട്ടുവീഴ്ചകളും ചെയ്തിരിക്കുന്നതായി കാണാം. ഇന്ത്യയ്ക്ക് പൊതുവായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് എന്ന സത്യം അപചരിത്ര നിർമ്മിതിയുടെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാലിത് ഇന്ത്യ പതിനാറു ദേശീയതകളുടെ ഒരു സങ്കലനം മാത്രമാണെന്ന ഇ.എം.എസ്സിന്റെ വികലചിന്താഗതിയെ മുൻകാലപ്രാബല്യത്തോടെ ന്യായീകരിക്കുവാനുള്ള ഒരു ശ്രമം മാത്രമായി കണ്ടാൽ മതി. ഇന്ത്യ മുഴുവനായി ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥക്കുള്ളിൽ ബ്രിട്ടീഷുകാർക്കുമുമ്പ് ഒരിക്കലും വർത്തിച്ചിരുന്നില്ല എന്ന കൊളോണിയൽ ചിന്താഗതി തന്നെയാണിത്. ഇടതുസൈദ്ധാന്തികരെ ഭ്രാന്തുപിടിപ്പിക്കുവാൻ പോന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം. മാർക്സ് രണ്ടു നൂറ്റാണ്ടുമുമ്പ് എഴുതിവെച്ച ആശയങ്ങളെ അത് ധിക്കരിക്കുന്നു എന്നതാണ് ഈ വെറുപ്പിന്റെ ഏകകാരണം. ഈ വാദമനുസരിച്ച് കേരളത്തിനുപോലും പൊതുവായ സംസ്കാരമോ ദേശീയതയോ ഇല്ല എന്നു വാദിക്കേണ്ടിവരും. അസംഖ്യം നാട്ടുരാജ്യങ്ങളുടെ ശേഖരമായിരുന്ന ഈ തീരഭൂമി ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന് അല്പം മുൻപ് മാത്രമാണ് മൂന്നു വലിയ ഘടകങ്ങൾ - തിരുവിതാംകൂർ, കൊച്ചി, മലബാർ - ആയി വേർതിരിഞ്ഞത്. ഈ വിരോധാഭാസത്തെ മെരുക്കാൻ 'ദേശീയത അധികാരിവർഗ്ഗത്തിന് അധികാരം നിലനിർത്തുന്നതിനുള്ള ഒരു ഉപകരണം അഥവാ അടവുനയം മാത്രമാണെന്ന' തനി ഇടതുപക്ഷവാദം ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. ഈ ഭാഗം ഒഴിവാക്കിയാൽ ഈ പുസ്തകം വളരെ വിജ്ഞാനപ്രദവും ബുദ്ധിമുട്ടില്ലാതെ വായിക്കുവാൻ സാധിക്കുന്നതുമാണ്. ഫോർട്ട് കൊച്ചി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ തമിഴ്‌നാട് നടത്തിയ ഇടപെടലുകൾ ഇന്ന് നമുക്ക് കൗതുകകരമായി അനുഭവപ്പെടും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kerala Samsthana Roopeekaranam - athirthi tharkkavum bhashaa samaravum 1945-1956'
Author: Joy Balan Vlathankara
Publisher: Chintha Publishers, 2020 (First published 2018)
ISBN: 9789387842823
Pages: 296