Saturday, September 17, 2022

നട്ടെല്ല്‌ എന്ന ഗുണം

സാഹിത്യവിമർശനത്തിലൂടെ കൈരളിയുടെ നഭസ്സിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി സുകുമാർ അഴീക്കോട് ഉയർന്നുവന്നു. 'തത്വമസി' എന്ന തികച്ചും അനന്യമായ കൃതി സംസ്കൃതഭാഷയിലും ഭാരതീയ തത്വചിന്തയിലും അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വിളിച്ചോതുന്നതാണ്. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചതിനുശേഷം സാമൂഹ്യനിരീക്ഷണത്തിനും വിമർശനത്തിനുമാണ് അഴീക്കോട് അധികസമയവും ചെലവഴിച്ചത്. വിവാദപരാമർശങ്ങളും വിമർശനവും നിർലോഭം തൊടുത്തുവിട്ടുകൊണ്ട് മാദ്ധ്യമശ്രദ്ധയുടെ വെള്ളിവെളിച്ചത്തിനു പുറത്തേക്കു പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലവിമർശനങ്ങളുടെ മേന്മയുമായി തട്ടിച്ചുനോക്കുമ്പോൾ പിന്നീടുള്ളവ ആഴമില്ലാത്തതും രാഷ്ട്രീയച്ചുവ പലപ്പോഴും കലർന്നിരിക്കുന്നതുമായി കാണാം. 1956 മുതൽ 2001 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട പരസ്പര വിഷയൈക്യമില്ലാത്ത 39 ലേഖനങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള ഒരു സംഭാഷണവുമാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
 
ദീർഘകാലത്തെ അദ്ധ്യാപനത്തിനും പ്രൊ-വൈസ് ചാൻസലർ പോലുള്ള വിദ്യാഭ്യാസസ്ഥാപനഭരണത്തിനും ശേഷം പേനയെടുക്കുമ്പോൾ വിദ്യാഭ്യാസരംഗത്തു വന്നുചേർന്നിരിക്കുന്ന അപചയം ഗ്രന്ഥകാരൻ കൃത്യമായി തിരിച്ചറിയുന്നു. ബിരുദധാരികളെ നിർമ്മിക്കുന്ന വ്യവസായശാലകളായി കലാലയങ്ങൾ മാറിപ്പോയി എന്നാക്ഷേപിക്കുമ്പോഴും പകരം എന്ത് അല്ലെങ്കിൽ എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിൽ ഇല്ലെന്നതോ പോകട്ടെ, അതിനുള്ള ഒരു ശ്രമം പോലും നടത്തുന്നതായി കാണുന്നുമില്ല. മഹത്വാരോഹണം സാധിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് വിദ്യാലയങ്ങൾ എന്ന കണ്ടെത്തൽ അനിഷേധ്യമാണെങ്കിലും പണ്ടുകാലത്ത് അതങ്ങനെ തന്നെയായിരുന്നോ എന്നും ഇപ്പോൾ അങ്ങനെയല്ലെങ്കിൽ എപ്പോഴാണ് ആ ലക്ഷ്യത്തിൽനിന്ന് നമ്മുടെ വിദ്യാഭ്യാസം തെന്നിമാറിയതെന്നും ദീർഘകാലത്തെ അദ്ധ്യാപനപരിചയമുള്ള അഴീക്കോട് വിശദീകരിക്കേണ്ടതായിരുന്നു. അതിനുപകരം ഏതു വിഷയത്തെക്കുറിച്ചും നിരന്തരവും വൃഥാവിലുമായ വിമർശനം മാത്രമാണിതിൽ കാണുന്നത്.

