രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും അതിർത്തികൾ പലപ്പോഴും വരയ്ക്കുന്നതും മായ്ക്കുന്നതും മനുഷ്യരക്തം കൊണ്ടായിരിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട 1947-ൽ ഈ രാജ്യം കാര്യമായ ആന്തരിക രാഷ്ട്രീയ ഐക്യമൊന്നും ഇല്ലാതിരുന്ന നിരവധി ബ്രിട്ടീഷ് പ്രവിശ്യകളും 565 നാട്ടുരാജ്യങ്ങളും ചേർന്ന ഒരു സങ്കീർണതയായിരുന്നു. എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽത്തന്നെ രക്തരഹിതമായി അവയെ നാമിന്നുകാണുന്ന അതിരുകൾക്കുള്ളിൽ കൊണ്ടുവന്നതിലൂടെ സർദാർ പട്ടേലും അദ്ദേഹത്തിന്റെ സഹായി വി. പി. മേനോനും ഒരു ലോകാത്ഭുതം തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ അപ്പോഴും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ഈ രൂപരഹിതമായ മിശ്രിതത്തിൽനിന്ന് ഭാഷാപരമായി ഏകീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ നിർമ്മിക്കലായിരുന്നു അടുത്ത കടമ്പ. നിരവധി കമ്മീഷനുകളുടെ പ്രവർത്തനഫലമായി ഒരു പതിറ്റാണ്ടിനുള്ളിൽ ഏതാണ്ട് നാമിന്നു കാണുന്ന സംസ്ഥാനങ്ങൾ രൂപമെടുത്തു. തിരുകൊച്ചി സംസ്ഥാനത്തിലെ തമിഴ് ഭൂരിപക്ഷമേഖലകൾ തമിഴ് നാടിനു വിട്ടുകൊടുത്തും അവിടെനിന്ന് മലബാർ ജില്ല തിരിച്ചുവാങ്ങിയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് ലയിപ്പിച്ചും 1956 നവംബർ 1-ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഏതാണ്ട് പതിനൊന്നുവർഷത്തെ നിരന്തരസമരങ്ങളും അതിർത്തിത്തർക്കങ്ങളും നിറഞ്ഞ ആ കാലഘട്ടത്തെയാണ് ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിരിക്കുന്നത്. കേരള സർക്കാർ കോളേജുകളിലെ ചരിത്രവിഭാഗം പ്രൊഫസ്സറും നെയ്യാറ്റിൻകര സ്വദേശിയുമാണ് ഗ്രന്ഥകാരനായ ജോയ് ബാലൻ വ്ലാത്താങ്കര. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അഞ്ചുവർഷം കൂലിത്തൊഴിലാളിയായി പ്രവർത്തിച്ചതിനുശേഷം സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പ്രീഡിഗ്രി നേടിയെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തുടർന്ന് ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെ പ്രശസ്ത സ്ഥാപനങ്ങളിൽനിന്ന് അദ്ദേഹം നേടി.
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു. മോണ്ടെഗു - ചെംസ്‌ഫോർഡ് റിപ്പോർട്ടിലും സൈമൺ കമ്മീഷൻ റിപ്പോർട്ടിലും ഭാഷാപ്രവിശ്യകളെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്ന് ബിഹാറും ഒറീസ്സയും ബംഗാളിൽ നിന്നടർത്തി പ്രത്യേക പ്രവിശ്യകളാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഭാഷാസംസ്ഥാനങ്ങളോട് അനുകൂലനിലപാടല്ല സ്വീകരിച്ചത്. അദ്ദേഹം നിയമിച്ച ധാർ കമ്മീഷൻ ഭാഷാവിഭജനത്തിനെതിരെ നിലകൊണ്ടു. തുടർന്ന് നെഹ്‌റു, പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവർ ജെ.വി.പി കമ്മീഷനെന്ന പേരിൽ ഇതേ പ്രശ്നം പരിഗണിക്കുകയും ഭാഷ ഏകീകരണശക്തിയെന്നപോലെ വിഘടനശക്തിയുമാണെന്ന കാരണം പറഞ്ഞ് ആ ആവശ്യം തള്ളിക്കളഞ്ഞു. പക്ഷേ അപ്പോഴേക്കും ഭാഷാസംസ്ഥാനങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1952-ൽ പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസത്യാഗ്രഹം നടത്തി മരണം വരിച്ചു. വിരണ്ടുപോയ നെഹ്‌റു ഫസൽ അലിയുടെ നേതൃത്വത്തിൽ, മലയാളിയായ സർദാർ കെ. എം. പണിക്കർ അംഗമായ ഒരു മൂന്നംഗ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. അവർ 1955-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിക്കണമെന്ന് ശുപാർശ ചെയ്തതിനാൽ കേരളമടക്കം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും 1956-ൽ നിലവിൽവന്നു.