അഴീക്കോടിന്റെ പല ലേഖനങ്ങളിലും രാഷ്ട്രീയം കടന്നുവരുന്നുണ്ട്. 1998-ലെ ഇന്ത്യയുടെ അണുബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള 'എന്താണ് പൊട്ടിച്ചത്?' എന്ന ലേഖനം ആത്മാർത്ഥതയില്ലായ്മയുടേയും ഇടുങ്ങിയ ചിന്താഗതിയുടേയും ഒരു ദുഷിച്ച പ്രദർശനമായിപ്പോയി. ചേരിചേരാനയവും ഇന്ത്യയുടെ സോഷ്യലിസ്റ്റ് വിദേശനയവും എന്തോ വലിയ നേട്ടങ്ങളൊക്കെ നേടിയെടുത്തിരുന്നുവെന്ന ഒരു മായികവിഭ്രാന്തിയിലാണദ്ദേഹം. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ. കെ. ഗുജ്‌റാളിന്റെ സർവവിജയങ്ങളിൽ ഒന്ന് വിദേശനയത്തിന്റെ പ്രായോഗികവിജയമായിരുന്നുവെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റവും അടുത്തുചെന്ന കാലം അതായിരുന്നുവെന്നും വാദിക്കുന്ന ഗ്രന്ഥകർത്താവ് 'ഇനി പാക്കിസ്ഥാന്റെ മുഖത്ത് എങ്ങനെ നോക്കും' എന്ന മട്ടിൽ വലിയവായിൽ വിലപിക്കുന്നു. തെറ്റായ വിശകലനങ്ങളിൽ ആറാടുകയാണീ ലേഖനം. ഗുജ്‌റാളിന്റെ കാലത്ത് അന്യരാജ്യങ്ങളെയെല്ലാം തായാടിത്തായാടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഇന്ത്യയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവത്രേ. ഇപ്പോഴത് പൂച്ച തട്ടിമറിച്ച പാൽപ്പാത്രമായി. ആ സമിതിയിലെ നിലവിലെ അഞ്ചു സ്ഥിരാംഗങ്ങളും അണ്വായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളാണെന്ന പരമാർത്ഥം അദ്ദേഹത്തിന്റെ തലയിൽ യാതൊരു വെളിച്ചവും വീശുന്നില്ല. അമേരിക്കൻ മേധാവിത്വത്തിന്റെ ബദ്ധശത്രുവാണ് അഴീക്കോടെങ്കിലും അണുബോംബ് പരീക്ഷണത്തെത്തുടർന്നുണ്ടായ ശകാരവർഷത്തിൽ അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുടെ കൂടെ നിൽക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നതോദ്യോഗസ്ഥനായ ഇന്ത്യാക്കാരനോട് ന്യൂയോർക്കിലെ ഒരു ടാക്സി ഡ്രൈവർ 'അണുബോംബ് നിങ്ങൾ തിന്നുന്നതെങ്ങനെയാണ്?' എന്ന സാമ്രാജ്യത്വധാർഷ്ട്യം നിറഞ്ഞ ചോദ്യം ചോദിച്ചതിൽ ഈ മനുഷ്യൻ രോമാഞ്ചമണിയുന്നു. പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിച്ചതിലുണ്ടായ വ്രണങ്ങൾ ഒരുവിധം ഉണങ്ങിവരുമ്പോൾ അവിടെ നാം അണുബോംബിട്ട് പൊട്ടിച്ച് അവരെ പ്രകോപിപ്പിച്ചുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം. മാത്രവുമല്ല, അണുബോംബ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിർത്താൻ പറ്റില്ലത്രേ! അതിന്റെ സുരക്ഷാ-സംപ്രേഷണ സംവിധാനങ്ങൾക്കുവേണ്ടി ശ്രദ്ധയും ധനവും തിരിച്ചുവിടാൻ നിർബന്ധിതമാകുന്ന ഏതുരാഷ്ട്രവും നശിക്കും. ആ നാശത്തിന്റെ പാതയിലേക്കാണ് നാം കാലെടുത്തുവെച്ചിരിക്കുന്നത്. അഴീക്കോടിന്റെ പ്രവചനം ശരിയായിരുന്നുവെങ്കിൽ ഭാരതം ഇപ്പോഴേക്കും തകർന്നുപോകേണ്ടതായിരുന്നു. എന്നാൽ ഈ വിഷയങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്ന ചുണക്കുട്ടികൾ നമ്മുടെ രാജ്യത്തുണ്ടെന്ന് തോളിലിരുന്ന് ചെവിതിന്നുന്ന ഇത്തരം കടൽക്കിഴവന്മാർ മനസ്സിലാക്കിയില്ല.

എന്നാൽ ഗ്രന്ഥകാരൻ 1956-ൽ എഴുതിയ 'സമാധാനം എങ്ങനെ' എന്ന ലേഖനത്തിൽ ഇതിനു നേർവിപരീതമായ അഭിപ്രായം കാണാം. ഇത് രാഷ്ട്രങ്ങൾ നിരായുധീകൃതമായാൽ സമാധാനം പുലരുമെന്ന വാദത്തെ നിരാകരിക്കുന്നു. യുദ്ധത്തിനനുകൂലമായ മനഃസ്ഥിതിയാണ് അതിനെ ക്ഷണിച്ചുവരുത്തുന്നത്. ആയുധഭാവത്തിൽ യുദ്ധഭാവമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണ്. കസേരയുള്ളതുകൊണ്ടാണ് നാം ഇരിക്കുന്നത് എന്ന് ബുദ്ധിശാലികൾ ചിന്തിക്കുകയില്ലല്ലോ. 'യുദ്ധമനോഭാവം അസ്തമിക്കാതെ ആറ്റംബോംബ് മുതലായ ഭീകരമാരകവസ്തുക്കളെ നശിപ്പിച്ചാൽ അവയുടെ സ്ഥാനത്ത് മറ്റു ആയുധങ്ങൾ വന്നുചേരുമെന്നല്ലാതെ മറ്റെന്തുണ്ട് ഫലം?' യുദ്ധമനോഭാവം അസ്തമിച്ചിട്ടുണ്ടെങ്കിലോ, ആറ്റംബോംബിനും മറ്റും ഒരു പുൽക്കൊടിയെപ്പോലും ദഹിപ്പിക്കാനുമാവില്ല. ഇത്രയും ഉൾക്കാഴ്ചയുള്ള അഴീക്കോട് 42 വർഷങ്ങൾക്കുശേഷം ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ തന്റെ കാഴ്ചപ്പാട് പൂർണ്ണമായും അഴിച്ചുപണിതിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായ സംഗതിയാണ്.

നിഷേധാത്മകമായ വിമർശനമാണ് മിക്ക അദ്ധ്യായങ്ങളിലും കാണുന്നത്. എല്ലാ മേഖലകളിലും നമ്മുടെ സമൂഹം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ടൂറിസത്തെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. ടൂറിസം വളർത്തുന്നത് അന്തരീക്ഷത്തിലെ വിഷാണുക്കളെ മാത്രമാണ്. തന്നെയുമല്ല, മുലപ്പാൽ വിഷമയമാക്കിയ പൂതന മോഹിനിയുടെ രൂപത്തിൽ വരുന്നതാണ് അത്. വെട്ടുക്കിളിക്കൂട്ടം പോലെയോ ദുഷ്ടപ്രാണിജാലം പോലെയോ ആണ് ടൂറിസ്റ്റുകളുടെ വരവ്. ഇതൊക്കെ അബദ്ധജടിലമായ മുൻധാരണകൾ നിറഞ്ഞ, മാറ്റത്തിനെതിരെ നിൽക്കുന്ന ഒരു വൃദ്ധമനസ്സിന്റെ വികലധാരണകളായി മാത്രം കരുതിയാൽ മതി. 1991-ൽ തുടങ്ങിവെച്ച ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളേയും അദ്ദേഹം എതിർക്കുന്നു - അവ അപരന്റെ സുഖത്തിനെ ലക്ഷ്യമാക്കാത്തതുകൊണ്ട്. തുടർച്ചയായി ഗാന്ധിസ്‌തുതികൾ ഏതാണ്ടെല്ലാ ലേഖനങ്ങളിലും കാണാവുന്നതാണ്.

ഇതൊക്കെയാണെങ്കിലും അഴീക്കോടിന്റെ വാക്കുകളുടെ മൂർച്ച കൃത്യമായി മനസ്സിലാക്കാൻ ഉപകരിക്കുമെന്നതിനാൽ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nattellu Enna Gunam'
Author: Sukumar Azhikode
Publisher: Olive Publications, 2008 (First published 2006)
ISBN: 9788187474678
Pages: 210
 

No comments:

Post a Comment