തമിഴ്, കന്നഡ, തുളു ഭാഷാന്യൂനപക്ഷങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തമിഴ് മാതൃഭാഷയായവരുടെ സമരങ്ങളാണ് വളരെയേറെ അക്രമാസക്തമായതും പോലീസ് വെടിവെപ്പുകളിലേക്ക് നയിച്ചതും. തിരുവിതാംകൂറിലെ 30 താലൂക്കുകളിൽ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, ചെങ്കോട്ട, പീരുമേട്, ദേവികുളം എന്നീ ഏഴു താലൂക്കുകളിൽ തമിഴരും, മറ്റുള്ള 23-ൽ മലയാളികളും വ്യക്തമായ മുൻതൂക്കം പുലർത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശയിലാണ് തമിഴർ തങ്ങളുടെ ഭാഗധേയം മലയാളികളുടേതിൽനിന്ന് വ്യത്യസ്തമാണെന്ന നിഗമനത്തിൽ എത്തിയത്. രാജകീയ സർക്കാരിൽ പ്രധാന ഉദ്യോഗങ്ങളെല്ലാം പരദേശ ബ്രാഹ്മണർ (തമിഴരും മഹാരാഷ്ട്രക്കാരും) കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ മലയാളികൾക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഭീമഹർജി മലയാളി മെമ്മോറിയൽ എന്ന പേരിൽ 1891-ൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടു. എന്നാലിത് തമിഴരുടെ മെമ്മോറിയൽ അല്ല എന്ന സന്ദേശം തിരുവിതാംകൂറിലെ തമിഴരിൽ പ്രചരിപ്പിച്ചു. തുടർന്നുള്ള സംഭവങ്ങൾ അവരിൽ സ്വത്വവികാരം ഉണർത്തി. മാത്രമല്ല, തമിഴർ തിരുവിതാംകൂറിൽ അവഗണിക്കപ്പെടുകയാണെന്നും അവരുടെ നേതാക്കളെ മറ്റു രാഷ്ട്രീയപാർട്ടികൾ കാര്യമായെടുക്കുന്നില്ലെന്നും അവർ ആശങ്കപ്പെട്ടു. ആറു മാസത്തിനുള്ളിൽ ഒരു ബദൽ എന്ന നിലയിൽ തമിഴ് മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു.
തമിഴ്-മലയാളി സംഘർഷം പൂർണതോതിൽ വളർന്നത് രാജാധികാരം അവസാനിക്കുകയാണെന്നും ഭരണം ജനസംഖ്യയിൽ ഭൂരിപക്ഷമായ മലയാളികളിൽ ക്രമേണ എത്തിച്ചേരുമെന്നും തമിഴ് ജനത തിരിച്ചറിഞ്ഞതോടെയാണ്. ഉത്തരവാദഭരണ പ്രക്ഷോഭത്തിനെതിരായി തമിഴ് സംഘടനകൾ തലപൊക്കി. ദിവാനായിരുന്ന സർ. സി. പിയുടെ രഹസ്യ പ്രോത്സാഹനവും അവർക്കുണ്ടായിരുന്നു. പ്രക്ഷോഭം നയിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തമിഴരെ തങ്ങളുടെ നേതൃനിരയിൽ കൊണ്ടുവരുന്നതിനുള്ള ഹൃദയവിശാലത കാണിച്ചതുമില്ല. നാഞ്ചിൽ തമിഴ് കോൺഗ്രസ്, തിരുവിതാകൂർ തമിഴ്‌നാട് കോൺഗ്രസ് എന്നീ സംഘടനകൾ ഇങ്ങനെ ജന്മമെടുത്തു. തിരുവനന്തപുരത്തിനു തെക്കുള്ള നാല് തമിഴ് താലൂക്കുകൾ പ്രത്യേക പ്രവിശ്യയാക്കണമെന്ന ആവശ്യം ക്രമേണ അവയെ മദ്രാസിനോട് കൂട്ടിച്ചേർക്കണമെന്നതായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 1946-ലെ സമ്മേളനം തമിഴ് ഭൂരിപക്ഷപ്രദേശമായ നാഗർകോവിലിൽ വെച്ചു നടത്താൻ പോലും തമിഴർ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. തിരുക്കൊച്ചി സംയോജനത്തെ തമിഴർ ശക്തിയായി എതിർത്തു. 1948-ൽ നടന്ന നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താലൂക്കുകളിലെ 14 മണ്ഡലങ്ങളിലും തമിഴ് കോൺഗ്രസ് പ്രതിനിധികൾ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 1952-ലെയും 1954-ലെയും തെരഞ്ഞെടുപ്പുകളിലും അവർ തങ്ങളുടെ ശക്തി നിലനിർത്തി മന്ത്രിസഭകളിൽ പങ്കാളിയായി. ഏ. ജെ. ജോൺ, പട്ടം താണുപിള്ള മന്ത്രിസഭകൾ വീണത് അവർ പിന്തുണ പിൻവലിച്ചപ്പോഴാണ്. 1954 ആഗസ്റ്റ് 11-ന് അക്രമാസക്തമായ തമിഴ് വിമോചനദിനത്തിൽ ഏഴു തമിഴർ പോലീസിന്റെ വെടിയേറ്റുമരിച്ചു. തുടർന്ന് നാലു തെക്കൻ താലൂക്കുകളും തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിർദ്ദേശിച്ചതോടെ പനമ്പള്ളി മന്ത്രിസഭയും രാജിവെച്ചു.
കന്യാകുമാരി ജില്ല വിട്ടുകൊടുത്തതോടെ വൻതോതിലുള്ള ഭക്ഷ്യധാന്യോത്പാദനം നടത്തിയിരുന്ന ഒരു നെല്ലറയാണ് കേരളത്തിനു നഷ്ടമായത്. എന്നാൽ പീരുമേട്, ദേവികുളം താലൂക്കുകൾ ശക്തമായ നടപടികളിലൂടെ കേരളത്തിൽത്തന്നെ നിലനിർത്തി. അവിടത്തെ തമിഴ് ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ മലയാളികൾക്ക് കൃഷിഭൂമി വിതരണം ചെയ്തുകൊണ്ട് ഒരു കുടിയേറ്റത്തേയും തിരുക്കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചു. മാത്രവുമല്ല, തമിഴർ തേയിലത്തോട്ടങ്ങളിലെ ജോലിക്കായി വന്നു താമസിക്കുന്നവരാണെന്നും പരമ്പരാഗതമായി അവർക്കാ മണ്ണിനോട് ബന്ധമൊന്നുമില്ലെന്ന വാദവും അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ജലസമൃദ്ധമായ ഇടുക്കി ജില്ല ഇന്ന് തമിഴ്‌നാടിന്റെ കയ്യിലിരുന്നേനെ. കാസർഗോഡ് താലൂക്കിനെ വിഭജിച്ച് അതിന്റെ വടക്കുഭാഗം കർണാടകയോട് ചേർക്കണമെന്ന ആവശ്യത്തേയും കേരളം വിജയകരമായി എതിർത്തു. തമിഴ്‌നാടിന് കൊടുത്ത ചെങ്കോട്ട താലൂക്ക് വീണ്ടും വിഭജിച്ച് അതിന്റെ പടിഞ്ഞാറുഭാഗം കേരളത്തിൽ നിലനിർത്തി. എന്നാൽ മലബാറിന്റെ ഭാഗമായിരുന്നതും പിന്നീട് നീലഗിരി ജില്ലയോട് ചേർത്തതുമായ മലയാളി ഭൂരിപക്ഷമുള്ള ഗൂഡല്ലൂർ താലൂക്ക് തമിഴ്‌നാട്ടിൽ തന്നെ തുടർന്നു. വളരെ വിശദമായിത്തന്നെ ഓരോ പ്രദേശത്തേയും സംഭവങ്ങൾ ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു.
ബന്ധപ്പെട്ട വസ്തുതകളെ വളരെ വസ്തുനിഷ്ഠമായി സമീപിച്ചിരിക്കുന്ന ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ചിന്തയുടെ രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും ഇടതുസിദ്ധാന്തങ്ങൾ ബോധപൂർവം തിരുകിക്കയറ്റി ജോയ് ബാലൻ ചില വിട്ടുവീഴ്ചകളും ചെയ്തിരിക്കുന്നതായി കാണാം. ഇന്ത്യയ്ക്ക് പൊതുവായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് എന്ന സത്യം അപചരിത്ര നിർമ്മിതിയുടെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാലിത് ഇന്ത്യ പതിനാറു ദേശീയതകളുടെ ഒരു സങ്കലനം മാത്രമാണെന്ന ഇ.എം.എസ്സിന്റെ വികലചിന്താഗതിയെ മുൻകാലപ്രാബല്യത്തോടെ ന്യായീകരിക്കുവാനുള്ള ഒരു ശ്രമം മാത്രമായി കണ്ടാൽ മതി. ഇന്ത്യ മുഴുവനായി ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥക്കുള്ളിൽ ബ്രിട്ടീഷുകാർക്കുമുമ്പ് ഒരിക്കലും വർത്തിച്ചിരുന്നില്ല എന്ന കൊളോണിയൽ ചിന്താഗതി തന്നെയാണിത്. ഇടതുസൈദ്ധാന്തികരെ ഭ്രാന്തുപിടിപ്പിക്കുവാൻ പോന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം. മാർക്സ് രണ്ടു നൂറ്റാണ്ടുമുമ്പ് എഴുതിവെച്ച ആശയങ്ങളെ അത് ധിക്കരിക്കുന്നു എന്നതാണ് ഈ വെറുപ്പിന്റെ ഏകകാരണം. ഈ വാദമനുസരിച്ച് കേരളത്തിനുപോലും പൊതുവായ സംസ്കാരമോ ദേശീയതയോ ഇല്ല എന്നു വാദിക്കേണ്ടിവരും. അസംഖ്യം നാട്ടുരാജ്യങ്ങളുടെ ശേഖരമായിരുന്ന ഈ തീരഭൂമി ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന് അല്പം മുൻപ് മാത്രമാണ് മൂന്നു വലിയ ഘടകങ്ങൾ - തിരുവിതാംകൂർ, കൊച്ചി, മലബാർ - ആയി വേർതിരിഞ്ഞത്. ഈ വിരോധാഭാസത്തെ മെരുക്കാൻ 'ദേശീയത അധികാരിവർഗ്ഗത്തിന് അധികാരം നിലനിർത്തുന്നതിനുള്ള ഒരു ഉപകരണം അഥവാ അടവുനയം മാത്രമാണെന്ന' തനി ഇടതുപക്ഷവാദം ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. ഈ ഭാഗം ഒഴിവാക്കിയാൽ ഈ പുസ്തകം വളരെ വിജ്ഞാനപ്രദവും ബുദ്ധിമുട്ടില്ലാതെ വായിക്കുവാൻ സാധിക്കുന്നതുമാണ്. ഫോർട്ട് കൊച്ചി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ തമിഴ്‌നാട് നടത്തിയ ഇടപെടലുകൾ ഇന്ന് നമുക്ക് കൗതുകകരമായി അനുഭവപ്പെടും.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Kerala Samsthana Roopeekaranam - athirthi tharkkavum bhashaa samaravum 1945-1956'
Author: Joy Balan Vlathankara
Publisher: Chintha Publishers, 2020 (First published 2018)
ISBN: 9789387842823
Pages: 296
No comments:
Post a Comment